Wednesday 17 June 2020 12:11 PM IST

മഴക്കാലമാണ്, കാലുകള്‍ എപ്പോഴും വൃത്തിയോടെയിരിക്കട്ടെ; അത്‌ലെറ്റ് ഫൂട്ട് വരാതെ നോക്കാം...

V N Rakhi

Sub Editor

athleteehbjbjb

ചെളിവെള്ളത്തിലൂടെ നടക്കാതെ ഒരു മഴക്കാലം സാധിക്കില്ല. അതുകൊണ്ടു തന്നെ ചൊറിച്ചിലും ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയല്‍ അണുബാധയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പൊതുവേ കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഫംഗസ് അണുബാധയാണ്. മഴയില്‍ നനഞ്ഞ ഷൂസിട്ട് കുറേ നേരം ഇരിക്കേണ്ടി വരുമ്പോഴും വിരലിനടയിലെ ഈര്‍പ്പം ശരിക്ക് തുടച്ചെടുക്കാതെ വരുമ്പോഴുമാണ് ഇതുണ്ടാകുന്നത്. 

ഗൗരവമേറിയ മറ്റൊരു രോഗമാണ് അത്‌ലെറ്റ് ഫൂട്ട് എന്നറിയപ്പെടുന്ന വളംകടി. ചെളിവെള്ളത്തില്‍ കൂടുതല്‍ നേരം നില്‍ക്കേണ്ടി വരുമ്പോഴാണ് ഇതുണ്ടാകുന്നത്. ചര്‍മത്തിന് വെളുത്തതോ പച്ചയോ നിറമുണ്ടാകുകയും അതില്‍ നിന്നു വരുന്ന സ്രവത്തിന് ദുര്‍ഗന്ധമുണ്ടാകുകയും ചെയ്യും. അത്‌ലെറ്റ് ഫൂട്ട് വരാതെ നോക്കാനുള്ള ചില ടിപ്‌സ് ഇതാ

കാലുകള്‍ എപ്പോഴും വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. അപ്പോള്‍ അണുബാധകള്‍ കുറയും. മഴക്കാലത്ത് പുറത്തു പോയി വന്നയുടന്‍ കാലുകള്‍ സോപ്പിട്ട് കഴുകുന്നത് ശീലമാക്കുക. കാലുകളില്‍ പറ്റിയിരിക്കുന്ന അണുക്കള്‍ അണുബാധയുണ്ടാക്കുന്നത് തടയാനാണിത്. അല്ലെങ്കില്‍ അല്‍പം ആന്റി സെപ്റ്റിക് ലോഷന്‍ ഒഴിച്ച വെള്ളത്തില്‍ കാലുകള്‍ പത്തോ പതിനഞ്ചോ മിനിറ്റ് മുക്കി വയ്ക്കുക.

കാലുകള്‍ കഴുകിയ ശേഷം വിരലുകള്‍ക്കും നഖങ്ങള്‍ക്കും ഇടയില്‍ ടാല്‍കം പൗഡര്‍ ഇടുന്നത് ഈര്‍പ്പം പൂര്‍ണമായി ഇല്ലാതാക്കാന്‍ സഹായിക്കും. ടാല്‍കം പൗഡര്‍ ഈര്‍പ്പത്തെ വലിച്ചെടുക്കും. മഴക്കാലത്ത് കാലുകളില്‍ നഖം വളര്‍ത്താതിരിക്കാം. നഖങ്ങള്‍ എപ്പോഴും വെട്ടി നിര്‍ത്തുക. നഖത്തിനടിയില്‍ അടിഞ്ഞു കൂടുന്ന പൊടിയും അഴുക്കും ഫംഗല്‍ അണുബാധയുണ്ടാക്കുന്നത് ഇതുവഴി തടയാം. 

കാന്‍വാസ് ഷൂസുകളും ഹൈഹീല്‍ഡ് ഷൂസുകളും ലെതര്‍, വിനൈല്‍ ഷൂസുകളും മഴക്കാലത്ത് വേണ്ട. തുറന്ന തരം റബ്ബര്‍ ചെരുപ്പുകളോ സ്ലിപ്പറുകളോ ആണെങ്കില്‍ അഴുക്കും വെള്ളവും തങ്ങി നില്‍ക്കാതെ ഒഴുകിപ്പോകുന്നതുകൊണ്ട് ചെരുപ്പില്‍ മണ്ണും അഴുക്കും പറ്റി നില്‍ക്കില്ല. ചെളി പുരണ്ടിട്ടുണ്ടെങ്കില്‍ ഇടയ്ക്കിടെ കഴുകാനും മറക്കരുത്. 

മൃതകോശങ്ങള്‍ കൃത്യമായി നീക്കം ചെയ്യാന്‍ ശ്രമിക്കുക. രണ്ടോ മൂന്നോ തുള്ളി ഷാംപൂ ഇറ്റിച്ച വെള്ളത്തില്‍ കാലുകള്‍ മുക്കി വച്ച് സ്‌ക്രബറോ പ്യൂമിക് സ്റ്റോണോ കൊണ്ട് അത്തരം കോശങ്ങള്‍ ഇളക്കിക്കളയാം. 

കാലുകള്‍ വൃത്തിയാക്കിയ ശേഷം മോയ്ചറൈസ് ചെയ്യേണ്ടത് ആവശ്യമാണ്. നല്ല മോയ്ചറൈസര്‍ കൊണ്ട് മസാജ് ചെയ്ത ശേഷം ടാല്‍കം പൗഡര്‍ തൂവിക്കൊടുക്കാം. കാലുകള്‍ ഡ്രൈ ആയിരിക്കും. 

മുള്‍ട്ടാണി മിട്ടി, വേപ്പ്, മഞ്ഞള്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവ അല്‍പം വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കുക. കാലുകളില്‍ ഈ മാസ്‌ക് ഇട്ട് അരമണിക്കൂര്‍ വയ്ക്കുക. വെള്ളത്തില്‍ കഴുകിയ ശേഷം ഒലിവ് ഓയില്‍ കൊണ്ട് മസാജ് ചെയ്യണം. ഉണങ്ങിയ ചെരുപ്പുകള്‍ മാത്രം ധരിക്കുക. രണ്ടു ജോഡി ചെരുപ്പുകള്‍ ഉണ്ടെങ്കില്‍ ഓരോ ദിവസവും മാറ്റി ഇടാം. നനഞ്ഞ ചെരുപ്പ് ഉണങ്ങാനുള്ള സമയം കിട്ടും.

Tags:
  • Spotlight