Saturday 21 April 2018 04:23 PM IST : By സ്വന്തം ലേഖകൻ

മക്കളെ മടിയിലിരുത്തി അവർ വിവാഹിതരായി! അമ്മയെ മക്കൾ അണിയിച്ചൊരുക്കുന്ന മനോഹര വിഡിയോ കാണാം

video00964

മനോഹരമായി ഒരുക്കിയ വിവാഹ വേദി, നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഇരിക്കുന്ന വരനും വധുവും. പക്ഷേ ഇടയിലതാ സസ്പെന്‍സായി ഓടി അവർക്കരികിലേക്കെത്തുന്നു ഒരു കുറുമ്പനും കുറുമ്പത്തിയും. വരന്റെയും വധുവിന്റെയും മടിയിൽ ചാടിമറിയുന്ന ഈ കുട്ടികളെ ആരും മാറ്റാത്തതെന്തേ എന്നു ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ അച്ഛന്റെയും അമ്മയുടെയും കല്ല്യാണമാണെന്നു കരുതി മക്കൾക്കവരുടെ മടിയിലിരിക്കാൻ പാടില്ലെന്നില്ലല്ലോ. കേള്‍ക്കുമ്പോൾ അൽപം കൗതുകം തോന്നുമെങ്കിലും വ്യത്യസ്തമായൊരു വിവാഹ വിഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

മക്കളെ മടിയിലിരുത്തി വിവാഹം കഴിച്ച ബൈജുവും ഭാര്യ ദീപയുമാണ് തരംഗമാകുന്നത്. അണിഞ്ഞൊരുങ്ങുമ്പോഴും മോതിരം മാറുമ്പോഴും വരണമാല്യം അണിയിക്കുമ്പോഴുമൊക്കെ കുറുമ്പുകാട്ടി മക്കൾ കൂടെയുണ്ട്. ഇനി ഇത്തരത്തില്‍ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതിനു പിന്നിലെ കാരണമെന്തെന്നും വിഡിയോയിൽ ദീപ പറയുന്നുണ്ട്.

''കല്ല്യാണത്തെക്കുറിച്ച് എല്ലാവർക്കും ജീവിതത്തിൽ ഒരു സ്വപ്നമുണ്ടാകും. ഞങ്ങൾക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നതിനാൽ ആഗ്രഹിച്ചതുപോലൊരു വിവാഹം നടത്താൻ കഴിഞ്ഞില്ല. രജിസ്റ്റർ മാരേജിനു ശേഷം യുഎസിലേക്കു പോവുകയായിരുന്നു. ഒരു മകനും മകളും പിറന്നു. അവർക്ക് തമിഴ് കല്ല്യാണം എങ്ങനെയാണെന്നോ സംസ്കാരം എങ്ങനെയാണെന്നോ ബന്ധുക്കളെക്കുറിച്ചോ ഒന്നും അറിയുമായിരുന്നില്ല. യുഎസിൽ തന്നെയായതുകൊണ്ട് മക്കൾക്ക് ഇതെക്കുറിച്ചൊന്നും യാതൊരു ധാരണയും ഉണ്ടാകാതെ വരും, അങ്ങനെയാണ് വീണ്ടും നാടറിഞ്ഞു വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്.

അമ്മയുടെയും അച്ഛന്റെയും കല്ല്യാണത്തിന് മക്കൾ പങ്കെടുക്കുന്ന രീതി യുഎസിലൊക്കെ സാധാരണമാണ്. പക്ഷേ തമി​ഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിന്നുള്ള തങ്ങൾക്ക് ഇതൽപം പുതുമയായിരുന്നു. മക്കൾ ബന്ധുക്കളെയെല്ലാം പരിചയപ്പെടുന്നതിനൊപ്പം ആചാരങ്ങൾ അവർക്കു പറഞ്ഞുകൊടുക്കാനുള്ള ഒരു ആശയമായിരുന്നു വിവാഹം. അകന്നുകഴിഞ്ഞവരെല്ലാം ഈ വിവാഹത്തോടെ ഒന്നായി." -ദീപ പറയുന്നു.

അമ്മയ്ക്കു മക്കൾ കമ്മൽ അണിയിക്കുന്നതും പൊട്ടുകുത്തുന്നതും മുത്തം വെയ്ക്കുന്നതുമൊക്കെ വിഡിയോയിൽ കാണാം. വിവാഹ ചടങ്ങുകൾക്കി‌ടെ അമ്മയുടെയും അച്ഛന്റെയും മടിയിലിരുന്നു കളിക്കുകയും കരയുകയുമൊക്കെ ചെയ്യുന്ന മക്കൾ കാഴ്ചക്കാർക്കു കൗതുകം നിറയ്ക്കും. ഇടയ്ക്ക് വരണമാല്യത്തിനായി വാശിപിടിക്കുന്ന മകനെയും വിഡിയോയിൽ കാണാം. എന്തായാലും ഈ അച്ഛനും അമ്മയും മക്കളും ഇപ്പോൾ സമൂഹമാധ്യമത്തിലെ താരങ്ങളാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam