Saturday 03 November 2018 12:08 PM IST : By സ്വന്തം ലേഖകൻ

‘ശരീരം വലിഞ്ഞു മുറുകും, വേദന കൊണ്ടവൾ അലറിവിളിക്കും’; ആയിഷമോളുടെ ഇന്നത്തെ അവസ്ഥയിതാണ്–വിഡിയോ

ayisha-mol-1

കണ്ണുകളെ വിശ്വസിക്കാമോ?... വിശ്വസിച്ചേ മതിയാകൂ.ഈ രണ്ടു ചിത്രങ്ങളിലും ഉള്ള കുഞ്ഞുമകൾ ഒരാളാണ്. പുള്ളിക്കുപ്പായമണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന ആയിഷമോളുടെ ചിത്രമാണ് ആദ്യത്തേത്. അതേ ആയിഷയാണ് എല്ലുകൾ പോലും നുറുങ്ങുന്ന വേദനയും പേറി രണ്ടാമത്തെ ചിത്രത്തിലുള്ളതെന്ന് പറഞ്ഞാൽ വിശ്വസിക്കുക പ്രയാസം. ഒന്നു തിരിച്ചറിയാൻ പോലുമാകാത്ത രൂപമാറ്റവും അതിനേക്കാളും നൂറിരട്ടി വേദനയുമാണ് വിധി ഇന്ന് കുരുന്ന് പൈതലിന് നൽകിയിരിക്കുന്നത്.

‘ഡിസ്റ്റോണിയ...’ ഒരു പക്ഷേ ജീവിതത്തിൽ നാം ഒരിക്കലും കേട്ടിട്ടു പോലുമില്ലാത്തൊരു രോഗമാണ് വിധിയിന്ന് അവൾക്ക് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ആറോ ഏഴോ പേർക്ക് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അപൂർവ്വ രോഗം.

അ‍ഞ്ചു വയസുവരെ അവൾ ഊർജ്ജസ്വലയായിരുന്നു. പ്രസരിപ്പുള്ള മുഖത്തിനുടമയായിരുന്നു. പക്ഷേ ഒരു സുപ്രഭാതത്തില്‍ കഥയാകെ മാറി. ശരീരത്തിൽ അയൺ കട്ടപിടിക്കുന്ന രോഗാവസ്ഥയാണ് ആയിഷയ്ക്ക് വന്നു ചേർന്നിരിക്കുന്നതെന്നാണ് ആദ്യം ഡോക്ടർമാർ ആ നിർദ്ധന കുടുംബത്തോട് പറഞ്ഞത്. എന്നാൽ പതിയെ...പതിയെ... ആ മഹാരോഗത്തെ അവർ തിരിച്ചറിഞ്ഞു. തങ്ങളുടെ മകൾക്ക് ബാധിച്ചിരിക്കുന്നത് ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന ഡിസ്റ്റോണിയയാണ്!

മേൽ സൂചിപ്പിച്ചതു പോലെ ശരീരത്തിലെ അയഡിന്‍ കട്ടപിടിക്കുന്നതാണ് ഈ രോഗാവസ്ഥ. രോഗം പിടിപ്പെട്ടാൽ ശരീരത്തിലെ മസിലുകൾ വലിഞ്ഞു മുറുകും. അന്നേരം രോഗി വേദന കൊണ്ടു പുളയും. അലറിവിളിക്കും. ഒരു പക്ഷേ ഇന്ന് നമുക്ക് ചുറ്റുമുള്ള ഒരു സങ്കേതങ്ങൾ കൊണ്ടും ആ വേദനയെ പിടിച്ചു നിർത്താൻ കഴിഞ്ഞുവെന്ന് വരില്ല.

‘വേദന അതികഠിനമാകുമ്പോൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഞങ്ങൾ അവളേയും താങ്ങിയെടുത്തോടും. വലിയ പ്രതീക്ഷയൊന്നുമുണ്ടായിട്ടല്ല. വേദന കുറയ്ക്കാനുള്ള മരുന്ന് മാത്രമാണ് അവിടെ അവൾക്കുള്ള ആശ്വാസം. അവൾ കുഞ്ഞല്ലേ...മുതിർന്നവർക്കു പോലും ആ വേദന താങ്ങാനാകില്ല. അവളുടെ വേദന കാണുമ്പോൾ പിടയുന്നത് ഞങ്ങളുടെ നെഞ്ചാണ്.’– ആയിഷയുടെ ഉപ്പ പറയുന്നു.

ഒരു നിമിഷം പോലും അവളെ നിലത്ത് നിർത്താനാകില്ല. അത്രമാത്രം ശാരീരിക അസ്വസ്ഥതയാണ് ആ കുരുന്നിനുള്ളത്. ഏതു നേരവും അവളോടൊപ്പം ചെലവഴിക്കേണ്ടതിനാൽ വീട്ടുജോലികൾക്ക് ഉമ്മയ്ക്കോ, നിത്യവൃത്തിക്ക് ഉപ്പയ്ക്കോ കഴിയുന്നില്ല എന്നുള്ളതാണ് ദുഖസത്യം.

ആയിഷയുടെ സഹോദരിയേയും മരണം കീഴടക്കിയത് ഇതേ രോഗത്തിന്റെ രൂപത്തിലാണ്. ആ വേദന കെട്ടടങ്ങും മുമ്പാണ് ആകെയുള്ള മകൾക്കും ഇതേ ദുരവസ്ഥയെന്നത് വിധി എത്രത്തോളം ക്രൂരമാണെന്ന് അടിവരയിടുന്നു.

തമിഴ്നാട്ടിലെ വെല്ലൂരിൽ മാത്രമാണ് ഇന്ന് ആയിഷയ്ക്കുള്ള ചികിത്സയുള്ളത്. അതും യൂനാനി ചികിത്സ മാത്രമാണ് ഈ രോഗത്തിനുള്ള പ്രതിവിധി. ഒന്നും രണ്ടുമല്ല 70,000 രൂപയോളമാണ് ഈയിനത്തിൽ ആയിഷയുടെ ചികിത്സയ്ക്കായി മാറ്റി വയ്ക്കേണ്ടത്. വേദന സംഹാരികൾക്കുള്ള മരുന്ന് വേറെയും.

യൂനാനി ചികിത്സയിൽ കാര്യമായ മാറ്റം പ്രകടമാകുമ്പോഴും ഭീമമായ തുകയാണ് ഈ നിർദ്ധന കുടുംബത്തിന് വിലങ്ങുതടിയാകുന്നത്. സാധാരണ ടാക്സി ഡ്രൈവറായ ആയിഷയുടെ ഉപ്പയ്ക്കാകട്ടെ മകളെ വിട്ട് മാറി നിൽക്കുന്ന സമയം മാത്രമാണ് ജോലിക്കു പോകാനാകുന്നത്. എന്നിട്ടും ആയിഷയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകുന്നില്ലെന്ന് സാരം.

ആയിഷയുടെ ജീവന് ഇന്ന് ഡോക്ടർമാർ ലക്ഷങ്ങൾ വിലയിടുമ്പോൾ ഈ നിർദ്ധന കുടുംബം ഉറ്റുനോക്കുന്നത് സുമനസുകളിലേക്കാണ്. തങ്ങളുടെ മൂത്തമകളെ കൂട്ടിക്കൊണ്ടു പോയ മരണം ആയിഷയേയും കൊണ്ടു പോകരുതേ എന്നാണ് ഇവരുടെ പ്രാർത്ഥന. അവളുടെ ജീവൻ പിടിച്ചു നിർത്താൻ...അവളുടെ വേദന ശമിപ്പിക്കാൻ കരുണയുടെ കരങ്ങൾ തേടുകയാണ് അവർ...വേദനയുടെ കടലാഴങ്ങൾക്കു നടുവിൽ അവർ കാത്തിരിക്കുന്നു...തങ്ങളുടെ മകളുടെ ജീവൻ രക്ഷിക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ...