Monday 17 June 2019 02:55 PM IST : By സ്വന്തം ലേഖകൻ

വാഹനമിടിച്ചു കിടന്ന വേഴാമ്പലിന്റെ ‘പ്രാണൻ’ തേടി പാഞ്ഞ ആ മനുഷ്യൻ ഇനിയില്ല; ഓർമ്മയായി ബൈജു കെ വാസുദേവൻ!

baiju-k-vasu

വാഹനമിടിച്ചു കിടന്ന വേഴാമ്പലിന്റെ ‘പ്രാണൻ’ തേടി പാഞ്ഞ ആ മനുഷ്യൻ ഇനിയില്ല. കാടിനെ അറിയുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ബൈജു കെ വാസുദേവൻ(46) ഓർമ്മയായി. ഏറെ നാളുകൾക്ക് മുൻപാണ് വാഹനമിടിച്ച് ജീവൻ നഷ്ടപ്പെട്ട ആൺ വേഴാമ്പലിനും അവനെയും കാത്ത് കൂട്ടിൽ കാത്തിരുന്ന പെൺ വേഴാമ്പലിനും കുഞ്ഞുങ്ങൾക്കും ഒപ്പം ബൈജുവിന്റെ പേരും വാർത്തകളിൽ ഇടം നേടിയത്. 

അന്ന് പ്രാണൻ വെടിയുമ്പോഴും ആൺ വേഴാമ്പൽ തുറക്കാതെ മുറുക്കിപ്പിടിച്ച വായ്ക്കകത്തെ പഴങ്ങൾക്ക് പിന്നാലെ കാട് കയറിയത് ബൈജുവായിരുന്നു. തീറ്റ തേടിപ്പോയ അച്ഛന് ആപത്തുണ്ടായാൽ കൂട്ടിലെ കുഞ്ഞുങ്ങളും അമ്മയും കാത്തിരുന്ന് ഭക്ഷണം ലഭിക്കാതെ വിധിയ്ക്ക് കീഴടങ്ങുമായിരുന്നു. ഇതറിയാവുന്ന ബൈജുവിന് നിഷ്ക്രിയമായിരിക്കാൻ കഴിഞ്ഞില്ല. 

കാടാകെ നടന്ന് വേഴാമ്പലിന്റെ കൂട് തിരഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് പെൺപക്ഷിയുടെ കൂട് കണ്ടെത്തിയത്. ഉടൻതന്നെ ഒറ്റയ്ക്ക് കൂട്ടിലകപ്പെട്ട ആ അമ്മ വേഴാമ്പലിനും കുഞ്ഞുങ്ങൾക്കും ഭക്ഷണം ഒരുക്കി നൽകി. ഇരുപത്തിയഞ്ച് അടി ഉയരത്തിലുള്ള കൂട്ടിലേക്ക് മുള ഏണി വച്ചു കയറിയാണ് ദിവസങ്ങളോളം മണിക്കൂറുകൾ ഇടവിട്ട് ആഞ്ഞിലിപ്പഴങ്ങൾ ഇട്ടു കൊടുത്തത്.  

സഹജീവി സ്നേഹത്തിന്റെ ഈ വേറിട്ട കഥ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ അതിരപ്പിള്ളി കാടുകളുടെ പ്രിയമിത്രമായിരുന്ന ബൈജുവിനെ അറിയാത്ത ആളുകൾ കൂടി അറിഞ്ഞു തുടങ്ങി. അദ്ദേഹത്തിന്റെ വിയോഗം കണ്ണീരോടെയാണ് പ്രകൃതി സ്നേഹികൾ കേട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ തൃശൂരിലെ കാടുകളിൽ വാർത്തകൾക്കെത്തുമ്പോൾ വഴികാട്ടിയായിരുന്നു ബൈജു.

ദിവസങ്ങൾക്ക് മുൻപ് വീട്ടിലെ വാട്ടർ ടാങ്ക് നന്നാക്കുന്നതിനിടെ വീണ് ബൈജുവിന് പരുക്കേറ്റിരുന്നു. വാരിയെല്ല് പൊട്ടുകയും കരളിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ പോയി ചികിൽസ കഴിഞ്ഞു മരുന്നുകളുമായി തിരിച്ചെത്തിയതാണ്. ഞായറാഴ്ച രാവിലെ വേദന കൂടിയെന്നു സുഹൃത്തുക്കൾ പറയുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരെയാകെ സങ്കടപ്പെടുത്തുന്നതാണ് ബൈജുവിന്റെ മരണം.