Wednesday 27 May 2020 05:04 PM IST : By സ്വന്തം ലേഖകൻ

അമ്മ മരിച്ചത് അവനറിഞ്ഞില്ല! മൃതദേഹത്തെ മൂടിയ പുതപ്പിൽ ഒളിച്ചു കളിച്ച് ഈ പൈതൽ; സങ്കടക്കാഴ്ച

baby-daead

നെഞ്ചു പിടയ്ക്കുന്നൊരു കാഴ്ച കണ്ട് നൊമ്പരപ്പെടുകയാണ് സോഷ്യൽ മീഡിയ. സ്വന്തം അമ്മ മരിച്ചു കിടക്കുന്നതു പോലും തിരിച്ചറിയാനാകാതെ... ആ വേദനയുടെ ആഴമറിയാതെ തത്തിക്കളിക്കുന്നൊരു പൈതലാണ് സോഷ്യൽ മീഡിയയുടെ നെഞ്ചിൽ തീകോരിയിടുന്നത്. അമ്മയുടെ മൃതദേഹത്തിനു മുകളിൽ പുതപ്പിട്ടും വലിച്ചും കളിക്കുന്ന രണ്ടു വയസ്സുകാരൻറെ ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. മനുഷ്യമനസാക്ഷിയെ തന്നെ കുത്തിനോവിക്കുന്ന ചിത്രം ബിഹാറിലെ മുസഫർപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പുറത്തു വരുന്നത്.

തിങ്കളാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി ഗുജറാത്തിൽനിന്നു മുസഫർപൂരിലേക്ക് യാത്രതിരിച്ചത്. കനത്ത ചൂടിൽ വിശപ്പും നിർജലീകരണവും മൂലം യുവതി കുഴഞ്ഞുവീണു മരിച്ചു. മുസഫർപൂരിൽ എത്തുന്നതിനു മുൻപായിരുന്നു മരണം. ഇവരുടെ മൃതദേഹം പ്ലാറ്റ്ഫോമിൽ കിടത്തിയതോടെ രണ്ടു വയസ്സുകാരൻ ഇവരുടെ ശരീരം മറച്ചിരുന്ന പുതപ്പ് വലിക്കുകയും മാറ്റുകയും ചെയ്യുകയായിരുന്നു. അമ്മ എഴുന്നേക്കുന്നത് നോക്കിയിരുന്ന കുഞ്ഞിന്റെ കളി ഒപ്പമുണ്ടായിരുന്നവർക്ക് ഹൃദയഭേദകമായി. മുതിർന്ന പയ്യൻ വന്ന് വിളിച്ചുകൊണ്ടു പോകുന്നതുവരെ കുരുന്ന് ഇത്തരത്തില്‍ കളിതുടർന്നു.

സഹോദരിക്കും സഹോദരീ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമാണ് യുവതി യാത്ര ചെയ്തിരുന്നത്. ട്രെയിനിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തത് ഇവരുടെ നിലഗുരുതരമാക്കി. ഇവർ ട്രെയിനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും അതിനാൽ കുടുംബത്തോടെ മുസഫർപുരില്‍ ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്ന് റെയിൽ‌വേ അധികൃതർ പറഞ്ഞു.

കോവിഡ് വ്യാപനവും ലോക്ഡൗണും തുടരുന്നതിനിടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. സൈക്കിളുകളിലും കാൽനടയായും വരെ ഇവർ മടങ്ങുന്നുണ്ട്. ഇതേത്തുടർന്ന് സർക്കാർ ശ്രമിക് ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.