Thursday 15 September 2022 03:32 PM IST : By സുഭാഷ് ഒട്ടുംപുറം

‘ന്നാലും എന്ത് മൻസമ്മാരാണ്ടോ ഇങ്ങള്?’; ‘ഞെട്ടി(ചിരി)പ്പിക്കുന്ന’ ബീഫ് ഫ്രൈ വിഷയത്തില്‍ രസകരമായ അനുഭവക്കുറിപ്പ്

beef-fry75457877

ഗുണ്ടാ സംഘം തടഞ്ഞു നിർത്തി മർദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഈ വിഷയത്തില്‍ രസകരമായ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് സുഭാഷ് ഒട്ടുംപുറം.

സുഭാഷ് ഒട്ടുംപുറം എഴുതിയ കുറിപ്പ് വായിക്കാം;

അന്ന് എന്റെ ഗ്രാമം കുറേക്കൂടി ഇരുണ്ടതായിരുന്നു. ഞങ്ങളുടെ ചുറ്റുവട്ടത്ത് ഒരൊറ്റ പലചരക്ക് കട മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞാമാക്കാന്റെ പീടിക. ഹോട്ടലുകളോ കൂൾബാറുകളോ ഇല്ല. ചായപ്പീടികകൾ പോലും അപൂർവം. പൊറോട്ടയും കോഴിയിറച്ചിയുമൊക്കെ ഇന്നത്തെ പോലെ സുലഭമല്ലാത്ത കാലം. ഓണത്തിനോ വിഷുവിനോ നാടൻ കോഴിയെ കറിവയ്ക്കുന്നത് തന്നെ ഏറ്റവും ആർഭാടമായ കാര്യമായിരുന്നു. പൊറോട്ട കഴിക്കാൻ ഭാഗ്യം കിട്ടിയവർ അന്നത്തെ ദിവസം സൂപ്പർസ്റ്റാറാവും.

അക്കാലത്ത് പുറംനാടുകളിലുള്ളവർ വീശുവലയും ചൂണ്ടലുമൊക്കെയായി മീൻപിടിക്കാൻ ഞങ്ങളുടെ നാട്ടിൽ വരും. ഇപ്പോഴും വരാറുണ്ട്. മിക്കവാറും രാത്രി സമയത്താണ് അവർ വരാറ്. മീൻ പിടിക്കുന്നതിലെ രസം, ഹരം എന്നീ കാരണങ്ങളാണ് ഉറക്കമൊഴിച്ച് വെള്ളത്തിലേക്കിറങ്ങാൻ അവരെ പ്രേരിപ്പിച്ചിരുന്നത്. ഒരു രാത്രി ഇതുപോലെ കിഴക്ക് നിന്ന് ഒരു കൂട്ടർ വല വീശാൻ അഴിമുഖത്തേക്ക് വന്നു. ഭക്ഷണവും മറ്റുമൊക്കെയായി ഒരു ജീപ്പിലാണ് അവർ വന്നത്. സമയം ഒരു പത്തു മണിയായി കാണും. 

ഞങ്ങളുടെ നാട്ടിൽ പകലും രാത്രിയിലും റോഡിൽ ആളുകളുണ്ടാകും. അന്ന് ഇത്രയധികം വാഹനങ്ങളൊന്നുമില്ലാത്ത കാലമാണ്. ആ ജീപ്പിൽ നിന്ന് വലിയൊരു പൊതി റോഡിലേക്ക് വീണു. അതങ്ങനെ വന്നു വീണതും റോഡിൽ കൂടി നിന്ന ചെറുപ്പക്കാരെല്ലാം എന്തോ വലിയ നിധിയെന്ന പോലെ അതിന് നേർക്കു പാഞ്ഞു. പൊതി തുറന്ന അവർ കണ്ടത് ശരിക്കും നിധി തന്നെയായിരുന്നു. പൊറോട്ട, സാൽന, പൊരിച്ച കോഴി. പിന്നെ പറയാനുണ്ടോ.

റോഡിലെ ബഹളം കേട്ട് ഞാനും മാമനും പോയി നോക്കുമ്പോൾ കാണുന്നത് ഇവന്മാരുടെ പിടിവലിയാണ്. നിമിഷനേരം കൊണ്ട് അവർ അതെല്ലാം എങ്ങനെ തിന്നു തീർത്തു എന്നത് എനിക്കിന്നും അത്ഭുതമാണ്. ആ ജീപ്പിലുണ്ടായിരുന്നവർ ഇറങ്ങി വന്നപ്പോഴേക്കും റോഡ് വിജനമായിരുന്നു. കുറച്ച് എല്ലുകളും പ്ലാസ്റ്റിക് കവറുകളും മാത്രം അവിടെ ബാക്കിയായി. ഞങ്ങളെ നോക്കി അവർ പറഞ്ഞു: ‘ന്നാലും എന്ത് മൻസമ്മാരാണ്ടോ ഇങ്ങള്?’ ഇന്നും അക്കാര്യമോർക്കുമ്പോൾ ഒരേസമയം ചിരിയും നാണവും വരും. ഇപ്പോൾ കാലമൊത്തിരി മാറി. പൊറോട്ടയും ചിക്കനുമെല്ലാം വലിയ സംഭവമേ അല്ലാതായി. ചുറ്റുവട്ടങ്ങളിൽ അതിവേഗ ഭക്ഷണശാലകൾ സുലഭമായി. 

അവിചാരിതമായി ഞാനിന്നിതോർക്കാൻ കാരണം മനോരമ ഓൺലൈനിൽ വന്ന ഒരു വാർത്തയാണ്. തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി മർദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തത്രേ. ‘ഞെട്ടി(ചിരി)പ്പിക്കുന്ന’ ഈ വാർത്തയിൽ ഗുണ്ടാസംഘം ആ ചെറുപ്പക്കാനെ തടഞ്ഞു നിർത്തി പണമാവശ്യപ്പെടുകയായിരുന്നത്രെ. പണമില്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയുമായിരുന്നു.

എന്തായാലും ആ ഗുണ്ടകൾക്കിനി തൊഴിൽ മാറ്റിപ്പിടിക്കേണ്ടി വരും. ആളുകൾ ഇനി അവന്മാരെ കാണുമ്പോഴേ ചിരിക്കാൻ തുടങ്ങും. 

‘ന്നാലും എന്ത് മൻസമ്മാരാണ്ടോ ഇങ്ങള്?’

Tags:
  • Spotlight