Saturday 06 February 2021 11:14 AM IST

യൂട്രസിലെ വെള്ളം പൊട്ടിച്ചുകളഞ്ഞു, പിന്നെയും മണിക്കൂറുകളുടെ മരവിപ്പ് :സിസേറിയന്‍ സുഖമല്ലേ എന്ന് ചോദിക്കുന്നരോട്: #Cmymark ക്യാമ്പയിന്‍

Binsha Muhammed

saji-c-mymark

കാലം പെണ്ണിന് മാത്രമായി നൽകുന്ന ചില അടയാളങ്ങളുണ്ട്. മാതൃത്വം സമ്മാനിക്കുന്ന ആ മുറിപ്പാടുകൾക്ക് അളമുറിയാത്ത സ്നേഹം എന്ന് കൂടി അർത്ഥമുണ്ട്. പച്ചമാംസത്തിൽ കത്തികയറിയിറങ്ങുന്ന ആ വേദനയെ സിസേറിയൻ എന്നാണ് ഓമനപ്പേര്. സംവത്സരങ്ങളും ഋതുഭേദങ്ങളും മാറിമറിഞ്ഞാലും സിസേറിയൻ നൽകിയ മരവിപ്പും വേദനയും ശാരീരിക അവശതകളും പേറി ജീവിക്കുന്ന എത്രയോ പേരുണ്ട്. സിസേറിയൻ ‘പൂ പറിക്കും പോലെ ലാഘവമാണെന്നും വേദനയറിയില്ലെന്നും’ മുൻവിധിയെഴുതുന്നവർക്ക് മുന്നിലേക്ക് ആ മുറിപ്പാടിന്റെ കഥകൾ അനാവരണം ചെയ്യപ്പെടുകയാണ്. തൊലിപ്പുറത്ത് മായാതെ കിടക്കുന്ന ആ മുറിപ്പാടുകളുടെയും പ്രസവ വേദനകളുടെയും അനുഭവ സാക്ഷ്യങ്ങളെ #Cmymark എന്ന ഹാഷ്ടാഗ് ക്യാമ്പയിനിൽ മുത്തുപോലെ കോർത്തെടുക്കുകയാണ് വനിത ഓൺലൈൻ. ‘സി’ എന്ന ഒറ്റ അക്ഷരത്തിൽ ഒളിപ്പിച്ച സിസേറിയൻ വേദനകളിലേക്ക്...ആരും ചെവികൊടുക്കാത്ത... തിരിച്ചറിയാത്ത...ആ അമ്മമാരുടെ കഥകളിലേക്ക്...

അസ്മ റഷീക്ക് എന്ന അമ്മയുടെ കഥയാണ് #Cmymark ക്യാമ്പയിനിൽ അടുത്തത്:

വനിത ഓൺലൈനുമായി പങ്കുവച്ച അനുഭവ കുറിപ്പ് വായിക്കാം:

എന്റെ കുട്ടൂസന്റെ കഥ...

കുഞ്ഞിന് അനക്കം കുറവാണെന്ന് തോന്നിയപ്പോഴാണ് ഡേറ്റ് പറഞ്ഞതിന് 20 ദിവസം മുമ്പ് ഹോസ്പിറ്റലില്‍ എത്തിയത്. ഡോക്ടറിനെ കണ്ടതും ആദ്യം കുഞ്ഞിന്റെ ഇസിജി ചെക്ക് ചെയ്യാന്‍ ലേബര്‍ റൂമില്‍ കൊണ്ടുപോയി. അവിടുത്തെ ആര്‍പ്പുവിളിയും കരച്ചിലും ബഹളവും എന്റെ ഹൃദയമിടിപ്പ് ഇരട്ടിയാക്കി. 

കുഞ്ഞിന്റെ ഇസിജിചെക്ക് ചെയ്ത ശേഷം ഡോക്ടര്‍ പറഞ്ഞു ഇനി വെയിറ്റ് ചെയ്യേണ്ട, നമുക്ക് പെയിന്‍ വരാനുള്ള മരുന്ന് കൊടുക്കാം. കുഞ്ഞിന്റെ ഇസിജിയില്‍ വേരിയേഷന്‍ ഉണ്ട. അപ്പോള്‍ തന്നെ ലേബര്‍ റൂമിലേക്ക്. 

ആദ്യംതന്നെ യൂട്രസിന്റെ വികസനത്തിന് വേണ്ടി ട്യൂബിട്ടു. ആ ട്യൂബും കൊണ്ട് നേരംപുലരുന്നത് വരെ ഹോസ്പിറ്റല്‍ വരാന്തയിലൂടെ നടപ്പ്. താങ്ങാവുന്ന വേദന ആണെങ്കിലും ഏറെ ബുദ്ധിമുട്ടി.

പിറ്റേന്ന് രാവിലെ 5 മണിക്ക് ട്യൂബ് റിമൂവ് ചെയ്തു. പിന്നെ ഒരു എനിമ പ്രയോഗം. അതുകഴിഞ്ഞ് മരുന്നുവച്ച് പെയിന്‍ വരുത്താന്‍ ആവുന്നത്ര ശ്രമിച്ചു. ചെറുതായിപെയിന്‍ വന്നെങ്കിലും സക്‌സസ് ആയില്ല. നേരം പുലര്‍ന്ന് അവിടുത്തെ മെയിന്‍ ഡോക്ടര്‍ വന്നു. യൂട്രസിലെ വെള്ളം പൊട്ടിച്ചുകളഞ്ഞു.  കുറേ നേരത്തേക്ക്, ഞാന്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ മരവിച്ചിരുന്നു. 20 മിനിറ്റ് കഴിഞ്ഞതുംപെയിന്‍ ശക്തിയായി വരാന്‍തുടങ്ങി. 9-10 മണിമുതല്‍ തുടങ്ങി 3മണിവരെ ശക്തിയായി ആ വേദന അനുഭവിച്ചു. 

അതിനിടയില്‍ 2 തവണ തലകറങ്ങി, മൂന്ന് മണിയായപ്പോള്‍ എന്നെ നോക്കിക്കൊണ്ടിരിക്കുന്ന മെയിന്‍ ഡോക്ടറോട് ഇനിയീ കുട്ടിക്ക് വേദന സഹിക്കാന്‍ പറ്റില്ല, മാക്‌സിമം സഹിച്ചു എന്ന് പറയുന്നത് അബോധാവസ്ഥയില്‍കേട്ടു. പിന്നെ സ്‌ട്രെക്ചറില്‍കിടത്തി ഒരു ഓട്ടമായിരുന്നു തീയറ്ററിലേക്ക്. അനസ്തഷ്യ തന്നതു പോലും എനിക്ക് ഓര്‍മ്മയില്ല. പ്രസവവേദന സെക്കന്റുകള്‍ വിട്ടുവിട്ടു വരുന്നത് കൊണ്ട് കുറേപേര്‍ പിടിച്ച് ഒതുക്കിയാണ് ഇഞ്ചക്ഷന്‍ തന്നത്. അതിനുശേഷമാണ് വേദന തിന്നത്. പിന്നെ സിസേറിയന്‍, കാത്തിരിപ്പിനൊടുവില്‍ എന്റെ കുട്ടനെത്തി. അതു വരെ അനുഭവിച്ച വേദനയെല്ലാം എന്റെ കുഞ്ഞിനെ കണ്ടപ്പോള്‍ മാറി. പിന്നീട് ഒന്ന് അനങ്ങാന്‍ പോലും പറ്റാത്ത വേദന. അതിനിടയില്‍ തുടര്‍ച്ചയായി ചുമച്ചു കൊണ്ടേയിരുന്നു. ഇതാണ് എന്റെ സിസേറിയന്‍ അനുഭവം.

എന്നോട് നിനക്ക് ഓപ്പറേഷനല്ലേ... സുഖമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റമറുപടിയേ ഉള്ളൂ. ഒരിക്കല്‍ആ സുഖം ഒന്ന് അനുഭവിച്ചാല്‍ പിന്നെ ആരോടും ചോദിക്കില്ല. നിങ്ങള്‍ നോര്‍മ്മലായി പ്രസവിക്കാന്‍ ആഗ്രഹിച്ചതിന്റെ പകുതിയോളം ഞാന്‍ സിസേറിയന്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസങ്ങളില്‍ ഓരോ തവണ ചുമയ്ക്കുമ്പോഴും അനുഭവിച്ചു. നൊന്ത് പ്രസവിച്ചാലേ മക്കള്‍ക്ക് അമ്മമാരോട് സ്‌നേഹമുണ്ടാകൂ  എന്ന പ്രസ്താവന നടത്തുന്നവര്‍ അറിയണം.  ഓപ്പറേഷന്‍ കഴിഞ്ഞ ഒരമ്മ അനുഭവിച്ച വേദനയും ഒരു നോര്‍മ്മല്‍ ഡെലിവറിക്ക് വിധേയയാകുന്ന അമ്മയുടെ വേദനയും തുല്യമായാരിക്കും. ഒരുപക്ഷേ അതില്‍കൂടുതലും. ജീവിതകാലം മുഴുവന്‍ സഹിക്കാന്‍ നടുവേദന വേറെയും. എന്നാലും മോന്‍ എന്റെ ജീവനാ...