Saturday 18 August 2018 05:18 PM IST

ഈ ചിത്ര ചരിത്രം! കനൽ വഴികൾ താണ്ടി ചരിത്രത്തിലേക്ക് ഒാടിക്കയറിയ പി. യു. ചിത്രയുടെ ജീവിതം

Sujith P Nair

Sub Editor

pu_chithra1 ഫോട്ടോഃ ജോസുകുട്ടി പനയ്ക്കൽ

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം. സമയം രാത്രി എട്ടുമണി. ഏഷ്യൻ അത്‌ലറ്റിക് മീറ്റിലെ 1500 മീറ്റർ ഫൈനൽ മത്സരത്തിന്റെ അവസാന ലാപ്പിലെ തീപ്പൊരിചിതറും നിമിഷങ്ങൾ. ജാപ്പനീസ് താരങ്ങളായ അയുക ചിനൗചിയും നസൂകി തനാകയുമാണ് ഏറ്റവും മുന്നിൽ. മൂന്നാമതുള്ള ചൈനീസ് അത്‌ലറ്റ് ചിങ് മിങ്ങിന്റെ തൊട്ടുപിന്നിലാണ് ഇന്ത്യയുടെ മോണിക്ക ചൗധരി. ഇന്ത്യാക്കാരെല്ലാം മോണിക്കയ്ക്കായി പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.  പെട്ടെന്നാണ് മെലിഞ്ഞു കൊലുന്നനേയുള്ള ഒരു പെൺകുട്ടി സ്ക്രീനിൽ തെളിഞ്ഞത്. അവൾ മോണിക്ക ചൗധരിയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക്. പിന്നെ, ചിൻ മിങ്ങിന്റെ നീളൻ കാലടികളെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക്.

പിന്നിൽ നിന്നൊരാളെയും കടത്തിവിടില്ല എന്നുറപ്പിച്ച് മുന്നിലോടിക്കൊണ്ടിരുന്ന ജപ്പാൻ താരങ്ങളുടെ ‘ടാക്ടിക്സ്’ പൊളിക്കും മുമ്പ് അവൾ ഗാലറിയിലേക്ക് ഒന്നു പാളി നോക്കി. പിന്തുണയുമായി കോച്ച് എൻ.എസ്. സിജിൻ അവിടെയുണ്ട്. പിന്നെ പെട്ടെന്ന് അടുത്ത ട്രാക്കിലേക്ക് ഒന്നു വെട്ടിക്കയറി കുതിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എതിരാളികൾ പകച്ചുനിന്ന സമയം മതിയായിരുന്നു അവൾക്ക്. അവളുടെ കാലുകൾ ഫിനിഷിങ് ലൈൻ തൊടുമ്പോൾ അതുവരെ ആരും പരാമർശിക്കാതിരുന്ന പി.യു. ചിത്ര എന്ന ചെറിയ പെൺകുട്ടി നക്ഷത്രം പോലെ ഉദിച്ചുയരുകയായിരുന്നു. പാലക്കാട് മുണ്ടൂർ പഞ്ചായത്തിലെ കപ്ലിപ്പാറയിൽ നിന്ന് വെല്ലുവിളികളെ ഓടിത്തോൽപ്പിച്ച് മത്സരിക്കാനെത്തിയവൾ.

pu_chithra3 ഫോട്ടോഃ ശ്രീകാന്ത് കളരിക്കൽ


‘‘ഒരു മെഡൽ ആഗ്രഹിച്ചിരുന്നു. എല്ലാം കുടുംബത്തിന്റെയും കോച്ചിന്റെയും പിന്തുണ. പിന്നെ, ദൈവാനുഗ്രഹവും.’’ നേ ട്ടത്തെക്കുറിച്ച് കണ്ണിൽ നക്ഷത്രം മിന്നുന്ന ആ പെൺകുട്ടിക്ക് ഇത്രയുമേ പറയാനുള്ളൂ.‘‘എനിക്കു വേണ്ടിയാണ് കോച്ച് എ ൻ. എസ്. സിജിൻ മുണ്ടൂര് നിന്ന് സ്വന്തം പണം മുടക്കി ഭു വനേശ്വറിൽ എത്തിയത്. ഒഫീഷ്യൽ കോച്ചല്ലാത്തതിനാൽ ഗ്രൗണ്ടിൽ കയറാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ല. ഗാ ലറിയിലാണ് മാഷ് ഇരുന്നത്. ഡോപ് ടെസ്റ്റിന് തൊട്ടു മുമ്പ് മാഷിനെ കണ്ടു സംസാരിച്ചു. ജാപ്പനീസ് താരങ്ങളുടെ പ്രകട നം ഹീറ്റ്സിൽ കണ്ടാണ് അദ്ദേഹം തന്ത്രങ്ങൾ മെനഞ്ഞത്. പിന്നിൽ നിന്ന് ഓടിയെത്തുന്നവരെ മുന്നോട്ടു കയറാൻ അനുവദിക്കാതെ അവർ തടയാൻ ശ്രമിക്കും. അതുകൊണ്ട് ഔട്ടർ ട്രാക്കിൽ കൂടി മുന്നേറണമെന്ന് നിർദേശിച്ചത് മാഷാണ്.അവസാന 250 മീറ്ററിൽ ദൈവാനുഗ്രഹം കൊണ്ട്  എന്റെ പാദങ്ങൾക്ക് വല്ലാത്തൊരു കരുത്ത് കിട്ടി. പേഴ്സനൽ ബെസ്റ്റ് ടൈം അടക്കം എന്റെ ഏഴു വ്യക്തിഗത റെക്കോർഡുകൾ മറികടന്നുള്ള നേട്ടമാണ്. 4 മിനിറ്റ് 17.92 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്’’ ഗുണ്ടൂരിൽ നടക്കുന്ന നാഷനൽ സീ നിയർ അത്‌ലറ്റിക് മീറ്റിനിടെ ഭുവനേശ്വറിലെ സ്വർണവഴിയിലേക്കുള്ള കുതിപ്പിന്റെ ‘ടെക്നിക്’ ചിത്ര  വെളിപ്പെടുത്തി.


ഹോം ഗ്രൗണ്ട്


ചെറിയൊരു ഗ്രാമമാണ് മുണ്ടൂർ. അവിടെ ചിത്രയ്ക്ക് അഭിനന്ദനം അർപ്പിച്ചുള്ള ഫ്ലക്സുകളാണ് നിറയെ. വീട്ടിലേക്കുള്ള വഴി പറഞ്ഞുതരാൻ നാട്ടുകാർക്ക് വലിയ ഉത്സാഹം. നാട്ടുവഴി നീളുന്നത് ക്ഷേത്രത്തിലേക്കാണ്. അതിനു പിന്നിൽ വയലിന് അഭിമുഖമായി ഒരു ചെറിയ വീട്. വിളഞ്ഞു പാകമായി നിൽക്കുകയാണ് നെല്ല്. ‘‘ഈ ഓണത്തിന് കൊയ്യും. ഞങ്ങൾ എട്ടു പേർക്ക് ശാപ്പാടിനുള്ളത് ഈ അഞ്ചുപറ കണ്ടത്തിൽ നി ന്നുകിട്ടും. മറ്റു ചെലവുകൾക്ക് കൂലിപ്പണിയാണ് ആശ്രയം. മത്സരത്തിന് പോകണമെന്ന് ചിലപ്പോൾ വൈകിട്ടൊക്കെയാണ് അറിയുന്നത്. അച്ഛൻ ഓടിനടന്ന് കടം വാങ്ങിയും മറ്റും പണം സംഘടിപ്പിക്കും. ഒരുപാട് നല്ല മനസ്സുകളുടെ പിന്തുണയാണ് മോളുടെ നേട്ടങ്ങൾക്ക് കാരണം.’’

pu_chithra4


ചിത്രയുടെ അമ്മ വസന്തകുമാരിയുടെ വാക്കുകളിൽ കടന്നുപോയ കാലത്തിന്റെ വേദനകളുണ്ട്. ‘ദാ കണ്ടില്ലേ.’വീടിനു മുന്നിൽ കിടന്ന രണ്ടു നാനോ കാറുകൾ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു. ‘‘യു.പിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലെ പ്രകടനം കണക്കിലെടുത്ത് അവിടുത്തെ സര്‍ക്കാര്‍ സമ്മാനമായി നല്‍കിയതാണ്. അന്ന് സൈക്കിള്‍ വരുന്ന വഴിയേ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളൂ. സ്ഥലം എംഎല്‍എ ആയ വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ട് അടിയന്തരമായി വഴിയുണ്ടാക്കാന്‍ തുക  അനുവദിച്ചു. നാട്ടുകാരും കൂടി ഒത്തുചേര്‍ന്നതോടെ ചിത്ര യു.പിയില്‍ നിന്ന് എത്തുമ്പോഴേക്കും വീട്ടില്‍ കാറെത്താനുള്ള വഴി തെളിഞ്ഞു. രണ്ടാമത്തെ കാർ കൊച്ചിയില്‍ നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിൽ സ മ്മാനമായി കിട്ടിയതാണ്. മോൾക്ക് കിട്ടിയ സമ്മാനമല്ലേ? അ തെങ്ങനെ വിൽക്കാൻ പറ്റും.


ഈ വീട് മാത്രമേ ഞങ്ങൾ ഉണ്ടാക്കിയിട്ടൂള്ളൂ. ബാക്കിയെല്ലാം മോളാണ് ഉണ്ടാക്കിയത്. അവൾ ആരോഗ്യം തീരെ കു റഞ്ഞ കുട്ടിയാണ്. അമൃത്‌സറിലൊക്കെ ക്യാംപിന് പോകും. ഭയങ്കര തണുപ്പാണ് അവിടെ. മോൾക്ക് തണുപ്പ് തീരെ താ ങ്ങാൻ പറ്റില്ല. ശരീരത്തിൽ ഫാറ്റ് ഒട്ടുമില്ലാത്തതുകൊണ്ടാണെന്നാണ് മാഷ് പറയുന്നത്. എന്നാലും പരിശീലനം മുടക്കില്ല. അതിന്റെ പ്രകൃതം അങ്ങനെയാണ്. ഒന്നിനും പരാതിയില്ല, എന്തു കിട്ടിയാലും സന്തോഷം. കിട്ടിയില്ലെങ്കിൽ പരിഭവവുമില്ല. ട്രാക്കിൽ ഇറങ്ങുമ്പോൾ മാത്രം എല്ലാം മറന്ന് ഓടും,’’ അമ്മയുടെ ഓർമകളിൽ മുഖത്തു പുഞ്ചിരിയില്ലാതെ നിൽക്കുന്ന മകളുടെ ചിത്രമേയില്ല.


‘‘മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മോൾ സ്പോർട്സ് ക്യാംപിൽ ചേർന്നത്. അന്ന് തീരെ ചെറുതാണ്. സ്കൂൾ വിട്ടാൽ ഓട്ടവും ചാട്ടവുമൊക്കെ കഴിഞ്ഞാണ് വരുന്നത്. ‘നന്നായി പഠിക്കണേ മോളേ’ എന്നു മാത്രമാണ് ഞാൻ പറഞ്ഞിരുന്നത്. രാവിലെയും വൈകിട്ടും മുടങ്ങാത്ത പരിശീലനം. അച്ഛമ്മ മാധവിയാണ് വീട്ടിൽ അവളുടെ കോച്ച്. രാവിലെ അഞ്ചിന് ചിത്രയെ ഉണർത്തി പരിശീലനത്തിന് പറഞ്ഞു വിടുന്നത് അച്ഛമ്മയാണ്. അമ്മമ്മച്ചി എന്നാണ് അവൾ വിളിക്കുന്നത്. ചിത്രയ്ക്ക് അമ്മമ്മച്ചി കളിക്കൂട്ടുകാരി കൂടിയാണ്. അമ്മയ്ക്കും സ്പോർട്സിലൊക്കെ വലിയ കമ്പമാണ്. ‘നാലാം ക്ലാസിൽ പഠിത്തം നിർത്തിയില്ലായിരുന്നുവെങ്കിൽ നിന്റെ അച്ഛനും സ്പോർട്സിൽ സമ്മാനം മേടിക്കുമായിരുന്നു’ എന്നൊക്കെ ഇടയ്ക്ക് ചിത്രയോടു പറയുന്നതു കേൾക്കാം. രണ്ടു ചേച്ചിമാരും അനിയനുമാണ് അവൾക്ക്. സൗ മ്യയും സന്ധ്യയും കൃഷ്ണകുമാറും. അന്ന് അവരും അതേ സ്കൂളിൽത്തന്നെയാണ് പഠിച്ചിരുന്നത്.


ഗെറ്റ്, സെറ്റ്, ഗോ...


എട്ടാം ക്ലാസ് ആയപ്പോൾ രാവിലെയും വൈകിട്ടും കൃത്യമായ പരിശീലനം തുടങ്ങി. പഴങ്ങളും മുട്ടയും പോഷകാഹാരങ്ങളും കൊടുക്കണമെന്ന് സ്കൂളിൽ നിന്നു പറയും. പക്ഷേ, ഞങ്ങൾക്ക് അതിനുള്ള പാങ്ങൊന്നും ഇല്ലല്ലോ. രാവിലെ ഒരു ഗ്ലാസ് പാല്‍ മുടക്കാറില്ല. വീട്ടിൽ പശുവുള്ളതു കൊണ്ട് അതു നടക്കും. അവളുടെ കോച്ചും പറഞ്ഞിരുന്നു, പാലും മുട്ടയുമൊക്കെ കൊടുക്കണമെന്ന്. മാഷാണ് അവൾക്കു വേണ്ട നിർദേശങ്ങൾ എല്ലാം കൊടുക്കുന്നത്.  2009 ലാണ് ചിത്രയുടെ യഥാർഥ മികവ് ഞങ്ങൾ തിരിച്ചറിയുന്നത്.
ചിത്രയുടെ പരിശീലനവും മറ്റു മക്കളുടെ പഠനവുമൊക്കെയായി വലിയ ചെലവാണ്. അടുത്തുള്ള ചില വീടുകളിൽ ഞാ ൻ പണിക്കു പോകും. അങ്ങനെ ഒരു ദിവസം പണിക്കുപോയ വീട്ടിലെ ടിവിയില്‍ ചിത്രയുടെ മുഖം. നെഞ്ചൊന്നു പിടഞ്ഞു. മോൾക്ക് സമ്മാനം കിട്ടിയതാണെന്നു പറഞ്ഞത് ആ വീട്ടിലെ ചേച്ചിയാണ്. പൊട്ടിക്കരഞ്ഞു പോയി ഞാൻ. ജോലി തീർത്ത് വീട്ടിലേക്ക് ഓടുകയായിരുന്നു. അച്ഛന്‍ ഉണ്ണികൃഷ്ണന്‍ പണി കഴിഞ്ഞു വരുമ്പോൾ ബസ് സ്‌റ്റോപ്പിൽ വച്ചാണ് വിവരം അറിഞ്ഞത്. ഉടനെ ഓടിപ്പാഞ്ഞെത്തി. നാട്ടുകാരിൽ ചിലർ അഭിനന്ദിക്കാൻ ഓടിയെത്തി. അപ്പോഴും ഞങ്ങൾ എല്ലാവരും കരയുകയായിരുന്നു.’’ ചിത്രയ്ക്ക് കിട്ടിയ മെഡലുകൾ നിറഞ്ഞിരിക്കുന്ന വലിയ അലമാരയുടെ മുന്നിലിരുന്ന് അഭിമാനത്തോടെ അമ്മ ആ ദിവസം ഓർമിച്ചെടുത്തു.

pu_chithra2


മകളുടെ വിജയങ്ങളൊന്നും ഉണ്ണികൃഷ്ണനും വസന്തകുമാരിയും നേരിൽ കണ്ടിട്ടില്ല, ആ അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടില്ല. ‘‘ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഒരു ദിവസം കൂലിപ്പണിക്കു പോയില്ലെങ്കിൽ ജീവിതം താളം തെറ്റും. മത്സരമുള്ള ദിവസം വീട്ടിലേക്ക് വിളിച്ചു പറയും, അടു ത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കണം എന്ന്. അവിടന്നുള്ള പ്രസാദം നെറ്റിയിൽ തൊട്ടേ മോൾ മത്സര ത്തിനിറങ്ങൂ. ’’
സംസ്ഥാന സ്കൂൾ മീറ്റിൽ 3,000, 1,500 മീറ്ററുകളില്‍ മീറ്റ് റി ക്കോർഡും 5,000 മീറ്ററില്‍ ഒന്നാംസ്ഥാനവും നേടിയാണ് എട്ടു വർഷം മുമ്പ് ചിത്ര വരുന്നത്. പിന്നെ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2007ൽ  സംസ്ഥാന സ്കൂൾ കായികമേളയില്‍ 3,000 മീറ്ററില്‍ മൂന്നാംസ്ഥാനം നേടിയതാണ് ആദ്യ മികച്ച വിജയം. തൊട്ടടുത്ത വർഷം 3,000 മീറ്ററില്‍ ഒന്നാംസ്ഥാനം. 2009ൽ മൂന്നു സ്വര്‍ണം. ചിത്ര ഓടുമ്പോൾ വിജയം പിന്നാലെ ഓടിയെത്തുന്നത് പതിവായി.


സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ സീനിയര്‍ വിഭാഗത്തിലെ മുഴുവന്‍ സ്വര്‍ണമെഡലുകളും ചിത്ര നേടി. ‘‘പതിനഞ്ചു വയസ്സില്‍, പത്തു മിനിറ്റിൽ താഴെ  മൂവായിരം മീറ്റര്‍ ഫിനിഷ് ചെയ്യുകയെന്നത് അസാധാരണ പ്രകടനമാണ് എന്ന് സിജിൻ മാഷ് പറഞ്ഞു. 9 മിനിറ്റ് 58.20 സെക്കന്‍ഡിലാണ് ചിത്ര സ്വര്‍ണം നേടിയത്.
അത്യാവശ്യത്തിനു മാത്രമേ ചിത്ര സംസാരിക്കൂ. അതും പതിഞ്ഞ ശബ്ദത്തിൽ. എങ്കിലും കൂട്ടുകാരെയൊക്കെ സഹായിക്കാൻ വലിയ ഇഷ്ടമാണ്. ഒരിക്കൽ പഠിച്ച സ്കൂളിലെ ഒരു കുട്ടിക്ക് കാൻസർ ബാധിച്ചു. വിവരം അറിഞ്ഞ് അവൾക്ക് സങ്കടം. അപ്പോഴാണ് സർക്കാരിൽ നിന്ന് സമ്മാനത്തുകയായ ഒന്നേകാൽ ലക്ഷം കിട്ടിയത്. അതിൽ 25,000 രൂപ കൂട്ടുകാരിയുടെ ചികിത്സയ്ക്ക് നൽകി. ഒപ്പം സമ്മാനം ലഭിച്ച മറ്റു അത്‌ലീറ്റുകളുടെ കയ്യിൽ നിന്ന് ശേഖരിച്ച 10,000 രൂപയും കൂടി നൽകി. ’’

ഒളിംപിക്സ് ആണ് ഇനി ലക്ഷ്യം


മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ് ചിത്രയുടെ പരിശീലകൻ സിജിൻ എൻ.എസ്. സ്കൂ ളിൽ നിന്ന് അത്‌ലീറ്റുകളെ തെരഞ്ഞെടുക്കുന്ന ക്യാംപിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴേ ചിത്ര എത്തിയിരുന്നു. ര ണ്ടുവർഷം അവിടെ പരിശീലനം നടത്തി. എട്ടാം ക്ലാസുകാരെയാണ് മത്സരങ്ങൾക്ക് സജ്ജമാക്കുന്നത്. അപ്പോഴാണ് ചിത്രയുടെ പ്രകടനം മികച്ചതാണെന്ന് മനസ്സിലായത്. അ വിടെ മാറുകയായിരുന്നു ആ കോച്ചിന്റെയും ശിഷ്യയുടെയും ജീവിതം. സ്കൂൾ കായികമേളകളിൽ ചിത്ര നേട്ടങ്ങൾ െകായ്തപ്പോൾ അത് സിജിന്റെ കൂടി വിജയമായി.


നാഷനൽ ക്യാംപിൽ പങ്കെടുക്കുമ്പോൾ പരിശീലകരുടെ രീതി വ്യത്യസ്തമാണ്. ഒരിക്കൽ ഇതുമൂലം ചിത്രയ്ക്ക് പരുക്ക് പറ്റി. ഇതോടെ സിജിൻ തന്റെ രീതികൾ മാറ്റി. രാവിലെയും വൈകിട്ടും ചിത്രയെ വിളിച്ച് പരിശീലിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ചുകൊടുക്കും.


 2013ൽ മികച്ച കായികാധ്യാപകനുള്ള ജി.വി. രാജ അ വാർഡും സിജിനെ തേടിയെത്തി. ചിത്രയ്ക്കൊരു ഒളിംപിക്സ് മെഡൽ ആണ് ഇനി സിജിന്റെ ലക്ഷ്യം.
‘‘1500 മീറ്ററിന് യോഗ്യത നേടുന്ന മൂന്നാമത്തെ മലയാളി അത്‌ലീറ്റാണ് ചിത്ര. ഒ.പി. ജെയ്ഷയും പ്രീജ ശ്രീധരനുമാണ് മറ്റു രണ്ടുപേർ. അൽപം ഭാഗ്യം കൂടി തുണച്ചാല്‍ ഒരുപക്ഷേ ചിത്ര ഇന്ത്യൻ അത്‍‌‌ലറ്റിക്സിൽ പുതിയ ചരിത്രമാകും,’’ സിജിന്റെ വാക്കുകളിൽ പ്രതീക്ഷ. ‘‘അവളുടെ ഏറ്റവും വ ലിയ സ്വപ്നമാണ് ജോലി. ഒരു കുടുംബത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ കൂടി പ്രതീക്ഷയാണ് ഈ പെൺകുട്ടി.’’

pu_chithra5 അച്ഛമ്മ മാധവി, അമ്മമ്മ ജാനകി, ഉണ്ണികൃഷ്ണൻ, സന്ധ്യ, വസന്തകുമാരി

മുണ്ടൂർ ടു ലണ്ടൻ


ഭുവനേശ്വറിൽ ചിത്രയുടെ പാദങ്ങൾ സ്വർണം അണിഞ്ഞപ്പോൾ പലരും അറിയാതെ പോയ ചില കഥകളുണ്ട്. പരുക്കിനോടും അവഗണനയോടും പൊരുതി അവൾ താണ്ടിയ കനൽ വഴികൾ. ‘‘ഫെബ്രുവരിയിലാണ് ബെംഗളൂരു സായിയിൽ ക്യാം പ് തുടങ്ങിയത്. വിദേശ പരിശീലകനു കീഴിലാണ് അത്‌ലറ്റിക് ഫെഡറേഷൻ പരിശീലനം ഒരുക്കിയത്. ശ്രീകൃഷ്ണപുരം വിടിബി കോളജിൽ അവസാന വർഷ ബിഎ ഹിസ്റ്ററി വിദ്യാർഥിയാണ് ചിത്ര. മാർച്ചിൽ ബിഎ അവസാന വർഷ പ രീക്ഷ എഴുതാൻ അവധി ചോദിച്ചു. ക്യാംപിനിടെ പോകാൻ അനുമതി കിട്ടിയില്ല. അഞ്ജു ബോബി ജോർജ് ഒക്കെ ഇടപെട്ട് ഇളവ് ചോദിച്ചെങ്കിലും കോച്ച് വിട്ടുവീഴ്ചയ്ക്ക് ഒരുക്കമായിരുന്നില്ല. അപ്പോൾ സിജിൻ മാഷാണ് പറഞ്ഞത്, ‘നീ ക്യാംപ് വിട്ടു നാട്ടിലേക്ക് പോരെന്ന്.’


പരീക്ഷ ഇപ്പോൾ എഴുതിയില്ലെങ്കിൽ പിന്നെ, ഉടനെ എ ഴുതാൻ സാധിച്ചെന്നു വരില്ല. സെപ്റ്റംബറിൽ മറ്റു പല മീറ്റു കളിൽ പങ്കെടുക്കാനുമുണ്ട്. പരീക്ഷ കഴിഞ്ഞും ക്യാംപിൽ ഉൾപ്പെടുത്താന്‍ അഞ്ജു ബോബി ജോർജ് ശ്രമിച്ചെങ്കിലും നടന്നില്ല. പക്ഷേ, അതുകൊണ്ട് ഒരു ഗുണമുണ്ടായി. സിജിൻ മാഷിന് അവളെ പരിശീലിപ്പിക്കാൻ പറ്റി. ക്യാംപിൽ ആയിരുന്നപ്പോഴും അദ്ദേഹം ഫോണിൽ വിളിച്ചുപറയുന്ന പരിശീലന മുറകളാണ് ചിത്ര പിന്തുടർന്നിരുന്നത്. നാട്ടിലെത്തിയപ്പോൾ മോൾ പറഞ്ഞു, ‘ദംഗൽ’ എന്ന സിനിമയിലും ഇതുപോലെ തന്നെയാണെന്ന്. വേറൊരു കോച്ച് പറഞ്ഞു കൊടുത്തത് ചെയ്തപ്പോഴാണ് മോൾക്ക് പരുക്കേറ്റതും.’’ മത്സരങ്ങൾക്ക് സ്വന്തം പണം മുടക്കി പോകുന്ന പരിശീലകനോട് തീർത്താൽ തീരാത്ത കടപ്പാടാണ് ഇവർക്ക്.


‘‘മൂത്ത രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു. 22 വയ സ്സായി ചിത്രയ്ക്ക്. ഞാനും ഏട്ടനും സ്വപ്നം കാണുന്നത് ഒന്നുമാത്രമാണ്, അവൾക്കൊരു ജോലി. ജോലി കിട്ടിയാൽ ഞങ്ങടെ കഷ്ടപ്പാട് ഒരു പരിധി വരെ മാറും. ഓരോ മത്സരവും ജയിച്ച് സമ്മാനങ്ങൾ കൊണ്ടുവരുമ്പോ എനിക്കാദ്യം കരച്ചിലാണ് വരാറ്. എത്ര ബുദ്ധിമുട്ടീട്ടാ കുട്ടി ഓടുന്നത്. ഇപ്പോള്‍ ലോക ചാംപ്യൻഷിപ്പിന് യോഗ്യത കിട്ടി. ലണ്ടനിലാ ണ് മത്സരം. ഒരുപാട് സന്തോഷവും സങ്കടവും ഒന്നും കാണിക്കുന്ന കുട്ടിയല്ല. ഒളിംപിക്സ് മെഡലെന്ന വലിയ സ്വപ്നം മുന്നിലുള്ളപ്പോൾ ഒന്നിലും അമിതമായി ആഹ്ലാദിക്കാൻ അവൾക്കാകില്ലല്ലോ...