Saturday 18 April 2020 11:51 AM IST

സ്ത്രീകൾക്കും കുട്ടികൾക്കുമായൊരു കൂട്ടായ്മ ; അതിക്രമങ്ങൾക്കും അനീതികൾക്കുമെതിരെ ശബ്ദമുയർത്താൻ "റെയ്സിങ് അവർ വോയ്സസ്"

Nithin Joseph

Sub Editor

nithin-image-final-

ഡിസംബർ 16, 2012. രാജ്യത്തിന്റെ തലസ്ഥാനനഗരിയിൽ ഒരു പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ ദിനം. തുടർന്നുള്ള നാളുകളിൽ സ്വന്തം സുരക്ഷയെക്കുറിച്ച് ഓർത്ത് രാജ്യത്തെ ഓരോ പെൺകുട്ടിയും ആശങ്കപ്പെട്ടപ്പോൾ കേരളത്തിലെ ഒരുപറ്റം വനിതകൾ ഒന്നിച്ചുചേർന്നു. സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടേണ്ടി വരുന്ന അതിക്രമങ്ങൾക്കും അനീതികൾക്കുമെതിരെ ശബ്ദമുയർത്തുന്ന "റെയ്സിങ് അവർ വോയ്സസ്" (ROV) എന്ന കൂട്ടായ്മയുടെ തുടക്കം അങ്ങനെയായിരുന്നു. ഇന്ന്, നാൽപതോളം അംഗങ്ങളുള്ള വലിയ ദൗത്യമായി ROV മാറിയിരിക്കുന്നു. ഡോക്ടർമാർ, ടീച്ചർമാർ, അഡ്വക്കേറ്റുമാർ, മനഃശാസ്ത്രജ്ഞർ, എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ROV യിലെ അംഗങ്ങളാണ്.

എന്താണ് ROVയുടെ പ്രവർത്തനങ്ങൾ.?

ഏഴു വർഷങ്ങൾക്കു മുൻപ് കാക്കനാട്ടെ ചിൽഡ്രൻസ് ഹോമിലാണ് ROVയുടെ സേവനങ്ങൾ ആരംഭിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസം, വ്യക്തിത്വവികസനം, മാനസികാരോഗ്യം, വ്യക്തിശുചിത്വം, എന്നിങ്ങനെ എല്ലാ മേഖലകളിലും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി, സാമൂഹ്യ നീതി വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ പിന്തുണയും ലഭിച്ചു.

സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രധാന പ്രശ്നങ്ങളെയെല്ലാം ROV ഗൗരവത്തോടെ സമീപിച്ചു. ഗാർഹിക പീഡനത്തെ ചെറുക്കൽ, മനുഷ്യക്കടത്തിനെതിരെ നടപടികൾ, കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ സേവനങ്ങൾ, ലിംഗനീതി ഉറപ്പാക്കൽ, വിദ്യാഭ്യാസം ഉറപ്പാക്കൽ, എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് വനിതകളുടെ ഈ സംഘം ചെയ്‌തുകൊണ്ടിരിക്കുന്നത്. ആൺകുട്ടികൾക്ക് 18 വയസ്സ് വരെയും സ്ത്രീകൾക്ക് ജീവിതകാലം മുഴുവനുമാണ് ROVയുടെ സേവനം.

യോഗ്യതയുണ്ടായിട്ടും സാമ്പത്തികപരാധീനത മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവർക്കും ROVയുടെ തണലുണ്ട്. നിർധനരായ നിരവധി കുട്ടികൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ തുടർപഠനത്തിനുള്ള അവസരം ഇവർ ഒരുക്കുന്നു. ഇങ്ങനെ പഠിച്ച് ജീവിതത്തിൽ മുന്നേറിയ നിരവധി വിദ്യാർഥികൾ ഉണ്ട്.

'ഒരു പെൺകുട്ടി വിദ്യാഭ്യാസം നേടുന്നത് ഒരു കുടുംബം മുഴുവനായി വിദ്യാഭ്യാസം നേടുന്നതിന് തുല്യമാണ്. ROVയുടെ സഹായത്താൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ഒരു പെൺകുട്ടി ഉണ്ട്. അവൾ ഇപ്പോൾ വിപ്രോയിൽ എൻജിനീയർ ആണ്. തനിക്ക് താഴെയുള്ള സഹോദരങ്ങളെയെല്ലാം ഇപ്പോൾ അവളാണ് പഠിപ്പിക്കുന്നത്. ഇങ്ങനെ നമുക്ക് ചുറ്റുമുളള ആളുകളുടെ ജീവിതങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിലയേറിയ പ്രതിഫലം.'

ROVയ്ക്കു വേണ്ടി സ്പോക്‌സ്പേഴ്സൻ രാജേശ്വരി പറയുന്നു.

'ഒരു കുട്ടിയുടെ ജനനം മുതൽക്കേ എല്ലാ മേഖലകളും കവർ ചെയ്യാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. രണ്ട് മാസത്തിലൊരിക്കൽ വിവിധ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഗാർഹികപീഢനത്തിനെതിരെ ബോധവത്കരണം നടത്താൻ ഫിലിം എക്സിബിഷനടക്കമുളള പരിപാടികൾ നടത്തി. ഗാർഹികപീഡനത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങൾ മനസിലാക്കാനും അവയെ നേരിടാനും വിദഗ്ധരായ മനശാസ്ത്രവിദഗ്ധരുടെ സഹായവും ലഭ്യമാക്കി. നിയമസഹായം ആവശ്യമുള്ളവർക്ക് അതും ലഭ്യമാക്കുന്നു.

യോഗ്യത ഉണ്ടായിട്ടും ജോലിയും വരുമാനവും ഇല്ലാത്ത സ്ത്രീകൾക്ക് ജോലി കണ്ടെത്താനും സഹായങ്ങൾ നൽകുന്നു. ഇത്തരത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും ആവശ്യമായ എല്ലാ സേവനങ്ങളും നൽകി ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുകയാണ് റെയ്സിങ് അവർ വോയ്സസ്."

ലോക്ഡൗൺ കാലത്ത് വീടിനുള്ളിൽ ഒതുങ്ങേണ്ടി വരുമ്പോൾ ഗാർഹികപീഢനം പോലെയുള്ള നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന സ്ത്രീകൾക്കായി ഹെൽപ് ലൈൻ നമ്പർ അടക്കമുള്ള സേവനങ്ങളും ROVയിലൂടെ ലഭ്യമാകുന്നുണ്ട്.

Tags:
  • Spotlight