Tuesday 29 May 2018 02:13 PM IST

സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഒഴിവാക്കി, ആദിവാസികളിൽ ഒരാളായി അട്ടപ്പാടിയിൽ; ഇങ്ങനെയുമുണ്ട് ഒരു ഡോക്ടർ!

Unni Balachandran

Sub Editor

r-prabhudas
ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

അവളെ ഞാൻ കാണുന്നത് അട്ടപ്പാടിയിൽ വച്ചാണ്, ആ നാട്ടിലെ ആദ്യത്തെ ആദിവാസി വനിതാ ഡോക്ടർ. ആശുപത്രിയിൽ ആദിവാസി രോഗികളോട് അവരുടെ ഭാഷയിൽ സംസാരിക്കാനും അവരെ സമാശ്വസിക്കാനും ഞാൻ ആവശ്യപ്പെടുമായിരുന്നു. ആ പരിചയം പിന്നീട് അടുത്ത സൗഹൃദമായി. പക്ഷേ, അതിനെ ആളുകൾ തെറ്റിധരിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ വിവാഹ ആലോചനയുമായി മുമ്പോട്ട് പോയി. അവൾ ഇപ്പോൾ എന്റെ ഭാര്യയാണ്. എന്റെ പേര് ആർ. പ്രഭുദാസ്, കൊല്ലം പാരിപ്പള്ളിയാണ് സ്വദേശം. ഭാര്യ കമലാക്ഷി, മകൾ ഗായത്രി.

ഇതൊരു പ്രണയകഥയാണെന്ന് തെറ്റിധരിക്കപ്പെടും മുമ്പ് പറയാം, ഞാൻ അട്ടപ്പാടിയിൽ 21 വർഷത്തോളമായി ഡോക്ടറായി  സേവനമനുഷ്ഠിക്കുന്നു. അവിടുത്തെ ജനങ്ങളുടെ ഭാഗമായി, അവരുടെ രോഗങ്ങൾക്കും ദുരിതങ്ങൾക്കും സഹായമായി ജീവിക്കാൻ സാധിക്കുന്നതിലാണ് ഞാനെന്റെ സന്തോഷം തിരിച്ചറിയുന്നത്. ആ ജീവിതം സമ്മാനിച്ച ഭാഗ്യങ്ങളിലൊന്നായി എന്റെ ഭാര്യയും.

അനാവശ്യ ചെലവുകളില്ലാതെ ജീവിക്കാനാണ് ചെറുപ്പം മുതൽ ശീലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ എന്റെ ആവശ്യങ്ങളും പരിമിതമാണ്. ഒന്നിനും രക്ഷിക്കാനാകില്ലെന്ന്  വിധിയെഴുതി ചിലപ്പൊഴൊക്കെ രോഗികളെ ആശുപത്രിയിൽ എത്തിക്കാറുണ്ട്. രോഗം ഭേദമായ ശേഷം ആ മനുഷ്യരെ കാണുമ്പോൾ  അവരുടെ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്നൊരു തിളക്കമുണ്ട്. വിശ്വാസത്തിന്റെ ആ തിളക്കമാണ് എന്റെ സന്തോഷം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നു അക്കാലത്ത് നിയമനങ്ങൾ, അഗളിയിലെ നാല് ഒഴിവു കണ്ട് ഞാനും സുഹൃത്തുകളും അവിടം തിരഞ്ഞെടുത്തു. പക്ഷേ, അവിടെത്തിയപ്പോഴാണ് അട്ടപ്പാടിയിലാണ് നിയമനം എന്നറിയുന്നത്. രണ്ടാളുകൾ അപ്പോൾ തന്നെ തിരികെ നാട്ടിലേക്ക് പോയി. ആദ്യമൊക്കെ രോഗികൾ ഉണ്ടായിരുന്നില്ല. പിന്നീട് ക്യാംപ് നടത്തിയും ചികിത്സയ്ക്കു വരാത്തവരെ ആശുപത്രിയിൽ എത്തിച്ചും അവരുടെ വിശ്വാസം  നേടിയെടുത്തു.

R-prabhudas-family

ചിറ്റൂർ ഊരിൽ ഒരു സ്ത്രീയുണ്ടായിരുന്നു,12 വർഷത്തോളം അലഞ്ഞുതിരിഞ്ഞു നടന്ന സ്ത്രീ. മാനസിക രോഗിയായ അവർ കുട്ടികളെ  ഉപദ്രവിക്കുമായിരുന്നു. പിന്നീട് വീടു വിട്ടിറങ്ങി, വഴിയരികിൽ കിടന്നുറങ്ങും.  വീട്ടിലേക്കുള്ള വഴി മറന്നിരുന്ന ആ സ്ത്രീയെ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. രോഗം ഭേദപ്പെട്ടപ്പോൾ ആശുപത്രിയിലെ ചെറിയ ജോലികൾ കൊടുത്തു തുടങ്ങി. പതുക്കെ അവരുടെ പെരുമാറ്റത്തിൽ മാറ്റം വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ പോകണം എന്നു പറഞ്ഞു. അവർ വീട്ടിലെത്തിയതിന്റെ അടുത്ത ദിവസം അവരുടെ ഭർത്താവ് എന്നെ വന്നു കണ്ടു പറഞ്ഞു, ‘12 വർഷത്തിനിടയിൽ  ഇന്നലെ മാത്രമാണ് അവളെന്നോടൊപ്പം ഉണ്ടായിരുന്നത്, പക്ഷേ, ആ ഒറ്റദിവസത്തെ  സ്നേഹം കൊണ്ട് എന്റെ പന്ത്രണ്ട് വർഷത്തിന്റെ സനേഹക്കടങ്ങൾ അവൾ വീട്ടിയതു പോലൊരു തോന്നൽ.’ അയാളും കരഞ്ഞു, ഞാനും കരഞ്ഞു. മനസ്സ് നിറഞ്ഞു സന്തോഷിച്ചാൽ കരച്ചിൽ വരുമെന്ന് എനിക്കു മനസ്സിലായ ദിവസമായിരുന്നു അത്. നാട്ടിലെ സൂപ്പർ സ്പെഷാലിറ്റി  ഡോക്ടറായാൽ പണത്തിനും സുഖസൗകര്യങ്ങൾക്കും കുറവു കാണില്ല, പക്ഷേ, ഇതുപോലെ മനസ്സുനിറയ്ക്കുന്ന കാഴ്ചകൾ കാണാൻ പറ്റില്ല, സന്തോഷിക്കാൻ കഴിയില്ല.

പലപ്പോഴും എന്റെ  ശമ്പളത്തിൽ നിന്ന്  മരുന്നുകൾ വാങ്ങാനായി കൊടുത്തിട്ടുണ്ട്. ബില്ലു മാറി വരുമ്പോൾ ചിലപ്പോൾ പണം കിട്ടാതെ വരും, പക്ഷേ, ജീവിതത്തിന്റെ കാര്യത്തിൽ ഇങ്ങനെയുള്ള  തീരുമാനങ്ങള്‍ എടുക്കുന്നത് എനിക്കൊരു സങ്കടമായി തോന്നിയിട്ടില്ല. ഒരുപാട് പേർ നാട്ടിൽ വന്ന് നിൽക്കാനും അവിടെ ക്ലിനിക്ക് തുടങ്ങാനും നിർബന്ധിക്കാറുണ്ട്. ഇവിടെയുള്ള ആളുകളുടെ സ്നേഹവും ആത്മാർഥതയും  മാറ്റിനിർത്തിക്കൊണ്ടുള്ള മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു ത്യാഗമായും തോന്നുന്നില്ല, ഇതാണെന്റെ സ്പേസ് എന്നാണ് വിശ്വാസം.ഈ മനുഷ്യർ തരുന്ന ബഹുമാനം, അംഗീകാരം, സ്നേഹം. ഇതിൽ കൂടുതൽ എന്തുവേണം ഒരു മനുഷ്യന്. അല്ലെങ്കിൽ തന്നെ രണ്ട് ഹൃദയത്തുടിപ്പിനിടയിലുള്ള സമയം മാത്രമാണല്ലോ ജീവിതം എന്നു പറയുന്നത്.