Wednesday 05 May 2021 02:01 PM IST : By സ്വന്തം ലേഖകൻ

'ജീവന്‍ ബാക്കി നില്‍ക്കുന്നത് അമ്മിഞ്ഞപ്പാലില്‍, വീര്‍ത്ത വയറുമായി മരണപ്പിടച്ചില്‍': കരള്‍മാറ്റ ശസ്ത്രക്രിയക്ക് കനിവു തേടി ഈ പൈതല്‍

atharv

'അമ്മിഞ്ഞ പാലല്ലാതെ അവന്റെ ഉള്ളില്‍ മറ്റൊന്നും പോകില്ല. അതു പോലും ഛര്‍ദ്ദിച്ചു കളയും. വീര്‍ത്ത വയറുമായി ഞങ്ങളുടെ പൊന്ന് മരണ വെപ്രാളത്തില്‍ പിടയുമ്പോള്‍ എങ്ങനെ കണ്ടു നില്‍ക്കും. സഹിക്കാനാകുന്നില്ല. അവന് കരള്‍ ഞാന്‍ കൊടുത്തോളാം, കനിവുണ്ടായാല്‍ മാത്രം മതി.'

ഇതൊരു അച്ഛന്റെ കണ്ണീരാണ്. കണ്‍മുന്നില്‍ സ്വന്തം കുഞ്ഞ് ജീവനു വേണ്ടി പിടയുന്നതു കണ്ട് നെഞ്ചുനീറുന്ന അച്ഛന്റെ കണ്ണീര്‍. ആറ്റുനോറ്റിരുന്ന് കിട്ടിയകണ്‍മണി. കൊഞ്ചിച്ചിരിക്കേണ്ട പ്രായം. പക്ഷേ അഥര്‍വെന്ന പൊന്നുമോന്റെ കുഞ്ഞിച്ചുണ്ടുകളെ ഈ നിമിഷം വരെയും പുഞ്ചിരി പുല്‍കിയിട്ടില്ല. ആറു മാസത്തിനിടയ്ക്ക് ഒരായുഷ്‌ക്കാലത്തിന്റെ വേദന ആ പൈതല്‍ അനുഭവിച്ചു. 

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ അനുരാഗിനും ഭാര്യ രശ്മിക്കും ഭാഗ്യമായി പിറന്ന കണ്‍മണിയാണ് അഥര്‍വ്. അവന്റെ പുഞ്ചിരിയായിരുന്നു അവരുടെ ലോകം. അവനായി സ്വപ്‌നങ്ങളും നെയ്തു. പക്ഷേ കണ്‍മണിയെ കനിഞ്ഞു നല്‍കിയ വിധിയുടെ പരീക്ഷണം ജനിച്ച് ആഴ്ചകള്‍ക്കുള്ളിലെത്തി. ആ പരീക്ഷണം എത്തി നില്‍ക്കുന്നത് കുഞ്ഞ് അഥര്‍വ് ജീവിക്കണോ വേണ്ടയോ എന്ന് നിര്‍ണയിക്കുന്ന അതിസങ്കീര്‍ണമായ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍. ലക്ഷങ്ങള്‍ ചികിത്സയ്ക്ക് വിലയിട്ട് കനിവു കാത്ത് അഥര്‍വ് എന്ന പൊന്നുമോനിരിക്കുമ്പോള്‍ അച്ഛന്‍ അനുരാഗ് ആ വേദനയുടെ കഥ പറയുന്നു....

ജനിച്ചയുടന്‍ തന്നെ അവന്റെ ശരീരത്തില്‍ മഞ്ഞയുണ്ടായിരുന്നു. വെയിലു കൊണ്ട് മാറും എന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ ശരീരത്തെ മൂടിയ മഞ്ഞ അവന്റെ ജീവനു തന്നെ വിലയിട്ട പരീക്ഷണത്തിന്റെ തുടക്കമായിരുന്നു. നൂലുകെട്ട് കഴിഞ്ഞതോടെ ശരീരത്തിന്റെ ഭാവം മാറി. പേടിപ്പിക്കും വിധം മഞ്ഞനിറം അവനെ മൂടി. രക്ത പരിശോധനയില്‍ തെളിഞ്ഞത് ഞങ്ങളുടെ ചങ്കുനീറ്റിയ ഫലം. ബൈലിയറി ആട്രീഷ്യ എന്ന ഗുരുതര കരള്‍ രോഗമായിരുന്നു ഞങ്ങളുടെ പൊന്നിന്. കരളില്‍ പിത്തരസം കെട്ടിനില്‍ക്കുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിഞ്ഞ നാളുകളില്‍ എന്റെ കുഞ്ഞ് അനുഭവിച്ച വേദനയ്ക്ക് കയ്യും കണക്കുമില്ല. കൈകാലുകള്‍ചുരുങ്ങി, വയര്‍ ബലൂണ്‍ പോലെ വീര്‍ത്തു വന്നു. വിശപ്പിന് അമ്മിഞ്ഞപ്പാല്‍ അല്ലാതെ മറ്റൊന്നും കൊടുക്കാന്‍ കഴിയില്ല. ഇനി അഥവാ കൊടുത്താല്‍ തന്നെ പലപ്പോഴും ഛര്‍ദ്ദിച്ച് കളയും. എന്തിനേറെ പറയണം ഉറങ്ങാന്‍ പോലുമാകാതെ മരണ വെപ്രാളത്തില്‍ പിടയും എന്റെ കുഞ്ഞ്. 

വയറില്‍ കെട്ടി നില്‍ക്കുന്ന ഫളൂയിഡ് നീക്കം ചെയ്തതാണ്. എന്നിട്ടും പഴയ പടിതന്നെ. കുടലില്‍ നിന്നും ഒരു ഭാഗം മുറിച്ച് സര്‍ജറി ചെയ്യാനുള്ള ശ്രമം നടത്തി നോ്ക്കി. ആ പ്രതീക്ഷയും അസ്ഥാനത്തായി. ഇപ്പോള്‍ അവന്റെ ജീവന്റെ വിലയായി മുന്നിലുള്ളത് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. കരള്‍ കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ അതിനു വേണ്ടചികിത്സാ ചിലവ് എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. 30 ലക്ഷമാണ് സര്‍ജറിക്കും അനുബന്ധ ചികിത്സയ്ക്കുമായി വേണ്ടത്. ആയൂര്‍വേദ ആശുപത്രിയില്‍ വെറുമൊരു നഴ്‌സായ എന്റെ സ്വപ്‌നങ്ങളില്‍ പോലും ആ തുകയില്ല. എന്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണം. കനിയണം. കൈവിടരുത്- അനുരാഗ് വേദനയോടെ പറയുന്നു.