Friday 17 August 2018 11:55 AM IST

കഫദോഷമെങ്കിൽ മുട്ട വേണ്ട, പിത്ത ദോഷത്തിന് ഇളനീര്; വാത പിത്ത കഫ ദോഷങ്ങൾക്ക് ആയുർവേദം പറയുന്ന ജീവിതചര്യകൾ ഇതാ

Tency Jacob

Sub Editor

ayurveda_specl

ത്രിദോഷങ്ങളിൽ വാതത്തിന്റെ ഗുണങ്ങളായി പറയുന്നത് രൂക്ഷത, ലഘു, ശീതം, ഖരം, സൂക്ഷ്മം, ചലനം എന്നിവയാണ്. അതനുസരിച്ച് അവരുടെ ശരീരം രൂക്ഷവും മെലിഞ്ഞതും തണുപ്പു സഹിക്കാനാവാത്തതുമായിരിക്കും. പെരുമാറ്റത്തിലും സംസാരത്തിലും വേഗത കൂടുതലുള്ളവരും എണ്ണമയം കുറവുള്ളവരും കൈകാലുകൾ ശോഷിച്ചും മുടിനാരുകൾ ബലം കുറഞ്ഞതുമായിരിക്കും. ഉയരം കൂടിയ ശരീരവും കൈകാലുകൾക്കുള്ള നീളവും ഇവരുടെ പ്രത്യേകതയാണ്.

സന്തുലിതമായ ഭക്ഷണക്രമവും കൃത്യമായ ഉറക്കശീലവും വാതപ്രകൃതിക്കാർ പിന്തുടർന്നില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലും മഞ്ഞുകാലത്തിന്റെ തുടക്കത്തിലുമാണു വാതം കൂടുക എന്നതുകൊണ്ട് അക്കാലങ്ങളിൽ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.

മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള ഭക്ഷണം വാതപ്രകൃതിക്കാർക്ക് നല്ലതാണെങ്കിൽ കയ്പും എരിവും ചവർപ്പുമുള്ള ഭക്ഷണങ്ങൾ ഇവർക്ക് രോഗകാരണമാകുന്നു. മധുരം കൂടുതലുള്ള ഭക്ഷണങ്ങൾ, കാർബോഹൈഡ്രേറ്റ്സിന്റെ ഉറവിടങ്ങളായ അരി, കപ്പ, ഉരുളക്കിഴങ്ങ് തുടങ്ങിയവയും കാരറ്റ്, മുള്ളങ്കി, വെള്ളരി, വെളുത്തുള്ളി എന്നീ പച്ചക്കറികളും മാങ്ങ, ചക്ക, മുന്തിരി, ഈന്തപ്പഴം, ഞാലിപ്പൂവൻപഴം, ഏത്തപ്പഴം എന്നീ പഴങ്ങളും ഇവർക്ക് ഗുണം ചെയ്യും. ഇലക്കറികൾ ധാരാളം കഴിക്കുന്നത് നന്നല്ല. മാംസം, മുട്ട എന്നിവ ദഹനത്തിനനുസരിച്ച് കഴിക്കാം. മത്സ്യവും എല്ലാ പാലുൽപന്നങ്ങളും ഓട്സ്, ഗോതമ്പ്, ബദാം, കറുവാപ്പട്ട എന്നിവയും ഇവർക്ക് നല്ലതാണ്.

ആഹാരവും വെള്ളവും ചെറുചൂടോടുകൂടിയാണ് ഇത്തരക്കാർ കഴിക്കേണ്ടത്. തണുത്ത പാനീയങ്ങളോ തണുത്ത കാലാവസ്ഥയോ ഇവർക്ക് ചേരില്ല. ചൂടുള്ള ഹെർബൽ ‍ടീ ഉന്മേഷം പ്രദാനം ചെയ്യും. വാതപ്രകൃതിക്കാർ എണ്ണതേച്ചു തിരുമ്മുന്നതും ആയാസമില്ലാത്ത വ്യായാമം ചെയ്യുന്നതും നല്ലതാണ്. വേനൽക്കാലത്ത് പകലുറക്കവും ആകാം.

പിത്തദോഷത്തിന് ഇളനീര്

പിത്തദോഷം അധികമുള്ളവരുടെ ശരീരം എണ്ണമയമുള്ളതായിരിക്കും. നല്ല ദഹനശക്തി ഉണ്ടാകും. ഉഷ്ണം കൂടുതലായിരിക്കുന്നതുകൊണ്ട് വിയർപ്പുകൂടുമെന്നു മാത്രമല്ല ദുർഗന്ധമുള്ളതുമായിരിക്കും.പെട്ടെന്നു ദേഷ്യം വരിക, വിശപ്പു സഹിക്കാനാകാതെ കോപിക്കുക, മലം അയഞ്ഞുപോകുക എന്നത് ഈ ശരീരപ്രകൃതിക്കാരുടെ പ്രത്യേകതകളാണ്.ഇവരുടെ മുടിക്ക് ചെമ്പൻനിറവും കണ്ണിനു നേരിയ മഞ്ഞനിറവുമായിരിക്കും. രക്തസമ്മർദം കൂടിയും കുറഞ്ഞുമിരിക്കും. തണുത്ത സാധനങ്ങളും തണുപ്പും ഇഷ്ടപ്പെടുന്നവരുമായിരിക്കും.

ayurveda_specl2

മധുരം, കയ്പ്, ചവർപ്പ് എന്നീ രസങ്ങളാണ് ഇവർക്ക് കൂടുതൽ നല്ലത്. എരിവ്,പുളി എന്നിവ ഉപേക്ഷിക്കണം. പാൽ,തൈര്, വെണ്ണ, നെയ്യ് എന്നിവ ആവശ്യത്തിനുപയോഗിക്കാം. ഇളനീര്, കരിമ്പിൻ നീര്, നെല്ലിക്കാനീര്, മുന്തിരി ജ്യൂസ് എന്നിവ കഴിക്കുന്നത് നല്ലതാണ്.

നന്നാറി, രാമച്ചം എന്നിവയിട്ടു തിളപ്പിച്ച വെള്ളം ആറിയതിനു ശേഷമേ ഉപയോഗിക്കാവൂ. വെളുത്തുള്ളി, ചുവന്നുള്ളി, സവാള, കുരുമുളക് എന്നിവ ഇവർക്ക് ഗുണം ചെയ്യില്ല. വെള്ളരി, കുമ്പളം, കോവയ്ക്ക, വെണ്ടയ്ക്ക, കക്കിരി ഇവ ധാരാളമായി ആഹാരത്തിലുൾപ്പെടുത്താം. മാങ്ങ, ആപ്പിൾ, നാരങ്ങ എന്നിവ ഉപയോഗിക്കാമെങ്കിൽ ഓറഞ്ച്, പപ്പായ, കൈതച്ചക്ക എന്നിവ ഇവർക്ക് നല്ലതല്ല. ബാർലി,ചോളം എന്നീ ധാന്യങ്ങൾ നല്ലതാണ്. ഓട്സ്,ഗോതമ്പ് എന്നിവ ഒഴിവാക്കണം.

മാംസഭക്ഷണത്തിൽ താറാവിറച്ചിയാണ് ഉത്തമം. താറാവ് മുട്ടയും നല്ലതാണ്. മറ്റു മാംസവിഭവങ്ങൾ അത്ര ഗുണം ചെയ്യില്ല. എല്ലാത്തരം മത്സ്യങ്ങളുടെ ഉപയോഗവും ഈ പ്രകൃതിക്കാരുടെ ആഹാരത്തിൽ ഉൾപ്പെടുത്താം. മദ്യപാനം, പുകവലി ഇവ നിർബന്ധമായും വർജിക്കണം. പിത്തപ്രകൃതിക്കാർക്ക് ഉഷ്ണം കൂടുതലായതിനാൽ വെയിലത്തുള്ള വ്യായാമം വേണ്ട. നീന്തൽ ഇവർക്ക് നല്ല വ്യായാമമാണ്.

കഫദോഷമെങ്കിൽ മുട്ട വേണ്ട

കഫപ്രകൃതിക്കാർ പൊതുവേ സാവധാനം കാര്യങ്ങൾ ചെയ്യുന്നവരും അലസരും എണ്ണമയമുള്ള ശരീരമുള്ളവരും തടിച്ചവരുമായിരിക്കും. ഇവരുടെ ശരീരത്തിന് തണുപ്പായിരിക്കും. നല്ല മനോബലമുള്ളവരും എടുത്തുചാടി ഒന്നും ചെയ്യാത്തവരുമായിരിക്കും. രക്തപ്രസാദത്തോടുകൂടിയ വെളുത്തനിറമായിരിക്കും. തലമുടിക്ക് നല്ല കറുപ്പുനിറമായിരിക്കും. ഇവർ സൗമ്യസ്വഭാവികളായിരിക്കും.

എരിവ്, കയ്പ്, ചവർപ്പ് എന്നിവയാണ് കഫപ്രകൃതിക്കാർക്ക് നല്ലത്. ഏലയ്ക്ക, ചുക്ക് എന്നിവയിട്ടു തിളപ്പിച്ച വെള്ളം മിതമായ ചൂടിൽ കുടിക്കുന്നത് നല്ലതായിരിക്കും. പച്ചക്കറികളിൽ പടവലങ്ങ, മുള്ളങ്കി, പീച്ചിങ്ങ, ചേന, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് എന്നിവ ആഹാരത്തിലുൾപ്പെടുത്താം.

ധാന്യങ്ങളിൽ റാഗി, ചാമ,ഗോതമ്പ് എന്നിവയാണ് കൂടുതൽ നല്ലത്. അരിയാഹാരം അത്ര നല്ലതല്ല. എങ്കിലും ഒഴിവാക്കാൻ സാധിക്കാത്തവർക്ക് കുറച്ച് ചോറും കൂടുതൽ പച്ചക്കറികളും ഉൾപ്പെടുത്തി കഴിക്കാം. മോര് ഉപയോഗിക്കാമെങ്കിലും തൈര് നിഷിദ്ധമാണ്. എണ്ണ ചേർന്ന ഭക്ഷണവസ്തുക്കൾ, വറുത്ത പലഹാരങ്ങൾ, മുട്ട, റെഡ്മീറ്റ് എന്നിവയും ഉപേക്ഷിക്കണം. ചൂടുകാലത്ത് വെജിറ്റബിൾ സാലഡ് കഴിക്കുന്നത് നല്ലതാണ്.

കഫപ്രകൃതിക്കാർ ആയാസമുള്ള വ്യായാമങ്ങൾ നിർബന്ധമായും ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ചെയ്യണം. അതിനുശേഷം ശരീരം തടവി ഉദ്വർത്തനം ചെയ്യുകയും വേണം. കൂടുതൽ ചൂടും തണുപ്പും സഹിക്കാൻ ഇവർക്ക് സാധിക്കാറില്ല. നേരത്തെ കിടന്നുറങ്ങുകയും പുലർച്ചെ എഴുന്നേൽക്കുന്ന ചിട്ടയായിരിക്കും യോജിക്കുക. കഫം കൂടുന്നതുകൊണ്ടുണ്ടാവുന്ന സൈനസ്, അലർജി രോഗങ്ങൾ അവരെ മിക്കപ്പോഴും അലട്ടും.

ത്രിദോഷ ഡയറ്റ്

∙പിത്ത പ്രകൃതിയുള്ളവർക്ക് വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുന്ന വെജിറ്റേറിയൻ ഡയറ്റായിരിക്കും കൂടുതൽ നല്ലത് .

∙വാതപ്രകൃതിക്കാർക്ക് ഭക്ഷണം ധാരാളം കഴിക്കുന്നതിനു പ്രശ്നമില്ലെങ്കിലും വെള്ളം ധാരാളം കുടിക്കുകയും വേണം.

∙കഫ പ്രകൃതിയുള്ളവർ ഐസ്ക്രീം, മധുരമുള്ള ഡെസേർട്ടുകൾ എന്നിവ ഒഴിവാക്കണം. പകരം പച്ചക്കറികളും പഴങ്ങളും കഴിക്കാം. ദഹനത്തിനായി ഇഞ്ചി ചേർത്ത ചൂടു ചായയും കുടിക്കാം.

∙ത്രിദോഷങ്ങളിൽ കഫ പ്രകൃതി, കാലത്ത് ആറുമണിക്കും പത്തുമണിക്കും ഇടയിലും വൈകുന്നേരം ആറിനും പത്തിനും ഇടയിലാണ് മുന്നിട്ടു നിൽക്കുന്നത്.

∙ പിത്ത പ്രകൃതി, കാലത്ത് പത്തുമണി മുതൽ രണ്ടുമണി വരെയും വൈകിട്ട് പത്തുമണി മുതൽ പുലർച്ചെ രണ്ടുമണി വരെയുമാണ് കൂടുതലാകുന്നത്.

∙വാത പ്രകൃതി ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് ആറുവരെയും പുലർച്ചെ രണ്ടു മണി മുതൽ കാലത്ത് ആറുമണി വരെയുമാണ് കൂടി നിൽക്കുക. പകൽ സമയങ്ങളിൽ ഏതു സമയത്താണോ അവരവരുടെ ദോഷ പ്രകൃതി കൂടി നിൽക്കുന്നത് ആ സമയത്ത് പ്രധാന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ദഹനം എളുപ്പം നടക്കാൻ ഇതു സഹായിക്കും.

വിവരങ്ങൾക്കു കടപ്പാട്: ഡോ.ബി.രാജ്കുമാർ, സീനിയർ മെഡിക്കൽ ഒാഫിസർ, വെഞ്ഞാറമൂട്,

ഗവ. ആയുർവേദ ഡിസ്പെൻസറി

ഡോ.എം.എൻ. ശശിധരൻ,ചീഫ് ഫിസിഷ്യൻ, അപ്പാവു വൈദ്യൻ ആയുർവേദിക്സ്, കോട്ടയം

ഡോ. സി.വി. അച്ചുണ്ണി വാരിയർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല