പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വതി രണ്ട് ദിവസത്തോളം ലേബർ റൂമിൽ അനുഭവിച്ച കൊടിയ വേദനകളെ കുറിച്ചു പറയുമ്പോൾ ഭർത്താവ് വിവേകിനു വാക്കുകൾ പൂർത്തിയാക്കാനാകുന്നില്ല. അശ്വതിയുടെ സഞ്ചയന ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണു വിവേക് ആശുപത്രിയിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചത്.
വേദന ഉണ്ടായില്ലെങ്കിൽ സീസേറിയൻ നടത്താമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ തുടർന്നുണ്ടായ സംഭവങ്ങൾ ഇതിനെല്ലാം നേർ വിപരീതമായിരുന്നു. ഒരുവിധ ആരോഗ്യ പ്രശ്നങ്ങളും അശ്വതിക്ക് ഇല്ലായിരുന്നു. ആകെ ഡോക്ടർ പറഞ്ഞത് രക്ത സമ്മർദം 140 ആണെന്നും കുഴപ്പമില്ലെന്നുമായിരുന്നു.
സന്തോഷത്തോടെ ലേബർ റൂമിലേക്ക് പോയ അശ്വതിയെ താൻ പിന്നീട് കണ്ടത് കൈകൾ വയറിൽ അമർത്തി കണ്ണുകൾ മിഴിച്ചു ശബ്ദം ഉയർത്താനാകാത്ത വിധം തളർന്ന നിലയിൽ ആയിരുന്നുവെന്ന് വിവേക് പറഞ്ഞു. പതിവായി പരിശോധിച്ച ഡോക്ടർ ആ സമയങ്ങളിൽ ലേബർ റൂമിൽ ഉണ്ടായിരുന്നില്ല. പകരം എത്തിയ ഡോക്ടറുടെ അനാസ്ഥയാണ് തന്റെ കുഞ്ഞിന്റെയും ഭാര്യയുടെയും ജീവനെടുത്തതെന്ന് വിവേക് പറഞ്ഞു.
പുലർച്ചെ ശസ്ത്രക്രിയയ്ക്കായി കൊണ്ടു പോയെങ്കിലും ഗർഭപാത്രം തകർന്നു കുഞ്ഞ് മരിക്കുകയും അശ്വതി അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ പോയി തിരിച്ചെത്തിയപ്പോഴേക്കും അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.