Saturday 24 August 2019 02:30 PM IST : By സ്വന്തം ലേഖകൻ

ബാലഭാസ്‌കറിന്റെ അപകടമരണം; കാറോടിച്ചത് ഡ്രൈവര്‍ അർജുൻ, അറസ്റ്റ് ഉടനെ ഉണ്ടായേക്കും!

balabhaskar-driver-arjun8886

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ഡ്രൈവര്‍ അര്‍ജുനെ അറസ്റ്റ് ചെയ്‌തേക്കും. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെടുന്ന സമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് സ്ഥിരീകരിച്ചു കൊണ്ടുളള ഫോറന്‍സിക് റിപ്പോര്‍ട്ട് മണിക്കൂറുകൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് പുതിയ നീക്കം തുടങ്ങിയത്.

സ്റ്റിയറിങ്ങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ അർജുനാണ് വാഹനമോടിച്ചതെന്ന നിഗമനത്തിൽ എത്തിയത്. ഫോറന്‍സിക് സയന്‍സ് ലാബിൽ നിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതോടെ അര്‍ജുന്റെ മൊഴി മാറ്റം സംബന്ധിച്ച് ദുരൂഹതകൾ മാറും. 

വാഹനം അമിതവേഗത്തിലായിരുന്നു. അപകടത്തിൽപ്പെടുമ്പോൾ 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയ്ക്കായിരുന്നു വാഹനം. ബാലഭാസ്കർ മധ്യഭാഗത്തെ സീറ്റിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു. ഭാര്യ ലക്ഷ്മിയും മകളുമായിരുന്നു മുന്‍സീറ്റിലിരുന്നത്. സീറ്റ് ബെൽറ്റിട്ടിരുന്നത് ലക്ഷ്മി മാത്രമായിരുന്നു. അപകടത്തില്‍ അര്‍ജുന് സംഭവിച്ച പരുക്ക് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുമ്പോള്‍ പറ്റിയതാകാമെന്നാണ് ഫോറന്‍സിക് വകുപ്പിന്റെ കണ്ടെത്തല്‍. 

Tags:
  • Spotlight