Tuesday 22 September 2020 10:34 AM IST : By സ്വന്തം ലേഖകൻ

36 വർഷമായി അശോകന്റെ തലയ്ക്കു മുകളിൽ കട്ടിലാണ്; എഴുപത്താറിലും കുടുംബം പുലർത്താൻ നടപ്പ് തുടരുന്നു!

ALP20D07604_MED_P3.jpg.image.845.440

36 വർഷമായി അശോകന്റെ തലയ്ക്കു മുകളിൽ കട്ടിലാണ്. കുടുംബം പുലർത്താൻ കട്ടിൽ തലച്ചുമടായി കൊണ്ടുനടന്നു വിൽപന നടത്തുകയാണ് എഴുപത്താറുകാരനായ തൃക്കുന്നപ്പുഴ കരുനാഗപ്പള്ളി സ്വദേശി അശോകൻ. "എപ്പോൾ വിൽപന നടക്കുന്നുവോ അതുവരെ കട്ടിലും ചുമന്നു നടക്കുകയാണു പതിവ്. കളഞ്ഞിട്ടു പോകാൻ പറ്റുമോ." – അശോകൻ ചോദിക്കുന്നു.

ചിലപ്പോൾ ഇരുപത് കിലോമീറ്ററിലേറെ വരെ നടക്കേണ്ടി വന്നിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലാണു വിൽപന നടക്കുക എന്നതിനാൽ അത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണു ചുറ്റി സഞ്ചാരം. കട്ടിലേ... എന്ന വിളിയോടെയാണു നടന്നു നീങ്ങുക. ഒരു പ്രദേശത്ത് ഒന്നോ രണ്ടോ ദിവസം വിൽപന നടത്തിയാൽ ചെറിയ ഇടവേളയ്ക്ക് ശേഷമേ പിന്നീട് അവിടങ്ങളിൽ പോകൂ. പല ജില്ലകളിലും താൻ ഇത്തരത്തിൽ കച്ചവടം നടത്താറുണ്ടെന്നു അശോകൻ പറഞ്ഞു.

കരുനാഗപ്പള്ളിയിൽ നിന്നാണു കട്ടിൽ എത്തിക്കാറുള്ളത്. ഏതെങ്കിലും ലോറിയിൽ രണ്ടോ മൂന്നോ കട്ടിൽ എവിടെയെങ്കിലും എത്തിച്ചു സൂക്ഷിച്ച ശേഷം ഓരോന്നായി ചുമന്നു കൊണ്ടുപോയി വിൽപന നടത്തുകയാണു പതിവ്. കട്ടിലും ചുമന്നുള്ള നടത്തത്തിനിടെ ക്ഷീണിക്കുമ്പോൾ വഴിയാത്രക്കാരുടെ സഹായത്തോടെ കട്ടിൽ തലയിൽ നിന്നു ഇറക്കി വയ്ക്കും. കട്ടിലിൽ ഇരുന്നു തന്നെ ക്ഷീണം അകറ്റും. പിന്നെ വീണ്ടും കട്ടിലുമായി നടപ്പ്.

Tags:
  • Spotlight