Wednesday 29 July 2020 04:51 PM IST

പ്രസവത്തലേന്നും നിറവയറുമായി അശ്വതിയുടെ നൃത്തം! പ്രകടനം കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ; വൈറൽ കഥ

Shyama

Sub Editor

aswathy

പൂർണ ഗർഭിണിയായിരിക്കെ അശ്വതി ചെയ്തൊരു ഭരതനാട്യത്തിന്റെ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമത്തെ ആകെ കണ്ണുതള്ളിച്ചു നോക്കി നിർത്തുന്നത്. "ഞാൻ നർത്തകിയാണ്. 25 വർഷമായി നൃത്തം ചെയ്യുന്നു. ആ വീഡിയോ ഞാനൊരു രസത്തിന് ചെയ്തതായിരുന്നു. ജൂൺ 29ന് അഡ്മിറ്റ്‌ ആകാൻ പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് ഇറങ്ങും മുൻപേ നൃത്തം ചെയ്തിട്ട് ഇറങ്ങിയതിന്റെ വീഡിയോയാണ് നിങ്ങളിപ്പോ കാണുന്നത്. 30ന് പ്രസവിച്ചു." പൊട്ടിച്ചിരിയുമായി അശ്വതി. അശ്വതിക്ക് നാട്യ ദിക്ഷ എന്നൊരു നൃത്ത വിദ്യാലയമുണ്ട്. 2013ൽ എംജി യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു കക്ഷി. പള്ളുരുത്തിയിലെ കലാമണ്ഡലം ജയലക്ഷ്മി ടീച്ചർ ആണ് ഗുരു.

"കോവിഡ് കാരണം ക്ലാസ്സ്‌ ഒക്കെ അടച്ചപ്പോൾ ഒരു യുട്യൂബ് ചാനൽ തുടങ്ങി നൃത്തതിന്റെ വീഡിയോ ചെയ്തിടണമെന്നുണ്ടായിരുന്നു... പക്ഷേ, പുറത്തേക്കിറങ്ങി ഷൂട്ട്‌ ഒന്നും ചെയ്യാൻ പറ്റില്ലലോ, ആ ഒരു സങ്കടം തീർക്കാൻ വേണ്ടി അങ്ങ് ചെയ്തതാ...

aswathy-1

ഞാൻ ആദ്യം തൊട്ടേ ഹെൽത്തി കണ്ടിഷനിൽ തന്നെയായിരുന്നു, ഗർഭിണി ആയിരിക്കുമ്പോൾ അങ്ങനെ പ്രതേകിച്ചൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് നൃത്തം ചെയ്തതുകൊണ്ട് പ്രയാസങ്ങളൊന്നും തോന്നിയുമില്ല. ഭർത്താവാണ് ഇത് ഫേസ്ബുക്കിൽ ഇട്ടത്. എല്ലായിടത്ത് നിന്നും ഇതുവരെ നല്ല പ്രതികരണമാണ് കിട്ടുന്നത്. കമന്റ്‌സ് ഒക്കെ വായിക്കുമ്പോൾ നല്ല സന്തോഷമുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ഗർഭിണി ആയി എന്ന് കരുതി നൃത്തം ചെയ്യരുതെന്നൊന്നുമില്ല എന്നാണ് എനിക്ക് മനസിലായത്. പണ്ട് കാലത്തൊന്നും കുഞ്ഞുണ്ടാവാൻ പോകുന്നു എന്ന് പറഞ്ഞത് ആരും പണിയെടുക്കാതിരുന്നിട്ടൊന്നുമില്ലല്ലോ... അങ്ങനെ ആരോഗ്യം നഷ്ടപ്പെടുന്നൊരു പ്രതിഭാസമൊന്നുമല്ല ഇത്... ശരീരത്തിന് പുതിയ ചില മാറ്റങ്ങൾ വരുന്നു, അത്രേയുള്ളൂ. എന്റേത് നോർമൽ ഡെലിവറി തന്നെ ആയിരുന്നു താനും.

aswathy-2

ഇപ്പൊ മോൾടെ കാര്യങ്ങളിലാണ് ശ്രദ്ധ. പ്രാർത്ഥന എന്നാണ് അവളുടെ പേര്. ഭർത്താവ് വിഷ്ണു ബിസ്സിനെസ്സ് മാൻ ആണ്. തോപ്പുംപടിയിലാണ് വീട്. നൃത്തം ഇനിയും തുടരണം എന്ന് തന്നെയാണ് ആഗ്രഹം. നൃത്തത്തിൽ ബിരുദമെടുക്കണമെന്നുമുണ്ട്."