Thursday 26 April 2018 02:44 PM IST

അന്ന് താരം ഫോട്ടോഗ്രാഫർ, ഇന്ന് താരം വരൻ! വവ്വാൽ ഫോട്ടോഗ്രാഫിക്കു പിന്നാലെ വവ്വാൽ കിസ്സും സുപ്പർഹിറ്റ്

Priyadharsini Priya

Senior Content Editor, Vanitha Online

bat-k1 നിഷാൻ സുരേഷ്, അമൃത സുഗതൻ

വവ്വാൽ ക്ലിക്ക് ലോകം ആഘോഷിക്കുമ്പോൾ പുതിയൊരു പരീക്ഷണവുമായി ദമ്പതികൾ. ഇക്കുറി ‘വവ്വാൽ കിസ്സ്’ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കോട്ടയം സ്വദേശിയായ ഫോട്ടോഗ്രാഫർ ബിറ്റു വൃന്ദാവനാണ് വധൂവരൻമാരെക്കൊണ്ട് വ്യത്യസ്തമായ ചുംബനം പരീക്ഷിച്ചിരിക്കുന്നത്. ബിറ്റുവിന്റെ 'വവ്വാൽ കിസ്സ്’ എന്ന ആശയത്തിനു കൈകോർത്തത് പാലായിൽ നിന്നുള്ള നവദമ്പതികളാണ്. പാലാ സ്വദേശിയായ നിഷാൻ സുരേഷിന്റെയും ഈരാറ്റുപേട്ട സ്വദേശി അമൃത സുഗതന്റെയും വിവാഹത്തിനാണ് മനോഹരമായ വവ്വാൽ കിസ് പിറന്നത്.

bat-k-bittu ഫോട്ടോഗ്രാഫർ ബിറ്റു വൃന്ദാവൻ

15 വർഷമായി കോട്ടയത്ത് വൃന്ദാവൻ ഫോട്ടോഗ്രാഫി എന്ന സ്റ്റുഡിയോ നടത്തുകയാണ് ബിറ്റു. പുതിയ പരീക്ഷണത്തെക്കുറിച്ച് ബിറ്റു പറയുന്നതിങ്ങനെ;

"പ്രണയ ചിത്രങ്ങൾ എടുക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. നിഷാൻ- അമൃത ദമ്പതികളുടെ വിവാഹ ഫോട്ടോയെടുക്കാൻ ചെന്നപ്പോൾ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് അവർ ആവശ്യപ്പെട്ടു. വവ്വാൽ ക്ലിക്ക് വൈറലായ സമയമായിരുന്നു അത്. അപ്പോഴാണ് എന്റെ മനസ്സിൽ 'വവ്വാൽ കിസ്സ്’ എന്ന ഐഡിയ ക്ലിക്ക് ആവുന്നത്. നിഷാനോട് കാര്യം പറഞ്ഞപ്പോൾ നൂറുവട്ടം സമ്മതം. അത്ര ഈസിയായി ചെയ്യാൻ കഴിയുന്ന കാര്യമായിരുന്നില്ല. മരക്കൊമ്പ് കുറച്ച് പൊക്കത്തിലായിരുന്നു. എന്നിട്ടും നിഷാൻ നല്ല മെയ്‌വഴക്കത്തോടെ വവ്വാൽ കിസ്സിനു പോസ് ചെയ്തു. രണ്ടാമത്തെ ടേക്കിലാണ് സംഗതി ഓക്കേ ആയത്. എന്റെ അസിസ്റ്റന്റ്‌സും സഹായത്തിനുണ്ടായിരുന്നു. അധികം സമയം എടുക്കാതെ വളരെ പെട്ടെന്നുതന്നെ ഷോട്ട് പൂർത്തിയാക്കി. ഈ ദമ്പതികളെ വച്ചുതന്നെ ഒരു ഷോർട്ട് ഫിലിം സ്റ്റോറിയും ചെയ്തിട്ടുണ്ട്.

bat-c2

വിവാഹ ഫോട്ടോഗ്രാഫിയിൽ സാഹസികത ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. ഇന്നത്തെ കാലത്ത് അതൊരു ട്രെൻഡാണ്. പലരും ഇങ്ങോട്ടു ആവശ്യപ്പെടാറാണ് പതിവ്. മുൻപ് ഡ്യൂക്ക് ബൈക്ക് റൈഡ് വച്ചിട്ടുള്ള സാഹസിക ഫോട്ടോ എടുത്തുകൊടുത്തിട്ടുണ്ട്. ചിലതൊക്കെ അപകടം പിടിച്ചതായിരിക്കും. എങ്കിലും ക്ലയന്റസിന്റെ താൽപ്പര്യം സാധിച്ചു കൊടുക്കും. നമുക്ക് പറ്റില്ലെന്ന് പറഞ്ഞാൽ അവർ മറ്റാരെയെങ്കിലും ഈ പണി ഏൽപ്പിക്കും. അതുകൊണ്ട് അവർ പറയുന്ന ഐറ്റം ചെയ്തു കൊടുക്കുകയേ നിവൃത്തിയുള്ളൂ.. എന്നാൽ മറ്റു ചിലർക്ക് ഇതിലൊന്നും വലിയ താൽപ്പര്യം കാണില്ല.

bat-c3

ആൺകുട്ടികളെക്കാളും പെൺകുട്ടികൾക്കാണ് വ്യത്യസ്തയോട് ഏറെ താൽപ്പര്യം. വിവാഹത്തിനു മാസങ്ങൾക്ക് മുമ്പേ അവർ മനസ്സിലുള്ള ഐഡിയ വെളിപ്പെടുത്തും. വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും നന്നായി പ്ലാൻ ചെയ്ത് ഞങ്ങളെ അറിയിക്കും. പ്രീ-വെഡ്‌ഡിങ് ഷൂട്ട്, മെഹന്ദി, സംഗീത്, വിവാഹം അങ്ങനെ എല്ലാത്തിനെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണ ഉണ്ടാകും. എന്താണ് വേണ്ടതെന്ന് മുൻകൂട്ടി അറിയിക്കുമ്പോൾ ഞങ്ങളുടെ ജോലിയും കൂടുതൽ എളുപ്പമാകും. ഇന്നത്തെ പെൺകുട്ടികൾ ധൈര്യശാലികളാണ്. എന്ത് സാഹസികതയ്ക്കും അവർ തയാറാണ്."– അൽപം കടന്ന കൈ ആയിപ്പോയെന്ന് ചിലർ പറഞ്ഞെങ്കിലും വവ്വാൽ കിസ്സ്  ചിത്രം ഹിറ്റായതിന്റെ ആവേശത്തിലാണ് ബിറ്റു.