Saturday 16 June 2018 02:54 PM IST : By സ്വന്തം ലേഖകൻ

ഒറ്റയ്‌ക്കിരിക്കാൻ കഴിയാത്ത കുഞ്ഞിനു ബേബി സീറ്റ്ബെൽറ്റ് നൽകിയില്ല; വിമാന ജീവനക്കാരുടെ ക്രൂര പരിഹാസം ഇന്ത്യൻ ദമ്പതികളോട്!

baby-singapore

പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞ്, അവൾക്ക് മനുഷ്യ ജീവിയെന്ന പരിഗണന പോലും നൽകാതെ വിമാന ജീവനക്കാർ. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണ് ഇന്ത്യക്കാരായ ദമ്പതികൾക്കും അവരുടെ കുഞ്ഞിനും കടുത്ത അവഗണ നേരിട്ടത്. ദിവ്യ ജോർജിനെയും ഭർത്താവിനെയുമാണ് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഏറെനേരത്തെ അധിക്ഷേപത്തിനുശേഷം ഇറക്കിവിട്ടത്. ദിവ്യ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്.

അഞ്ചു വയസ്സുള്ള ഇവരുടെ മകൾക്ക് വെറും 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ഒൻപതു കിലോയിൽ കുറവായതിനാൽ സാധാരണ കുട്ടിക്ക് ടിക്കറ്റ് എടുക്കാറില്ലെങ്കിലും ഇത്തവണ പ്രത്യേകമായി ടിക്കറ്റ് എടുത്തിരുന്നു. രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനത്തിൽ തർക്കം തുടങ്ങിയത് കുട്ടിക്ക് ബേബി സീറ്റ്ബെൽറ്റ് അനുവദിക്കുന്നതിന് ചൊല്ലിയാണ്.

"ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ പരിമിതിയെപ്പറ്റി സംസാരിച്ചിരുന്നു. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാൻ ശ്രമിക്കാമെന്നും വാക്കു തന്നു. എന്നാൽ വിമാനത്തിനുള്ളിൽ സാഹചര്യങ്ങൾ മാറി. ക്യാപ്റ്റൻ ഞങ്ങളുടെ അടുത്തുവന്നു കാര്യങ്ങൾ തിരക്കി. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റ്ബെൽറ്റ് അനുവദിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ ബേബി സീറ്റ്ബെൽറ്റ് അനുവദിക്കാൻ കഴിയില്ലെന്ന് അവർ ഉറപ്പിച്ചുപറഞ്ഞു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്. ഒടുവിൽ ഇതുപോലുള്ള കുഞ്ഞുമായി യാത്ര ചെയ്യാനാവില്ലെന്ന്  ക്യാപ്റ്റൻ യാതൊരു ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. മുഴുവൻ യാത്രക്കാരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. ഞങ്ങളുടെ ലഗേജ് പുറത്തിറക്കിയതായി പിന്നാലെ അറിയിപ്പു വന്നു. തൊട്ടുപിന്നാലെ ഞങ്ങൾക്കും ഇറങ്ങേണ്ടി വന്നു.

ഇത്രയും പറഞ്ഞത് ചില കാര്യങ്ങൾ വ്യക്തമാക്കാനാണ്. അവരുടെ പരിഹാസങ്ങൾ സഹിക്കാനാവാത്തതിനാലാണ്. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്ന് വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ എന്തെങ്കിലും തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? അഞ്ചുവർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ ‌നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമായാണ്."
- ദിവ്യ പറയുന്നു.