Saturday 11 April 2020 04:26 PM IST

ബോറഡിച്ച് ലോക്കാകേണ്ട; ഗിന്നസ് റെക്കോർഡ് നേടിയ ഷിജിന ബലൂൺ ആർട് പഠിപ്പിച്ചു തരും

Roopa Thayabji

Sub Editor

baloon-2

ലോക്ക് ഡൗൺ കാലത്ത് പടം വരച്ചും പെയിന്റ് ചെയ്തും പാചകം ചെയ്തുമൊക്കെ ക്ഷീണിച്ചോ. ‘അതുക്കും മേലെ’ എന്തുണ്ടെന്നു ‘തിങ്ക്’ ചെയ്തവരെ ബലൂൺ ആർട്ടിൽ ഗിന്നസ് റെക്കോർഡ് നേടിയ ഷിജിന പ്രീത് വിളിക്കുന്നുണ്ട്, ഓൺലൈനായി ഒരാഴ്ച കൊണ്ട് ബലൂൺ ആർട്ട് പഠിക്കാം. സൂപ്പർ മാർക്കറ്റ് അടയ്ക്കും മുമ്പ് ഒരു പാക്കറ്റ് ബലൂൺ വാങ്ങി വയ്ക്കണേ, എന്നിട്ടാകാം ബാക്കി വായിക്കുന്നത്.

baloon-1

പ്രായവ്യത്യാസമില്ലാതെ ആർക്കും ബലൂൺ ആർട് പഠിക്കാമെന്ന് ഷിജിന വനിത ഓൺലൈനോടു പറഞ്ഞു. ‘എന്റെ മോൾ ജ്വാല ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് അവൾ വീട്ടിലിരുന്ന് ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ തോന്നിയ ഐഡിയയാണ് കുട്ടികൾക്കു വേണ്ടി ഓൺലൈനിൽ ക്ലാസെടുത്താലോ എന്ന്. സ്മാർട് ഫോണും ഇന്റർനെറ്റ് കണക്ഷനും പിന്നെ സാധാരണ ബലൂണുകളും മതി ബലൂൺ ആർട് പഠിക്കാൻ. വായു ഊതി നിറയ്ക്കാൻ വലിയ അധ്വാനമൊന്നും വേണ്ടല്ലോ. ഒരാഴ്ചത്തെ ബേസിക് ക്ലാസിന് 200 രൂപയേ ഫീസുള്ളൂ. ആദ്യബാച്ച് ക്ലാസിന് കുട്ടികളും അമ്മമാരുമടക്കം നൂറിലേറെ പേരാണ് രജിസ്റ്റർ ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മുതൽ അങ്ങു ഖത്തറിൽ നിന്നുവരെ ഉള്ളവർ ആ ബാച്ചിൽ ഉണ്ടായിരുന്നു. അടുത്ത ബാച്ച് ഏപ്രിൽ 15ന് തുടങ്ങും. കാർട്ടൂൺ കഥാപാത്രങ്ങളും ബലൂൺ ഫ്ലവർ, ബലൂൺ ഐസ്ക്രീം, മൃഗങ്ങൾ തുടങ്ങിയ രൂപങ്ങളൊക്കെ ഈ ബേസിക് പരിശീലനത്തിലൂടെ ഈസിയായി ഉണ്ടാക്കാം. ക്ലാസുകൾ ഹിറ്റായ സ്ഥിതിക്ക് ലോക്ക് ഡൗൺ പിൻവലിച്ചാലും ഓൺലൈനിൽ തന്നെ അഡ്വാൻസ്ഡ് ക്ലാസ് എടുത്താലോ എന്നാണ് ഇപ്പോൾ എന്റെയും ഭർത്താവും മെന്റലിസ്റ്റുമായ പ്രീത് അഴീക്കോടിന്റെയും ആലോചന.’

baloon-3

ബലൂൺ ആർട് ഡിസൈനുകൾ കൊണ്ട് ഫാഷൻ ഷോ നടത്തിയതിനാണ് ഷിജിനയുടെ പേര് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ഷിജിനയുടെ ബലൂൺ ആർട്ട് ക്ലാസിന് ആശംസകളുമായി നടന്മാരായ ഡോ. ഷാജു, വിനോദ് കോവൂർ തുടങ്ങി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.