Saturday 13 February 2021 02:36 PM IST : By സ്വന്തം ലേഖകൻ

'അമ്മിഞ്ഞ പാല്‍ കുറവ്, രാത്രി മുഴുവന്‍ നിര്‍ത്താതെ കരയുന്ന കുഞ്ഞ്': പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ നേരിട്ട കൂട്ടുകാരി: ശ്രദ്ധേയമായ ആശയം

athira-usha

പ്രസവാനന്തരം സ്ത്രീകള്‍ കടന്നു പോകുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെന്ന വിഷാദാവസ്ഥ വിവരണാതീതമാണ്. അമ്മമാരുടെ മാനസിക പ്രശ്‌നം മനസിലാക്കാതെ മുന്‍വിധികള്‍ എഴുതുന്നവര്‍ക്കു മുന്നിലേക്ക് ശ്രദ്ധേയമായ ആശയം പങ്കുവയ്ക്കുകയാണ് ആതിര ഉഷ വാസുദേവന്‍. പ്രസവം നടക്കുന്ന എല്ലാ  ആശുപത്രികളിലും നിര്‍ബന്ധമായും ഒരു  പ്രീ പാര്‍ട്ടം /പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷനെ കുറിച്ചുള്ള ബോധവല്‍ക്കരണം ഉണ്ടാകണമെന്ന് ആതിര പറയുന്നു .ഇത് പ്രസവിക്കുന്ന വ്യക്തിക്ക് മാത്രമല്ല കുടുംബത്തിനും കൂടി ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാകണം. ഫെയ്‌സ്ബുക്കിലൂടെയാണ് ആതിരയുടെ ശ്രദ്ധേയമായ നിരീക്ഷണം. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു കാര്യമാണ് പ്രീ പാർട്ടം /പോസ്റ്റ് പാർട്ടം ഡിപ്രെഷനെ കുറിച്ചുള്ള ബോധവൽക്കരണം.ഇത് പ്രസവിക്കുന്ന വ്യക്തിക്ക് മാത്രമല്ല കുടുംബത്തിനും കൂടി ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാവണം.

നിർഭാഗ്യവശാൽ കേരളത്തിലെ സൂപ്പർ/മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിൽ പോലും മരുന്നിനു പോലും ആരും ഇതേക്കുറിച്ചു മിണ്ടാറില്ല. പ്രസവം കഴിഞ്ഞു പിന്നീട് ഡോക്ടറെ കാണാൻ പോകുമ്പോൾ, പ്രസവ നിരോധന മാർഗങ്ങളെ കുറിച്ച് സൂചിപ്പിക്കുമ്പോൾ പോലും സ്ത്രീയുടെ മാനസിക ആരോഗ്യം എങ്ങനെയുണ്ടെന്ന് ചോദിച്ചതായി കേട്ടിട്ടില്ല.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ചു.പ്രസവം കഴിഞ്ഞു ഹോസ്പിറ്റൽ വാസവും കഴ്ഞ്ഞു വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു അവൾ. കുടുംബം മുഴുവൻ കൂടെയുണ്ടെങ്കിലും കുഞ്ഞിനെ നോക്കുന്നതിനെ പറ്റിയുള്ള വിവിധ ആധികൾ പങ്കുവെക്കാനായിരുന്നു വിളിച്ചത്. രാത്രി മുഴുവൻ കുഞ്ഞു കരയുന്നതിന്റെയും പാല് കുറവിന്റെയും മറ്റും ആവലാതികൾ. അതുകൊണ്ടു എന്തെന്നില്ലാത്ത സങ്കടവും ദേഷ്യവും ആണെന്ന് പറഞ്ഞു. അഡ്രസ് ചെയ്യപ്പെടാത്ത ഇത്തരം ടെന്ഷനുകൾ ഡിപ്രെഷൻ ഇലേക്ക് നയിച്ചേക്കാം.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇതേ അവസ്ഥയിലൂടെ കടന്നു പോയത് കൊണ്ട് പെട്ടന്ന് കാര്യങ്ങൾ മനസ്സിലായി.വായിച്ചതും അനുഭവങ്ങളും വെച്ച് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു.ഇത് എല്ലാവര്ക്കും ഉള്ളതാണെന്ന് ബോധ്യപ്പെടുത്തി.

ഇത്തരം നിരവധി മാനസിക സംഘർഷങ്ങളിലൂടെയാണ് പ്രസവത്തിലേക്കുള്ള യാത്രയിലും അത് കഴിഞ്ഞും സ്ത്രീകൾ കടന്നു പോവുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകൾക്ക് പുറമെയാണിത് എന്നുകൂടി ഓർക്കണം.

ഒരു പരിഷ്‌കൃത സമൂഹം എന്നനിലയിൽ നാമത് അഡ്രസ് ചെയ്തേ പറ്റൂ. ശാസ്ത്രീയമായ രീതിയിൽ തന്നെ.പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ഈ സൗകര്യം ഉണ്ടാവണം.

അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന പല കേസ് കളും നമ്മൾ കേട്ടതാണല്ലോ.പലതിലും പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ഒരു വില്ലനാണ് .കൃത്യ സമയത്തു തക്കതായ വൈദ്യ സഹായമോ കൗൺസിലിങ്ങോ ഒക്കെ കിട്ടാത്ത പല പുതു അമ്മമാരും ആണ് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും ഒക്കെ നീങ്ങുന്നത്.

കേരളം പോലെ മാനവ വികസന സൂചികയിൽ മുന്നിലുള്ള ഒരു സംസ്ഥാനത്തു പോലും ആളുകൾക്ക് ഇതേപ്പറ്റി ധാരണയില്ല എന്നത് ആശങ്കാജനകമാണ്.ചുരുങ്ങിയ പക്ഷം ആശാവർക്കർമാർ മുഖാന്തിരം എങ്കിലും ഇതേക്കുറിച്ചുള്ള ബോധവൽക്കരണം വീടുകളിൽ എത്തിക്കണം.

ഒരു കുഞ്ഞു ജനിക്കുമ്പോൾ കൂടെ ഒരു 'അമ്മ കൂടിയാണ് പിറവിയെടുക്കുന്നത്. പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങന്നതിനൊപ്പം ആ അമ്മയെ കൂടി ഉൾക്കൊള്ളേണ്ടതുണ്ട്.ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ ഒപ്പം നിൽക്കേണ്ടതുണ്ട്.

എങ്കിലേ ആരോഗ്യമുള്ള ഒരു അമ്മയും കുഞ്ഞും നമ്മുടെ കൂടെയുണ്ടാവൂ.