Tuesday 25 January 2022 04:38 PM IST

‘ആദ്യം ഉപ്പ, രണ്ടു മാസത്തിനു ശേഷം അനിയൻ... രണ്ടു മരണങ്ങളുടെ ദു:ഖമുണ്ട് എന്റെ പോരാട്ടത്തിനു പിന്നിൽ’

Roopa Thayabji

Sub Editor

ayisha-sulthana

2021നെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് സമരവിജയം നേടിയ വനിതകളുടെ പേരിലാകും. ആരൊക്കെ പിന്നിലാക്കാൻ നോക്കിയാലും വിജയിക്കണമെന്നു നിശ്ചയിച്ചുറപ്പിച്ച മനസ്സുണ്ടെങ്കിൽ നമ്മളെ പരാജയപ്പെടുത്താനാകില്ല എന്ന് വനിതകൾ ലോകത്തോടു വിളിച്ചുപറഞ്ഞ വർഷമാണിത്.

ആ നിരയിൽ കേരളത്തിൽ നിന്നുമുണ്ട് ചിലർ. സ്വന്തം കുഞ്ഞിനു വേണ്ടിയാണ് അനുപമ കോടതി കയറിയതെങ്കിൽ മക്കളുടെ മരണത്തിലെ സത്യം പുറത്തു കൊണ്ടുവരാനാണ് വാളയാറിലെ അമ്മയ്ക്ക് സമരം ചെയ്യേണ്ടി വന്നത്.

മാതൃത്വം മാത്രമല്ല ഈ സമരച്ചൂടിൽ ഉരുകിയത്. നാടിനു വേണ്ടിയും പഠിക്കാനുള്ള അവസരത്തിനു വേണ്ടിയും ജോലി തിരിച്ചു കിട്ടാനുമെന്നു വേണ്ട, ആരൊക്കെയോ മോശക്കാരിയെന്നു മുദ്രകുത്തി പ്രചരിപ്പിച്ച ഫോൺ നമ്പർ കൊണ്ട് ഇരയാക്കപ്പെട്ട വീട്ടമ്മ വരെ പോരാടി വിജയം നേടിയവരുടെ നിരയിലുണ്ട്.

കർഷകസമരം തലസ്ഥാനത്ത് വിജയക്കൊടി പാറിച്ചപ്പോൾ ലോകം സല്യൂട്ട് ചെയ്ത ഒരു വാചകമുണ്ട്, ‘‘നിങ്ങൾക്കെന്നെ ഭ യപ്പെടുത്താനാകില്ല. നിങ്ങളുടെ പണം കൊണ്ട് എന്നെ നിശബ്ദയാക്കാനോ എന്റെ പോരാട്ടത്തിന്റെ മൂല്യമളക്കാനോ പറ്റില്ല.’’ ഇവരുടെ കൈമുതൽ സത്യവും ആത്മവിശ്വാസവുമാണ്.

ആയിഷ സുൽത്താന

നീലക്കടലിനു നടുവിൽ ചിതറിക്കിടക്കുന്ന പ ച്ചത്തുരുത്ത്. സിനിമകളിൽ കണ്ട ലക്ഷദ്വീപ് അതാണ്. പക്ഷേ, ഇക്കുറി ആ ദ്വീപ് വാർത്തകളിൽ നിറഞ്ഞത് ഭരണപരിഷ്കാരങ്ങൾക്കെതിരായ പോരാട്ടത്തിന്റെ പേരിലാണ്. അതിൽ ആയിഷ സുൽത്താന എന്ന പേര് നമ്മൾ മറക്കില്ല. നാടിനു വേണ്ടി സംസാരിച്ചതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തെപ്പെട്ട ആയിഷയ്ക്ക് നാടിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഊർജം കിട്ടിയത് സ്വന്തം ജീവിതത്തിൽ നിന്നു തന്നെയാണ്.

‘‘വർഷങ്ങൾക്കു മുൻപ്. കാർഡിയാക് അറസ്റ്റ് വന്ന ഉപ്പയെ ദ്വീപ് ആശുപത്രിയിലെത്തിച്ചു. യൂറിനറി ഇൻഫക്‌ഷൻ എന്നു പറഞ്ഞാണ് അവർ ചികിത്സിച്ചത്. ഉമ്മയും അനിയന്മാരും ഞാനും കരഞ്ഞ് അപേക്ഷിച്ചിട്ടും 14ാം ദിവസമാണ് കൊച്ചിയിലേക്ക് ഇവാക്വേഷൻ നടത്തിയത്.

അപ്പോഴേക്കും രോഗം വഷളായി ഉപ്പ മരണത്തിന്റെ വ ക്കിലെത്തിയിരുന്നു. രണ്ടു മാസത്തിനു ശേഷം അനിയനെയും ഇതുപോലെ നഷ്ടപ്പെട്ടു. രണ്ടു മരണങ്ങളുടെ ദുഃഖമുണ്ട് എന്റെ പോരാട്ടത്തിനു പിന്നിൽ. അസൗകര്യങ്ങൾ പരിഹരിക്കാൻ സഹായമഭ്യർഥിച്ച് പ്രധാനമന്ത്രിക്കു കത്തയച്ചയാളാണ് ഞാൻ.’’ കൊച്ചിയിലെ ഫ്ലാറ്റിലിരുന്ന് ആയിഷ സുൽത്താന വനിതയോടു പറഞ്ഞു.

പച്ചപ്പിന്റെ തുരുത്തിൽ

ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ആയിഷയും സഹോദരന്മാരുമൊക്കെ ജനിച്ചുവളർന്നത് ലക്ഷദ്വീപിലെ ചെത്‌ലാത് ദ്വീപിലാണ്. മിനിക്കോയിൽ സർക്കാർ ജോലിക്കാരനായിരുന്നു കുഞ്ഞിക്കോയ. ദ്വീപിലെ സ്കൂൾ പഠനത്തിനു ശേഷം ബിഎയ്ക്കു ചേരാനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെത്തിയത്.

അതോടെ സിനിമാ സ്വപ്നങ്ങൾക്ക് നിറം വച്ചെന്ന് ആ യിഷ പറയുന്നു. ‘‘കോളജിൽ പഠിക്കുന്ന കാലത്താണ് മോഡലിങ് തുടങ്ങിയത്, കൂടെ അഭിനയവും. ഡിഗ്രി കഴിഞ്ഞതിനു പിന്നാലെ കൊച്ചിയിൽ പരസ്യ ഏജൻസി തുടങ്ങി. ലാൽജോസ് സാറിന്റെ ‘വെളിപാടിന്റെ പുസ്തക’ത്തിൽ അസിസ്റ്റന്റ് ആയതാണ് സിനിമയിലേക്കു വഴി തുറന്നത്. കുറച്ചു സിനിമകളിൽ അസിസ്റ്റന്റ് ആയ ശേഷം ‘കെട്ട്യോളാണെന്റെ മാലാഖ’യിൽ അസോഷ്യേറ്റ് ആയി. പിന്നാലെ സ്വന്തം സിനിമയുടെ തിരക്കുകളിൽ മുഴുകി. ‘ഫ്ലഷി’ന്റെ ഷൂട്ടിങ്ങിനായി ദ്വീപിലെത്തിയ സമയത്താണ് പുതിയ അഡ്മിനിസ്ട്രേറ്റർ വന്നത്.

പുതിയ കരടു നിയമവും കോവിഡ് നിയന്ത്രണവും 144ഉം ഒക്കെയായി ദ്വീപിലെ അവസ്ഥ മോശമായി. യഥാർഥ പ്രശ്നങ്ങൾ പുറത്തുപറയാതെ കാര്യങ്ങൾ വളച്ചൊടിക്കുന്നതു കണ്ട് ഞാനും കുടുംബവും അനുഭവിച്ച വേദനകൾ വിളിച്ചു പറയുന്നതിനിടെ ഉണ്ടായ നാക്കുപിഴയാണ് ജീവിതം മാറ്റിയത്. അതോടെ ‍ഞാൻ രാജ്യദ്രോഹിയായി. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിൽ അവർക്ക് അറിയേണ്ടിയിരുന്നത് എന്നെ പിന്തുണയ്ക്കുന്നത് ആരെന്നായിരുന്നു. അവരന്വേഷിക്കുന്ന തെളിവുകൾ കണ്ടെത്താനായി എന്റെ ഫോണുകൾ പോ ലും പിടിച്ചെടുത്തു.’’

ഞാനൊരു ദ്വീപുകാരി

അവകാശങ്ങൾക്കു വേണ്ടി സംസാരിച്ച ആയിഷ സുൽത്താന ദ്വീപു നിവാസി അല്ല എന്നു വരുത്തിതീർക്കാനായിരുന്നു ചിലരുടെ ശ്രമം. ബംഗ്ലാദേശ് സ്വദേശിനിയാണെന്ന മട്ടിൽ ആയിഷ സുൽത്താനയുടെ ചിത്രങ്ങൾ വച്ച് പ്രചാരണവും നടന്നു. ‘‘ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടി നിൽക്കുകയാണ് ഇപ്പോൾ. കൊച്ചിയിലെ ഫ്ലാറ്റിൽ എനിക്കൊപ്പം ഉമ്മയും കുഞ്ഞനിയൻ ഷർഷാദുമുണ്ട്. അവരെക്കൂടി നഷ്ടപ്പെടുത്താൻ എനിക്കു വയ്യ.

ഇപ്പോൾ നബിദിനം ആഘോഷിക്കാൻ രണ്ടാഴ്ചത്തേക്ക് ദ്വീപിൽ പോയി വന്നതേ ഉള്ളൂ. അത്രമാത്രം ആ നാടും മദ്രസയും പള്ളിയുമൊക്കെ ജീവിതത്തോടു ചേർന്നു നിൽക്കുന്നുണ്ട്.

നാടിനു വേണ്ടി സംസാരിച്ചതിന് എനിക്കെതിരേ ചുമത്തിയ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

ഞാൻ കടന്നുപോയ അനുഭവങ്ങൾ പ്രമേയമാക്കിയ പുതിയ സിനിമ ‘124 എ’യുടെ ഷൂട്ടിങ് അടുത്ത വർഷമാദ്യം തുടങ്ങും. എനിക്ക് സംസാരിക്കാനുള്ളതൊക്കെ എന്റെ സിനിമയിലൂടെ പറയും.’’