Friday 15 May 2020 04:24 PM IST

ചർമം മൃദുലമാക്കാൻ അ‍ഞ്ച് ടെക്നിക്കുകൾ ; ഒഴിച്ച് നിർത്താൻ കഴിയാത്ത ആറു ഫ്രൂട്ട് പായ്ക്കുകൾ!!!

Lakshmi Premkumar

Sub Editor

looks

പൂവിതൾ പോലെ മൃദുലമായ ചർമം ആഗ്രഹിക്കാത്തവരായി ആരുണ്ട്. പക്ഷെ അങ്ങനെ ചർമം ആവണമെങ്കിൽ അതിനായി കുറച്ചു സമയം നീക്കി വെച്ചേ മതിയാകൂ. തിരക്കുകൾ എല്ലാം കഴിഞ്ഞു അല്പ നേരം മി ടൈം ആയി ചിലവിടുന്നവരാണോ നിങ്ങൾ എങ്കിൽ ഈ അഞ്ചു കാര്യങ്ങൾ ഒന്ന് പരീക്ഷിച് നോക്കൂ... മൃദുലമായ ചർമം സ്വന്തമാക്കാം...

1- ഒരു സ്പൂൺ പാലും ഒരു സ്പൂൺ തേനും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു തക്കാളിയുടെ നീര് പിഴിഞ്ഞ് ഒഴിക്കാം. ഇനി ഈ മിശ്രിതം ചെറിയ കോട്ടൺ ബോളുകൾ ഉപയോഗിച്ച് മുഖത്ത് നന്നായി പുരട്ടുക. കണ്ണിനു താഴെയും കവിളുകളിലും ഉണങ്ങുന്നതിനു അനുസരിച്ച് ഈ മിശ്രിതം വീണ്ടും വീണ്ടും പുരട്ടികൊണ്ടേയിരിക്കണം. 20 മിനിറ്റു കഴിയുമ്പോൾ കഴുകാം. ഒരാഴ്ചയ്ക്കുള്ളിൽ മുഖം മൃദുലമുള്ളതും തിളക്കമുള്ളതും ആവും.

2- ഒരു ചെറിയ ഉള്ളിയുടെ നീരും രണ്ടു തുള്ളി ഗ്ലിസറിനും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു തുള്ളി തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടാം. ചുണ്ടിന്റെ വരൾച്ച, ചർമം പൊളിയുന്ന പ്രശ്നം എന്നിവയെല്ലാം മാറുകയും ചുണ്ടുകൾ തുടുക്കുകയും ചെയ്യും

3-ഗ്ലിസറിനും മുട്ടവെള്ളയും ഒരു സ്പൂൺ വീതം എടുത്ത് നന്നായി മിക്സ് ചെയ്ത് കാലിന്റെ ഉപ്പൂറ്റിയിൽ പുരട്ടാം. നന്നായി ഉണങ്ങി കഴിയുമ്പോൾ കഴുകാം. കാലുകളിലേ വരൾച്ച മാറാനും, വിണ്ടു കീറൽ അപ്രത്യക്ഷ മാകാനും സഹായിക്കും.

4-കാബേജിന്റെ നീര് എടുത്ത് അതിലേക്ക് അര സ്പൂൺ യീസ്റ്റ് ചേർക്കുക. ഈ മിശ്രിതം നന്നായി ഇളക്കി അര മണിക്കൂർ വെക്കാം. ശേഷം ഇതെടുത്തു കൈകളിലും കാലു കളിലും പുരട്ടാം. 20 മിനിറ്റ് കഴിയുമ്പോൾ കഴുകികളയാം. കൈ മുട്ട് കാൽ മുട്ട് എന്നിവയിലെ വരൾച്ച കുറയ്ക്കാനും ചർമം മൃദുവാകാനും സഹായിക്കും.

5- ഒരു ഗ്ലാസ്‌ പാല് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു കാരറ്റ് അരിഞ്ഞു ചേർക്കുക. പാലിൽ കാരറ്റ് നന്നായി വേവണം. ഇതു തണുത്ത ശേഷം നന്നായി ഉടച്ച് കുളിക്കുന്നതിനു 20 മിനിറ്റ് മുന്നേ ശരീരത്തിൽ നന്നായി തേച്ചു പിടിപ്പിക്കാം. ചർമം തിളങ്ങാനും മൃദുലമാകാനും സഹായിക്കും.

ഒഴിച്ച് നിർത്താൻ കഴിയാത്ത ആറു ഫ്രൂട്ട് പാക്കുകൾ

പഴങ്ങൾ നമ്മുടെ ശരീരത്തിന് അത്യന്താപേഷിതമാണ്. അതിലെ വൈറ്റമിൻസ് നമ്മുടെ ആരോഗ്യത്തിനു എത്രത്തോളം ആവശ്യമാണോ അതുപോലെ തന്നെ പ്രധാനമാണ് ചർമത്തിനും. ഓരോ പഴത്തിന്റെയും ഗുണങ്ങൾ വ്യത്യസ്തമാണ്.ഏതു പഴമായാലും കഴിക്കാൻ എടുക്കുമ്പോൾ ഒരു കഷ്ണം മാറ്റി വെച്ചോളൂ.നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനു ഒരു ഫ്രൂട്ട് പാക്ക് തയാറാക്കാം. അറിയാം ആറ് അടിപൊളി ഫ്രൂട്ട്പാക്കുകൾ.

1- നന്നായി പഴുത്ത എത്തപഴം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ടു സ്പൂൺ പാലും ഒരു സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തും കൈ കാലുകളിലും തേച്ചു പിടിപ്പിക്കാം. ഉണങ്ങുമ്പോൾ പാൽ കൈകളിൽ മുക്കിൽ മൃദുവായി മസ്സാജ് ചെയ്ത് കഴുകാം. ചർമത്തിനു തിളക്കം വർധിക്കുകയും സോഫ്റ്റ്‌നസ് കൂടുകയും ചെയ്യും.

2- ഒരു ഓറഞ്ച് പകുത്തു എടുക്കുക. അരമുറിയിലേക്ക് അല്പം പഞ്ചസാര തരികൾ ഇടുക. ഈ ഓറഞ്ച് നന്നായി മുഖത്ത് ഉരസുക. ആന്റി ക്ലോക്ക് രീതിയിൽ വേണം ഉരസാൻ. മികച്ച ഒരു സ്ക്രബ്ബ്‌ ആണിത്.മുഖത്ത് ഉരസിയ ശേഷം കൈ മുട്ടിലും കാൽ മുട്ടിലും ഇതേ ഓറഞ്ച് തന്നെ ഉപയോഗിച്ച് ഉരസാം. കരുവാളിപ്പ്, നിറം മങ്ങൽ, പിംപിൾസ് എന്നിവയിൽ നിന്നെല്ലാം ചര്മത്തെ സംരക്ഷിക്കാൻ ഈ സ്‌ക്രബ് മതി.

3- നന്നായി പഴുത്ത പപ്പായാ ഒരു ചെറിയ കഷ്ണം എടുത്തു നന്നായി ഉടയ്ക്കുക. ഇതിലേക്ക് ഒരു സ്പൂൺ തൈര് കൂടി ചേർത്ത് കുഴമ്പു രൂപത്തിൽ ആക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. മികച്ച ഒരു ആന്റി എയ്‌ജിങ്‌ പാക്ക് ആണിത്. മുഖത്തെ കറുത്ത പാടുകൾ അകറ്റി ചർമകാന്തി വർധിപ്പിക്കും.

4- ഒരു ചെറിയ കഷ്ണം ആപ്പിൾ നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഓറഞ്ച് ജ്യൂസ്‌, ഒരു സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി ഇരുപതു മിനിറ്റു ശേഷം കഴുകി കളയാം. ആഴചയിൽ ഒരു വട്ടം എങ്കിലും ഈ പാക്ക് ഇടുന്നത് നിറം വർധിക്കാൻ സഹായിക്കും.

5- നാലോ അഞ്ചോ ബദം വെള്ളത്തിൽ കുതിർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് നന്നായി പഴുത്ത ചെറുപഴം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മാസ്ക് മുഖത്തും കൈകാലുകളിലും പുരട്ടി അര മണിക്കൂർ കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാം. സ്കിൻ സോഫ്റ്റാകാൻ നല്ലൊരു പാക്ക് ആണിത്.

6- അവകാഡോ നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് രണ്ടു വലിയ സ്പൂൺ പാലും, ഒരു സ്പൂൺ മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ പാക്ക് മുഖത്തിട്ട് ഇരുപതു മിനിറ്റ് കഴിയുമ്പോൾ കഴുകികളയാം. മുഖത്തിന്റെ ഡൽനസ് മാറി ഫ്രഷ് ആകും.

Tags:
  • Spotlight