Monday 28 November 2022 10:50 AM IST : By സ്വന്തം ലേഖകൻ

നിറഞ്ഞ മനസ്സോടെ, നിറകണ്ണുകളോടെ സുജ ആ പഴ്സ് ഏറ്റുവാങ്ങി; അതുൽ കൃഷ്ണൻ തിരികെ എൽപിച്ചത് വെറും പഴ്സല്ല, സുജയുടെ ജീവിതം..!

kollam-puthoor-lost-purse-given-back.jpg.image.845.440

നിറഞ്ഞ മനസ്സോടെ, നിറകണ്ണുകളോടെയാണു സുജ ആ പഴ്സ് ഏറ്റുവാങ്ങിയത്, കാരണം അതിലുണ്ടായിരുന്നത് സുജയുടെ ജീവിതം തന്നെയായിരുന്നു. ഇന്ന് അബുദാബിയിലേക്കു തിരികെപ്പോകാൻ കഴിയുമോ എന്ന ആശങ്കയിൽ നീറുകയായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സുജയും കുടുംബവും. അബുദാബിയിൽ നഴ്സായ മാവടി പത്മതീർഥത്തിൽ സുജയുടെ പഴ്സ് രണ്ടു ദിവസം മുൻപാണു പുത്തൂരിൽ നഷ്ടപ്പെട്ടത്.

വീസ ലിങ്ക് ചെയ്തിരിക്കുന്ന യുഎഇ ഐഡി കാർഡ് ഉൾപ്പെടെയുള്ള രേഖകളും എടിഎം കാർഡുകളും പഴ്സിൽ ഉണ്ടായിരുന്നു. ഐഡി കാർഡ് തിരികെക്കിട്ടാതെ അബുദാബിയിലേക്കു മടങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഭർത്താവ് മോഹനുമൊത്ത് അന്വേഷണം ഏറെ നടത്തിയെങ്കിലും പഴ്സ് കിട്ടിയില്ല. അപ്പോഴാണു പുത്തൂർ സ്റ്റേഷനിൽ നിന്നു സുജയെ വിളിച്ചു പഴ്സ് ലഭിച്ച വിവരം പറഞ്ഞത്.

ആലയ്ക്കൽ ജംക്‌ഷനിലെ എകെജി ഓയിൽ ഷോപ് ഉടമ ചെറുപൊയ്ക ചൂരക്കോട്ടുവിള വീട്ടിൽ അതുൽ കൃഷ്ണനാണു കടയുടെ മുന്നിൽ വീണുകിടന്ന പഴ്സ് സ്റ്റേഷനിൽ ഏൽപിച്ചത്. രേഖകളിലെല്ലാം അറബി ലിപിയായിരുന്നതിനാൽ ആളെ തിരിച്ചറിയാൻ പൊലീസും ബുദ്ധിമുട്ടി. പഴ്സിലുണ്ടായിരുന്ന പെൻഡ്രൈവിൽ നിന്നാണ് ഒടുവിൽ സുജയെ കണ്ടെത്തിയതും വിവരം അറിയിച്ചതും. എസ്ഐ ടി.ജെ. ജയേഷിന്റെ സാന്നിധ്യത്തിൽ അതുൽ കൃഷ്ണൻ തന്നെ സുജയ്ക്കു പഴ്സ് കൈമാറി.

Tags:
  • Spotlight
  • Inspirational Story