Thursday 11 July 2019 12:36 PM IST : By സ്വന്തം ലേഖകൻ

ആംബുലൻസിനു കൊടുക്കാൻ പോലും പണമില്ല; വെന്റിലേറ്ററിൽ ജീവനു വേണ്ടി പിടച്ചിൽ; ജീവിത ട്രാക്കിൽ കാലിടറി അതുല്യ

athulya

കരഘോഷങ്ങൾക്കും കാതടപ്പിക്കുന്ന ആർപ്പു വിളികൾക്കും നടുവിലൂടെ മിന്നൽ വേഗത്തിൽ കുതിച്ചു പായുന്നവൾ. എതിരാളികളെ നിക്ഷ്പ്രഭരാക്കുന്ന സൂപ്പർ ഫിനിഷർ. പക്ഷേ ഭാവനയിൽ കാണുന്ന ഈ കാഴ്ചകളെയെല്ലാം മറയ്ക്കും ആ നെഞ്ചിടിപ്പേറ്റുന്ന കാഴ്ച.

കോട്ടയം മെഡിക്കൽ കോളേജിലെ ശീതീകരിച്ച മുറിക്കുള്ളിൽ വയറുകളുടേയും ട്യൂബുകളുടേയും സഹായത്തോടെ ജീവനെടുക്കാൻ വെമ്പുന്ന അതുല്യയെന്ന പെൺകൊടിയാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. ആയിരം ആർപ്പു വിളികളുടെ സ്ഥാനത്ത് യന്ത്രങ്ങൾക്കൊപ്പിച്ച് മിടിക്കുന്ന അവളുടെ ഹൃദയതാളം മാത്രം. എല്ലാം കണ്ടും കേട്ടും സഹിച്ചും കണ്ണീരുവറ്റി ഒരു മനുഷ്യനും ആ ഇടുങ്ങിയ നാലുചുമരിനു പുറത്തിരിപ്പുണ്ട്. അവളെ ജീവിത ട്രാക്കിലേക്ക് തിരിച്ചെത്തിക്കാന്‍ ഓടി തളര്‍ന്നിരിക്കുന്ന അച്ഛന്‍.

കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവ്, ദേശീയ മീറ്റിലെ വെള്ളിമെഡല്‍ ജേതാവ്, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിനികൂട്ടിനായി കുറെ റെക്കോഡുകള്‍... അതുല്യയുടെ നേട്ടങ്ങളുടെ കഥകൾ പറയാനാണെങ്കിൽ ഏറെയുണ്ട്. െമെതാനത്തിലേതു പോലെ പഠനത്തിലും മികവു കാട്ടിയ അവള്‍ക്കു പ്ലസ്ടുവില്‍ എണ്‍പതു ശതമാനത്തിലേറെ മാര്‍ക്കുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് കോളജുകള്‍ അഡ്മിഷന്‍ നല്‍കാമെന്ന വാഗ്ദാനവുമായി പുറകെ വന്നു.

അതിനിടെയാണ് തലച്ചോറില്‍ അണുബാധയുണ്ടായത്. അതുല്യ തോറ്റുകൊടുത്തില്ല, ചികിത്സയില്‍ സുഖംപ്രാപിച്ച് വീണ്ടും ട്രാക്കിലേക്ക്. എന്നാല്‍, പതിനഞ്ചു ദിവസം മുമ്പു വീണ്ടും വിധി മത്സരവുമായെത്തി. ശ്വാസംമുട്ടലിന്റെ രൂപത്തിലായിരുന്നു തുടക്കം. വിദഗ്ധ പരിശോധനയില്‍ ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണന്നു കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ വേണമെന്നു വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വളരെയേറെ ചെലവുള്ള ലേസര്‍ ശസ്ത്രക്രിയയാണു പ്രതിവിധി. ഇതിനു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യമില്ല.

പുട്ടപര്‍ത്തിയിലോ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലോ മാത്രമാണ് ഇതിനായി ശസ്ത്രക്രിയ നടത്തുക. പുട്ടപര്‍ത്തി വരെ കൊണ്ടുപോകാന്‍ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ കഴിയില്ല. തിരുവനന്തപുരത്തു ശസ്ത്രക്രിയ നടത്തണമെങ്കില്‍ 25 ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ ആശുപത്രിയിലെത്തിക്കാനായിരുന്നു അവിടെനിന്നുള്ള നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ഇതുതന്നെ നിര്‍ദേശിച്ചു.

ഹോട്ടല്‍ തൊഴിലാളിയായ സജിക്കു മകളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലെത്തിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഇന്നലെ െവെകുന്നേരംവരെ പണമുണ്ടാക്കാന്‍ ഓടിനടന്നു. ഒടുവില്‍ ഇന്നത്തേക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കി.

ചികിത്സയ്ക്കായി ഇനി ലക്ഷങ്ങള്‍ കണ്ടെത്തണം. ഉള്ളതെല്ലാം വിറ്റാലും കടം മേടിച്ചാലും പണം തികയില്ല. മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പില്‍ നിസഹായരായി നില്‍ക്കുകയാണ് കുടുംബം. ദേശീയതാരമായ മകള്‍ നാടിനു നേടിക്കൊടുത്ത പെരുമാത്രമാണ് എരുമേലി പമ്പാവാലിയില്‍നിന്നെത്തിയ അവര്‍ക്കു െകെമുതല്‍. ഇനി വേണ്ടതു െകെയടികളല്ല, സഹായമാണ്. അവള്‍ വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു തിരികെയെത്താന്‍... പ്രതീക്ഷകളറ്റ നിമിഷത്തിൽ അവർ കണ്ണുവയ്ക്കുന്നത് ഇനി കരുണയുടെ ഉറവ വറ്റാത്ത ഹൃദയങ്ങളിലേക്കാണ്. തങ്ങളുടെ മകളെ ജീവിത ട്രാക്കിലേക്ക് കൊണ്ടു വരാനായി.