Thursday 18 July 2019 05:12 PM IST : By സ്വന്തം ലേഖകൻ

‘മാവേലിക്കരയിൽ നിന്നും കാണാതായ കുട്ടി!’ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിനു പിന്നിലെ സത്യമിതാണ്

baby

സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ പോലുമാകാത്ത വാർത്തകളുടെ സംഗമ വേദികളാണ് സോഷ്യൽ മീ‍ഡിയ. സോഷ്യൽ മീഡിയക്കു മുന്നിൽ കണ്ണുംനട്ടിരിക്കുന്നവരെ അടിമുടി ചൂഷണം ചെയ്യും വിധമാണ് പല വാർത്തകളും പ്രവഹിക്കുന്നത്. മാസങ്ങളും വർഷങ്ങളുമായ തിരോധാന വാർത്തകൾ, യാഥാർത്ഥ്യം ലവലേശം പോലുമില്ലാത്ത സന്ദേശങ്ങൾ, തട്ടിപ്പിന്റെ മുഖം മൂടിയണിഞ്ഞെത്തുന്ന ചികിത്സാ ധനസഹായങ്ങൾ. തലങ്ങും വിലങ്ങും പാറിപ്പറക്കുന്ന സന്ദേശങ്ങൾ ആവോളമുണ്ട്.

baby

കാണാതായ കുട്ടിയെ കണ്ടു കിട്ടിയാലും മാസങ്ങളും വർഷങ്ങളും കണക്കാക്കി ചില സന്ദേശങ്ങൾ പാറിപ്പറക്കാറുണ്ട്. മാവേലിക്കരയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന സന്ദേശവും അക്കൂട്ടത്തിൽ പുതിയതാണ്. ഇപ്പോഴിതാ ആ തിരച്ചിൽ സന്ദേശത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ആ കുട്ടിയുടെ മാതാപിതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കാണാതായ അന്നേ ദിവസം (11.07.2019) തന്നെ കുട്ടിയെ തിരികെ കിട്ടിയെന്ന് മാതാപിതാക്കൾ പറയുന്നു. അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോയതാണ് കുട്ടി. എന്നാൽ ഇതു മനസിലാക്കാതെ കുട്ടിയുടെ അമ്മൂമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ തിരികെ കിട്ടിയ സാഹചര്യത്തിൽ സന്ദേശങ്ങൾ ഇനിയും പ്രചരിപ്പിക്കരുതെന്ന് കുട്ടിയുടെ മാതാപിതാക്കൾ അഭ്യർത്ഥിച്ചു.