Thursday 30 July 2020 02:59 PM IST

‘ലക്ഷ്മിയോട് ഞങ്ങൾക്ക് വിരോധമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു’; സിബിഐ എത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് പറയാനുള്ളത്

Nithin Joseph

Sub Editor

bala-cbi

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേരള പൊലീസിൽ നിന്നാണ് അന്വേഷണം സിബിഐ എറ്റെടുത്തത്. ഈ സാഹചര്യത്തിൽ ബാലഭാസ്കറിന്റെ വനിത ഓൺലൈനു നൽകിയ അഭിമുഖവും പ്രസക്തമാകുകയാണ്.

വിവാദമായ സ്വർണക്കടത്ത് കേസും സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവും തമ്മിലുള്ള ബന്ധവും പൊതുസമൂഹം ചേർത്തുവയ്ക്കുന്നതിനിടെയാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. സംഭവത്തിൽ ചർച്ചകളും സജീവമാകുമ്പോൾ അത്തരമൊരു സാധ്യത തള്ളാതെ പ്രതികരിക്കുകയാണ് ബാലഭാസ്കറിന്റെ അമ്മയുടെ സഹോദരിയുടെ മകൾ പ്രിയ വേണുഗോപാൽ. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തിരിക്കുന്നതോടെ ബാലുവിന്റെ മരണത്തിനു പിന്നില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ അതും മറനീക്കി പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം എന്ന് പ്രിയ ‘വനിത ഓൺലൈനോട്’ പ്രതികരിച്ചു. 2018 സെപ്തംബർ 25 ന് നടന്ന കാർ അപകടത്തിലാണ് ബാലഭാസ്കർ കൊല്ലപ്പെട്ടത്.

‘ബാലഭാസ്കറിന്റെ മരണശേഷം കഴിഞ്ഞ വർഷം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ പേര് പലരും പരാമർശിച്ച സാഹചര്യത്തിലാണ് ഞങ്ങൾ കുടുംബാംഗങ്ങൾ ഈ വിഷയത്തിന് വളരെയധികം ഗൗരവം നൽകിയത്. ബാലുചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് സംശയമുണ്ടായിരുന്ന രണ്ട് വ്യക്തികളാണ് പ്രകാശ് തമ്പിയും വിഷ്ണുവും. 2019 മേയിൽ സ്വർണക്കടത്ത് കേസിൽ ഇവർ അറസ്റ്റിലായി. എന്നാൽ, തൊട്ടടുത്ത ദിവസം ബാലുച്ചേട്ടന്റെ ഭാര്യ ലക്ഷ്മിയുടേതായി ഒരു ഒഫീഷ്യൽ സ്‌റ്റേറ്റ്മെന്റ് വന്നു. പ്രകാശ് തമ്പിയെയോ വിഷ്ണുവിനെയോ വ്യക്തിപരമായി അറിയില്ലെന്നും ചില പ്രോഗ്രാമുകൾ നടത്തിയ മാനേജർമാർ എന്ന നിലയിൽ മാത്രമേ പരിചയമുള്ളൂ എന്നും ആ സ്‌റ്റേറ്റ്മെന്റിൽ പറയുന്നു. എന്നാൽ ഇതു ശരിയല്ലെന്നാണ് ഞങ്ങളുടെ അറിവ്.

balu-priya332

അപകടം നടന്ന ദിവസത്തെ യാത്ര പോലും ബാലുചേട്ടൻ മുൻകൂട്ടി തീരുമാനിച്ചത് ആയിരുന്നില്ല. അവസാനനിമിഷം ഇവരുടെ തീരുമാനം ആയിരുന്നു. ആശുപത്രിയിലായിരുന്ന സമയത്തും പ്രകാശിന്റെയും വിഷ്ണുവിന്റെയും നിയന്ത്രണത്തിലായിരുന്നു കാര്യങ്ങളെല്ലാം. ബന്ധുക്കളായ ഞങ്ങളെപ്പോലും അവിടെനിന്ന് മാറ്റാൻ ഇവർ ശ്രമിച്ചു. അപകടനില തരണം ചെയ്തുവെന്ന തരത്തിൽ പ്രതീക്ഷകൾ തന്നതിനു ശേഷമാണ് ചേട്ടന്റെ അപ്രതീക്ഷിതമായ മരണം.

ഞങ്ങൾ കുടുംബാംഗങ്ങൾ സത്യാവസ്ഥ തുറന്നു പറഞ്ഞപ്പോൾ ലോക്കൽ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും ഭാഗത്തുനിന്നുള്ള സമീപനം നല്ലതായിരുന്നില്ല. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം ബാലുചേട്ടന്റെ കുടുംബത്തിന് ലക്ഷ്മിയോടുള്ള വിരോധത്തിന്റെ ഭാഗമാണെന്ന് അവർ സ്ഥാപിക്കാൻ ശ്രമിച്ചു. വാസ്തവത്തിൽ ലക്ഷ്മിക്കു വേണ്ടിയാണ് ഞങ്ങൾ നിലകൊണ്ടത്. അവരുടെ സുരക്ഷയെക്കൂടി കരുതിയാണ് ബാലുചേട്ടന്റെ അച്ഛൻ മുന്നോട്ട് വന്നത്.

പിന്നീട് ഞങ്ങളുടെ മനസ്സിലെ സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള നിരവധി വിവരങ്ങള്‍ പുറത്തു വന്നു. മരിക്കുന്നതിന് ഏഴുമാസം മുൻപ് ബാലുചേട്ടന്റെ പേരിൽ എൽഐസിയിൽ 40 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടായിരുന്നു. അത്ര വലിയ തുകയ്ക്കുള്ള പോളിസി എടുത്തിരിക്കുന്നത് വിഷ്ണുവിന്റെ നാടായ പുനലൂരിൽ നിന്നാണ്. അതിന്റെ ക്ലെയിം തുക 80 ലക്ഷത്തിലധികം വരും. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചെങ്കിലും അവർ യാതൊരു വിലയും കൽപിച്ചില്ല.

പിന്നീട് കേസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഞങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അന്വേഷണസംഘത്തിൽനിന്ന് യാതൊരുവിധ സഹകരണവും ഉണ്ടായില്ല. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് തോന്നിയപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഞങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഉൾപ്പെടുത്തി ഡിജിപിക്ക് ഒരു കത്ത് നൽകി.

കഴിഞ്ഞ ഡിസംബറിലാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നത്. ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കിട്ടാനുണ്ട്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രധാന സാക്ഷിയായിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ അജി പിന്നീട് സാക്ഷികളുടെ പട്ടികയിൽ പോലും ഇല്ലായിരുന്നു. കലാഭവൻ ഷോബി എന്ന വ്യക്തിയുടെ സാക്ഷിമൊഴികളും ക്രൈംബ്രാഞ്ച് വിലയ്ക്കെടുത്തില്ല. ഈ സംശയങ്ങളെല്ലാം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും മറ്റ് കേന്ദ്രമന്ത്രിമാർക്കുമെല്ലാം ഞങ്ങൾ കത്തയച്ചിരുന്നു. സിബിഐയുടെ ഏത് വിങ്ങിനാണ് അന്വേഷണച്ചുമതല എന്നതാണ് ഇനി അറിയാനുള്ളത്.

ബാലുചേട്ടന്റെ അടുത്ത സുഹൃത്തുക്കൾ പോലും ഈ വിഷമഘട്ടത്തിൽ ഞങ്ങൾക്കൊപ്പം നിന്നില്ല. ഈ കേസ് വലിയ ചർച്ചയായ സമയത്ത് അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും ബാലുചേട്ടന്റെ അച്ഛനെ വിളിച്ച് പറഞ്ഞത് ‘ബാലുവിന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കരുത്’ എന്നാണ്. പക്ഷേ, അന്ന് അച്ഛൻ പറഞ്ഞത്, ‘എന്റെ മകൻ തെറ്റ് ചെയ്യില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടുണ്ടെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ അവന് അതിന് ഏറ്റവും വലിയ ശിക്ഷതന്നെ കിട്ടുകയും ചെയ്തു. പക്ഷേ, അവന്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ നീങ്ങി സത്യം പുറത്ത് വരണം’ എന്നാണ്.

സോഷ്യൽ മീഡിയിൽ മുഖമില്ലാത്ത പലരിൽനിന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഞാനുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ സ്വർണക്കടത്ത് കേസ് വലിയ ചർച്ചയായി മാറുന്നത്. ബാലുചേട്ടന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രകാശ് തമ്പിയ്ക്കും വിഷ്ണുവിനും ഇപ്പോഴത്തെ കേസിലെ പ്രതികളുമായി ബന്ധമുണ്ട്. അവർക്കൊപ്പം കേസിൽ ഉൾപ്പെട്ട അഡ്വക്കേറ്റ് മുൻപ് സ്വപ്നയ്ക്കു വേണ്ടി ഏതോ കേസ് വാദിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു.

തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി നടന്ന എല്ലാ സ്വർണക്കടത്തിനു പിന്നിലും സ്വപ്നയും സംഘവുമുണ്ടെന്ന് തെളിയുമ്പോൾ തീർച്ചയായും സമാനമായ കേസിൽ പ്രതികളായ പ്രകാശ് തമ്പിയും വിഷ്ണുവുമായി ഇവർക്ക് ബന്ധമുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുമ്പോൾ എല്ലാ സത്യങ്ങളും പുറത്തുവരും. അതിനൊപ്പം ഞങ്ങളുടെ സംശയങ്ങളുംകൂടി ചേർത്തുവയ്ക്കണമെന്നാണ് പറയാനുള്ളത്.

അപകടം നടക്കുന്ന സമയത്ത് ഡ്രൈവറായ അർജുനാണ് വണ്ടിയോടിച്ചതെന്ന് സാക്ഷികൾ വെളിപ്പെടുത്തിയതാണ്. അർജുൻ ആദ്യം പറഞ്ഞതും അതായിരുന്നു. പിന്നീട് വണ്ടിയോടിച്ചത് ബാലുചേട്ടനാണെന്ന് അയാൾ മൊഴി നൽകി. ഇപ്പോൾ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലുചേട്ടന്റെ മാതാപിതാക്കൾക്കും ലക്ഷ്മിയ്ക്കുമെതിരെ അർജുൻ കേസ് നൽകിയിരിക്കുകയാണ്. ഇതിലെല്ലാം വളരെയധികം ദുരൂഹതകൾ തോന്നുന്നുണ്ട്.

ബാലുചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സംശയം ഇങ്ങനെയാണ്, ഒന്നുകിൽ അറിയാൻ പാടില്ലാത്ത എന്തോ രഹസ്യം അറിഞ്ഞതിന്റെ പേരിൽ ബാലുചേട്ടൻ കൊല്ലപ്പെട്ടു. അല്ലെങ്കിൽ ഇവരുമായി ഉണ്ടായ എന്തോ തർക്കത്തിന്റെ പേരിൽ. അപകടം കരുതിക്കൂട്ടി സംഭവിച്ചതല്ലെങ്കിൽകൂടി, ആശുപത്രിക്കിടക്കയിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞതിനു ശേഷം പെട്ടെന്നെങ്ങനെ ബാലുചേട്ടൻ മരിച്ചു.? സത്യങ്ങളെല്ലാം ഒരുനാൾ മറനീക്കി പുറത്തുവരും.’– പ്രിയ പറയുന്നു.