Thursday 13 December 2018 12:19 PM IST : By എൻ.എം. അബൂബക്കർ

ബാലുവിന്റെ മണല്‍ചിത്രം ലേലത്തിന്; ഏവരെയും അദ്ഭുതപ്പെടുത്തി ചിത്രം വിറ്റത് വൻ തുകയ്ക്ക്!

balabhaskar-sand-art.jpg.image.784.410

മൺമറഞ്ഞാലും മരിക്കാത്ത ഓർമകൾ ജനമനസിൽ എന്നും ജ്വലിച്ചുനിൽക്കും. ഇതിനു തെളിവാണ് കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന ലേലംവിളി. അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മണല്‍ചിത്രം ലേലത്തിനുവച്ചപ്പോൾ ആരാധകർ മത്സരപൂർവം രംഗത്തെത്തിയ കാഴ്ച ഏവരെയും അദ്ഭുതപ്പെടുത്തി. ബാലഭാസ്കറിന്‍റെ സംഗീതംപോലെ ലേലത്തിനുമുണ്ടായിരുന്നു ഈണവും താളവും. മഹാനായി സംഗീത പ്രതിഭയുടെ സ്മരണകൾ ജ്വലിച്ചുനിന്ന ലേലം വിളിയിൽ 3110 ദിർഹമിന് (60,000ത്തിലേറെ രൂപ) ഡോ. ബഷീർ പുന്നയൂർക്കുളം ചിത്രം സ്വന്തമാക്കി. ചിത്രകാരി രെഷ്മ സൈനുലാബ്ദീൻ വരച്ച ചിത്രമാണ് കേരള സോഷ്യൽ സെന്‍റിൽ നടന്ന കേരളോത്സവത്തിലൂടെ ലേലം ചെയ്തത്.

100 ദിര്‍ഹമില്‍ നിന്നും തുടങ്ങിയ ലേലം വിളി വളരെ വാശിയോടുകൂടി മുന്നേറിയത് ബാലഭാസ്കറി ഈണം മുറുകുന്നതുപോലായിയിരുന്നു. അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിയ കലാകാരന്‍റെ ചിത്രം സ്വന്തമാക്കാന്‍ പലരും നിരവധി തവണ ലേലത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ബാലഭാസ്‌കറിനോടുള്ള അനിര്‍വചനീയമായ സ്‌നേഹവായ്പാണ് പ്രകടമായത്. മണല്‍ ചിത്രകലയിലൂടെ തന്‍റേയൊരു സാമ്രാജ്യം തീര്‍ത്ത രെഷ്മ സൈനുലാബ്ദീന്‍ കേരളോത്സവത്തോടനുബന്ധിച്ച് കെഎസ്.സി വനിതാവിഭാഗം ഒരുക്കിയ പ്രത്യേക പരിപാടിയിലായിരുന്നു അന്തരിച്ച ബാലഭാസ്‌കറിന്‍റെ ചിത്രം വരച്ചത്. ആയിരങ്ങളെ സാക്ഷിനിര്‍ത്തി നിമിഷനേരംകൊണ്ട് ബാലഭാസ്‌കറിനെ മണലില്‍ വരച്ചുതീര്‍ത്തപ്പോള്‍ ആരാധകർ ഹര്‍ഷാരവത്തോടെ വരവേറ്റു.

balabhaskar-sand-art1.jpg.image.784.410

പ്രമുഖ പാചക വിദഗ്ധയും ഫാഷന്‍ ഡിസൈനറും ആര്‍ട്ട് തെറാപ്പിസ്റ്റുമായ രെഷ്മ. ചിത്ര രചനയ്ക്ക് ഈണമായി സ്‌നേഹ ഓജന്‍ വയലിനിലും അമല്‍ കീബോര്‍ഡിലും രെഷ്മയെ അനുഗമിച്ചപ്പോൾ വേദിയിൽ ബാലഭാക്സറിന്‍റെ അദൃശ്യസാന്നിധ്യമായി. അസാന്നിധ്യത്തിലും നിറസാന്നിധ്യമായ ബാലഭാസ്കർ ജനമനസുകളിൽ ഈണമായും താളമായും ജീവിക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ജനങ്ങളുടെ പങ്കാളിത്തം.

കേരള സോഷ്യല്‍ സെന്‍റര്‍ വനിതാവിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന്‍, ജോയിന്‍റ് കണ്‍വീനര്‍മാരായ ഷൈനി ബാലചന്ദ്രന്‍, ഷൽമ സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിത്രം ഡോ. ബഷീര്‍ പുന്നയൂര്‍ക്കുളത്തിനു സമ്മാനിച്ചു. ബാലഭാസ്കറിനോടുള്ള സ്നേഹത്തിൽ വിളിച്ചെടുത്ത ചിത്രം അദ്ദേഹം കേരള സോഷ്യല്‍ സെന്‍റര്‍ ലൈബ്രറിയിലേയ്ക്ക് സംഭാവന ചെയ്തു. ലേലത്തില്‍ ലഭിച്ച തുക പ്രളയത്തിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള ഫണ്ടിലേക്കു സംഭാവന  ചെയ്യുമെന്ന് പ്രസിഡന്‍റ് എ.കെ.ബീരാന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ അറിയിച്ചതോടെ നവകേരളത്തിലും ബാലഭാക്സറിന്‍റെ സാന്നിധ്യമാവുകയായിരുന്നു.

sand-art.jpg.image.784.410

more...