Tuesday 25 September 2018 04:11 PM IST : By സ്വന്തം ലേഖകൻ

വിധി തട്ടിയെടുത്തത് 16 വർഷം കാത്തിരുന്ന് കിട്ടിയ മുത്തിനെ; പൊന്നോമനയെ മരണം കവർന്നതു പോലുമറിയാതെ ബാലഭാസ്കറും ഭാര്യയും

tej

രംഗബോധമില്ലാത്ത മരണമെന്ന സത്യത്തിന് ഇങ്ങനേയും ചില മുഖങ്ങളുണ്ട്, ഒരായുഷ്ക്കാലത്തിന്റെ മുഴുവൻ വേദന പേറാൻ തക്കവണ്ണമുള്ള ക്രൂരമായ ഭാവമുണ്ട്. അല്ലെങ്കിൽ പതിനാറ് വർഷത്തെ കാത്തിരിപ്പിന്റെ പൂർണതയായ കൺമണിയെ ഒരു നിമിഷം കൊണ്ട് മരണം കൊത്തിപ്പറന്നു കൊണ്ടു പോകില്ലായിരുന്നു. ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ വെറും രണ്ടു വർഷം മാത്രം ചേർത്ത് വച്ച് തേജസ്വിയെന്ന പൈതൽ പറന്നു പോയി, അച്ഛനും അമ്മയും ഇപ്പോൾ അനുഭവിക്കുന്ന വേദനകളൊന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്.

തേജസ്വിയെന്ന കുഞ്ഞിളം കൺമണിയെ കൊഞ്ചിച്ച് കൊതി തീർന്നിരുന്നിട്ടുണ്ടായിരുന്നില്ല ആ അച്ഛനും അമ്മയ്ക്കും. അവളുടെ കളിചിരികളിൽ സ്വപ്നങ്ങൾ നൂറാവൃത്തി കണ്ടിരുന്നു അവർ. എന്തിനേറെ, ആ കലാകാരന്റെ എളിയ ജീവിതത്തിലെ സന്തോഷങ്ങളുടേയും സന്താപങ്ങളുടേയും പ്രതീക്ഷകളുടേയും ആകെത്തുകയായിരുന്നു കുഞ്ഞ് തേജസ്വി.

tej-1

വിധിയുടെ വേദനയുടെ ആഴമെന്തന്നാൽ തങ്ങളുടെ കുഞ്ഞിളം പൈതലിനെ മരണം കവർന്നെടുത്തതു പോലുമറിയാതെ ആശുപത്രിയുടെ ശീതീകരിച്ച മുറിക്കുള്ളിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിൽ പൊരുതുകയാണ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും.

തൃശൂർ വടക്കുംനാഥ ക്ഷേത്ര ദർശനം കഴിഞ്ഞു വരുമ്പോഴായിരുന്നു ബാലഭാസ്കറിനും കുടുംബത്തിനും അപകടം സംഭവിക്കുന്നത്. ദൈവം കനിഞ്ഞു നൽകിയ തേജസ്വിയെന്ന നിധിക്കു വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു ആ യാത്ര. കുഞ്ഞിന്റെ നേർച്ചയുമായി ബന്ധപ്പെട്ടാണ് ഇവർ ക്ഷേത്രത്തിൽ പോയതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. 16 വർഷം നീണ്ട തേടലിന്റേയും മനമുരുകിയുള്ള നേർച്ചകളുടേയും ബാക്കിയായിരുന്നു ആ കൺമണി.

ആശുപത്രിയിലെത്തും മുൻപേ തേജസ്വി മരണപ്പെട്ടിരുന്നു; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ബാലഭാസ്കറിന് അടിയന്തര ശസ്ത്രക്രിയ

bala

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠികളായിരുന്നു ലക്ഷ്മിയും ബാലഭാസ്കറും. 2000ലായിരുന്നു ഇവരുടെ വിവാഹം. പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്കൊരു മകൾ പിറന്നത്.

അപകടം നടക്കുമ്പോൾ ബാലയുടെ മടിയിൽ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു അവൾ. കാറിന്റെ ചില്ലു തകർത്ത് അവളെ പുറത്തെടുക്കുമ്പോഴേക്കും അവൾ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പേ തേജസ്വി മരിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

tej-3

അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകര്‍ന്നിരുന്നു. കാർ പൊളിച്ചപ്പോൾ ആദ്യം കണ്ടത് കു‍ഞ്ഞിനെയാണ്. അപ്പോൾത്തന്നെ ഹൈവേ പൊലീസ് അവരുടെ വാഹനത്തിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പുറത്തെടുക്കുമ്പോൾ തന്നെ കു‍ഞ്ഞിന് ബോധമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്ന പൊലീസും സാക്ഷ്യപ്പെടുത്തുന്നു.

tej-2

അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാലഭാസ്കറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. ബാലഭാസ്കറിന് നട്ടെല്ലിന് ഗുരുതരപരുക്കും ശരീരത്തില്‍ ഒട്ടേറെ ഒടിവുകളുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ബാലഭാസ്കർ.

15

അതേസമയം അപകടത്തിൽ ഗുരുതര പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവർ അര്‍ജുനൻ എന്നിവരുടെ നിലയും ഗുരുതരമായി തുടരുകയാണ്. ഇരുവർക്കും അരയ്ക്ക് കീഴ്പോട്ടാണ് പരുക്കുകളേറെയും. മൂവരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രിവൃത്തങ്ങൾ സൂചന നൽകുന്നു.

bala-a

വയലിനിൽ ഫ്യൂഷൻ സംഗീതത്തിന്റെ മായിക പ്രപഞ്ചം തീർക്കുന്ന ബാലഭാസ്കർ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംഗീതജ്ഞനാണ്. എ ആർ റഹ്മാൻ, ഹരിഹരൻ ശിവമണി തുടങ്ങി ഒരുപിടി പ്രതിഭകളുടെ സംഗീത നിശകളിൽ വരെ സാന്നിദ്ധ്യമായിട്ടുണ്ട് ഈ കലാകാരൻ.

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; മകൾ മരിച്ചു