Wednesday 26 September 2018 02:40 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ വയലിൻ നാദത്തിന് കാതോർത്ത് ജാനി; കണ്ണീരണിയാതെ ഈ ദൃശ്യങ്ങൾ കണ്ടിരിക്കാനാകില്ല –വിഡിയോ

jani

അച്ഛന്റെ നെഞ്ചിലെ ചൂടേറ്റുറങ്ങാനായിരുന്നു ജാനിക്കിഷ്ടം. പാതിരയുടെ നിശബ്ദതയിൽ അച്ഛൻ വയലിനിൽ തന്ത്രികള്‍ മീട്ടുമ്പോൾ അതിന് കാതോർത്ത്....കാതോർത്ത് മിഴികൾ പതിയെ അടയ്ക്കും. എന്നാൽ അവൾ അവസാനമായി മിഴിയടച്ചപ്പോൾ മാത്രം അച്ഛൻ അരികിലില്ലായിരുന്നു.

കാറിന്റെ ചില്ലുകൾ തകർത്ത് അപ്പയുടേയും അമ്മയുടേയും പ്രിയപ്പെട്ട ജാനിയെ പുറത്തെടുക്കുമ്പോൾ, ആ കുഞ്ഞ് ഹൃദയത്തിൽ ജീവന്റെ തുടിപ്പ് ഒരൽപ്പം ബാക്കിയുണ്ടായിരുന്നിരിക്കണം. പക്ഷേ അവസാനമായി അവളെ ഒരു നോക്കു കാണാൻ പോലുമാകാതെ അകലെയെവിടെയോ ജീവനു വേണ്ടി മല്ലിടുകയായിരുന്നു ആ അച്ഛനും അമ്മയും.വേദനയുടെ ആഴമെന്തെന്നാൽ ഈ നിമിഷം വരേയും തങ്ങളുടെ പൈതലിന് മരണം തട്ടിയെടുത്തുവെന്ന വലിയ സത്യമറിയാതെ ജീവൻ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് അവർ, വിധിയങ്ങനെയാണ്, ചിലപ്പോഴൊക്കെ ക്രൂരതയുടെ മുഖപടം അണിയാറുണ്ട്.

തേജസ്വിനിയുടെ പുഞ്ചിരി പൊഴിക്കുന്ന ചിത്രം ഒരു നെരിപ്പോടിലെന്ന പോലെ നമ്മുടെ മനസിൽ കിടന്നങ്ങനെ നീറുമ്പോൾ ഇതാ മറ്റൊന്ന് കൂടി. അച്ഛന്റെ വയലിൻ മധുര സ്വരങ്ങൾക്ക് കാതോർത്ത് അമ്മയുടെ മാറത്ത് ചാഞ്ഞുറങ്ങുന്ന തേജസ്വിയുടെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. ‘പുതു വെള്ളൈ മഴൈ...’ എന്ന വിഖ്യാത ഗാനത്തിന് വയലിനിലൂടെ ബാലഭാസ്കർ പുതുജീവൻ പകരുമ്പോൾ അമ്മയുടെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവൾ ഇടയ്ക്ക് അച്ഛനെ നോക്കുന്നുണ്ട്.

കണ്ണീരോടെയല്ലാതെ ഈ രംഗങ്ങൾ കണ്ടിരിക്കാനാകില്ല. തേജസ്വിനിയുടെ മരണവാർത്തയിൽ ഞെട്ടിത്തരിച്ച മലയാളി മനസിനെ അത്രമേൽ ആഴത്തിൽ കുത്തി നോവിക്കും ആ കുരുന്നിന്റെ ഓമനത്വം തുളുമ്പുന്ന മുഖം. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ആ വിഡിയോക്ക് കീഴെ തേജസ്വിനിക്ക് വേണ്ടിയുള്ള കണ്ണീർ പൂക്കളാണ്...പിന്നെ മനസു നിറഞ്ഞ പ്രാർത്ഥനയും...

‘തിരിച്ചു വന്നേ മതിയാകൂ ബാലുച്ചേട്ടാ ..പ്രാർത്ഥനകൾ കണ്ടില്ലന്നു നടിക്കരുതേ.....’