Tuesday 19 March 2019 03:14 PM IST : By സ്വന്തം ലേഖകൻ

സൂചിമുനകൾ ആഴ്ന്നിറങ്ങി, അവനിനിയും കണ്ണുതുറന്നിട്ടില്ല; ശ്വാസകോശ രോഗത്താൽ പിടഞ്ഞ് ഈ പൈതൽ; രക്ഷിക്കാൻ വേണം ലക്ഷങ്ങൾ

baby-1

‘എനിക്കും എന്റെ കുഞ്ഞിനുമിടയിൽ ഒരു കണ്ണാടിച്ചിലിന്റെ അകലമുണ്ട്. അധികനേരം അവനെ നോക്കി നിൽക്കാൻ എനിക്കെന്നല്ല, ഒരു അമ്മയ്ക്കുമാകില്ല. മൂക്കിലും കഴുത്തിലും ട്യൂബുകളാൽ പൊതിഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്താൽ ജീവനു വേണ്ടി പിടയുകയാണ് അവൻ. ഒന്നും വേണ്ട, എന്റെ മുത്ത് ഒന്ന് കരയുന്നതെങ്കിലും കേട്ടിരുന്നെങ്കിൽ എന്റെ പാതി ജീവൻ വീണേനെ. കുഞ്ഞല്ലേ അവൻ, എത്രനാളാണ്, അവനിങ്ങനെ ജീവനു വേണ്ടി പിടയുന്നത്.’– വെന്റിലേറ്ററിനു പുറത്തെ കണ്ണാടിക്കൂട്ടുലൂടെ ഒരു വട്ടമേ രേവതി തന്റെ കുഞ്ഞിനെ നോക്കിയുള്ളൂ. രണ്ടാമത്തെ വട്ടം അലച്ചു തല്ലിയുള്ള കരച്ചിലായിരുന്നു. വിങ്ങിപ്പൊട്ടുന്നതിനിടയിൽ ആ വാക്കുകളേയും കണ്ണീർ മുറിച്ചു.

ചെന്നൈ സ്വദേശികളായ ജയശങ്കറിനും രേവതിക്കും നേർച്ച കാഴ്ചകൾക്കൊടുവിൽ ദൈവം നൽകിയതായിരുന്നു ആ പൈതലിനെ നാളുകൾ നീണ്ട കാത്തിരിപ്പിന്റേയും സ്വപ്നങ്ങളുടേയും ബാക്കി. ജനിച്ച് മൂന്നാം നാളായപ്പോഴാണ് ഇടിത്തീപോലെ അവരുടെ ജീവിതത്തിൽ ആ പരീക്ഷണമെത്തുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം പിടിപ്പെട്ട ആ പൈതൽ ഇന്ന് ജീവിതത്തിന്റേയും മരണത്തിന്റേയും നൂൽപ്പാലത്തിനിടയിലൂടെയാണ് ജീവിക്കുന്നത്.

b4

കുഞ്ഞിന്റെ ദേഹത്ത് പ്രത്യക്ഷപ്പെട്ട നീലിച്ച പാടുകളിൽ നിന്നുമാണ് ഇന്നീ കാണുന്ന വേദനകളുടെ തുടക്കം. ശബ്ദം തീരേ പുറത്തേക്ക് വരാത്ത വിധം അടക്കി പിടിച്ചുള്ള കരച്ചിൽ കൂടിയായപ്പോൾ മാതാപിതാക്കളുടെ നെഞ്ചിടിപ്പേറി. ജനിച്ച് മൂന്നാം പക്കം അവനേയും കൊണ്ട് ആശുപത്രിയിലോടി. ടെസ്റ്റുകളുടേയും പരിശോധനകളുടേും പേരിൽ സൂചിമുനകൾ എത്രയോ വട്ടം അവന്റെ ശരീരത്തിൽ കയറിയിറങ്ങി. പെറ്റമ്മയുടെ പാല് പോലും അവന് ചികിത്സയുടെ പേരിൽ നിഷിദ്ധമാക്കപ്പെട്ടു. ഒടുവിൽ ഒരമ്മയും കേൾക്കാൻ ആഗ്രഹിക്കാത്ത സത്യം മനസില്ലാ മനസോടെ ഡോക്ടർമാർ പറഞ്ഞു.

‘ജീവനെടുക്കാൻ പോന്ന ശ്വാസകോശ രോഗമാണ് നിങ്ങളുടെ കുഞ്ഞിന് പിടിപ്പെട്ടിരിക്കുന്നത്. ഒന്ന് സംസാരിക്കാനോ ശ്വസിക്കാനോ എന്തിനേറെ കണ്ണുതുറക്കാൻ പോലും അവനാകില്ല. അടിയന്തരമായ ശസ്ത്രക്രിയയും ചികിത്സയും ചെയ്യാത്ത പക്ഷം ഒരുപക്ഷേ അരുതാത്തത് സംഭവിച്ചെന്നിരിക്കും.’– ഡോക്ടർമാരുടെ മുന്നറിയിപ്പ്.

b3
b3

ഓട്ടോ ഡ്രൈവറായ ജയശങ്കർ കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും നാല് ലക്ഷത്തോളം രൂപ തന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായി മുടക്കി കഴിഞ്ഞു. നാല് മാസം കടന്നു പോകുമ്പോഴും അവരുടെ കുഞ്ഞ് ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ. ഇന്ന് ആ പൈതലിന്റെ ചികിത്സാർത്ഥം ഡോക്ടർമാരും ആശുപത്രിയും ആവശ്യപ്പെടുന്ന തുക പതിനഞ്ച് ലക്ഷം രൂപയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആ പൈതലിന്റെ ജീവന്റെ വില. നിർദ്ധനരായ ആ കുടുംബത്തിന്റെ സ്വപ്നങ്ങളിൽ പോലും ആ തുകയില്ലാ എന്നുള്ളതാണ് മറ്റൊരു സത്യം.

b2

പ്രതീക്ഷയുടെ കവാടങ്ങൾ ഒന്നിനു പുറകേ ഒന്നായി കൊട്ടിയടക്കപ്പെട്ട ഈ നിമിഷത്തിൽ രേവതിയും ജയ്ശങ്കറും ഇനി കണ്ണുവയ്ക്കുന്നത് കരുണയുടെ ഉറവവറ്റാത്ത ഹൃദയങ്ങളിലേക്കാണ്. തങ്ങളുടെ കുഞ്ഞിനെ രക്ഷിക്കുന്ന കാവൽ മാലാഖമാരുടെ വരവിനായി ആശുപത്രിയിലെ ഐസിയും വാർഡിനു പുറത്ത് വഴിക്കണ്ണുമായി കാത്തിരിപ്പാണവർ.

b5