Saturday 22 August 2020 12:42 PM IST

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും വീടും മുറ്റവും ഒരുങ്ങി ഓണത്തെ വരവേൽക്കാൻ; ഇന്ന് അത്തം...

Tency Jacob

Sub Editor

1596536625381-(1)

മുറ്റത്തെ പയറുവള്ളിയിൽ പലവർണ്ണത്തിലുള്ള തുമ്പികൾ പാറിയാൽ ഉറപ്പിക്കാം ഓണം വരാറായെന്ന്. പണ്ടുകാലത്ത് കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെ ഇരുപത്തിയെട്ടു ദിവസമായിരുന്നു ഓണാഘോഷം. അത്തം മുതൽക്കുള്ള അവസാനത്തെ പത്തു നാളുകൾ അത്യാഘോഷമായി മാവേലിയെ വരവേല്ക്കാനുള്ള ഒരുക്കങ്ങളാണ്. വീട്ടുമുറ്റത്തും നടുമുറ്റത്തും കളമുണ്ടാക്കാറുണ്ട്. പത്തു ദിവസം നിറങ്ങൾ വിരിയാനായി അത്തത്തിനു തലേന്നേ മുറ്റം ചെത്തിപ്പറിച്ചു വൃത്തിയാക്കും. പൂക്കളമിടേണ്ട കളം ആദ്യം മണ്ണിട്ടും പിന്നെ ചാണകമിട്ടും മെഴുകി ഭംഗിയാക്കും.അതാണ് പൂത്തറ. ഓരോ ദിവസവും കളമിടുന്നതിനു മുൻപ് പൂത്തറ മെഴുകി വൃത്തിയാക്കണമെന്നാണ്. ഓണക്കളം മഴയും വെയിലും കൊള്ളാതിരിക്കാൻ ഓലക്കുട വയ്ക്കുന്നവരുണ്ട്. അല്ലെങ്കിൽ,കളം തണലിൽ വരുന്നവിധം നാലുകാലിട്ടു  പന്തലു നാട്ടും.വീട്ടിലെ കുട്ടിപ്പടയെ തലേന്നേ, അമ്മയോർമ്മിപ്പിക്കും. ‘നാളെ നേരത്തെ എഴുന്നേൽക്കണേ.’-അത്തപ്പൂക്കളമിടുന്നത് വീട്ടിലെ അമ്മമാരുടെയും കുട്ടികളുടെയും ചുമതലയാണ്. 

ഓണപ്പൂക്കളത്തിലിടുന്ന പൂവായ പൂവെല്ലാം ഓണപ്പൂക്കളാണ്. കളത്തിലിടുന്ന പൂവിന് ‘അത്തപ്പൂ’, ‘ഓണപ്പൂ’ എന്നെല്ലാം പേരുണ്ട്. തുമ്പപ്പൂ, മുക്കൂറ്റിപ്പൂ, കുമ്പളപ്പൂ, മത്തപ്പൂ, ഒടിച്ചുകുത്തിപ്പൂ,ചെമ്പരത്തിപ്പൂ, അലരിപ്പൂ,കണ്ണാന്തളി, കിളിപ്പൂവ്, കാക്കപ്പൂവ്, ശംഖുപുഷ്പം, കോളാമ്പിപ്പൂ, അരിപ്പൂ, നെല്ലിപ്പൂ....എന്തെല്ലാം തരം നാട്ടുപ്പൂക്കളായിരുന്നു. ഓണക്കാലത്തു മാത്രമുണ്ടാകുന്ന ഒരു പൂവാണ്, ഓണപ്പൂവ്. ഒരു വള്ളിപടർപ്പിൽ മഞ്ഞനിറത്തിൽ പൂത്തുനിൽക്കും. ഉള്ളിൽ, നടുവിലായി പൊട്ടുതൊട്ടപോലെ കടുത്ത മെറൂൺ നിറത്തിൽ പട്ടിന്റെ തിളക്കമുണ്ടാവും. ‘കാളപ്പൂവെന്നും’ വിളിപ്പേരുണ്ട് ഓണപ്പൂവിന്. അത്തപ്പൂക്കളത്തിനു ഗമ വരാൻ ഓണപ്പൂവ് നടുവിലൊരെണ്ണം ഈർക്കിൽ കൊണ്ടു ‘കുട കുത്തി’ വയ്ക്കും. ഓണപ്പൂ കിട്ടിയില്ലേൽ ചെമ്പരത്തിപ്പൂവോ മഞ്ഞക്കോളാമ്പിയോ വെക്കാം.

നാട്ടുപ്പൂക്കളെല്ലാം എവിടെയോ പോയ് മറഞ്ഞു. കൈതോലയോ തെങ്ങോലയോ കൊണ്ടു മെടഞ്ഞുണ്ടാക്കുന്ന പൂവട്ടിയും കയ്യിൽ തൂക്കി നാലടി നടന്നാൽ മതി, വട്ടി നിറയാൻ. സമ്പന്നരുടെ വീട്ടിലെ കുട്ടികൾക്ക് പൂപ്പാലികയായിരിക്കും.സ്വർണം പോലെ തിളങ്ങുന്ന ഓടു കൊണ്ടു തയാറാക്കിയ തട്ടമുണ്ടാകും.ചിലരുണ്ട്, ആർക്കും കിട്ടാത്ത പൂക്കൾ തേടി കാടും മേടും താണ്ടി പോകും.‘പൂവേപൊലി പൂവേപൊലി പൂപ്പൊലി’ എന്നിങ്ങനെ പാടിക്കൊണ്ടാണ് പൂപറിച്ചു മുന്നേറുന്നത്.പൂക്കൾ കളത്തിലിടുമ്പോഴും ഈ പാട്ടു പാടും. ആൺകുട്ടികളാണ് പാട്ടു പാടേണ്ടത്. അയൽവക്കത്ത് പെൺകുട്ടികൾ മാത്രമുള്ളൂവെങ്കിൽ ഉശിരു കാണിക്കാൻ പൂപ്പൊലിക്ക് ആരവം കൂട്ടും.

ഓരോ ദിവസം കളത്തിലിടേണ്ട പൂക്കൾക്കും തീർപ്പുണ്ട്. എല്ലാ ദിവസവും എല്ലാ പൂവും ഇടാൻ പാടില്ല.അത്തം, ചിത്തിര നാളുകളിൽ തുമ്പപ്പൂ മാത്രമേ കളത്തിലിടാവൂ. ചിലയിടങ്ങളിൽ അത്തം മുതൽക്കേ എല്ലാ പൂവുമിട്ടു തുടങ്ങും. ആദ്യദിവസം ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്താം ദിവസം പത്തു നിറങ്ങളിലുള്ള പൂവിട്ടു കളം നിറയ്ക്കുന്നവരുണ്ട്. പൂക്കളുടെ സമൃദ്ധിയനുസരിച്ചു കളത്തിനുള്ളിൽ പ്രത്യേകം ആകൃതികളുണ്ടാക്കി വേർതിരിച്ചിടും. ഓരോ വീട്ടിലെയും കലാകാരന്മാരുടെ കരവിരുതുകളാണ് പൂക്കളത്തിൽ കാണുക.തലേന്നേ കടലാസിൽ വരച്ചു പഠിക്കും. അയലത്തെ വീട്ടിലെ പൂക്കളത്തിനേക്കാൾ ഭംഗിയേറണം തന്റെ പൂക്കളമെന്നാണ് ഓരോ കുട്ടിയുടെയും മനസ്സിലിരുപ്പ്. സൂര്യൻ ഉദിച്ചു വരുമ്പോഴേയ്ക്കും പൂക്കളം വട്ടം നീർത്തിയിരിക്കണം. മിനുക്കുപണി തീർന്ന പൂക്കളം കാണാൻ മുത്തച്ഛനും മുത്തശ്ശിയും അച്ഛനുമെല്ലാം മുറ്റത്തിറങ്ങി വരും. ആ മുഖങ്ങളിൽ വിരിയുന്ന അദ്ഭുതം കുട്ടികളുടെ മനസ്സിൽ ഓണനിറവുണ്ടാക്കും.  

സാധാരണയായി വൃത്താകൃതിയിലാണ് കളമുണ്ടാക്കുക. അത്തം നാൾ ഒരു വട്ടത്തിലാണ് കളം വരയ്ക്കുക.ചിത്തിര നാളിൽ രണ്ടു വട്ടത്തിലും. തിരുവോണമാകുമ്പോഴേക്കും പത്തു വട്ടങ്ങളായിട്ടുണ്ടാവും. പ്രത്യേക ദിനങ്ങളിൽ പ്രത്യേകാകൃതികളിൽ കളമെഴുതും. മൂലം നാളിൽ കളത്തിന്റെ നാലു മൂലയും മെഴുകി രൂപപ്പെടുത്തും. തൃക്കേട്ട നാളിൽ തൃക്കൈ നീട്ടും. അതായത്, വൃത്താകൃതിയിലുള്ള കളം മുന്നോട്ടു നീട്ടി മെഴുകും.നിശ്ചലമായ ജലാശയത്തിൽ ഒരു പൂവു വന്നു വീഴുമ്പോഴുണ്ടാകുന്ന ഓളപരപ്പുകൾ പോലെയാണ്. എന്തു ഭംഗിയാണ് ഒരു പൂക്കളം പൂക്കളമാവുന്നതു കാണാൻ.

ആ പൂക്കാലമൊക്കെ എങ്ങോട്ടാണ് പോയ്പ്പോയത്.തീ പിടിച്ച വില കാരണം ഒരു കവറിനുള്ളിലൊതുങ്ങുന്ന പൂക്കൾ കൊണ്ടു വിരിയുന്ന ഓണപൂക്കളങ്ങൾ.ലാളിത്യത്തിൽ വീട്ടുമുറ്റത്തു വിരിഞ്ഞ പൂക്കളങ്ങൾ കൃത്രിമ പൂക്കളും ഇലകളും ചായം പിടിപ്പിച്ച ഉപ്പും തേങ്ങാപ്പീരകളും കൊണ്ടു തീർക്കുന്ന മത്സരങ്ങളിലേക്കു വഴിമാറി. നാട്ടുപൂക്കൾക്കു പകരം തമിഴ്നാട്ടിൽ നിന്നു വണ്ടികയറിയെത്തുന്ന ചെണ്ടുമല്ലിയും ബന്ദിപ്പൂവും ജമന്തിയും വീട്ടുമുറ്റത്തു വർണം തീർക്കുമെങ്കിലും മങ്ങി വാടിപോകുന്നതെന്താണ്! ഇക്കൊല്ലം കൊറോണ ഭീതി കാരണം  ഓണപ്പൂക്കളങ്ങളിൽ നിറയ്ക്കാൻ പുറത്തുനിന്നു പൂക്കൾ വാങ്ങരുതെന്ന സർക്കാരിന്റെ മുന്നറിയിപ്പ് ഒട്ടുമിക്ക വീടുകളിലും പൂക്കളം ഇല്ലാതാക്കും. മനസ്സിലും ജീവിതത്തിലും പൂക്കളം നിറയാനായി ഓണപ്പൂക്കാലങ്ങൾ തിരികെയെത്തട്ടെ... 

Tags:
  • Spotlight