Wednesday 13 June 2018 04:07 PM IST

‘തലതിരിഞ്ഞ’ ആതിരയ്ക്ക് അച്ഛൻ കൂട്ട്! മിറർ ഇമേജിൽ എഴുതുന്ന ആതിരയ്ക്ക് കൊടുക്കാം ഒരു കയ്യടി (വിഡിയോ)

Priyadharsini Priya

Sub Editor

athira101

മക്കൾ തലതിരിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് സങ്കടമാകും. എന്നാൽ സ്വന്തം മകൾ കൊച്ചിലേ തലതിരിഞ്ഞു പോകുന്നത് കണ്ട് പ്രോത്സാഹിപ്പിച്ച ഒരച്ഛനേ കാണൂ... കോട്ടയം പാമ്പാടി സ്വദേശി അനിൽ. വെറുതേ തലതിരിഞ്ഞു പോയതല്ല മകൾ ആതിര, മൂന്നു ഭാഷകൾ അനായാസം തലതിരിച്ച് എഴുതിയാണ് മകൾ അച്ഛന്റെ പ്രതീക്ഷ കാത്തത്. ആകെ കൺഫ്യൂഷനായല്ലോ... എന്നു ചിന്തിക്കുന്നവർക്ക് ആതിരയുടെ കഥ പറയാം.

നാലു വർഷം മുൻപ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൾ ഭിത്തിയിൽ എഴുതിയതു കണ്ട അനിൽ ഞെട്ടി. മറുഭാഷ പോലെ എന്തോ എഴുതിയിരിക്കുന്നു. ഇവളിതെന്താ കാണിക്കുന്നത് എന്ന് ചോദിച്ചു ശകാരിക്കാൻ തുടങ്ങിയെങ്കിലും അനിലിന്റെ ഉള്ളിൽ എന്തോ ഒന്നു മിന്നി. മോൾ എഴുതിയത് കണ്ണാടിയുടെ മുന്നിൽ പിടിച്ചു നോക്കിയപ്പോൾ അദ്ദേഹം അക്ഷരാർഥത്തിൽ ഞെട്ടി... എഴുതിയതത്രയും ‘മിറർ ഇമേജ്’. വിശദീകരിച്ചു പറഞ്ഞാൽ ആംബുലൻസ് എന്ന് വാഹനത്തിൽ എഴുതും പോലെ. മകൾ എഴുത്തിൽ ‘പിന്നോട്ടാണെന്ന്്’ മനസിലാക്കിയ അച്ഛൻ ആവോളം പ്രോത്സാഹിപ്പിച്ചു. ഫലമോ, ആതിര ഇപ്പോൾ മൂന്നു ഭാഷകളിൽ തലതിരിച്ചെഴുതും. അതും സാധാരണ ആളുകൾ എഴുതുന്ന അതേ വേഗത്തിൽ.

athira102
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സുജാത ശശീന്ദ്രൻ ആതിരയ്ക്ക് ഉപഹാരം നൽകുന്നു.

‌ആതിര എഴുതുന്നത് കണ്ടാൽ കൂട്ടുകാരുടെ മാത്രമല്ല അധ്യാപകരുടെ വരെ കണ്ണുതള്ളിപ്പോകുമെന്ന് അനിൽ പറയുന്നു. ഇനിയത് വായിക്കാനാണെങ്കിലോ കുറച്ച് കഷ്ടപ്പെടേണ്ടി വരും. സാധാരണ രീതിയിൽ എഴുതുന്ന അതേ സ്പീഡിലാണ് ആതിരയുടെ ’തല തിരിച്ചുള്ള’ എഴുത്തും. യാതൊരു കൺഫ്യൂഷനുമില്ലാതെ എഴുതിപ്പോകും. ‘നാലു വർഷം മുൻപാണ്. വീട്ടിലെ അലമാരയ്ക്ക് മുൻപിലെ ചുമരിൽ അവൾ എന്തോ എഴുതിവച്ചിരിക്കുന്നു. മോളുടെ കുസൃതിയാണെന്നാണ് ആദ്യം കരുതിയത്. എന്നാലും ഇതെന്തു ഭാഷ എന്നു ചിന്തിച്ച് മൂക്കത്തു വിരൽ വച്ചുനിൽക്കുമ്പോഴാണ് എതിർവശത്തുള്ള കണ്ണാടിയിലേക്ക് അബദ്ധത്തിൽ നോക്കുന്നത്. അപ്പോഴാണ് സംഗതി പിടികിട്ടയത്. അവൾ എഴുതിയത് കണ്ണാടിയിൽ വായിക്കാം.’– അനിൽ പറയുന്നു. ഇതോടെ മിറർ റീഡിങ്ങിൽ മകൾക്കുള്ള കഴിവ് അനിലിനു മനസ്സിലായി. അവളുടെ വ്യത്യസ്തമായ കഴിവ് തിരിച്ചറിഞ്ഞു അതിനുവേണ്ട പ്രോത്സാഹനം നൽകി. പിന്നീട് അനിൽ തന്നെ മകൾക്ക് പരിശീലനം നൽകി തുടങ്ങി.

athira107
അമ്മ അമ്പിളി, അച്ഛൻ അനിൽ

ആദ്യം ഇംഗ്ലീഷിൽ മാത്രമായിരുന്നു എഴുതിയിരുന്നതെങ്കിൽ, ഇപ്പോൾ മൂന്നു ഭാഷകളും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആതിരയ്ക്ക് കഴിയും. എഴുത്തിൽ മാത്രമല്ല, ഭാഷ കൈകാര്യം ചെയ്യുന്നതിലും ആതിര വ്യത്യസ്തയാണ്. ഒരൊറ്റ ഇംഗ്ലീഷ് വാക്ക് പോലും സംസാരിക്കുമ്പോൾ ഉപയോഗിക്കില്ല. മലയാളം മാത്രം. പരിശീലനത്തിലൂടെ നേടിയെടുത്തതാണ് ഈ കഴിവ്. വൈകുന്നേരങ്ങളിൽ അച്ഛനും അമ്മയുമൊത്ത് ആതിര സമയം ചിലവഴിക്കുന്നത് ഇത്തരം രസകരമായ കളികളിലൂടെയാണ്. ടിവി സീരിയലിന് മുന്നിൽ സമയം കളയുന്ന മാതാപിതാക്കളും മൊബൈലിലും ഇന്റർനെറ്റിലും ജീവിതം തുടങ്ങുന്ന കുട്ടികളും ആതിരയെയും കുടുംബത്തെയും ഒരു പാഠമാക്കണം. ദിവസവും മകൾ പറയുന്നത് കേൾക്കാനും അവളോടൊത്ത് സമയം ചിലവഴിക്കാനും തങ്ങൾക്ക് ഒരുപാടിഷ്ടമാണെന്ന് അച്ഛൻ അനിലും അമ്മ അമ്പിളിയും പറയുന്നു.

അനിൽ സ്വകാര്യ ബസിലെ കണ്ടക്ടറാണ്. അമ്മ അമ്പിളി വീട്ടമ്മ. ഒരേയൊരു മകളെ പഠിപ്പിച്ചു സർക്കാർ ഉദ്യോഗസ്ഥയാക്കണമെന്നാണ് അനിലിന്റെ മോഹം. ഒമ്പതാം ക്ലാസിൽ ആയിട്ടേ ഉള്ളൂ എങ്കിലും ആതിരയ്ക്ക് പിഎസ്‌സി കോച്ചിങ് തുടങ്ങിക്കഴിഞ്ഞു. പഠിക്കാൻ മിടുക്കിയായ ആതിര ഒപ്പം പൊതു വിജ്ഞാനവും അഭ്യസിക്കുന്നുണ്ട്. പാവക്കുട്ടികൾക്ക് മനോഹരമായി ഉടുപ്പ് തുന്നിക്കൊടുക്കുന്നതും ആതിരയുടെ ഹോബിയാണ്. ഒപ്പം ചിത്രരചനയിലും ആതിരയ്ക്ക് താല്പര്യമുണ്ട്. പാമ്പാടി ക്രോസ് റോഡ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആതിര.

athira103
ആതിര അനിൽ വരച്ച ചിത്രങ്ങൾ..
athira104
athira105