ശരീരം തളർത്തിയ എസ്എംഎ രോഗത്തെ പോലും കയ്യടിപ്പിച്ച ഒരു വിദ്യാർഥിനിയുണ്ട് തൃശൂർ അന്നമനടയിൽ. വീൽചയറിലിരുന്ന് തന്റെ സ്വപ്നമായ സിവിൽ സർവീസിലേക്ക് കുതിക്കുന്ന അസ്ന ഷെറിൻ. പ്രതിസന്ധികളെയെല്ലാം വകഞ്ഞു മാറ്റി വിജയം കൊയ്യുന്ന അസ്നയെ കാണാൻ കഴിഞ്ഞ ദിവസം കലക്ടർ കൃഷ്ണതേജ നേരിട്ടെത്തി.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗത്തെ തുടര്‍ന്ന് രണ്ടുവയസു മുതല്‍ വീല്‍ചെയറിലിരുന്നാണ് അസ്‌ന തന്റെ പ്രതിസന്ധികളോട് പടവെട്ടുന്നത്. ജീവിതത്തിൽ അസ്നക്കുള്ളത് ഒരേയൊരു ലക്ഷ്യം മാത്രം സിവിൽ സർവീസ് നേടണം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അസ്ന നൂറുമേനി വിജയിച്ചു കൊണ്ടേയിരുന്നു. ഏറ്റവും ഒടുവിൽ ഹയർസെക്കന്ററി പരീക്ഷയിൽ 1200ൽ 1199 മാർക്കും നേടിയായിരുന്നു.
പാലിശേരി എസ്എന്‍ഡിപി എച്ച്എസ്എസിലായിരുന്നു പഠനം. എസ്എസ്എൽസിയിലും ഫുൾ എ പ്ലസ്, സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം, ക്രിയേറ്റിവ് ചൈൽഡിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് അങ്ങനെ അസ്ന നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്.
അസ്‌നയെ നേരിട്ട് കാണാന്‍ ജില്ലാ കല്കടര്‍ വി.ആര്‍. കൃഷ്ണതേജ വീട്ടിലെത്തി. സിവില്‍ സര്‍വീസ് മോഹങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. തുടര്‍ പഠനത്തിനുള്ള ഉപദേശങ്ങള്‍ നല്‍കിയും പ്രോത്സാഹനവും അറിയിച്ചും ഓട്ടോഗ്രാഫ് സമ്മാനിച്ചുമാണ് കലക്ടര്‍ മടങ്ങിയത്. മാതാപിതാക്കളായ കെ.പി. സിയാദും അനീസയും അസ്‌നക്കൊപ്പം ഉണ്ട്. കരുത്തായും പ്രചോദനമായുമായും. ലക്ഷ്യത്തിലേക്ക് ഇനിയുമേറെ ദൂരമുണ്ടെന്നും ഒരു നിമിഷം പോലും തളരില്ലെന്നും അസ്ന പറയുന്നുണ്ട്.