Tuesday 25 September 2018 04:14 PM IST : By സ്വന്തം ലേഖകൻ

ആശുപത്രിയിലെത്തും മുൻപേ തേജസ്വി മരണപ്പെട്ടിരുന്നു; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ബാലഭാസ്കറിന് അടിയന്തര ശസ്ത്രക്രിയ

bala-a

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. ബാലഭാസ്കറിന് നട്ടെല്ലിന് ഗുരുതരപരുക്കും ശരീരത്തില്‍ ഒട്ടേറെ ഒടിവുകളുമുണ്ട്. കൂടാതെ തുടയെല്ലിലും കഴുത്തിലും സാരമായ പരിക്കുണ്ട്. അതേസമയം രക്തസമ്മർദ്ദം താഴ്ന്ന നിലയിൽ തുടരുന്നതിനാൽ അടിയന്തര ശസ്ത്രക്രിയ എന്നത് ഡോക്ടർമാരെ സംബന്ധിച്ചടത്തോളം ശ്രമകരമാണ്. മൂന്നു ദിവസത്തിനു ശേഷം മാത്രമേ അദ്ദേഹത്തിന്റെ അപകടനില സംബന്ധിച്ച് ഡോക്ടർമാർക്ക് കൃത്യമായ വിവരം നൽകാനാകൂ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ബാലഭാസ്കർ.

അതേസമയം അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവർ അര്‍ജുനൻ എന്നിവരുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. ഇരുവർക്കും അരയ്ക്ക് കീഴ്പോട്ടാണ് പരുക്കുകളേറെയും. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടു വയസുകാരി മകൾ തേജസ്വി മരിച്ചിരുന്നു.

15

വിധി തട്ടിയെടുത്തത് 16 വർഷം കാത്തിരുന്ന് കിട്ടിയ മുത്തിനെ; പൊന്നോമനയെ മരണം കവർന്നതു പോലുമറിയാതെ ബാലഭാസ്കറും ഭാര്യയും

bala-b

അപകടം നടക്കുമ്പോൾ മുന്‍സീറ്റില്‍ ബാലഭാസ്കറിന്റെ മടിയിലായിരുന്നു മകൾ തേജസ്വി ഇരുന്നത്. തേജസ്വിയെ കാറിനുള്ളിൽ നിന്നും പുറത്തേക്കെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ തേജസ്വി മരണപ്പെട്ടിരുന്നു എന്നാണ് വിവരം.

തൃശൂർ വടക്കുംനാഥ ക്ഷേത്ര ദർശനം കഴിഞ്ഞു വരികയായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിയും. ഡ്രൈവര്‍ അര്‍ജുനാണ് കാറോടിച്ചിരുന്നത്. ദേശീയപാതയില്‍ കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് നിയന്ത്രണം നഷ്ടമായ വാഹനം വഴിയരികിലെ മരത്തില്‍ ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമന്നാണ് കരുതുന്നത്. പുലർച്ചെ നാലു മുപ്പതിന് പള്ളിപ്പുറത്തു വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടത്.

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകൾ മരിച്ചു