Tuesday 20 November 2018 06:05 PM IST : By സ്വന്തം ലേഖകൻ

ഉരുണ്ട കുഞ്ഞുവാവയല്ല, ഉഷാറുള്ള വാവാച്ചിയെയാണ്‌ നമുക്കാവശ്യം; ‘ബേബിഫുഡ്’ മമ്മിമാർ അറിയാൻ!

how_good_mom_you_are_test

മാർക്കറ്റിൽ കിട്ടുന്ന വിവിധതരം ബേബി ഫുഡുകൾ വാങ്ങിനൽകി കുഞ്ഞുങ്ങളെ മിടുക്കന്മാരാക്കാൻ നോക്കുന്ന ’മമ്മിമാർ’ ഈ കുറിപ്പൊന്ന് വായിക്കണം. കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചും അവർക്ക് നൽകേണ്ട ഭക്ഷണത്തെ കുറിച്ചും വ്യക്തമായി പറയുകയാണ് ഡോ. ഷിംന അസീസ്.

ഡോക്ടർ ഷിംന എഴുതിയ കുറിപ്പ് വായിക്കാം; 

ചെറ്യേ കുട്ടികൾ നഴ്സറി സ്‌കൂളിൽ പോണേന്റെ മുന്നേയുള്ള ആ കാലമില്ലേ, ഒരു വയസ്സ്‌ തൊട്ട്‌ ഏതാണ്ട്‌ മൂന്നര-നാല് വയസ്സ്‌ വരെയുള്ള കാലം? "ഹൗ, ഓർമ്മിപ്പിക്കല്ലേ പൊന്നേ..." എന്നാണോ? ഒന്നും പേടിക്കേണ്ട. ഇന്ന്‌ നമ്മക്ക്‌ അവരെക്കുറിച്ചങ്ങ്‌ ഡിസ്‌കസ്‌ ചെയ്‌ത്‌ കളയാം. ഇത്‌ നിങ്ങൾ വായിക്കുന്ന നേരം കൊണ്ട്‌ അവര്‌ വീട്‌ തല കുത്തനെ വെക്കാനുള്ള സാധ്യത മുൻനിർത്തി അവർക്ക്‌ തല്ലിപ്പൊട്ടിക്കാൻ എന്തേലുമൊക്കെ വെച്ച്‌ കൊടുത്തിട്ടിങ്ങ്‌ പോരൂ. #SecondOpinion ഇന്ന്‌ അവർക്ക്‌ മേലൊരു കണ്ണ്‌ വെച്ചിട്ടാണ്‌ സംസാരിക്കുന്നത്‌.

ഒരു വയസ്സ്‌ തികയുന്നതോടെ ഏതാണ്ട്‌ പിടിച്ച്‌ നടക്കലിനപ്പുറം സ്വതന്ത്രരായിട്ടുണ്ടാകും. രണ്ട്‌ മൂന്നടിയെങ്കിലും പിടിവിട്ട്‌ നടക്കും. 'അച്‌ഛ, അമ്മ' എന്നൊക്കെയുള്ള ചുരുക്കം വാക്കുകളുണ്ടാകും. ഒരുപാട്‌ വാക്കുകൾ അനുകരിക്കും. പറയുന്ന കാര്യങ്ങൾ അനുസരിച്ച്‌ ആംഗ്യങ്ങൾ കാണിക്കും. പുസ്‌തകത്തിലെ വസ്‌തുക്കളുടെ പേര്‌ പറഞ്ഞാൽ തൊട്ടുകാണിക്കും. ചൂണ്ടുവിരൽ കൊണ്ട്‌ തോണ്ടും. പാത്രത്തിലേക്ക്‌ സാധനങ്ങൾ ഇടുകയും പുറത്തേക്ക്‌ എടുക്കുകയും ചെയ്യും.

പരിചയമില്ലാത്തവരെ കണ്ടാൽ മാറുകയും ആശങ്ക കാണിക്കുകയും ചെയ്യും. അച്‌ഛനും അമ്മയും പോകുന്നത്‌ കണ്ടാൽ കരയും. അങ്ങനെയങ്ങനെ അവർ വേന്ദ്രൻമാരായി മാറുന്നതിൽ എവിടെയെങ്കിലും പതുക്കെയാകുന്നതോ പതർച്ചയോ കണ്ടാൽ ഡോക്ടറുടെ അടുത്ത്‌ എത്തേണ്ടതുണ്ട്‌. ഈ പറഞ്ഞ കാര്യങ്ങൾ കൂടാതെ ഓരോ പ്രായത്തിലും എത്തിച്ചേരേണ്ട കൃത്യമായ നാഴികക്കല്ലുകളുണ്ട്‌. കുഞ്ഞിന്റെ വളർച്ചയിലോ വികാസത്തിലോ ആശങ്ക തോന്നിയാൽ വൈദ്യസഹായം തേടാൻ മടിക്കരുത്‌.

ഒരു വയസ്സാകുമ്പഴേക്ക്‌ ഇവർ വീട്ടിലുണ്ടാക്കിയിട്ടുള്ള മുഴുവൻ സാധനങ്ങളും കഴിച്ചിരിക്കണം എന്നാണ്‌ കണക്ക്‌. ഒരു വയസ്സിലും കുറുക്കുകൾ മാത്രമായി കൊടുക്കുന്നത്‌ തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്‌. ഈ പ്രായമെത്തുമ്പൊഴേക്കും അവർക്ക്‌ സ്വന്തമായി ഒരു പാത്രവും ഗ്ലാസുമുണ്ടാകണം. ദിവസവും ഒരേയിടത്ത്‌ നിന്ന്‌ ഏകദേശം ഒരേ സമയത്ത്‌ ഭക്ഷണം നൽകുന്നത്‌ കുഞ്ഞറിയാതെ തന്നെ ആ ചിട്ട വളരുന്നതിന്‌ ഏറ്റവും നല്ലതാണ്‌.

കറികൾ എരിവ്‌ കളയാനെന്ന പേരിൽ കഴുകി കൊടുക്കുന്നതും കറിക്ക്‌ പകരം പഞ്ചസാരയും തേനും ഡേറ്റ്‌സ്‌ സിറപ്പുമെല്ലാം നൽകുന്നതും കുഞ്ഞിനോട്‌ ചെയ്യാവുന്ന പാതകമാണ്‌. അവർക്ക്‌ ഇടനേരത്ത്‌ വിശക്കുമ്പോൾ പഴങ്ങളോ പോഷകാംശമുള്ള വീട്ടിലുണ്ടാക്കിയ സ്‌നാക്‌സോ നൽകുന്നതാണ്‌ ഏറ്റവും അഭികാമ്യം. ഫാസ്‌റ്റ്‌ ഫുഡും ബേക്കറി പലഹാരങ്ങളും പോഷകങ്ങൾക്ക്‌ പകരം ദോഷം മാത്രം പകരുന്നതും നല്ല ഭക്ഷണം കഴിക്കാനുള്ള വിശപ്പ്‌ കൂടി കെടുത്തുന്നതുമാണ്‌. ഒരു വയസ്സിന്‌ ശേഷം മാത്രം എല്ലാ ദിവസവും ഒരു ഗ്ലാസ്‌ പാൽ കുഞ്ഞിന്‌ നൽകാം.

ഉറങ്ങിയുണരുമ്പോഴും ഒക്കത്ത്‌ നിന്ന്‌ കൈമാറുമ്പോഴുമെല്ലാം കുഞ്ഞുമേനിക്കുണ്ടാകുന്ന ചൂട്‌ അത്രയും സ്വാഭാവികമാണ്‌. ഒന്ന്‌ പറഞ്ഞ്‌ രണ്ടാമത്തേതിന്‌ കുഞ്ഞിനെ ഡോക്‌ടറുടെ അടുത്തേക്ക്‌ എടുത്തോടേണ്ടതില്ല. എന്നാൽ കടുത്ത പനി, വയറിളക്കം, ഛർദ്ദി, തല കറക്കം പോലുള്ള ലക്ഷണങ്ങളോ, അപസ്‌മാരം പോലെയോ, മുറിവുകളോ വീഴ്‌ചകളോ അപകടങ്ങളോ കണ്ടാൽ അവഗണിക്കാനും പാടില്ല. കുഞ്ഞ്‌ തളർന്ന്‌ കിടക്കുന്നതും വളരെ ശ്രദ്ധിക്കണം. രണ്ട്‌ വയസ്സ്‌ വരെയെങ്കിലും മുലപ്പാൽ നൽകിയിരിക്കണം.

കുഞ്ഞിന്‌ വയ്യായ്‌കകൾ ഉള്ളപ്പോൾ മുലപ്പാലും ഭക്ഷണവും നിഷേധിക്കരുത്‌. അവരുടെ ശരീരത്തിന്‌ ആരോഗ്യവും പ്രതിരോധവും നൽകാനും കോശങ്ങളുടെ റിപ്പയറിനും ധാരാളം പ്രൊട്ടീനും ധാതുലവണങ്ങളും ആവശ്യമുണ്ട്‌. കൂടാതെ, സ്‌ഥിരമായി അലർജിയും അണുബാധകളും വരുന്ന കുഞ്ഞിന്‌ ഭാരം വർദ്ധിക്കാൻ സമയമെടുക്കുന്നത്‌ പതുക്കേ ശരിയായിക്കോളും. രോഗത്തെ തുരത്താനായി കഴിക്കുന്ന പോഷകങ്ങൾ വകയിരുത്തേണ്ടി വരുന്നത്‌ കൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.

ഒരു വയസ്സോടെ തന്നെ കിലുക്കാംപെട്ടി കണക്കിന്‌ വർത്തമാനം പറയുന്ന ചില മക്കളെ കണ്ടിട്ടില്ലേ? വളരെ പെട്ടെന്നായിരിക്കും അവരുടെ നിഘണ്ടുവിന്റെ വളർച്ച. മൂന്ന്‌ വയസ്സോടെ ഇരുന്നൂറിലേറെ വാക്കുകൾ സാധാരണ ഗതിയിൽ എല്ലാ കുട്ടികളും പറയും. വളരെ നേരത്തേ തന്നെ നിർത്താതെ ചിലയ്‌ക്കുന്ന ചില കുഞ്ഞിക്കിളികളുടെ ഊർജത്തിന്റെ സ്രോതസ്‌ തീർച്ചയായും അവർക്ക്‌ മാതാപിതാക്കളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ഇൻപുട്ടായി കിട്ടുന്ന വാക്കുകളാണ്‌. എല്ലാ കുട്ടികളിലും ഇത്രയേറെ വാക്കുകളുടെ ശേഖരം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇവിടെ ശ്രദ്ധിക്കാനുള്ളത്‌, ടിവിയും ടാബും ലാപ്‌ടോപും ഫോണുമല്ല മക്കളുടെ സുഹൃത്ത്‌ എന്നതാണ്‌. അത്‌ ചുറ്റുപാടുമുള്ള മനുഷ്യരുൾപ്പെടുന്ന ജീവജാലങ്ങളാണ്‌. എല്ലാ സ്‌ക്രീനുകളും കൂടി കൂട്ടിയാൽ ഒരു മണിക്കൂറിലപ്പുറം ഒരു കുഞ്ഞ്‌ ഒരു ദിവസം കാണാൻ പാടില്ല. അത്‌ കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കും.

ഇനി ഇതിനെല്ലാം പുറമേ അവർ പഠിക്കേണ്ട വാക്കാണ്‌ - 'നോ'. അവർ ചോദിക്കുന്നതെല്ലാം നടത്തി കൊടുക്കാൻ സാധിക്കില്ലെന്നും, ചിലതിനെല്ലാം കാത്തിരിക്കേണ്ടി വരുമെന്നും അവരെ അറിയിക്കണം. ചില കാര്യങ്ങൾ നമ്മുടെ സാമ്പത്തികസ്‌ഥിതിയിൽ ഒതുങ്ങില്ലെന്നും ചിലത്‌ വാങ്ങുന്നത്‌ തികച്ചും അനാവശ്യമെന്നും അറിയണം. അത്‌ പോലെ, അവരുടെ സ്വകാര്യഭാഗങ്ങളിലേക്കും സ്വകാര്യതയിലേക്കും നീളുന്ന കൈകളും 'നോ' പറഞ്ഞ്‌ ഒതുക്കാനും ബഹളമുണ്ടാക്കാനും പറഞ്ഞ്‌ കൊടുക്കണം. രണ്ട്‌ വയസ്സായ കുഞ്ഞിന്‌ നേരെയും കഴുകൻകണ്ണുകളുണ്ടെന്നത്‌ നമ്മളുൾക്കൊണ്ടേ മതിയാകൂ. അവരുടെ വാക്കുകളിൽ നമുക്ക്‌ അവരുടെ സുരക്ഷക്കായുള്ള കാര്യങ്ങൾ പറഞ്ഞ്‌ കൊടുക്കാമല്ലോ.

വാൽക്കഷ്‌ണം : കുഞ്ഞ്‌ വളരാൻ, ഉയരം വെക്കാൻ, നിറം വെക്കാൻ, ബുദ്ധി കൂടാൻ, ഓർമ്മശക്‌തി, ഓജസ്സ്‌, തേജസ്സ്‌, തൊലിക്കട്ടി, പിന്നെ ഏതാണ്ടൊക്കെയോ കൂടാൻ എന്നൊക്കെ പറഞ്ഞ്‌ വാങ്ങാൻ കിട്ടുന്ന കുറേ പൊടികളില്ലേ? ഇതൊക്കെ വെറുതേയാണ്‌. പോക്കറ്റ്‌ വെളുക്കാനുള്ള ഉത്തമമാർഗങ്ങൾ മാത്രമാണിവ. ദയവ്‌ ചെയ്‌ത്‌ അവയെ ആ സൂപ്പർമാർക്കറ്റിലേം മെഡിക്കൽ ഷോപ്പിലേം റാക്കിൽ തന്നെ തുടരാൻ അനുവദിക്കുക. നാല്‌ നേരവും അന്നജവും ധാതുലവണങ്ങളും പ്രൊട്ടീനും അടങ്ങുന്ന ഭക്ഷണം കഴിക്കുന്ന കുഞ്ഞിന്‌ നിങ്ങൾ ഈ കലക്കുന്ന ഒരു സാധനവും വേണ്ട. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിനോളം ഒരു ഗുണവും ഇവയ്‌ക്ക്‌ അവകാശപ്പെടാനില്ല.

മാത്രമല്ല, ഇത്‌ കുടിച്ച്‌ വിശപ്പില്ലാതാവുന്ന കുഞ്ഞ്‌ ഭക്ഷണവിരോധിയാകാൻ സാധ്യത കൂടുതലാണ്‌. നമ്മുടെ കുഞ്ഞ്‌ നമ്മുടെ ശരീരപ്രകൃതിയിലേ വളരൂ. വണ്ണം വെക്കുന്നത്‌ ആരോഗ്യത്തിന്റെ ലക്ഷണമല്ല. അമിതവണ്ണം ഭാവിയിൽ ജീവിതശൈലീരോഗങ്ങൾ മുതൽ വന്ധ്യത വരെ ഉണ്ടാക്കാം. ഉരുണ്ട കുഞ്ഞുവാവയല്ല, ഉഷാറുള്ള വാവാച്ചിയെയാണ്‌ നമുക്കാവശ്യം. നിറയെ കറികളും ആവശ്യത്തിന് ചോറും ചപ്പാത്തിയുമൊക്കെയായി നമുക്ക്‌ അതങ്ങ്‌ നടപ്പാക്കാമെന്നേ. അയലോക്കത്തെ കുട്ടി കലക്കി കുടിക്കുന്നതല്ല, നമ്മൾ ശരികൾ മനസ്സിലാക്കി തിരുമാനിച്ചുറപ്പിക്കുന്നതാണ്‌ നല്ല ഭക്ഷണം. കലങ്ങിയോ?

shimmmm334

Editor’s Pick

ഈ ചിത്രം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു; ഹൃദയഭേദകമായ കുറിപ്പ് എഴുതി ആര്യ!

’ഡോക്ടറും എഞ്ചിനീയറും മാത്രം പോരാ; ഉടുപ്പു തുന്നാനും ഓട്ടോ ഓടിക്കാനും തെങ്ങിൽ കയറാനുമൊക്കെ ഇവിടെ ആള് വേണം!’

മക്കളെ വരച്ച വരയിൽ നിർത്തുന്ന അമ്മമാർ പഴങ്കഥ; ഇത് മക്കളുടെ മനസ്സിനൊപ്പം ജീവിക്കുന്ന ന്യൂജെൻ അമ്മമാരുടെ പുതിയ കഥ!

യഥാർത്ഥ ‘കുപ്രസിദ്ധ പയ്യൻ’ ഇവിടെയുണ്ട്; തന്റെ കഥ സിനിമയായതറിയാതെ

അരയനെ കാത്തിരിക്കുന്ന പൊന്നരയത്തിയല്ല, ആഴക്കടലിൽ പോയി മീൻ പിടിക്കുന്ന നല്ല ഉശിരുള്ള പെണ്ണ്!

പുഴയോരത്തൊരുങ്ങിയ കേരളീയ ഗരിമ; പാരമ്പര്യ ശൈലിയിലൊരുങ്ങിയ ഈ വീടിന് പകിട്ടേറെ–ചിത്രങ്ങൾ

ഒടുവിൽ ഭർത്താവ് മൊഹ്സിനെ പൊതുവേദിയിൽ പരിചയപ്പെടുത്തി ഊര്‍മിള: വിഡിയോ