Tuesday 19 February 2019 02:44 PM IST : By സ്വന്തം ലേഖകൻ

തലച്ചോറിൽ ഫ്ലൂയിഡ്, നട്ടെല്ലിൽ സുഷിരം, ഇപ്പോൾ ന്യുമോണിയയും; വേദനയിൽ പിടഞ്ഞ് ഈ കുരുന്ന്; കനിവുകാത്ത് അച്ഛനും അമ്മയും

baby-

ജനിച്ച് രണ്ടരമാസം പ്രായം മാത്രമേ ഈ കുഞ്ഞ് വാവയ്ക്ക് ആയിട്ടുള്ളൂ. പക്ഷേ ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള പരീക്ഷണം നൽകിയാണ് ഈ പൈതലിനെ വിധിയിന്ന് പരീക്ഷിക്കുന്നത്. ആശുപത്രിയിലെ ഐസിയു വാർഡിനകത്ത് ജീവിതത്തിന്റെേയും മരണത്തിന്റേയും നൂൽപ്പാലത്തിനിടയിൽ ഈ പൈതൽ പിടയുമ്പോൾ അച്ഛനും അമ്മയ്ക്കും കണ്ണീർ പൊഴിക്കാനേ കഴിയുന്നുള്ളൂ. അത്രയ്ക്കുണ്ട് ആ വേദനയും പരീക്ഷണവും.

കൊല്ലം സ്വദേശികളായ ദീപു–ശരണ്യ ദമ്പതികളുടെ കുഞ്ഞിന് വിധി നൽകിയ വേദന ഒന്നിൽ ഒതുങ്ങുന്നതായിരുന്നില്ല. ജനിച്ച് അധികനാളാകും മുമ്പേയെത്തി ആദ്യ പരീക്ഷണം. നട്ടെല്ലിന്റെ ഭാഗത്തെ ചെറിയ മുറിവിൽ നിന്നായിരുന്നു തുടക്കം. നാൾക്കു നാൾ കഴിഞ്ഞപ്പോള്‍ മുറിവിന്റെ സ്ഥാനത്ത് ഒരു വലിയ ദ്വാരം മാത്രമായി. ജീവൻ പിടിച്ചു നിർത്താൻ അടിയന്തര ശസ്ത്രക്രിയ ഡോക്ടർമാർ വിധിച്ചപ്പോൾ പ്രിയ പൈതലിനു വേണ്ടി കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി ഓപ്പറേഷൻ നടത്തിച്ചു ദീപുവും ശരണ്യയും.

ദിനമൊട്ടു കഴിയുമ്പോൾ വീണ്ടുമെത്തി മറ്റൊരു വേദന. ആ പൈതലിന്റെ തലച്ചോറിന്റെ ഭാഗത്ത് വെറും ഫ്ളൂയിഡ് മാത്രമേയുള്ളൂവെന്ന് പരിശോധന ഫലം. ആ കുഞ്ഞ് തലയോട്ടിയിൽ സൂചിമുകൾ ആഴ്ത്തിയിറക്കുന്നതിലേക്കു വരെയെത്തി പരിശോധനയും പരീക്ഷണവും. ആ വേദന മാറ്റിയെടുക്കാനും ഓപ്പറേഷൻ നടത്താനും പിന്നേയും വേണ്ടി വന്നു ലക്ഷങ്ങൾ.

baby-3

എല്ലാം വിധിയെന്നു കരുതി സമാധാനിച്ചിരിക്കുമ്പോഴും പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല. ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ രോഗത്തിന്റെ വേദനയിൽ പിടയുകയാണ് ആ പൈതൽ. ആ പരീക്ഷണക്കടൽ താണ്ടാനും വേണം ലക്ഷങ്ങള്‍. നാളിതുവരെ വിവിധ ഘട്ടങ്ങളിലായി പതിമൂന്ന് ലക്ഷം രൂപയെങ്കിലും ഈ പൈതലിനെ രക്ഷിച്ചെടുക്കാൻ ദീപുവും ശരണ്യയും ചെലവാക്കിയിട്ടുണ്ട്. ന്യൂമോണിയയിൽ പിടയുന്ന കുഞ്ഞിനെ മരണത്തിന്റെ പിടിയിൽ നിന്നും വീണ്ടും തിരികെ കൊണ്ടുവരാനും വേണം ഇനിയുമേറെ ലക്ഷങ്ങൾ. ആശുപത്രി ബില്ലിന്റെ രൂപത്തിൽ മുന്നിലേക്കെത്തുന്ന ലക്ഷങ്ങളും പതിനായിരങ്ങളും കണ്ട് ദീപുവിന് കണ്ണീർവാർക്കാനേ ദീപുവിനാകുന്നുള്ളൂ.

‘കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി. പതിമൂന്ന് ലക്ഷത്തോളം രൂപ ഇതിനോടകം ചെലവാക്കി. ചികിത്സാർത്ഥം ഇനിയും വേണം ലക്ഷങ്ങൾ. അടിയന്തരമായി 4.5 ലക്ഷം രൂപ കെട്ടിവയ്ക്കാനാണ് ഡോക്ടർമാർ പറയുന്നത്. എന്റെ കൈയ്യിലൊന്നുമില്ല. വേറെ നിവൃത്തിയുമില്ല. മകളുടെ ചികിത്സയ്ക്കായി ആശുപത്രി കയറിയിറങ്ങുന്ന തന്റെ ഉപജീവനവും ഏറെക്കുറെ നിലച്ച മട്ടാണ്. എന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഇനി ഏതു വാതിലിൽ മുട്ടണം ഞാൻ’– കണ്ണീരോടെ ദീപു പറയുന്നു.

baby-1

പ്രതീക്ഷയറ്റിരിക്കുന്ന ഈ നിമിഷത്തിൽ ദീപുവും ശരണ്യയും ഇനി ഉറ്റുനോക്കുന്നത് നന്മയുടെ ഉറവ വറ്റാത്ത കരങ്ങളിലേക്കാണ്. തങ്ങളുടെ പൈതലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്ന കാവൽ മാലാഖമാര്‍ തങ്ങൾക്കരികിലേക്ക് എത്തുമെന്ന പ്രത്യാശയിൽ കാത്തിരിപ്പാണവർ.