Saturday 06 October 2018 12:54 PM IST

പന്ത്രണ്ടാം വയസ്സിലെ വീഴ്ച ഇടതുകൈയുടെ ചലനശേഷി കവർന്നെടുത്തു; എന്നിട്ടും മീനുകളെ പോലെ നീന്തി ബാബുരാജ് സ്വന്തമാക്കിയത് ജീവിതവിജയം

Nithin Joseph

Sub Editor

crisis_swim2 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

പന്ത്രണ്ടാം വയസ്സിലെ വീഴ്ച ബാബുരാജിന്റെ ഇടതുകൈയുടെ ചലനശേഷി കവർന്നെടുത്തു. എന്നിട്ടും ഒാളങ്ങളിൽ മീനുകളെപ്പോലെ നീന്താനാണ് ബാബുരാജ് ആഗ്രഹിച്ചത്. കഠിന പരിശീലനത്തിലൂടെ അദ്ദേഹം നേടിയെടുത്തത് നീന്തലിൽ മറ്റാർക്കുമില്ലാത്ത റെക്കോർഡ് വിജയങ്ങൾ

രം പുലരാൻ കാത്തുനിന്നില്ല. പമ്പയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടിയിട്ട് ഒന്നു മുങ്ങി നിവർന്നു ബാബുരാജ്. ഇനി മണിക്കൂറുകൾ നീളുന്ന പരിശീലനമാണ്. അവിടെ മടുപ്പിന് തെല്ലിടപോലും സ്ഥാനമുണ്ടാകില്ല. അതൊരു ദിനചര്യയാണ്. വർഷങ്ങളായി തുടരുന്ന ശീലം. കാലുറയ്ക്കാത്ത കാലം മുതൽക്കേ തുടങ്ങിയതാണ് പമ്പാനദിയും  ബാബുരാജും തമ്മിലുള്ള സൗഹൃദം. ബാബുരാജിന്റെ ജീവിതത്തിലെ ഓരോ ദിവസവും ആരംഭിക്കുന്നത് പമ്പയിൽ മുങ്ങിനിവർന്നുകൊണ്ടാണ്. ആ ആത്മബന്ധം നൽകിയ ധൈര്യത്തിലാണീ കുട്ടനാട്ടുകാരൻ പ്രതിസന്ധികളുടെ നിലയില്ലാക്കയങ്ങളിൽ നിന്ന് നേട്ടങ്ങളെ വേട്ടയാടിപ്പിടിച്ചത്.
ചലനശേഷിയില്ലാത്ത ഇടതുകൈയുടെ ബലം കൂടി വലതു കൈയിലേക്കും കാലുകളിലേക്കും ആവാഹിച്ച് ബാബു രാജ് നീന്തിക്കയറിയത് റെക്കോർഡുക ളിലേക്കാണ്. രണ്ടു വർഷങ്ങൾക്കു മുമ്പ് ഇദ്ദേഹം കുമരകം മുതൽ മുഹമ്മ വരെ 10 കിലോമീറ്റർ നീന്തിയപ്പോൾ പിറന്നത് ഏഷ്യൻ റെക്കോർഡ്. ഇടവേളയില്ലാതെ 26 കിലോമീറ്റർ ജലദൂരം പിന്നിട്ട് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പടിവാതിൽക്കൽ നിൽക്കുന്നു ഈ അമ്പത്തിമൂന്നുകാരൻ.


തിരിച്ചടികളുടെ ബാല്യം


കൈനകരി തയ്യിൽ വീട്ടിൽ ദിവാകരന്റെയും സുമതിയുടെയും മകൻ ബാബുരാജ് പിച്ച വച്ച് നടന്നതും വളർന്നതും പമ്പയുടെ തീരത്താണ്. പന്ത്രണ്ടാം വയസ്സിൽ വിധി വീഴ്ചയുടെ രൂപത്തിൽ ഇടംകൈയ്ക്ക് വിലങ്ങിട്ടു. വേനലവധിക്ക് സ്കൂൾ അടച്ച സന്തോഷത്തിൽ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കുന്ന സമയം. പൂ പറിക്കാൻ മരത്തിൽ കയറുന്നതിനിടയിൽ കാലുതെറ്റി നിലത്തേക്ക്. വീഴ്ചയിൽ ഇടതു കൈയിൽ രണ്ട് ഒടിവുകള്‍. കൃത്യസമയത്ത് ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രി അധികൃതരുടെ ശ്രദ്ധ ക്കുറവിനും ചികിത്സാപ്പിഴവിനും വിലയായി നൽകേണ്ടി വ ന്നത് ഇടതു കൈയുടെ മുട്ടിനു താഴേക്കുള്ള ചലനശേഷിയായിരുന്നു. നാൽപത് വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ദുരന്തം പക്ഷേ, മനസ്സിൽ സൂക്ഷിക്കുന്നില്ല ഇദ്ദേഹം.


‘‘കൈയുടെ സ്വാധീനക്കുറവ് ഒരു കുറവായി തോന്നുമ്പോഴല്ലേ സങ്കടമുണ്ടാകുന്നത്. എനിക്കങ്ങനെ തോന്നാറില്ല.’’ നീ ന്തലിനോടുള്ള അടങ്ങാത്ത ആവേശത്തെ തടയാൻ ഒരപകട ത്തിനും സാധിക്കുമായിരുന്നില്ല. കഠിനമായി പരിശീലനം ന ടത്തി. ഇടതു കൈയുടെ കുറവ് തുടക്കത്തിൽ വെല്ലുവിളിയായിരുന്നെങ്കിലും പതുക്കെ ആ കുറവിനെ മറികടക്കാൻ സാ ധിച്ചു. ദിവസവും മണിക്കൂറുകൾ നീളുന്ന പരിശീലനം.


നേട്ടങ്ങളുടെ തീരത്തേക്ക്


ആദ്യകാലങ്ങളിൽ മത്സരിച്ചത് ജനറൽ കാറ്റഗറിയിൽ. ജില്ലാ–സംസ്ഥാന തലങ്ങളിൽ സമ്മാനങ്ങൾ നേടി. ഇരുപത്തിയഞ്ച് വർഷത്തിനു മുമ്പ് പട്യാലയിൽ ദേശീയതലത്തിൽ മത്സരിച്ച് വെങ്കലം നേടിയതും ജനറൽ കാറ്റഗറിയിൽ തന്നെ. ‘‘അന്നൊന്നും ഭിന്നശേഷിക്കാർക്കുള്ള ഒളിംപിക്സിനും മറ്റും പങ്കെടുക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. പക്ഷേ കാലമെത്ര കഴിഞ്ഞാലും നമുക്ക് വിധിച്ചിട്ടുള്ളത് തീർച്ചയായും നമ്മുടെ കൈയിൽതന്നെ എത്തുമെന്നാണ് എ ന്റെ വിശ്വാസം.’’


ബാബുരാജിനെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് 2015 ഒാഗ സ്റ്റ് 18 ാം തീയതി മുതലാണ്. വേമ്പനാട്ടുകായലിന്റെ വീതി യേറിയ ഭാഗമായ കുമരകം – മുഹമ്മ കായൽ നീന്തിക്കയറിക്കൊണ്ട് ഇദ്ദേഹം കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിച്ചു. കായലിന്റെ ഏറ്റവും ആഴമേറിയ പത്തു കിലോമീറ്റർ ദൂരം താണ്ടാൻ ബാബുരാജിന് വെറും മൂന്നു മണിക്കൂർ സമയം ധാരാളമായിരുന്നു. ആ ഉദ്യമത്തിനിറങ്ങുമ്പോൾ വലിയൊരു ലക്ഷ്യമുണ്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.


‘‘ഇന്റർനാഷനൽ വീൽചെയർ ആൻഡ് ആംപ്യൂറ്റി സ്പോ ർട്സ് ഫെഡറേഷൻ റഷ്യയിൽ നടത്തിയ ഇവാസ് വേൾഡ് ഗെയിംസ് 2015–ൽ പങ്കെടുക്കാൻ അവസരം കിട്ടിയെങ്കിലും അതിനു ഭാരിച്ച ചെലവുണ്ടായിരുന്നു. മത്സരത്തിൽ പങ്കെടു ക്കാന്‍ നാലു ലക്ഷം രൂപയോളം ആവശ്യമായിരുന്നു. ധന ശേഖരണാർഥമാണ് അത്തരമൊരു സാഹസത്തിന് മുതിർ ന്നത്. പക്ഷേ, അത്രയും തുക കണ്ടെത്താൻ സാധിച്ചില്ല. മാ ത്രമല്ല, അന്നത്തെ നീന്തലിനെത്തുടർന്ന് വലതു കൈയുടെ മ സിലിന് പൊട്ടലുണ്ടായി. അങ്ങനെ ചാമ്പ്യൻഷിപ്പിൽ നിന്നു പിൻമാറേണ്ടി വന്നു.”


പെട്ടെന്നൊരു നാൾ കയറിവരുന്ന അതിഥിയെപ്പോലെയാ ണ് ബാബുരാജിന്റെ നേട്ടത്തിന് റെക്കോർഡിന്റെ കൂട്ട്. പത്രവാർത്തകളിലൂടെ അതുല്യനേട്ടത്തിന്റെ വാർത്തയറിഞ്ഞ യൂനിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ഇന്ത്യൻ ഹെഡായ സുനിൽ ജോസഫാണ്  റെക്കോർഡിന് അപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. നീന്തലിലെ മുൻകാല പ്രകടനങ്ങളും കൂടി കണക്കിലെടുത്താണ് കൊൽക്കത്ത ആസ്ഥാനമായുള്ള റെക്കോർഡ് ഫോ റത്തിന്റെ പട്ടികയിൽ ബാബുരാജ് ഇടംപിടിച്ചത്. പ്രതിസന്ധികളെ എങ്ങനെ ചവിട്ടുപടികളാക്കാം എന്ന് ബാബുരാജ് ഉദാഹ രണ സഹിതം തെളിയിച്ച ദിവസമായിരുന്നു അത്.


റെക്കോർഡുകൾക്കു വേണ്ടി ബാബുരാജ് നീന്താറില്ല. പ്രായത്തെയും വൈകല്യത്തെയും ഓളപ്പരപ്പിൽ വെല്ലുവിളിക്കുക മാത്രമാണ് ചെയ്യുക. ഇത്തവണ തുടർച്ചയായി 26 കിലോമീറ്റർ ദൂരം നീന്തുകയായിരുന്നു ലക്ഷ്യം. ജലമലിനീകരണത്തിനും തീവ്രവാദത്തിനുമെതിരെയുള്ള സന്ദേശമായിട്ടാണ് രണ്ടാമത്തെ ഉദ്യമത്തെ ബാബുരാജ് കണ്ടത്.
‘‘കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടക്കേണ്ടി വ രുന്ന ഈ കാലത്തുപോലും ജലസമ്പത്ത് മലിനമാക്കാൻ യാ തൊരു മടിയുമില്ല നമുക്ക്. അതിനെതിരെ ജനങ്ങൾക്ക് ഒരു സൂചന നൽകുകയായിരുന്നു ലക്ഷ്യം. നമ്മുടെ പ്രവൃത്തി കൊണ്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അതൊരു വലിയ വിജയമാണ്.’’

crisis_swim3


രണ്ടാമൂഴം


അത്ര നിസ്സാരമായി താണ്ടാൻ കഴിയുന്ന ലക്ഷ്യമായിരുന്നില്ല 26 കിലോമീറ്റർ. ഒരു വർഷത്തോളം ബാബുരാജ് കഠിന പരിശീലനം നടത്തി. പരിശീലനത്തിനോടൊപ്പം ചിട്ടയായ വ്യായാ മവും ഭക്ഷണക്രമവും. ദിവസവും മുടങ്ങാതെ 7 മണിക്കൂർ നീ ന്തും. മറ്റു ജോലികളെല്ലാം മാറ്റി വച്ച് പരിശീലനത്തിൽ മാത്രം ശ്രദ്ധിക്കുകയെന്നത് അത്ര എളുപ്പമല്ലായിരുന്നു.
‘‘കുടുംബ സാഹചര്യങ്ങൾ വലിയ വെല്ലുവിളിയായിരുന്നു. സാധാരണ കുടുംബമാണ് എന്റേത്. പരിശീലനത്തിനും മറ്റുമായി ഭാരിച്ച ചെലവുകളുണ്ടായിരുന്നു. എങ്കിലും പിന്നോട്ടു പോകാൻ തോന്നിയില്ല. വീട്ടിലും നാട്ടിലും എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നു. അതുതന്നെയാണ് ഏറ്റവും വലിയ ഊർജവും.’’


ഇക്കഴിഞ്ഞ ജനുവരി 30–നാണ് രണ്ടാം വട്ടം ബാബുരാജ് ഓളപ്പരപ്പിൽ മായാജാലം തീർത്തത്. രാവിലെ ഏഴു മണിക്കു ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് പള്ളിയുടെ മുന്നിലെ കടവിൽനിന്ന് പമ്പയാറ്റിലേക്ക് ബാബുരാജ് ചാടി. ഒരു നാട് ഒന്നടങ്കം പ്രാർഥനകളോടെ ഇരു കരകളിലും നിലയുറപ്പിച്ചിരുന്നു. മെഡിക്കൽ സംഘവും പൊലീസും ബോട്ടിൽ അനുഗമിച്ചു. പമ്പയാറ്റിലൂടെ കൈനകരി കടന്നു പത്തിരിത്തോട് വഴി മീനപ്പള്ളിയിലേക്ക്. അവിടുന്ന് കായൽ കുറുകെ നീന്തി പള്ളാത്തുരുത്തിയാറ്റിൽ. ഒടുവിൽ ആ യാത്ര പുന്നമടയിലെ നെഹ്റു ട്രോഫി ഫിനിഷിങ് പോയിന്റെന്ന ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ആവേശം അലയടിച്ചു. വെറും ഏഴു മ ണിക്കൂറും പത്തും മിനിറ്റും കൊണ്ടാണ് ഈ അതുല്യനേട്ടം ബാബുരാജ് തന്റെ കൈപ്പിടിയിലൊതുക്കിയത്.


ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ തന്റെ കുറവുകളെ വെട്ടിത്തിരുത്തി നേട്ടങ്ങളുടെ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുകയായിരുന്നു ബാബുരാജെന്ന ഭിന്നശേഷിക്കാരൻ. ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ തന്റെ നേട്ടത്തെ കോറിയിടാമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. അഭിമാനനേട്ടങ്ങൾക്കിടയിലും ജീവിതം മറുകരയ്ക്കെത്തിക്കാൻ പ്രയാസപ്പെടുകയാണ് ബാബുരാജ്. എൽ.ഐ.സി ഏജന്റായ ഇദ്ദേഹത്തിന് പരിശീലനത്തിലും ജോലിയിലും ഒരേപോലെ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. സർക്കാർ ജോലിക്കായുള്ള ഏറെക്കാലത്തെ കാത്തിരിപ്പുകൾ വിഫലമായി. രണ്ടുവട്ടം സാഹസിക നീന്തൽ നടത്തിയതിന്റെ ബാക്കിപത്രമെന്നോണം ഒരുപിടി ബാധ്യതകളും കൂട്ടിനുണ്ട്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സുമനസ്സു കൊണ്ടാണ് ഒരു പരിധി വരെയെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്.


‘‘ഇരുപത് വർഷങ്ങൾക്കു മുമ്പ് എന്റെ കൺമുന്നിൽ വ ച്ചാണ് ഒരു ഹൗസ്ബോട്ടിന്റെ പിൻഭാഗം തകർന്ന് നാലു പെ ൺകുട്ടികൾ വെള്ളത്തിലേക്ക് വീണത്. ഞങ്ങൾ കുറച്ചുപേർ അവരെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടി. മൂന്നു പേരെ ഉടൻതന്നെ രക്ഷിച്ചു. എന്നാൽ അവരിലൊരു കുട്ടിയെ മാ ത്രം കണ്ടെത്താൻ സാധിച്ചില്ല. വെള്ളത്തിൽ മുങ്ങിപ്പോയ അ വളുടെ മൃതദേഹം രണ്ടു ദിവസങ്ങൾ കഴിഞ്ഞാണ് കിട്ടിയത്. അതിപ്പോഴും ഉള്ളിലൊരു നീറ്റലാണ്. കായലിൽ നിന്ന് എടുക്കുമ്പോൾ അവളുടെ വയറ്റിൽ ഒരൽപം പോലും വെള്ളമുണ്ടായിരുന്നില്ല. വെള്ളം കുടിച്ചല്ല, വീഴ്ചയുടെ നടുക്കത്തിൽ പേടിച്ച് ഹൃദയം നിലച്ചായിരിക്കും ആ കുട്ടി മരിച്ചത്.’’


വേദനയോടെയേ ബാബുരാജിന് ആ സംഭവം ഓർക്കാൻ സാധിക്കൂ.‘‘നമ്മളിൽ പലർക്കും വെള്ളം കാണുമ്പോൾ വല്ലാത്ത ഭയമാണ്. ആ ഭയമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. ഭയത്തെ അതിജീവിക്കാൻ സാധിക്കണം. അതിന് നീ ന്തൽ പരിശീലനം അത്യാവശ്യമാണ്.”

crisis_swim


ഇനിയുമേറെ ദൂരം


കുട്ടികളെ ചെറിയ പ്രായത്തിലേ നീന്തൽ പഠിപ്പിക്കണമെന്നതാണ് ബാബുരാജിന്റെ അഭിപ്രായം. തന്റെ അടുത്ത് വരുന്നവരെയെല്ലാം നീന്തൽ പഠിപ്പിക്കുന്നതിൽ സന്തോഷമേ ഉള്ളൂ ഇദ്ദേഹത്തിന്. ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാനതലത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാനുള്ള പദ്ധതിയാണ് മനസ്സിൽ. പ്രതിഫലേച്ഛയോടു കൂടിയല്ല ഈ പദ്ധതി ആവിഷ്കരിക്കുന്നത്. എന്നാൽ, അതിനു സർക്കാരിന്റെയും മറ്റ് അധികാരികളുടെയും സഹായം ആവശ്യമുണ്ട്.  
സാഹസികതയോടുള്ള ബാബുരാജിന്റെ ഇഷ്ടങ്ങൾക്കൊ പ്പം നിൽക്കാൻ കുടുംബാംഗങ്ങളും ശീലിച്ചു തുടങ്ങിയിരിക്കുന്നു. പോസ്റ്റ് ഒാഫിസ് കളക്‌ഷൻ ഏജന്റായ ഭാര്യ ഷീബയുടെ ഓർമ്മകളിലിപ്പോഴും ആ ദിവസമാണ്, കണ്ണീരും പ്രാർഥനകളുമായി കായൽക്കരയിൽ കാത്തുനിന്ന മണിക്കൂറുകൾ.


മകൾ ഉമാശങ്കർ അച്ഛന്റെ പാത പിന്തുടരുന്ന നീന്തൽ താരമാണ്. മകൻ ശിവശങ്കരൻ ഇന്ത്യൻ നേവിയിലെ തുഴച്ചിൽ താരമാണ്. നാഷനൽ ഗെയിംസിൽ മെഡൽ നേടിയിട്ടുള്ള മ കനിലൂടെ രാജ്യത്തിനൊരു ഒളിംപിക്സ് മെഡലും ഈ അ ച്ഛന്റെ സ്വപ്നമാണ്. ഇനിയൊരു ലക്ഷ്യമുണ്ടോയെന്ന് ചോ ദിച്ചാൽ ചെറു പുഞ്ചിരിയോടെ ബാബുരാജ് പറയുന്നതിങ്ങ നെയാണ്.
‘‘ദൈവം അനുവദിച്ചാൽ ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കണം. പക്ഷേ, എന്നെപ്പോലൊരു സാധാരണക്കാരന് സ്വപ്നം കാണാവുന്നതിനുമപ്പുറമാണത്. സ്പോൺസറെ കിട്ടിയാൽ തീർച്ചയായും ആ നേട്ടം ഞാൻ കൈപ്പിടിയിലൊതുക്കും.’’ വൈകല്യങ്ങളുടെ കാണാക്കയങ്ങളെ പൊരുതി കീഴട ക്കിയ ബാബുരാജിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഇംഗ്ലി ഷ് ചാനൽ ഉറപ്പായും കീഴടങ്ങുകയേ ഉള്ളൂ.