Wednesday 23 March 2022 04:51 PM IST

‘കടലിന്റെ 37 മീറ്റർ അടിയിൽ വരെ പോയിട്ടുണ്ട്, ചില സമയത്ത് റെക്കുകൾ കാണാൻ സാധിക്കും’: ‘അതുല്യം’ ഈ അനുഭവം

Tency Jacob

Sub Editor

athulya-diver

തൃശൂർ സെന്റ്മേരീസ് കോളജിലായിരുന്നു ബിഎ ഹിസ്റ്ററി പഠിച്ചത്. ജെൻഡർ സ്റ്റഡീസ് എന്നൊരു വിഷയം പഠിക്കാനുണ്ടായിരുന്നു. ക്ലാസ്സെടുത്തിരുന്ന അധ്യാപിക, ‘സ്കൂബാ ഡൈവിങ്, സ്കൈ ഡൈവിങ് മേഖലയിൽ പുരുഷന്മാർ മാത്രം ജോലി ചെയ്യുന്നു. കേരളത്തിലെ സ്ത്രീകൾ അവിടേക്കു എത്തിനോക്കുന്നേയില്ല.’ എന്നൊരു അഭിപ്രായം പറഞ്ഞു.

ക്ലാസ് മുഴുവൻ അതിനെക്കുറിച്ചു ചൂടുള്ള ചർച്ചയായി. ഞാൻ ആ സമയം ഗൂഗിളിൽ ഡൈവിങ് പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ തിരഞ്ഞു തുടങ്ങി . കണ്ടുപിടിച്ചതും വേഗം തന്നെ ഓൺലൈൻ ക്ലാസ് കട്ട് ചെയ്ത് ഡൈവിങ് പഠിക്കാൻ തിരുവനന്തപുരത്ത് പോയി. അത്രയേയുള്ളൂ ഈ തീരുമാനത്തിനു പിന്നിൽ.’’ കേരളത്തിൽ ഡൈവിങ് പഠിക്കുകയും മാസ്റ്റർ ആകുകയും ചെയ്യുന്ന ആദ്യ പെൺകുട്ടിയാണ് അതുല്യ കെ.വി.

അയന എന്നായിരുന്നു അച്ഛൻ മണികണ്ഠൻ ആദ്യം പേരിട്ടത്. സ്കൂളിൽ ചേർക്കാറായപ്പോഴേക്കും അച്ഛനു മനംമാറ്റമായി. അയന സാധാരണ പേരല്ലേ. അതുല്യ എന്നു പേരു മാറ്റിയാലോ? ഞാൻ അപ്പോഴേ സമ്മതിച്ചു. അന്നുമുതൽ എന്നും എപ്പോഴും ‘യുണീക്’ ആയിരിക്കണം എന്നെനിക്കു നിർബന്ധമുണ്ട്.’’

പാലക്കാട് പട്ടാമ്പി കല്ലുവളപ്പിൽ വീട്ടിൽ മണികണ്ഠന്റെയും ലീനയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് അതുല്യ. ചേച്ചി ആതിര, അനിയൻ അശ്വിൻ ദേവ്. ‘‘കോവളം കടലിലാണ് ഡൈവിങ് പരിശീലനം. പ്രഫഷനലായി എങ്ങനെ നീന്താം എന്നാണ് ആദ്യം പഠിപ്പിച്ചത്. ഇടയ്ക്ക് ലോക്ഡൗൺ വന്നതുകൊണ്ടു മൂന്നുമാസം എടുത്തു പഠനം പൂർത്തിയാക്കാൻ.

ഡൈവിങ് ചെയ്യാൻ നല്ല ശാരീരികക്ഷമത വേ ണം. കാരണം ഡൈവിങ് സമയത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് നല്ല ഭാരമുണ്ട്. വെറ്റ് സ്യൂട്ട്, സിലിണ്ടർ, ബിസിഡി, റഗുലേറ്റർ... എല്ലാം കൂടി 18 കിലോ ഉണ്ടാകും.

വെള്ളത്തിൽ ഇറങ്ങുന്നതു വരെയേ ഭാരം ന മുക്ക് അനുഭവപ്പെടുകയുള്ളൂ. വെള്ളത്തിലിറങ്ങിയാൽ ഈ ഭാരമെല്ലാം നമുക്ക് തൂവൽ പോലെ യാണ്. പിന്നെ, ഒരു മത്സ്യം പോലെ തുടിച്ചു നീന്താം.

കടലിന്റെ 37 മീറ്റർ അടിയിൽ വരെ പോയിട്ടുണ്ട്. ചില സമയത്ത് റെക്കുകൾ കാണാൻ സാധിക്കും. പണ്ടു കടലിനടിയിൽ മുങ്ങിപ്പോയ കപ്പലുകളാണവ. കോവളത്ത് അങ്ങനെയൊരെണ്ണം കണ്ടിട്ടുണ്ട്. അതിൽ മീൻ കൂട്ടങ്ങൾ വെള്ളിമീൻ പോലെ പുളയുന്നതു കാണാം. വെള്ളത്തിനടിയിൽ ശ്വാസമെടുക്കുമ്പോൾ ഒരു പ്രത്യേക തരം ആനന്ദമാണ്. ഹൃദയം നിറയെ ആ മാസ്മരികത നിറയും. ഓരോ ദിവസവും വ്യത്യസ്ത കാഴ്ചകളാണ് കടൽ നമുക്ക് കാണിച്ചു തരിക.

അവരിൽ പുഞ്ചിരി വിരിയിക്കും

ആൻഡമാനിൽ കുറച്ചുനാൾ ജോലി ചെയ്തിരുന്നു. ലോക്ഡൗണാണ് അവിടെയും വില്ലനായത്. ഇപ്പോൾ എറണാകുളം കലൂരുള്ള അക്വാ ലി യോ ഡൈവിങ് സെന്ററിലാണ് ജോലി. വിദേശ ടൂറിസ്റ്റുകളും സ്ത്രീകളും കുട്ടികളും വയസ്സായവരുമൊക്കെയാണ് എന്റെ അടുത്ത് പരിശീലനത്തിനെത്തുന്നത്.

സ്ത്രീകൾക്ക് ഭയങ്കര പേടിയായിരിക്കും. ഞാനവരെ ആശ്വസിപ്പിച്ച് ധൈര്യപ്പെടുത്തും. അതിന് എത്ര സമയം എടുക്കാനും മടിയില്ല. ഡൈവിങ് ചെയ്തു തിരിച്ചു വരുമ്പോൾ അവരുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരിക്കും. അതു കാണുന്നതാണ് നമ്മുടെ സന്തോഷം.

ജർമനിയിൽ നിന്നുള്ള ഒരു ഡോക്ടറുണ്ടായിരുന്നു. പ്രായമുള്ള, ആരോഗ്യ പ്രശ്നങ്ങളുള്ള അവരുടെ വലിയ ആഗ്രഹമായിരുന്നു ഡൈവിങ് ചെയ്യണമെന്ന്. പല ഡൈവിങ് സെന്ററുകളിൽ പോയിട്ടും പറ്റാതെ തിരിച്ചു പോരുകയാണ് ഉണ്ടായത് എന്നു വിഷമത്തോടെ പറഞ്ഞു. ഡൈവ് ചെയ്ത് തിരിച്ചു വന്ന് അവർ എന്നെ നോക്കി തൊഴുത ഒരു നിമിഷമുണ്ട്. അത് മറക്കാനാകാത്ത അ നുഭവമാണ്.

പെൺകുട്ടിയാണെന്നു കരുതി പ്രത്യേക സ ഹായമൊന്നും നമ്മൾ ആഗ്രഹിക്കരുത്. എല്ലാ ജോലിയും ഇഷ്ടപ്പെട്ടു ചെയ്താൽ ഏതു വെല്ലുവിളിയെയും നേരിടാം.

കരയിൽ ഇരിക്കുമ്പോൾ ഒരുപാടു പ്രശ്നങ്ങൾ നമുക്കുണ്ടായിരിക്കും. തല വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞാൽ പിന്നെ, അലട്ടലുകളൊന്നുമില്ല. എത്ര സന്തോഷത്തോടെ ആയിരിക്കാൻ പറ്റുമെന്നോ? സ്വപ്നം കണ്ട് എഴുന്നേറ്റു വരുന്നതു പോലെയായിരിക്കും നമ്മൾ കരയിലേക്ക് നീന്തി വരിക.

ടെൻസി ജെയ്ക്കബ്