Tuesday 12 February 2019 12:08 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞാവയെ ഒരുക്കാൻ കൺമഷി വേണ്ട, പൗഡറിലും കുളിപ്പിക്കേണ്ട; അമ്മമാർ അറിയാൻ അഞ്ച് കാര്യങ്ങൾ

baby-powder

കുഞ്ഞാവയെ കുളിപ്പിച്ച് സുന്ദരൻമാരും സുന്ദരിമാരും ആക്കുന്നതിലാണ് പല അമ്മമാർക്കും കമ്പം. പൗഡറിലും സൗന്ദര്യവർദ്ധക ക്രീമുകളിലുമെല്ലാം തങ്ങളുടെ കുഞ്ഞോമനയെ കുളിപ്പിച്ചാണ് പല അമ്മമാരും കുഞ്ഞോമനകളെ പുറത്തേക്കിറക്കുന്നത്. ടാൽക്കം പൗഡ‍റുകളും കണ്മഷികളുമാണ് സൗന്ദര്യ വർധക ഉത്പ്പന്നങ്ങളുടെ കൂട്ടത്തിലെ സൂപ്പർസ്റ്റാറുകൾ. എന്നാൽ ടാൽക്കം പൗ‍റുകളിലും കണ്മഷികളിലും കുഞ്ഞാവയെ കുളിപ്പിക്കുന്ന അത്ര നല്ലതല്ലെന്ന് പറയുകയാണ് ഡോക്ടർ സൗമ്യ സരിൻ.

വിപണിയിൽ ലഭ്യമാകുന്ന പല കൺമഷികളിലും കെമിക്കലുകളും മറ്റ് രാസപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ അത്തരം സൗന്ദര്യ വർദ്ധക വസ്തുക്കൾ ഒഴിവാക്കുന്നതാണ് നല്ലത്. ബേബി ക്രീമുകളും പൗഡറുകളും നല്ലതാണെങ്കിലും ടാൽക്കം പൗഡറുകൾ ഇക്കൂട്ടത്തിൽ നിന്ന് ഒഴിവാക്കുന്നത് നല്ലതാണെന്നും ഡോക്ടർ പറയുന്നു. ‘നവജാത ശിശുപരിചരണം അമ്മാമാർ അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ തന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഡോക്ടർ സൗമ്യ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചിട്ടുള്ളത്.

എപ്പോഴാണ് കുളിപ്പിക്കേണ്ടത്?

ആദ്യദിവസങ്ങളിൽ ഡിസ്ചാർജ് ആകുന്നതു വരെ ഇളംചൂടുവെള്ളത്തിൽ മുക്കിതുടപ്പിക്കുകയാണ് നല്ലത്. പൊക്കിൾകൊടി വീഴുന്ന വരെ കാത്തിരിക്കണമെന്നു നിർബന്ധമൊന്നുമില്ല. കുളിപ്പിക്കുന്നതിനു മുമ്പ് എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. പയറുപൊടി/ചെറുപയറുപൊടി എന്നിവ ഒഴിവാക്കുക. കാരണം അത്ചർമത്തെ വല്ലാതെ ഡ്രൈ ആക്കും. വിപണിയിൽ കിട്ടുന്ന ബേബി സോപ്പുകൾ ഉപയോഗിക്കാം. അതിനു ശേഷം നല്ലവണ്ണം തുടക്കണം. കുഞ്ഞിന്റെ ശരീരത്തിന്റെ ചൂട് നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.

ബേബി പൌഡർ/ ക്രീമുകൾ എന്നിവ നല്ലതാണോ?

സാധാരണ രീതിയിൽ കുഞ്ഞിന്റെ ശരീരത്തിന് ഇതിന്റെ ഒരു ആവശ്യവുമില്ല. എന്നാലും വളരെ ചെറിയ രീതിയിൽ ക്രീമുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല, എന്നാൽ പൗഡറിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കുക. ബേബി പൗഡറുകൾ പല രീതിയിൽ കുഞ്ഞിന്റെ ആരോഗ്യത്തിനു ഹാനികരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കണ്ണെഴുത്തുകയും പൊട്ടു കുത്തുകയും ആവാമോ?

ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇന്ന് വിപണികളിൽ ലഭ്യമാകുന്ന എല്ലാ ഉത്പന്നങ്ങളും പല കെമിക്കലുകളും അടങ്ങിയതാണ്.

കുഞ്ഞിനെ എങ്ങിനെയാണ് പൊതിഞ്ഞു വെക്കേണ്ടത്?

മാസം തികഞ്ഞു പ്രസവിച്ച കുഞ്ഞുങ്ങളെ അമിതമായി പൊതിയേണ്ടതില്ല. കുഞ്ഞുടുപ്പിനു പുറമെ ഒരു പൊതിച്ചിൽ കൂടി മതി. കയ്യും കാലും വേണമെങ്കിൽ സോക്സ്‌ ഉപയോഗിച്ച് പൊതിയാം. തണുപ്പുകാലങ്ങളിൽ കുഞ്ഞു വല്ലാതെ തണുത്തു പോകുന്നില്ലല്ലോ എന്ന് ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിന്റെ റൂമിൽ ഫാൻ/ ഇടാമോ?

ഒരു കുഴപ്പവുമില്ല, മീഡിയം സ്പീഡിൽ ഫാൻ ഉപയോഗിക്കാം. 27 ഡിഗ്രിക്ക് മുകളിൽ A/C പ്രവർത്തിപ്പിക്കാം.