Thursday 06 January 2022 12:11 PM IST

‘ഞാനൊരു ദ്വീപുകാരി. രണ്ടു മരണങ്ങളുടെ ദുഃഖമുണ്ട് എന്റെ പോരാട്ടത്തിനു പിന്നിൽ...’ ആയിഷ സുൽത്താന

Roopa Thayabji

Sub Editor

ayisha-sulthana-lakshadweep-lady-fighter-cover

നീലക്കടലിനു നടുവിൽ ചിതറിക്കിടക്കുന്ന പച്ചത്തുരുത്ത്. സിനിമകളിലും സഞ്ചാര വിഡിയോകളിലും നമ്മൾ കാണുന്ന ലക്ഷദ്വീപ്. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത പൊലീസ് സ്റ്റേഷനും ആളില്ലാത്ത ജയിലുമുള്ള ആ ദ്വീപ് പക്ഷേ, ഇക്കുറി വാർത്തകളിൽ നിറഞ്ഞത് ഭരണപരിഷ്കാരങ്ങൾക്കെതിരായ പോരാട്ടത്തിന്റെ പേരിലാണ്. അതിൽ ആയിഷ സുൽത്താന എന്ന പേര് ആരും മറക്കില്ല. ജനിച്ച നാടിനു വേണ്ടി സംസാരിച്ചതിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തെപ്പെട്ട ആയിഷയ്ക്ക് പിറന്നുവീണ മണ്ണിലെ ജനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഊർജം കിട്ടിയത് സ്വന്തം ജീവിതത്തിൽ നിന്നു തന്നെയാണ്.

‘‘വർഷങ്ങൾക്കു മുൻപ് ഹാർട്ട് അറ്റാക്ക് വന്ന ഉപ്പയെ ദ്വീപ് ആശുപത്രിയിലെത്തിച്ചു. യൂറിനറി ഇൻഫക്‌ഷൻ എന്നു പറഞ്ഞാണ് അവർ ചികിത്സിച്ചത്. ഉമ്മയും അനിയന്മാരും ഞാനും കരഞ്ഞ് അപേക്ഷിച്ചിട്ടും 14ാം ദിവസമാണ് കൊച്ചിയിലേക്ക് ഇവാക്വേഷൻ നടത്തിയത്. അപ്പോഴേക്കും രോഗം വഷളായി ഉപ്പ മരണത്തിന്റെ വ ക്കിലെത്തിയിരുന്നു. രണ്ടു മാസത്തിനു ശേഷം അനിയനെയും ഇതുപോലെ നഷ്ടപ്പെട്ടു. രണ്ടു മരണങ്ങളുടെ ദുഃഖമുണ്ട് എന്റെ പോരാട്ടത്തിനു പിന്നിൽ. അസൗകര്യങ്ങൾ പരിഹരിക്കാൻ സഹായമഭ്യർഥിച്ച് പ്രധാനമന്ത്രിക്കു കത്തയച്ചയാളാണ് ഞാൻ.’’ കൊച്ചിയിലെ ഫ്ലാറ്റിലിരുന്ന് ആയിഷ സുൽത്താന വനിതയോടു പറഞ്ഞു.

പച്ചപ്പിന്റെ തുരുത്തിൽ

ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ആയിഷയും സഹോദരന്മാരുമൊക്കെ ജനിച്ചു വളർന്നത് ലക്ഷദ്വീപിലെ ചെത്‌ലാത് ദ്വീപിലാണ്. മിനിക്കോയിൽ സർക്കാർ ജോലിക്കാരനായിരുന്നു കുഞ്ഞിക്കോയ. ദ്വീപിലെ സ്കൂൾ പഠനത്തിനു ശേഷം ബിഎയ്ക്കു ചേരാനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെത്തിയത്. അതോടെ സിനിമാ സ്വപ്നങ്ങൾക്ക് നിറം വച്ചെന്ന് ആയിഷ പറയുന്നു.

ayisha-sulthana-lakshadweep-movie-director

‘‘കോളജിൽ പഠിക്കുന്ന കാലത്താണ് മോഡലിങ് തുടങ്ങിയത്, കൂടെ അഭിനയവും. ഡിഗ്രി കഴിഞ്ഞതിനു പിന്നാലെ കൊച്ചിയിൽ പരസ്യ ഏജൻസി തുടങ്ങി. ലാൽജോസ് സാറിന്റെ ‘വെളിപാടിന്റെ പുസ്തക’ത്തിൽ അസിസ്റ്റന്റ് ആയതാണ് സിനിമയിലേക്കു വഴി തുറന്നത്. കുറച്ചു സിനിമകളിൽ അസിസ്റ്റന്റ് ആയ ശേഷം ‘കെട്ട്യോളാണെന്റെ മാലാഖ’യിൽ അസോഷ്യേറ്റ് ആയി. പിന്നാലെ സ്വന്തം സിനിമയുടെ തിരക്കുകളിൽ മുഴുകി.

‘ഫ്ലഷി’ന്റെ ഷൂട്ടിങ്ങിനായി ദ്വീപിലെത്തിയ സമയത്താണ് പുതിയ അഡ്മിനിസ്ട്രേറ്റർ വന്നത്. പുതിയ കരടു നിയമവും കോവിഡ് നിയന്ത്രണവും 144ഉം ഒക്കെയായി ദ്വീപിലെ അവസ്ഥ മോശമായി. യഥാർഥ പ്രശ്നങ്ങൾ പുറത്തുപറയാതെ കാര്യങ്ങൾ വളച്ചൊടിക്കുന്നതു കണ്ട് ഞാനും കുടുംബവും അനുഭവിച്ച വേദനകൾ വിളിച്ചു പറയുന്നതിനിടെ ഉണ്ടായ നാക്കുപിഴയാണ് ജീവിതം മാറ്റിയത്. അതോടെ ‍ഞാൻ രാജ്യദ്രോഹിയായി. മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിൽ അവർക്ക് അറിയേണ്ടിയിരുന്നത് എന്നെ പിന്തുണയ്ക്കുന്നത് ആരെന്നായിരുന്നു. അവരന്വേഷിക്കുന്ന തെളിവുകൾ കണ്ടെത്താനായി എന്റെ ഫോണുകൾ പോലും പിടിച്ചെടുത്തു.’’

ഞാനൊരു ദ്വീപുകാരി

അവകാശങ്ങൾക്കു വേണ്ടി സംസാരിച്ച ആയിഷ സുൽത്താന ദ്വീപു നിവാസി അല്ല എന്നു വരുത്തിതീർക്കാനായിരുന്നു ചിലരുടെ ശ്രമം. ബംഗ്ലാദേശ് സ്വദേശിയാണെന്ന മട്ടിൽ ആയിഷ സുൽത്താനയുടെ ചിത്രങ്ങൾ വച്ച് പ്രചാരണവും നടന്നു.

ayisha-sulthana-lakshadweep-movie-124A

‘‘ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടി നിൽക്കുകയാണ് ഇപ്പോൾ. കൊച്ചിയിലെ ഫ്ലാറ്റിൽ എനിക്കൊപ്പം ഉമ്മയും കുഞ്ഞനിയൻ ഷർഷാദുമുണ്ട്. അവരെക്കൂടി നഷ്ടപ്പെടുത്താൻ എനിക്കു വയ്യ. ഇപ്പോൾ നബിദിനം ആഘോഷിക്കാൻ രണ്ടാഴ്ചത്തേക്ക് ദ്വീപിൽ പോയി വന്നതേ ഉള്ളൂ. അത്രമാത്രം ആ നാടും മദ്രസയും പള്ളിയുമൊക്കെ ജീവിതത്തോടു ചേർന്നു നിൽക്കുന്നുണ്ട്. നാടിനു വേണ്ടി സംസാരിച്ചതിന് എനിക്കെതിരേ ചുമത്തിയ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഞാൻ കടന്നുപോയ അനുഭവങ്ങൾ പ്രമേയമാക്കിയ പുതിയ സിനിമ ‘124 എ’യുടെ ഷൂട്ടിങ് അടുത്ത വർഷമാദ്യം തുടങ്ങും. എനിക്ക് സംസാരിക്കാനുള്ളതൊക്കെ എന്റെ സിനിമയിലൂടെ പറയും.’’