Saturday 02 June 2018 02:12 PM IST

കണ്ണീരുമായി മുന്നിൽ വരുന്നവർക്കെല്ലാം പടച്ചോന്റെ കനിവ്; തെളിഞ്ഞ പ്രാർഥന പോലെ ബീമാപ്പള്ളി

Nithin Joseph

Sub Editor

beema-palli1 ഫോട്ടോ: സരിൻ രാംദാസ്

മണ്ണിനൊപ്പം മനസ്സിനെയും നനച്ചുകൊണ്ടായിരുന്നു ചാറ്റൽമഴ പെയ്തിറങ്ങിയത്. ബീമാപള്ളിയുടെ തൂവെള്ള ചുമരിൻമേലിരുന്ന് പ്രാവുകൾ കുറുകിയതും പ്രാർഥനാമന്ത്രങ്ങളായി മുഴങ്ങിക്കേട്ടു. മഴത്തുള്ളികൾ തീർത്ത ചി ല്ലുപാളിയെ വകഞ്ഞുമാറ്റി മുന്നോട്ടു നീങ്ങി, കനിവിന്റെ ആലയത്തിലേക്കുള്ള പടികൾ കയറി. പതിനൊന്നു മാസത്തെ തിരക്കുകൾക്ക് അവധി കൊടുത്ത് നോമ്പിന്റെ പുണ്യവുമായി ശാന്തമായുറങ്ങുന്നു വിശ്വാസത്തിന്റെ  ഈ കോട്ട. പതിവിനു വിപരീതമായി, തിരക്കുകളും ബഹളങ്ങളുമില്ലാത്ത ബീമാപള്ളിയുടെ മുന്നിൽ ഒരായിരം കഥകളുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു പള്ളിയുടെ നിർവാഹകൻ ഹലാലുദ്ദീൻ ഹാജി.

‘‘കണ്ണീരുമായി മുന്നിൽ വരുന്നവരെല്ലാം പടച്ചോന്റെ സന്നിധിയിൽ ഒരുപോലാണ്. നെറ്റിയിലെ നിസ്കാരത്തഴമ്പോ ചന്ദനക്കുറിയോ കഴുത്തിലെ കുരിശുമാലയോ അവിടുന്ന് നോക്കാറില്ല. അതുതന്നെയാണ് ബീമാപള്ളിയിലെയും ശീലം.’’ ചോദിക്കാൻ പോകുന്നതെല്ലാം മുമ്പേ അറിഞ്ഞെന്നവണ്ണം ഹാജി പറഞ്ഞു. നെറ്റിയിലെ നിസ്കാരത്തഴമ്പുപോലെ,  തെളിഞ്ഞ പ്രാർഥന പോലെ ഹൃദിസ്ഥമായ പള്ളിയുടെ ചരിത്രത്തിലേക്ക് വിളിക്കുകയാണ് ഹാജി.

ബീമാപള്ളിയുടെ ചരിത്രം

‘‘ഏഴു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ബീമാപള്ളിയുടെ ചരിത്രത്തിന്. മുഹമ്മദ് നബിയുടെ ഖുറൈഷ് ഗോത്രത്തിൽ ജനിച്ച സെയ്ദത്തുനീസാ ബീമാ ബീവിയുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. ദൈവഭയത്തിലും സന്മാർഗത്തിലും വ ളർന്ന സെയ്ദത്തുനിസയെ അബ്ദുൾ ഗാഫർ വിവാഹം കഴിക്കുകയും മാഹിൻ അബൂബക്കർ എ ന്ന മകൻ ജനിക്കുകയും ചെയ്തു.

അചഞ്ചലമായ വിശ്വാസത്തിന്റെയും  കഠിനമായ  പ്രാർഥനയുടെയും ഫലമായി രോഗശാന്തി പോലുള്ള അപൂർവസിദ്ധികൾ ആ ഉമ്മയ്ക്കും മ കനുമുണ്ടായിരുന്നു. അബ്ദുൾ ഗാഫർ മരണപ്പെട്ട കാലത്താണ് അറേബ്യയിൽ ഖലീഫമാരുടെ ഭരണം നടന്നത്. മൂന്നാം ഖലീഫയുടെ ഭരണകാലത്ത് അറേബ്യയിലെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുകയും ആഭ്യന്തരകലാപങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.  

മകനെയും കൂട്ടി ഭാരതത്തിലേക്ക് പലായനം ചെയ്യാൻ സ്വപ്നത്തിലൂടെ ദൈവകൽപന ലഭിച്ച ബീമാ ബീവി  കേരളത്തിലെത്തി തിരുവനന്തപുരത്തെ തിരുവല്ലം എന്ന സ്ഥലത്ത് താമസമാക്കി. നിർധനരെ സേവിച്ചും രോഗികൾക്ക് പ്രാർഥനയാൽ രോഗസൗഖ്യം നൽകിയും ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ ഇരുവരുടെയും ശിഷ്യത്വം സ്വീകരിക്കാൻ ധാരാളം പേരെത്തി. ഉമ്മയും മകനും തലയ്ക്കു പിടിച്ച് മന്ത്രിച്ചാൽ ഏത് മാറാരോഗവും ശമിക്കുമെന്ന് കണ്ട് ദൂരദേശങ്ങളിൽനിന്നുപോലും അനേകായിരങ്ങൾ ഓടിയെത്തി.

ഈ പ്രവൃത്തികളൊന്നും അധികാരവർഗത്തിന് സഹിക്കാൻ കഴിയുമായിരുന്നില്ല. മാഹിൻ അബൂബക്കർ അറേബ്യയിൽ ഹജ്ജിന് പോയ നേരത്ത് അധികാരികൾ ചുങ്കത്തിന്റെ പേരിൽ സെയ്ദത്തുനീസയെ ഉപദ്രവിക്കാൻ തുടങ്ങി. തിരിച്ചെത്തിയ മാഹിൻ അധികാരികളുമായി വഴക്കിലാകുകയും വ ധിക്കപ്പെടുകയും ചെയ്തു. മകന്റെ മരണവാർത്ത അറിഞ്ഞ് അധികം വൈകാതെ ബീമാ ബീവിയും ഹൃദയം പൊട്ടി മരിച്ചു. അമ്മയുടെ അന്ത്യാഭിലാഷപ്രകാരം മകന്റെ ഖബറിനടുത്തു തന്നെ അവർക്കും അന്ത്യവിശ്രമമൊരുക്കി. അന്ന് കൊടുംകാടായിരുന്ന പ്രദേശത്ത് ഇരുവരുടെയും ഖബർ വർഷങ്ങളോളം ആരാലുമറിയാതെ കിടന്നു.

വർഷങ്ങൾക്കു ശേഷം വിറകൊടിക്കാൻ പോയ ആളുകൾ കാടിനുള്ളിൽ രണ്ടു ഖബറുകൾ കണ്ടു. ഖബറുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം വൃത്തിയാക്കി ചെറിയൊരു കൂര നിർമിച്ച് അതിൽ ഒരു കുത്തുവിളക്കും സ്ഥാപിക്കാൻ അവരിൽ പ്രധാനിക്ക് സ്വപ്നത്തിൽ വെളിപാടുണ്ടായി. കുത്തുവിളക്കിൽ എണ്ണയ്ക്കു പകരം കടലിലെ ഉപ്പുവെള്ളം ഒഴിച്ച് തിരി കത്തിക്കാനായിരുന്നു കൽപന. മഹാദ്ഭുതങ്ങളുടെ ആരംഭമെന്നോണം ഉപ്പുവെള്ളമൊഴിച്ചു കത്തിച്ച വിളക്ക് കത്തിനിന്നു. ആദ്യം നിർമിച്ച കൂര വർഷങ്ങൾക്കു ശേഷം പുതുക്കി മറ്റൊരു പള്ളി പണിയുകയും ചെയ്തു. ഇപ്പോഴുള്ള വലിയ പള്ളി നിർമിച്ചിട്ട് അൻപത് വർഷം പോലുമായിട്ടില്ല.’’

പ്രാർഥനാമന്ത്രങ്ങളുടെ അകമ്പടിയിൽ സെയ്ദത്തുനിസാ ബീമാ ബീവിയുടെയും മകൻ മാഹിൻ അബൂബക്കറിന്റെയും ഖബറിങ്കലെ തിരശ്ശീല മെല്ലേ നീങ്ങി. എരിയുന്ന ചന്ദനത്തിരികളുടെ ഗന്ധം പള്ളിയിലാകമാനം നിറഞ്ഞു. പൂക്കളാൽ അലംകൃതമായ ഖബറിനു മുന്നിൽ നിന്നവരെല്ലാം ഉള്ളുരുകി പ്രാർഥിക്കുന്നു. ഉസ്താദ് ഓരോരുത്തരുടെയും തലയിൽ കൈവച്ച് മന്ത്രിക്കുന്നു. പള്ളിമുറ്റത്തെ അരയാലിൽ തട്ടിയെത്തിയ കാറ്റുപോലും നിശബ്ദമായി അരികിൽ നിന്നു. ഒരേ മേൽക്കൂരയ്ക്കു കീഴിലാണെങ്കിലും പള്ളിയും ഖബറും തമ്മിൽ വേർതിരിച്ചുകൊണ്ടാണ് നിർമാണം. രണ്ടിനുമിടയിൽ ഒരു ചുവരിന്റെ മറയുണ്ട്.

beemapalli2

അദ്ഭുതങ്ങളുടെ ഔഷധത്തുള്ളികൾ

വേദനകളെയും പ്രാർഥനാനിയോഗങ്ങളെയും ഖബറിങ്കൽ ഇറക്കിവച്ച് നീങ്ങുമ്പോൾ ചെന്നെത്തുന്നത് പള്ളിയിലെ മരുന്നു കിണറിനു മുന്നിൽ. ഐതിഹ്യത്തിന്റെ ചുരുൾ വീണ്ടും അഴിഞ്ഞു. ‘‘കൊല്ലപ്പെട്ട മാഹിൻ അബൂബക്കറുടെ ഉടൽ പല കഷ്ണങ്ങളായി ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു ഉമ്മയ്ക്ക് ലഭിച്ചത്. മൃതശരീരം സംസ്കരിക്കുന്നതിനു മുമ്പ് വെള്ളം കൊണ്ട് തുടച്ച് വൃത്തിയാക്കേണ്ടത് ആവശ്യമായിരുന്നു. വെള്ളത്തിനായി സെയ്ദത്തുനിസ വെറുംകൈകൊണ്ട് മണ്ണിൽ കുഴിച്ചപ്പോൾ ഉണ്ടായതാണ് മരുന്നു കിണർ എന്നാണ് വിശ്വാസം. മകൻ മരിച്ച് കിടന്ന സ്ഥലത്താണ് കിണർ.

ഏത് മാറാരോഗങ്ങളും മാറ്റാനുള്ള ദിവ്യൗഷധമാണ് മരുന്നു കിണറ്റിലെ വെള്ളം. കഠിനമായ വേനലിലും കിണറ്റിലെ വെള്ളം വറ്റാറില്ല. ആയിരങ്ങളാണ് ദിവസേന വന്ന് മരുന്നു കിണറ്റിലെ വെള്ളം കോരി കുടിക്കുകയും കുളിക്കുകയും ചെയ്യുന്നത്. ആദ്യം ഒരു കിണർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് തിരക്ക് കൂടിയ സാഹചര്യത്തിൽ സമീപത്ത് മറ്റൊന്നുകൂടി നിർമിക്കുകയായിരുന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബീമാപള്ളിയുടെ ചരിത്രം 1989– ൽ ‘മുനാജാത്ത്’ എന്ന പേരിൽ പുസ്തകമായി എഴുതപ്പെട്ടിട്ടുണ്ട്. എ. മുഹമ്മദ് അബ്ദുൽ ഖാദർ പുലവർക്ക് സ്വപ്നത്തിൽ വെളിപ്പെട്ട ബീമാപള്ളിയുടെ ചരിത്രം അദ്ദേഹം പാട്ടായി പാടുകയായിരുന്നു.

‘‘നബിതിരുമറവിൽ നിൻറു– നടനമായുതിത്തമാഹീൻ
 അബുബക്കരൊലിയിൻ–മിതിലരുമൈശേർ’’

എന്നു തുടങ്ങുന്ന പാട്ടിൽ പള്ളിയുടെ കഥ മുഴുവൻ അടങ്ങിയിരിക്കുന്നു. തമിഴ് ഭാഷയിലാണ് പാട്ട് പാടിയിരിക്കുന്നത്.

നിയോഗങ്ങളുടെ ഉറൂസ്

ബീമാപള്ളിയിലെ ആണ്ടു നേർച്ചയാണ് ഉറൂസ് മഹോൽസവം എന്നറിയപ്പെടുന്ന ചന്ദനക്കുടം മഹോൽസവം. ബീമാ ബീവിയുടെ ഓർമയാചരണം ഓരോ വർഷവും ആഘോഷപൂർവം നടത്തിവരുന്നു. ജമാ ദുൽ ആഖിർ ഒന്നു മുതൽ പത്തു വരെ തീയതികളിലാണ് ഉറൂസ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ ഉറൂസ് മഹോൽസവം കാണാനും നേർച്ചകാഴ്ചകൾ നിറവേറ്റാനുമായി ബീമാപള്ളിയിലെത്തുന്നു. ഈ നാളുകളിൽ ബീമാ ബീവിയും മകനും പള്ളിയുടെ ചുറ്റിനും പ്രദക്ഷിണം നടത്തുമെന്നാണ് വിശ്വാസം. പട്ടു കൊണ്ടലങ്കരിച്ച മൂന്ന് കുതിരകളിലാണ് എഴുന്നള്ളത്ത്. പൂർണവിശ്വാസത്തോടെ പ്രാർഥിച്ച് നോക്കുന്നവർക്ക് കുതിരപ്പുറത്ത് എഴുന്നള്ളുന്ന ഉമ്മയെയും മകനെയും കാണാൻ സാധിക്കുമത്രെ.

പള്ളിയിലെ പ്രധാന നേർച്ചയാണ് ചന്ദനക്കുടം. രോഗശാന്തിക്കും ഉദ്ദിഷ്ടകാര്യസാധ്യത്തിനുമായി വിദേശികളും സ്വദേശികളുമായ ലക്ഷക്കണക്കിനാളുകൾ ചന്ദനക്കുടം നേരുന്നു. മൺകലത്തിൽ ചന്ദനം തൊട്ട്, ഓരോരുത്തരുടെയും കഴിവിനനുസരിച്ചുള്ള നേർച്ച പണം നിക്ഷേപിച്ച് അതിലൊരു ച ന്ദനത്തിരിയും കത്തിച്ചുവച്ച് പള്ളിക്കു ചുറ്റും വലം വച്ചതിനു ശേഷം പള്ളിയുടെ ഉള്ളിൽ സമർപ്പിക്കുന്നതാണ് നേർച്ച. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, പതിനൊന്ന് എന്നിങ്ങനെ എത്ര വട്ടം വേണമെങ്കിലും വലം വയ്ക്കാം.  ഇരട്ട സംഖ്യകളിൽ പ്രദക്ഷിണം നിർത്തരുത്. മുൻകാലങ്ങളിൽ ചന്ദനക്കുടത്തിന് മൺകലങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് നേർച്ച നടത്തുന്നവരുടെ ഇഷ്ടാനുസരണം സ്വർണം, വെള്ളി, ചെമ്പ്, സ്റ്റീൽ, അലുമിനിയം എന്നിങ്ങനെ പല തരം കലങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ബീമാപള്ളിയുടെ മാത്രം പ്രത്യേകതയായി വേറെയും നിരവധി നേർച്ചകൾ ഉണ്ട്. രോഗശാന്തിക്കുള്ള നേർച്ചയാണ് തൊട്ടിയും കയറും. തൊട്ടിയും കയറുമായി വന്ന് പ്രാർഥനയോടെ മരുന്നു കിണറിൽ നിന്ന് അരത്തൊട്ടി വെള്ളം കോരി പള്ളിയുടെ അകത്ത് സമർപ്പിച്ചാൽ ഏത് രോഗവും സൗഖ്യമാകുമെന്നത് കാലങ്ങളായുള്ള വിശ്വാസമാണ്. ഇതിനു പുറമേ ആടുമാട്, കോഴി, കുത്തുവിളക്ക്, പട്ട്, പഴം, അരി, അന്നദാനം എന്നിങ്ങനെ എന്തും സമർപ്പിച്ച് പ്രാർഥിക്കാം. പള്ളിക്കുള്ളിൽ വന്ന് പ്രാർഥിക്കുന്നവരെ ഉസ്താദുമാർ തലയ്ക്കു പിടിച്ച് മന്ത്രിക്കുമ്പോള്‍ സകല പൈശാചിക ബാധകളും വിട്ടകലുന്നുവെന്നാണ് വിശ്വാസം. മാസങ്ങളോളം പള്ളിയിൽ താമസിച്ച് പ്രാർഥിക്കുന്നവരുണ്ട്.

മഴ പെയ്തു തോരുംപോലെ ഹാജിയാർ ചരിത്രത്തിന്റെ യും കഥകളുടേയും ചെപ്പടയ്ക്കുമ്പോൾ പള്ളിമുറ്റത്തെ അടുപ്പിനുമുകളിൽ നോമ്പുകഞ്ഞി തിളച്ചുമറിയുന്നുണ്ടായിരുന്നു. നോമ്പുകാലത്ത് പള്ളിയിൽ വരുന്നവർക്കെല്ലാം കഞ്ഞി കുടിക്കാം. അന്യദേശത്തുനിന്ന് വരുന്നവർ കഴിച്ച് തൃപ്തരായതിനു ശേഷമേ അന്നാട്ടുകാർ കഞ്ഞി കുടിക്കാറുള്ളൂ. നോമ്പ് മുറിക്കാൻ ഇനിയും സമയം ബാക്കിയാണ്. പള്ളിനട കയറി ആളുകൾ എത്തിത്തുടങ്ങി. തിരികെ നടക്കുമ്പോൾ  കഥകൾക്ക് കാതുകൂർപ്പിച്ച് കൂടെയുണ്ടായിരുന്ന മഴയെ അവിടെയെങ്ങും കണ്ടതേയില്ല. പകരം സ്വച്ഛമായ, സ്ഫടികം പോലെ തിളങ്ങുന്ന വെളിച്ചം മാത്രം.

അനുഗ്രഹത്തിന്റെ കല്ലടികൾ

പ്രധാന പള്ളിയുടെ പുറത്തുള്ള  ചെറിയ ബാവാ പള്ളിയിലാണ് കല്ലടി ബാവയുടെ ഖബർ. കല്ലടി മസ്താൻ ആരാണെന്നോ എവിടെനിന്നു വന്നുവെന്നോ ആർക്കുമറിയില്ല. അദ്ദേഹത്തിന്റെ യഥാർഥ പേരും അറിയില്ല. എന്നോ ഒരു നാളിൽ ബീമാപള്ളിയിൽ എത്തിയതാണ് മസ്താൻ. മറ്റാർക്കും മനസ്സിലാകാത്ത വിചിത്രമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. കുളിക്കാതെ, വസ്ത്രം ധരിക്കാതെ നടക്കുമെങ്കിലും മസ്താന്റെ ശരീരത്തിൽ എപ്പോഴും സുഗന്ധമായിരുന്നു. അദ്ദേഹത്തെ കാണാനും ഭക്ഷണവും വസ്ത്രങ്ങളും കൊടുക്കാനുമായി ദിവസേന ധാരാളം ആളുകൾ വരുമായിരുന്നു. എന്നാൽ കൂട്ടത്തിൽ നിന്ന് ആരെയെങ്കിലും ഒരാളെ വിളിച്ചിട്ട് അവരുടെ കയ്യിൽ നിന്ന് മാത്രം ഭക്ഷണം വാങ്ങി കുറച്ച് കഴിച്ച്, ബാക്കി ആർക്കെങ്കിലും കൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ചിലപ്പോൾ ആരെങ്കിലും കൊടുക്കുന്ന വസ്ത്രം ധരിക്കുമെങ്കിലും അടുത്ത ദിവസം തന്നെ ഊരി വേറെ ആർക്കെങ്കിലും കൊടുത്ത് വീണ്ടും വിവസ്ത്രനായി നടക്കും. ചില സമയങ്ങളിൽ അദ്ദേഹം പള്ളിക്കുള്ളിലെ ഖബറുകളിൽ പോയി ഉമ്മയോടും മകനോടും സംസാരിക്കുമായിരുന്നു.

തന്റെ മുന്നിൽ വരുന്നവരിൽ ചിലരുടെ നേരെ ചെറിയ കല്ലെടുത്ത് എറിയുന്ന രീതിയുണ്ടായിരുന്നു മസ്താന്. തനിക്ക് ഇഷ്ടപ്പെടുന്നവരെ മാത്രമേ എറിയൂ. അദ്ദേഹത്തിന്റെ അനുഗ്രഹമായിട്ടാണ് ആളുകൾ ആ ഏറിനെ കരുതിയിരുന്നത്. എറിയുന്ന കല്ല് ദേഹത്ത് കൊള്ളുന്നവർക്ക് അൽപം പോലും വേദനിക്കാറില്ല. അങ്ങനെയാണത്രേ അദ്ദേഹത്തിന് ‘കല്ലടി മസ്താൻ’ എന്ന പേരു വന്നത്. മാനസിക രോഗം  ഭേദമാകാനായി ദൂരദേശങ്ങളിൽനിന്നു പോലും ഇന്നും ധാരാളം ആളുകൾ ബീമാപള്ളിയിൽ എ ത്തി കല്ലടി മസ്താന്റെ ഖബറിങ്കൽ പ്രാർഥിക്കുന്നു.

പള്ളി നടത്തിപ്പിന്റെ വഴികൾ

ഓരോ വർഷവും പള്ളിയുടെ കാര്യങ്ങൾ നോക്കി നടത്താൻ ഒരു നിർവാഹകനെ തിരഞ്ഞെടുക്കുന്നു. തലമുറകളായി ഇവിടെ ജനിച്ചു വളർന്നവർക്കു മാത്രമാണ് നിർവാഹകനാകാൻ അവകാശം. ബീമാ പള്ളിക്കു കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പള്ളിക്കു കീഴില്‍ ‘നൂറുൽ ഇസ്‌ലാം’, ‘റഫീഖുൽ ഇസ്‌ലാം’ എന്നിങ്ങനെ രണ്ട് അറബി കോളജുകൾ പ്രവർത്തിക്കുന്നു. ഇവിടെ മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നു. കൂടാതെ ഏഴ് മദ്രസകളും ഒരു ഹയർ സെക്കന്ററി സ്കൂളും പള്ളിയുടേതായുണ്ട്. ഇവയുടെ നടത്തിപ്പിന്റെ ചുമതലയും നിർവാഹകനാണ്. മുപ്പത്തിയൊന്ന് പേരടങ്ങുന്ന കമ്മിറ്റിയാണ് ബീമാപള്ളിയിലേത്.

beemapalli3 നിർവാഹകൻ ഹലാലുദ്ദീൻ ഹാജി