Saturday 04 July 2020 11:08 AM IST : By സ്വന്തം ലേഖകൻ

സഹോദരൻ ‘നാട്ടിൽ പോലും കയറരുത്’ എന്നു പറഞ്ഞു, ഭർത്താവും കയ്യൊഴിഞ്ഞു; ബെംഗളൂരുവിൽ നിന്നെത്തിയ യുവതി പറയുന്നു

kottayam-mother646777

ബെംഗളൂരുവിൽ നിന്നു നാട്ടിലെത്തി ക്വാറന്റീൻ പൂർത്തിയാക്കിയെങ്കിലും വീട്ടുകാർ ഉപേക്ഷിച്ച അമ്മയ്ക്കും മക്കൾക്കും നാടിന്റെ സ്നേഹ സാന്ത്വനം. കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനി യുവതിക്കും മക്കളായ ഏഴു വയസ്സുകാരിക്കും നാലു വയസ്സുകാരനും നാടിന്റെ കരുതൽ.  ഇവർ ആശ്രയം ഇല്ലാതെ അലഞ്ഞതു ദൗർഭാഗ്യകരമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇവരുടെ ദുഃസ്ഥിതിയെക്കുറിച്ച്  വാർത്ത വന്നതിനെ തുടർന്നു കാണക്കാരി പഞ്ചായത്ത് അധികൃതരും പൊലീസും ഇന്നലെ യുവതിയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. ജോലി വാഗ്ദാനവും വിവിധ കോണുകളിൽ നിന്നുണ്ടായി. 

"സ്വന്തം വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ ഇടം ലഭിക്കുന്നില്ലെന്നും താമസിക്കാൻ സ്ഥലം വേണമെന്നും അവശ്യപ്പെട്ടാണ് യുവതിയും രണ്ടു കുട്ടികളും എന്റെ അടുത്ത് എത്തിയത്. മുണ്ടക്കയത്തെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസിപ്പിക്കാൻ ക്രമീകരണം ഒരുക്കി."- ജില്ലാ വനിതാ ശിശു വികസന ഓഫിസർ ടി.എൻ. ശ്രീദേവി പറഞ്ഞു. 

അഭയം തേടി അലഞ്ഞ ഒരു ദിനത്തെക്കുറിച്ച് യുവതി പറയുന്നു

അഭയം തേടി ഒരു ദിവസം മുഴുവൻ ഓട്ടത്തിലായിരുന്നു. ഇന്നലെ അഭയ കേന്ദ്രത്തിൽ ഒട്ടേറെ സാന്ത്വന വിളികളെത്തി. മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. ബെംഗളൂരുവിലെ കിന്റർ ഗാർഡൻ സ്കൂളിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടെ തന്നെയാണ് മക്കളും താമസിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ കോവിഡിനെ തുടർന്നു സ്കൂൾ അടച്ചതോടെ ജോലി നഷ്ടപ്പെട്ടു. 3 മാസം കൂടി പിടിച്ചു നിന്നു. സ്കൂൾ തുറക്കാൻ വൈകുമെന്നും ജോലിയുടെ കാര്യത്തിൽ ഉറപ്പില്ലെന്നും അറിയിച്ചതോടെയാണ് നാട്ടിലേക്കു വരാൻ തീരുമാനിച്ചത്.

ഈ സമയം ഭർത്താവിനെയും സ്വന്തം അമ്മയെയും വിവരം അറിയിച്ചിരുന്നു. വന്നാൽ തന്റെ അമ്മ പ്രശ്നം ഉണ്ടാക്കുമെന്നായിരുന്നു ഭർത്താവിന്റെ മറുപടി. 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞിട്ട് വരാനായിരുന്നു എന്റെ അമ്മ പറഞ്ഞത്. കേരള സമാജം ഒരുക്കിയ ബസിൽ ഏറ്റുമാനൂരിലെത്തി. അവിടെ നിന്ന് ജില്ലാ ഭരണകൂടം ഒരുക്കിയ പാലായിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തി. ഭർത്താവിനെയും സ്വന്തം അമ്മയെയും ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ രണ്ടു വീടുകളിലേക്കു ചെല്ലുന്നതിന് ഇവർ അനുകൂലമായി പ്രതികരിക്കാതെ വന്നതോടെ ഡെപ്യൂട്ടി കലക്ടറോടു വിവരം പറഞ്ഞു. വീട്ടുകാർ സ്വീകരിച്ചില്ലെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്ന് അദ്ദേഹം  ഉറപ്പു നൽകിയിരുന്നു. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ കലക്ടറേറ്റിലെത്തി പരാതി നൽകാനും നിർദേശിച്ചു.

ക്വാറന്റീൻ പൂർത്തിയായ ദിവസം ഭർത്താവ് എത്തി. മക്കൾക്ക് ഭക്ഷണം മേടിച്ചു കൊടുക്കാൻ പോലും പണമില്ലായിരുന്നു. ഇതു പറഞ്ഞപ്പോൾ 500 രൂപ നൽകി. കുറുമുള്ളൂരിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്നു പറ‍ഞ്ഞതോടെയാണ് ഓട്ടോറിക്ഷയിൽ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലുള്ള എന്റെ വീട്ടിൽ എത്തിയത്. വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത്. അമ്മയെ ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ല. സഹോദരന്റെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നാട്ടിൽ പോലും കയറരുതെന്നായിരുന്നു നിർദേശം. ഇതോടെ ഭർത്താവും കയ്യൊഴിഞ്ഞു. തുടർന്നാണ് ഫോണിൽ ഡപ്യൂട്ടി കലക്ടറെ വിവരം അറിയിച്ചത്. കലക്ടറേറ്റിലെത്തി പരാതി നൽകാനാണു  നിർദേശിച്ചത്.

ഇതിനിടെയാണ് മുൻ പരിചയമുണ്ടായിരുന്ന സാന്ത്വനം ഡയറക്ടർ ആനി ബാബുവിന്റെ സഹായം തേടിയത്. കലക്ടറെയും സാമൂഹിക നീതി വകുപ്പ് ഓഫിസറെയും കണ്ടെങ്കിലും തനിക്കും കുട്ടികൾക്കും താമസിക്കാനുള്ള സൗകര്യം ശരിയായില്ല. തുടർന്ന് ആനി ബാബു ഇടപെട്ട് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ കോവിഡ് സെന്ററിൽ താൽക്കാലിക സൗകര്യം ഒരുക്കി. വാർത്ത വന്നതോടെ കാണക്കാരി പഞ്ചായത്ത് അധികൃതരും പൊലീസും വിളിച്ച് വിവരങ്ങൾ തിരക്കി. മക്കളെ സുരക്ഷിതമായി താമസിപ്പിക്കാനും തല ചായ്ക്കാനും പറ്റുന്ന ഒരിടമാണ് എനിക്ക് ആവശ്യം. ഇതു വരെ ജോലി ചെയ്താണ് കുടുംബം പോറ്റിയത്. ഇനി മുന്നോട്ടും അതിനു കഴിയും.

സ്ഥലം ഏർപ്പാടാക്കിയെന്ന് കലക്ടർ

14 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയായെങ്കിലും സ്വന്തം വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ നിൽക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് യുവതിയും 2 കുട്ടികളും ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടിയതെന്നു കലക്ടർ എം. അഞ്ജന പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽ നി‍ൽക്കാൻ യുവതിയ്ക്ക് താൽപര്യമില്ല. അമ്മയ്ക്ക് ആസ്മ രോഗം ഉള്ളതിനാൽ അമ്മയുടെ വീട്ടിലും നിൽക്കാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞു. തഹസിൽദാർ ഇടപെട്ട് അവർക്കു താമസിക്കാനുള്ള സ്ഥലം ഏർപ്പാടാക്കി.

Tags:
  • Spotlight