Friday 05 July 2019 07:23 PM IST

നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി മരിച്ചതിന്റെ യഥാർത്ഥ കാരണം; ‘ഇര’യാക്കപ്പെട്ട ബാങ്ക് മാനേജർ ശശികല ആദ്യമായി പ്രതികരിക്കുന്നു

Roopa Thayabji

Sub Editor

bankrupt1 ഫോട്ടോ: ഷിജിൻ സോൾ ബ്രദേഴ്സ്

സംഭവം നടന്നിട്ട് മാസം ഒന്നാകുന്നെങ്കിലും ശശികല മണിരാമകൃഷ്ണന്റെ കണ്ണിലെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കൊലയാളി ബാങ്ക് മാനേജരെ തീവച്ചു കൊല്ലും എന്നാക്രോശിച്ച് ഒരു സംഘം പാഞ്ഞടുക്കുന്നതിനിടയിലൂടെ പ്രാണൻ കയ്യിൽ പിടിച്ച് ഓടി രക്ഷപ്പെട്ട ഒരു സ്ത്രീയുടെ അവസ്ഥ ചിന്തിക്കാനാകുമോ?

നെയ്യാറ്റിൻകരയിൽ തീ കൊളുത്തി മരിച്ച വീട്ടമ്മ ലേഖയും മകൾ വൈഷ്ണവിയും ബാങ്കുകാരുടെ ജപ്തിഭീഷണിക്ക് ഇരയായിരുന്നു എന്ന വാർത്ത പ്രചരിച്ച ആ പകൽ. അതിന്റെ നടുക്കത്തിൽ നിന്നു ലേഖയുടെ ആത്മഹത്യാകുറിപ്പു കണ്ടെടുത്ത രണ്ടാം പകലിന്റെ ആശ്വാസത്തിലേക്ക് ശശികലയെന്ന കനറാ ബാങ്ക്, നെയ്യാറ്റിൻകര ശാഖയുടെ ചീഫ് മാനേജർ കടന്നെത്തിയ ദൂരം ചെറുതല്ല.

‘‘അമ്മയും മകളും തീകൊളുത്തി എന്നു കേട്ടപ്പോൾ പ്രാർഥിച്ചത് ഒന്നു മാത്രമായിരുന്നു, കേട്ട വാർത്ത സത്യമാകല്ലേ, ആ അമ്മയുടെയും മകളുടെയും ജീവന് ഒരു അപകടവും വരുത്തരുതേ... പക്ഷേ, കുറച്ചു സമയത്തിനകം തന്നെ ടിവിയിൽ ഫ്ലാഷ്ന്യൂസ്  മിന്നിമറയാൻ തുടങ്ങി. എനിക്കുറപ്പായിരുന്നു ബാങ്കിന്റെ ഭാഗത്തു നിന്നോ എന്റെ ഭാഗത്തു നിന്നോ യാതൊരു പ്രേരണയും ഉണ്ടായിട്ടില്ല എന്ന്. ആത്മാർഥമായി ജോലി ചെയ്ത 38 വർഷത്തിനിടെ ആദ്യമായാണ് കൊലയാളി എന്ന വിളി കേൾക്കുന്നത്. പിന്നെ, മനസ്സിലൊരു മരവിപ്പ് മാത്രമായി...’’ ശശികലയുടെ വാക്കുകൾ മുറിഞ്ഞു, കണ്ണുകൾ നിറഞ്ഞൊഴുകി. മുൻകൂർ ജാമ്യാപേക്ഷയും പൊലീസ് കേസും ഒടുങ്ങിയ ശേഷമാണ് ആ ദിവസം ശശികല ‘വനിത’യ്ക്കു വേണ്ടി എല്ലാം ഓർത്തെടുത്തത്.


ഞാന്‍ ജനിക്കുമ്പോൾ രണ്ടുമുറി ഫ്ളാറ്റിലായിരുന്നു താമസം; ഷിഫ യൂസഫലി പറയുന്നു ബാബ എന്ന കരുതലിനെക്കുറിച്ച്

‘നാട്ടിലെ ട്രീറ്റ്മെന്റിൽ കിട്ടാത്ത കുഞ്ഞുങ്ങൾ കുവൈറ്റിൽ പോയപ്പോൾ അവൾക്കെങ്ങനെ കിട്ടി’; ദുഷിപ്പ് നിറഞ്ഞ ആ ചോദ്യം; അനുഭവം

‘പ്രണയം പറഞ്ഞപ്പോൾ വീട്ടിൽ നിന്നു പുറത്തായി’! കാന്തി ജീവിതത്തിലും ബോൾഡാണ്: ‘അമ്മിണിപ്പിള്ള’യുടെ നായിക ഷിബ്‌ലയുടെ വിശേഷങ്ങൾ

വാർത്ത സത്യമാകല്ലേ

മേയ് 14ന് ബാങ്കിലെത്തുമ്പോൾ പതിവുപോലെ ഒരു ദിവസമെന്നേ കരുതിയുള്ളൂ. ജീവിതം കീഴ്മേൽ മറിയാൻ പോകുന്ന വിധി കാത്തിരിപ്പുണ്ടെന്ന് അറിഞ്ഞത് ഉച്ചയോടെ എത്തിയ ഫോൺകോളിലാണ്. സമയം രണ്ടരയായിക്കാണും, ലേഖയുടെ അയൽക്കാരനാണ് വിളിച്ചു പറഞ്ഞത്, ‘ആ അമ്മയും മകളും ആത്മഹത്യയ്ക്കു ശ്രമിച്ചെ’ന്ന്. കേട്ട നിമിഷം തന്നെ വാർത്ത സത്യമാകരുതേ എന്നു പ്രാർഥിച്ചു. ലേഖയെ അവസാനമായി കണ്ടിട്ട് നാലു ദിവസം തികയുന്നേ ഉള്ളൂ. 2005ലാണ് എൻആർഐ ഹൗസിങ് ലോൺ ഇനത്തിൽ അഞ്ചുലക്ഷം രൂപ ലേഖയുെട ഭര്‍ത്താവ് ചന്ദ്രൻ വായ്പയെടുത്തത്. ആറായിരം രൂപയോളമായിരുന്നു പ്രതിമാസ തിരിച്ചടവ്. 2010 ൽ തിരിച്ചടവ് മുടങ്ങി വസ്തു നോൺ പെർഫോമിങ് അസറ്റ് (എൻപിഎ)ഗണത്തിലായി. ചന്ദ്രൻ വിദേശത്തായതിനാൽ ലേഖയുടെ അപേക്ഷ പ്രകാരം സമയം  നീട്ടി നൽകുകയായിരുന്നു. ആറുമാസം മുൻപ് ചന്ദ്രൻ തിരികെയെത്തി. പിന്നീടാണ് നോട്ടിസ് അയച്ചതും നടപടികളിലേക്കു കടന്നതും. ഒൻപതു വർഷത്തോളം അവരുടെ വാക്കാലുള്ള ഉറപ്പിന്മേൽ നടപടികൾ വൈകിപ്പിച്ച ശേഷമാണ് ഇതെന്ന് ഓർക്കണം.

സിജെഎം കോടതിയിൽ നിന്ന് ജപ്തിക്ക് ഉത്തരവായതിന്റെ പിന്നാലെ, അഡ്വക്കറ്റ് കമ്മിഷനറും ഉത്തരവാദപ്പെട്ട ഓഫിസർ എന്ന നിലയിൽ ഞാനും പത്താം തീയതി ജപ്തിക്കു പോയതാണ്. നടപടി പൂർത്തിയാക്കി താക്കോൽ കൈപ്പറ്റേണ്ടതായിരുന്നെങ്കിലും, വിൽക്കാൻ ഏർപ്പാടായെന്നും അഡ്വാൻസ് വാങ്ങിയ നാലുലക്ഷം രൂപയ്ക്കൊപ്പം ബാക്കി കൂടി അടയ്ക്കാമെന്നും ചന്ദ്രൻ പറഞ്ഞു. ബ്രോക്കറുടെ കയ്യിൽ നിന്ന് ബാക്കി ഒന്നരലക്ഷം രൂപ വാങ്ങി വരാമെന്നു പറഞ്ഞ് അയാൾ പുറത്തേക്കു പോയി. കുറെ കാത്തിരുന്നിട്ടും ചന്ദ്രൻ വന്നില്ല. ഇതു കണ്ട് അയൽവാസിയാണ് അയാളെ ഫോണിൽ വിളിച്ചത്. ‘പൈസ ശരിയായി, ഇപ്പോഴെത്തു’മെന്നായിരുന്നു മറുപടി. പക്ഷേ, വന്നില്ല. വീണ്ടും ഫോൺ െചയ്തപ്പോൾ പണം കിട്ടിയില്ല എന്നു പറഞ്ഞ് അയാൾ വന്നു.

കയ്യിലുള്ള നാലുലക്ഷം തൽക്കാലം അടച്ച് നടപടികൾക്ക് അവധി വാങ്ങൂ എന്നു അഡ്വക്കറ്റ് കമ്മിഷൻ പറഞ്ഞതുകേട്ട ചന്ദ്രന്റെ മട്ടുമാറി, കയ്യിൽ ഒരു രൂപ പോലും ഇല്ലെന്നായി അയാൾ. ചൊവ്വാഴ്ച (മേയ് 14ന്) രാവിലെ പൈസ കിട്ടുമെന്നും, മുഴുവൻ തുകയും അടയ്ക്കാമെന്നും അയാൾ തന്നെ എഴുതി ഒപ്പിട്ടു തരികയും ചെയ്തു.

ജീവിതം നിലച്ച നിമിഷം

ജപ്തി സ്റ്റേ ചെയ്യാനാവശ്യപ്പെട്ട് ചന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അതിനു വിധി പറയുന്ന ദിവസമാണ് ചൊവ്വാഴ്ച.  അന്നുതന്നെ പണം അടയ്ക്കുമെങ്കിൽ കേസ് മാറ്റിവയ്ക്കും. 10 മണിക്ക് ബാങ്കിൽ വരുമെന്നു പറഞ്ഞ ചന്ദ്രൻ വന്നില്ല. വിളിച്ചപ്പോൾ പന്ത്രണ്ടരയ്ക്ക് എത്തി പണമടയ്ക്കുമെന്ന് പറഞ്ഞു. ബാങ്കിന്റെ വക്കീലിന് ചന്ദ്രന്റെ മറുപടി അറിയണമായിരുന്നു. പന്ത്രണ്ടര കഴിഞ്ഞിട്ടും ചന്ദ്രനെ കാണാത്തതു കൊണ്ട് ഒന്നുകൂടി വിളിച്ചു, അപ്പോൾ മൂന്നു മണിക്കുള്ളിൽ എത്തുമെന്നാണ് പറഞ്ഞത്. ഇക്കാര്യം വക്കീലിനെ അറിയിക്കുകയും കേസ് തിങ്കളാഴ്ചത്തേക്കു മാറ്റുകയും ചെയ്തു. പക്ഷേ, രണ്ടരയായപ്പോൾ ആ വാർത്ത വന്നു, ലേഖയും വൈഷ്ണവിയും ആത്മഹത്യക്കു ശ്രമിച്ചെന്ന്.

ജപ്തി ഭീഷണി ഉയർത്തിയ ബാങ്ക് മാനേജരെ ആക്രമിക്കാനായി കുറെപ്പേർ വരുന്നുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞു. എന്നോട് വേഗം മാറണമെന്നും ആവശ്യപ്പെട്ടു. ഞാൻ മാറിയാൽ എന്റെ സ്റ്റാഫിനെ ആരു രക്ഷിക്കും. പോകില്ലെന്നു വാശി പിടിച്ചെങ്കിലും കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ബലമായി ബാങ്കിൽ നിന്നിറക്കി. അപ്പോഴേക്കും ഒരു സംഘമാളുകൾ അവിടേക്ക് ഇരച്ചെത്തി. ജീവൻ കയ്യിൽ പിടിച്ച് ഓടും വഴി ബാങ്കിനടുത്തുള്ള അമ്പലത്തിൽ ഒരു നിമിഷം പ്രാർഥിച്ചത് ലേഖയ്ക്കും മകൾക്കും ആപത്തൊന്നും വരുത്തല്ലേ എന്നാണ്. പോകും വഴി തന്നെ ജീവനക്കാർക്കു പൊലീസ് സംരക്ഷണം ഉറപ്പാക്കി. തിരുവനന്തപുരത്തെ ബാങ്കിന്റെ സർക്കിൾ ഓഫിസിലെത്തിയപ്പോഴേക്കും മകൾ മരിച്ചു എന്ന് അറിഞ്ഞു. അ തോടെ ഞാൻ മരവിച്ചുപോയി.

ജനറൽ മാനേജര്‍ മായ മാഡം എന്തൊക്കെയോ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജപ്തിനടപടികൾക്കായി പോയ ദിവസത്തെ സംഭവങ്ങൾ വള്ളിപുള്ളി വിടാതെ പറയാൻ മാഡം ആവശ്യപ്പെട്ടു, ഞാൻ കാര്യങ്ങൾ പറഞ്ഞു. പ്രകോപനപരമായ ഒരു പെരുമാറ്റവും ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അവർ ആവശ്യപ്പെട്ട സമയം കൊടുത്തിട്ട് സമാധാനപരമായി പിരിഞ്ഞതാണ്. എല്ലാം കേട്ട് മായ മാഡം പറഞ്ഞു, ‘നമ്മുടെ ഭാഗത്ത് തെറ്റില്ലെന്ന് ഉറപ്പല്ലേ. അതുകൊണ്ട് വിഷമിക്കുകയേ വേണ്ട.’ പക്ഷേ, അതൊന്നും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ വീട്ടിൽ എനിക്കൊപ്പമുള്ളത് അമ്മയാണ്. വീട്ടിലേക്ക് പോയി അമ്മയോടു വിവരം പറയാനോ, മാറിയുടുക്കാനുള്ള ഡ്രസ് എടുക്കാനോ പോലും സാവകാശം കിട്ടിയില്ല. രാത്രി തന്നെ എറണാകുളത്തെ മകന്റെ വീട്ടിലേക്കു പോയി. എല്ലാവരും പേടിച്ചത് ഞാൻ ആത്മഹത്യ ചെയ്യുമോ എന്നാണ്. അന്നു രാത്രി മകൻ എനിക്കു കാവലിരുന്നു.

ആശ്വാസം നിറച്ച പകൽ

പിറ്റേ ദിവസവും ടിവി കാണാനോ പത്രം വായിക്കാനോ ആരും സമ്മതിക്കുന്നില്ല. വിവരമൊന്നുമറിയാതെ വിഷമിച്ച എനിക്ക് പത്തരയോടെ മായ മാഡത്തിന്റെ ഫോൺ വന്നു. ലേഖയെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും, അതിൽ ബാങ്കിന്റെ പേരിൽ കുറ്റമൊന്നും ഇല്ലെന്നും കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി. ആ കത്ത് കണ്ടെത്തിയില്ലെങ്കിൽ എന്റെ നിസ്സഹായാവസ്ഥ ആരു വിശ്വസിക്കുമായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ നടുക്കമാണ്.

തീ കൊളുത്തി മരിക്കാൻ തീരുമാനിച്ച ലേഖ, ആ തീയിൽ പെട്ട് കത്ത് നശിക്കരുതെന്നു കരുതിയാകണം വളരെ ഉയരത്തിൽ ഒട്ടിച്ചു വച്ചത്. കത്ത് നശിച്ചു പോയാലും സത്യം പുറത്തറിയണമെന്നു കരുതി വാതിൽ പാളിക്ക് പിന്നിലായി മരണത്തിനു കാരണം വീട്ടിലെ പ്രശ്നങ്ങളാണെന്ന് കരിക്കട്ട കൊണ്ടു  എഴുതി വച്ചിരുന്നു.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടും പലരും വിശ്വസിച്ചില്ല. ജപ്തി ചെയ്യാൻ പോയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചെന്നും ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും എനിക്കു ഭൂമാഫിയയുമായി ബന്ധമുണ്ടെന്നും വരെ വാർത്തകൾ വന്നു. തെറ്റായ വാർത്ത പ്രചരിച്ചതിനു പിന്നാലെ ബാങ്കിന്റെ എൻആർഐ കസ്റ്റമേഴ്സ് ഹേറ്റ് മെയിൽ അയക്കാൻ തുടങ്ങി. ലാൻഡ് ഫോ ണിലേക്കു പലയിടത്തു നിന്നും ഭീഷണിയും തെറിയും എത്തി. ബോയ്കോട്ട് കനറാ ബാങ്ക് എന്ന പേരിൽ മൂന്ന് വാട്സാപ്പ് ഗ്രൂപ് പോലും തുടങ്ങിയത്രേ. രണ്ടുദിവസം ബാങ്കിനു അവധി നൽകിയെന്നും പ്രതിഷേധക്കാർ കൗണ്ടറൊക്കെ അടിച്ചു തകർത്തെന്നും പിന്നീട് അറിഞ്ഞു.

മുഖം നോക്കാതെ നടപടി

തിരുവനന്തപുരമാണ് എന്റെ സ്വദേശം. ബികോം രണ്ടാം വർഷം പഠിക്കുമ്പോൾ, 1980ൽ കനറാ ബാങ്കിന്റെ കൊല്ലം താമരക്കുളത്തെ മെയിൻ ബ്രാഞ്ചിൽ ക്ലർക്കായി ജോലി തുടങ്ങിയതാണ്. ഭർത്താവ് മണിരാമകൃഷ്ണൻ കനറാ ബാങ്കിന്റെ സർക്കിൾ ഓഫിസിൽ നിന്നു വിരമിച്ച ശേഷം ഇൻസ്പെക്‌ഷൻ വിങ്ങിൽ ജോലി ചെയ്യുകയാണ്. രണ്ടുമക്കളാണ് ഞങ്ങൾക്ക്, വിവേകും വിദ്യയും. എറണാകുളത്തെത്തി രണ്ടുദിവസം കഴിഞ്ഞ്, മേയ് 17 ന് എന്റെ മകനൊരു കുഞ്ഞുണ്ടായി. മകന്റെ കുഞ്ഞിനെ കയ്യിലേക്ക് വാങ്ങുമ്പോൾ പോലും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല.

38 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ പല പോസ്റ്റുകളിൽ ജോലി ചെയ്തു. ഏഴ് ബ്രാഞ്ചുകളിൽ മാനേജരായിരുന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നെയ്യാറ്റിൻകര ബ്രാഞ്ചിലേക്ക് ചീഫ് മാനേജരായി മാറ്റം കിട്ടിയത്. പ്രാരാബ്ധം കൊണ്ടൊക്കെ ലോൺ തിരിച്ചടവ് മുടങ്ങുന്നവരോട് അനുഭാവപൂർണമായ നിലപാടേ കൈക്കൊണ്ടിട്ടുള്ളൂ. എങ്ങനെയെങ്കിലും കുറച്ചുകാശ് അടയ്ക്കാൻ വരുന്നവർക്ക് പലിശയിൽ ചെയ്യാവുന്ന ഇളവ് കൊടുക്കുകയും ചെയ്യും. പക്ഷേ, ലോൺ തിരിച്ചടവിൽ മനഃപൂർവം മടി കാണിക്കുന്നവരുണ്ട്. പ ണം കയ്യിൽ വച്ചിട്ട് ബാങ്കിനെ ചുറ്റിക്കുന്നവർ. അങ്ങനെയുള്ളവരോടു മുഖം നോക്കാതെ നടപടിയെടുക്കും.

പഴയ ഒരു സംഭവം പറയാം. വ്യക്തിഗതവായ്പയെടുത്ത ഒരാൾ മൂന്നര ലക്ഷം രൂപ മാത്രം തിരിച്ചടവ് ബാക്കിയാക്കിയിട്ട് വർഷങ്ങളായി. അതിനു വേണ്ടി വിളിക്കുന്നവരോട് ധാർഷ്്ഠ്യത്തോടെയാണ് മറുപടി. ബ്രാഞ്ചിന്റെ ചുമതല ഏറ്റെടുത്ത എന്റെ മുന്നിൽ ആ ഫയലെത്തി. ഞാൻ വിളിച്ചപ്പോഴും ‘ചുണയുണ്ടെങ്കിൽ പണം തിരികെ വാങ്ങൂ’ എന്നായിരുന്നു മറുപടി. ഒരു ദിവസം ഞാനും ഒരു ഓഫിസറും കൂടി ആ വീട്ടിൽ പോയി. പടുകൂറ്റൻ ഗേറ്റിനുള്ളിലേക്ക് ഞങ്ങളെ കടത്തിയതേയില്ല. ഗേറ്റിന്റെ വിടവിലൂടെ നോക്കിയപ്പോൾ മുറ്റത്ത് ബിഎംഡബ്ല്യു കാർ കിടക്കുന്നു. അപ്പോൾ തന്നെ മൊബൈലിൽ ഫോട്ടോയെടുത്ത് കാറിന്റെ ഓണർഷിപ് പരിശോധിച്ചു. ഉടമ അയാൾ തന്നെയാണെന്നു മനസ്സിലായതിനു പിന്നാലെ തിരിച്ചടവു തുക ഈടാക്കാനുള്ള വകയിൽ കോടതിയിൽ കേസ് നടത്തി കാർ അറ്റാച്ച് ചെയ്യിച്ചു. ഓണം അവധി തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള വെള്ളിയാഴ്ചയാണ് കാർ പിടിച്ചെടുത്ത് കോടതിയിൽ കൊണ്ടിട്ടത്. അവധി കഴിഞ്ഞ് കോടതി ചേർന്ന ദിവസം അയാൾ നേരിട്ടെത്തി പണം രൊക്കം അടച്ച് കാർ കൊണ്ടുപോയി. ഇതൊക്കെ സോഷ്യൽ മീഡിയയിലെഴുതി പലരും എന്നെ വലിയ ജപ്തിക്കാരിയാക്കി.

ധൈര്യം കൈവിടാതെ

വാർത്ത പുറത്തു വന്നതിനു പിന്നാലെ തന്നെ ഞാനുൾപ്പെടെ നാലു ഉദ്യേഗസ്ഥർക്കു വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. പ്രശ്നമെല്ലാം കലങ്ങി തെളിഞ്ഞതോടെ ഞാനോ ബാങ്കോ കേസിൽ പ്രതിയേയല്ല എന്നാണ് കോടതി വിധിച്ചത്. ഇന്നലെ രാത്രി കൂടി മായ മാഡത്തിനു ഞാൻ മെസേജ് അയച്ചിരുന്നു, ഇന്നെങ്കിലും എനിക്ക് കുറച്ച് ഉറങ്ങാനാകുമെന്നു കരുതുന്നു എന്ന്. ലേഖയുടെയും മകളുടെയും മരണം മനസ്സിൽ ഒരു നൊമ്പരമായി ശേഷിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

എനിക്ക് ഏറ്റവും നന്ദിയുള്ളത് ലേഖയോടാണ്, എന്റെ സ ത്യം വെളിവാക്കി ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതിന്. ദൈവത്തെ പോലെ ആ കുറിപ്പ് കണ്ടെത്തിയ വ്യക്തിയോടാണ് പിന്നെ കടപ്പെട്ടിരിക്കുന്നത്, സ്വന്തം പോലെ ചേർത്തുനിർത്തിയ ബാങ്കിനോടും. ഇനി രണ്ടര വർഷം കൂടിയേ സർവീസുള്ളൂ. അനുഭാവം കാട്ടേണ്ടവരോട് കാട്ടിയും, നിലപാട് എടുക്കേണ്ടിടത്ത് കടുത്ത നടപടിയെടുത്തും ഇതുപോലെ തന്നെ ജോലി ചെയ്യും. കൂടെ ദൈവമുണ്ടാകും, ഉറപ്പ്. അല്ലെങ്കിൽ ഈ അഗ്നിപരീക്ഷയിൽ നിന്ന് കരകയറില്ലായിരുന്നല്ലോ...’’

സർഫാസി നിയമം എന്നാൽ

‘ദി സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്‌ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട്’ എന്നാണ് സർഫാസി നിയമത്തിന്റെ (SARFAESI ACT) പൂർണരൂപം. ഈ നിയമപ്രകാരം വായ്പയുടെ മൂന്നു ഗഡു തുടർച്ചയായി അടച്ചില്ലെങ്കിൽ ഈടായി നൽകിയ വസ്തുവും വീടും ബാങ്കിനു ജപ്തി ചെയ്തു ലേലം ചെയ്യാം. ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ളതും ഈടില്ലാത്തതുമായ വായ്പ ഒഴികെ എല്ലാത്തിനും ഈ നിയമം ബാധകമാണ്. 2003 മുതൽ സഹകരണ ബാങ്കുകൾക്കും ഈ നിയമം ബാധകമായി.

എന്താണ് നിഷ്ക്രിയ ആസ്തി ?

തുടർച്ചയായി മൂന്നു മാസത്തെ മുതലും പലിശയും മുടങ്ങിയ വായ്പകളെയാണ് നിഷ്‌ക്രിയ ആസ്തി അഥവാ നോൺ പെർഫോമിങ് അസറ്റ് (എന്‍പിഎ) എന്നു പറയുന്നത്. മൂന്നു ഗഡു മുടങ്ങുമ്പോള്‍ തന്നെ ബാങ്കുകള്‍ റിക്കവറി നടപടികള്‍ ആരംഭിക്കും. വായ്പാ സ്കോര്‍ കുറയുന്നത് ഇതിന്റെ ഭാഗമാണ്. നോട്ടിസ് കിട്ടിയാലും വായ്പ തിരിച്ചടച്ച് വസ്തു തിരികെയെടുക്കാം. ഒരു ബാങ്കും ജാമ്യമായി ലഭിച്ച ആസ്തി വിറ്റു പണം ഈടാക്കാന്‍ ആഗ്രഹിക്കില്ല. കൃത്യമായി ഭവന വായ്പകള്‍ തുടരുന്നതു തന്നെയാണ് ബാങ്കിനു കൂടുതൽ ലാഭം. അതിനാല്‍ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് വായ്പ പുനക്രമീകരിക്കാം.

Tags:
  • Spotlight
  • Vanitha Exclusive