Saturday 19 January 2019 03:21 PM IST : By സ്വന്തം ലേഖകൻ

നെ‍ഞ്ചിൻകൂട് ഉള്ളിലേക്ക് വലിയും, ഓരോ ശ്വാസമിടിപ്പിലും പിടച്ചിൽ; ഹൃദയവാൽവില്ലാതെ നീറി ഈ കുരുന്ന്; കണ്ണീർ

bineesh

‘ശ്വാസം വലിച്ചെടുക്കുമ്പോൾ ആകെപ്പാടെ ഒരു പിടച്ചിലാണ് അവന്റെ മുഖത്ത്. ആ കുഞ്ഞു നെഞ്ച് കുഴിഞ്ഞ് ഉള്ളിലേക്ക് പോകുന്നത് കാണുമ്പോൾ പേടി തോന്നും. അടുത്ത നിമിഷം അവനെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ഓർത്ത് നെ‍ഞ്ചിടിക്കും. എന്തിനേറെ പറയണം, ഓരോ ശ്വാസമിടിപ്പിലും പിടയുകയാണ് എന്റെ പൈതൽ.’– ഐസിയു വാർഡിനകത്ത് ശ്വാസമെടുക്കാൻ വേണ്ടി പിടയുന്ന കുഞ്ഞിനെ നോക്കി സൗമ്യ ഇതു പറയുമ്പോൾ കേൾക്കുന്നവരുടേയും കണ്ണുകൾ പിടയും. വേദന കൊണ്ട് പിടയുന്ന ആ പൈതലിനെ രണ്ടാമതൊരു വട്ടം കൂടി നോക്കാനുള്ള ത്രാണി അവർക്കില്ല. കാരണം ഒരമ്മയും സഹിക്കാത്ത വേദനയാണ് ആ പിഞ്ചു പൈതലിന് വിധി പകുത്തു നൽകിയിരിക്കുന്നത്.

കോട്ടയം ആലപ്ര പുലിക്കല്ല് സ്വദേശികളായ ബിനീഷിന്റേയും മൂന്നുമാസക്കാരൻ പിഞ്ചോമനയ്ക്ക് വിധി പകുത്തു നൽകിയ വേദനയെന്തെന്ന് അറിയണമെങ്കിൽ കാലമൽപ്പം പുറകോട്ടു പോകണം. ആ വേദനയുടെ ആഴവും പരപ്പും എന്തെന്ന് ആ അമ്മ തന്നെ പറയുന്നു.

കാത്തിരുന്ന് ദൈവം നൽകിയ നിധി അവരുടെ ജീവിതത്തിൽ കണ്ണീർക്കടലായി മാറിയത് കണ്ണടച്ചു തുറക്കുന്ന മാത്രയിൽ. തന്റെ പിഞ്ചോമനയ്ക്ക് അമ്മിഞ്ഞ മധുരം നെഞ്ചിലേറ്റിയതായിരുന്നു ആ അമ്മ. എന്നാൽ കുടിക്കുന്ന പാൽ ഛർദ്ദിച്ചു വെളിയിൽ കളയുന്നതല്ലാതെ ഒരിറ്റു പോലും ആ പൈതലിന്റെ വയറ്റിലേക്കെത്തിയില്ല. നെഞ്ചിടിപ്പേറ്റിയ മറ്റൊന്നു കൂടിയുണ്ടായിരുന്നു, ഓരോ തവണ ശ്വാസമെടുക്കാനും ആ പൈതൽ വെമ്പുന്ന കാഴ്ചയാണ് അവരെ ആശങ്കയിലാഴ്‍ത്തിയത്. ശ്വാസോച്ഛാസത്തിനൊപ്പിച്ച് അവന്റെ നെ‍ഞ്ചിൻകൂട് അസാധാരണാം വിധം ഉള്ളിലേക്ക് വലിയുക കൂടി ചെയ്തപ്പോൾ  ഭയന്നു പോയി.

ആശുപത്രിയിലേക്കുള്ള ഓട്ടമായിരുന്നു പിന്നീട്. ഒന്നും വരുത്തരുതേയെന്ന പ്രാർത്ഥനയും നേർചകാഴ്ചകളുമായി കഴിഞ്ഞ ദിവസങ്ങൾ. മുലപ്പാലിനു പകരം മരുന്നിന്റെ മുഷിപ്പിക്കുന്ന ഗന്ധമായിരുന്നു ആ നിമിഷങ്ങളിൽ ആ പൈതൽ അറിഞ്ഞത്. ടെസ്റ്റുകൾ, പരിശോധനകൾ, ആഴ്ന്നിറങ്ങുന്ന സൂചിമുനകൾ എല്ലാം മുറപോലെയെത്തി. അവസാനം പ്രാർത്ഥനകളെ എല്ലാം വിഫലമാക്കി ഇടിത്തീപോലെ ആ ദുഖവാർത്ത ഡോക്ടർ അവരോട് പങ്കുവച്ചു.

valve-2

‘വലുപ്പം കൂടിയ ഹൃദയമാണ് നിങ്ങളുടെ കുഞ്ഞിനുള്ളത്. ശ്വാസോച്ഛസവും ഭക്ഷണത്തിന്റെ ഗമനവും സുഗമമായി നടക്കുന്ന ഒരു വാൽവുണ്ട്. അതില്ലാതെയാണ് ഈ കുഞ്ഞ് ജനിച്ചു വീണിട്ടുള്ളത്. രണ്ട് വാൽവ് വേണ്ടിടത്ത് ഒന്നേയുള്ളൂ എന്നതിനാൽ തന്നെ സാധാരണയൊരാൾ ശ്വലിക്കുന്നത്രയും ഓക്സിജന്‍ ലഭിക്കുന്നതിന് നാലുതവണ ശ്വസിക്കണം. ശ്വസിക്കുമ്പോൾ നെഞ്ചിൻകൂട് ഉള്ളിലേക്ക് വലിയുന്നതും മുലപ്പാൽ ഊട്ടാൻ കഴിയാത്തതും ശ്വാസമെടുക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്. ‘ട്രോങ്കസ് ആർട്ടീരിയസ്’ (TRUNCUS ARTERIOSUS) എന്ന രോഗമാണ് നിങ്ങളുടെ കുഞ്ഞിനെ പിടികൂടിയിരിക്കുന്നത്. അടിയന്തരമായി കുഞ്ഞിന്റെ നെഞ്ചിൽ കൃത്രിമ വാൽവ് ഘടിപ്പിക്കണം. അത് ചെയ്തില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകും’.

തുച്ഛമായ വരുമാനം മാത്രമുള്ള ബിനീഷിനും സൗമ്യക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകൾ. ആ കുഞ്ഞ് നെഞ്ചിൽ വാല്ഡവ് ഘടിപ്പിക്കാൻ സ്വകാര്യ ആശുപത്രി മുന്നിലേക്ക് വച്ചു നീട്ടിയത് ലക്ഷങ്ങളുടെ ബില്ല്. കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും അവർ ആ തുക സംഘടിപ്പിച്ച് ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. ഡോക്ടർമാർ കുറിച്ച നാൾ നോക്കി, കൃത്യസമയത്ത് ഓപ്പറേഷനും നടന്നു.

‘എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മറ്റൊന്നും നോക്കിയില്ല ചേട്ടാ...കൈയ്യിലുള്ളതെല്ലാം എടുത്തു. ഞങ്ങൾക്ക് സ്വത്തും പണവും വേണ്ട. അവനെ തിരികെ കിട്ടിയാൽ മതി. ഞങ്ങൾക്ക് അവൻ മാത്രമേയുള്ളൂ.’– കണ്ണീരോടെ ബിനീഷ് പറയുന്നു.

ഓപ്പറേഷനും ശേഷം ഐസിയുവിൽ അപകടഘട്ടം തരണം ചെയ്തു വരുന്നതേയുള്ളൂ ആ പൈതൽ. പക്ഷേ കുഞ്ഞിന്റെ ചികിത്സാർത്ഥം ലക്ഷങ്ങളുടെ രൂപത്തിൽ മുന്നിലേക്കെത്തിയ ബാധ്യതകൾ എങ്ങനെ വീട്ടുമെന്നറിയാെതെ നെട്ടോട്ടമോടുകയാണ് ഈ നിർദ്ധന ദമ്പതികൾ. മരുന്നിനും ഓപ്പറേഷനും ടെസ്റ്റുകൾക്കുമൊക്കെ ചെലവായ തുക എങ്ങനെ സ്വരൂപിക്കുമെന്ന് ആലോചിച്ചാൽ, അന്തമില്ലെന്നും ബിനീഷ് പറയുന്നു. ചുരുങ്ങിയത് 6ലക്ഷം രൂപയെങ്കിലും ആശുപത്രിയിൽ കെട്ടിവയ്ക്കേണ്ട സ്ഥിതിയാണ്.

valve-3

തുച്ഛ ശമ്പളത്തിൽ ആശുപത്രിയിൽനഴ്സായി ജോലി നോക്കുകയാണ് ബിനീഷും സൗമ്യയും. കയ്യിൽ കിട്ടുന്ന തുക നിത്യവൃത്തിക്കല്ലാതെ സ്വരുക്കൂട്ടാനോ ചേർത്തു വയ്ക്കാനോ കിട്ടാറുമില്ല. വേദനയുടെ മറ്റൊരു മുഖമെന്തെന്നാൽ രണ്ടു വര്‍ഷം സൗമ്യ ആശുപത്രിയില്‍ നിന്നു ജോലി കഴിഞ്ഞു റോഡു കുറുകേ കടക്കവേ ബൈക്ക് ഇടിച്ചു വീഴ്ത്തി .ബൈക്ക് നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ സൗമ്യയുടെ ഇരുകാലുകളുമൊടിയുകയും ദേഹമാസകലം പരിക്കുപറ്റുകയും ചെയ്തു . മുഖത്തുനിന്നു മാംസം അടര്‍ന്നുപോയതിനെത്തുടര്‍ന്ന് പ്ളാസ്റ്റിക് സര്‍ജറി വേണ്ടിവന്നു . പതിനെട്ടുലക്ഷത്തോളം രൂപയാണ് അന്ന് ആശുപത്രിയില്‍ ചിലവായത് . കാലുകളില്‍ കന്പിയിട്ടിരിക്കുന്നതിനാല്‍ ശരിയാംവണ്ണം നടക്കാനുമാവാത്തതിനാല്‍ ജോലിക്കുപോകാനുമാവുന്നില്ല.

വേദനയുടേയും നിസഹായതയുടേയും നിലയില്ലാക്കയത്തിൽ നിൽക്കുന്ന സൗമ്യയും ബിനീഷും ഇനി ഉറ്റുനോക്കുന്നത് കരുണയുടെ ഉറവ വറ്റാത്ത ഹൃദയങ്ങളിലേക്കാണ്. അപകടമൊന്നും വരുത്താതെ തങ്ങളുടെ കുഞ്ഞിന്റെ ഓപ്പറേഷൻ വിജയകരമായി നടന്നു. ഇനി വേണ്ടത്, സഹായങ്ങളാണ്. തങ്ങളുടെ ദുരിതമറിയുന്നവർ അത് എത്തിക്കുമെന്ന് തന്നെയാണ് സൗമ്യയുടേയും ബിനീഷിന്റേയും പ്രതീക്ഷ.