Monday 26 August 2019 03:18 PM IST

‘ആയുസ്സിലെ സ്വപ്നമാണത്, ഇങ്ങനെ കാണാനാകും വിധി’; ബീന സാജന്റെ കണ്ണീർ തോരാത്ത മനസ്സിലൂടെ...

Roopa Thayabji

Sub Editor

sajn-kannur009 ഫോട്ടോ: അരുണ്‍ പയ്യടിമീത്തൽ

കണ്ണൂർ, കൊറ്റാളി അരയമ്പേത്തിലെ ശവപ്പെട്ടി ജംക്‌ഷനിൽ നിന്ന് 200 മീറ്റർ ദൂരമേയുള്ളൂ ‘നൂപുരം’ എന്ന വീട്ടിലേക്ക്. പ്രവാസജീവിതത്തിനൊടുവിൽ നാട്ടിൽ സ്വസ്ഥജീവിതം മോഹിച്ചു വച്ച വീടിന് സാജൻ ആ പേരു നൽകുമ്പോൾ സന്തോഷവും ചിരിയും നൂപുരധ്വനി മുഴക്കുമെന്നാകും പ്രതീക്ഷിച്ചത്. പക്ഷേ, ‘നൂപുര’ത്തിലിപ്പോൾ സന്തോഷമില്ല, കണ്ണീരിന്റെയും തേങ്ങലിന്റെയും ശോകാന്തരീക്ഷം മാത്രം.

കണ്ണൂരിന്റെ രാഷ്ട്രീയച്ചുവപ്പും ആന്തൂർ നഗരസഭയിലെ നിയമക്കുരുക്കുകളുടെ അഴിയാഇഴകളും വാർത്തകളിൽ നിറയുമ്പോഴും ബീനയുടെയും മക്കളുടെയും കണ്ണീർ തോർന്നിട്ടില്ല. ജീവിതസമ്പാദ്യം മുഴുവൻ നാട്ടിലെ ബിസിനസിൽ മുടക്കിയ പ്രവാസി വ്യവസായിയെന്നാണ് സാജൻ പാറയിലിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. എന്നാൽ ബീനയ്ക്കും മക്കൾക്കും ആ സ്നേഹത്തിനു നൽകാൻ വിളിപ്പേരൊന്നുമില്ല. ജീവിതം കൈവിട്ടുപോയ ആ ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ ബീനയുടെ വാക്കുകൾ വിങ്ങലുകളിൽ നേർത്തു പോയി.

കണ്ണൂരിന്റെ മനസ്സിനൊപ്പം

‘‘അരയമ്പേത്ത്, പാറയിൽ വീട്ടിലെ അഞ്ചു മക്കളിൽ നാലാമനാണ് സാജേട്ടൻ. അമ്മ മൈഥിലി. അച്ഛൻ ലക്ഷ്മണന് ചിക്കമംഗളൂരിൽ തടി ബിസിനസായിരുന്നു, അതുകൊണ്ടുതന്നെ സാമ്പത്തിക പ്രയാസമൊന്നും അന്നേയില്ല. കുടുംബത്തിലെല്ലാവരും ഇടതു അനുഭാവികളായിരുന്നു. ചേച്ചി ശ്രീലത, പഠനകാലത്ത് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. മുൻ എംപി, എ.പി. അബ്ദുള്ളക്കുട്ടിയും ചേച്ചിയും പാർട്ടിയിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ്.

ചേച്ചിയാണ് ചേട്ടന്റെ നൈജീരിയയിലേക്കുള്ള യാത്രയ്ക്ക് കാരണക്കാരിയായതും. ബികോം ബിരുദം പൂർത്തിയാക്കി മാഹിയിലെ ടൈൽ കമ്പനിയിൽ അക്കൗണ്ടന്റായാണ് ചേട്ടൻ ആദ്യം ജോലിക്കു കയറിയത്. ആ സമയത്താണ് ശ്രീലത ചേച്ചിയുടെ വിവാഹം. മുംബൈയിൽ അഭിഭാഷകനായ ഭർത്താവിനൊപ്പം പോയ ചേച്ചി അവിടെയൊരു സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറി. പ്രസവാവധിക്കു പോകും മുൻപ് ആ വേക്കൻസിയിലേക്ക് ചേട്ടനെ വിളിച്ചു. അന്നു ചേട്ടന് 21 വയസ്സ്. മുംബൈയിൽ കംപ്യൂട്ടർ പ്രചാരത്തിൽ വന്ന കാലമാണത്. ചേട്ടന് പുതിയ ടെക്നോളജി പഠിക്കാൻ വലിയ ഉത്സാഹമായി. ആ ഉത്സാഹവും ജോലിയോടുള്ള ആത്മാർഥതയും കണ്ട് ഒൻപതു വർഷം കഴിഞ്ഞപ്പോൾ നൈജീരിയയിലെ മദർ കമ്പനിയിലേക്ക് അവർ ജോലിക്കയച്ചു. ആറു വർഷം മുൻപ് സ്വന്തം ബിസിനസ് തുടങ്ങും വരെ അഗ്രി പ്രോഡക്ട്സിൽ തന്നെയായിരുന്നു ചേട്ടൻ. ഏറ്റവുമൊടുവിൽ കമ്പനിയുടെ കൺട്രി മാനേജർ പോസ്റ്റിൽ കമ്പനിയുടെ നൈജീരിയയിലെ മേധാവി ആയാണ് ജോലി ചെയ്തത്.

2002 മേയ് 31 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം. താണ കണ്ണോത്താംചാലിലാണ് എന്റെ വീട്. ചേട്ടനൊപ്പം നൈജീരിയയിലെത്തുമ്പോൾ പുറത്തിറങ്ങാൻ പോലും പേടിയായിരുന്നു. മാർക്കറ്റുകളിലേക്ക് ഹോൾസെയിലായി സാധനങ്ങൾ എത്തിക്കുന്നതാണ് ചേട്ടന്റെ ജോലി. പലപ്പോഴും വഴിയിൽ വച്ചോ കടയിൽ നിന്നോ ഒക്കെ കൊള്ളക്കാർ സാധനങ്ങൾ കവർന്നു കൊണ്ടുപോകും. തോക്കുമായി വീടുകളിലേക്കു വരെ അവർ ഇരച്ചെത്തും. ഒരിക്കൽ സാധനങ്ങൾ വിറ്റ് തിരികെ വരും വഴി അവർ വണ്ടി തടഞ്ഞു. തോക്കു ചൂണ്ടി ആവശ്യപ്പെട്ടപ്പോൾ മുഴുവൻ പണവുമടങ്ങിയ ബാഗു തന്നെ കൊടുക്കേണ്ടി വന്നു. അതിനുശേഷം ഒരു ബുദ്ധി പ്രയോഗിക്കുമായിരുന്നു. അവർ പണം ആശ്യപ്പെടുമ്പോൾ കൊടുക്കാനായി കുറച്ചു പണം മാത്രമടങ്ങിയ മറ്റൊരു ബാഗ് കൂടി കയ്യിൽ കരുതും. ഓരോ രൂപയുടെയും വില ചേട്ടന് അറിയാമായിരുന്നു.

നാട്ടിലെ സ്വപ്നം

അവധിക്കു വന്നാൽ തിരികെ പോകാൻ ചേട്ടന് വലിയ വിഷമമായിരുന്നു. അങ്ങനെ ഇവിടെ 35 സെന്റ് സ്ഥലം വാങ്ങി ചേട്ടൻ വീടു വച്ചു. 2015ൽ ജോലി രാജിവച്ച് ചേട്ടനും  ഞങ്ങളും  നാട്ടിൽ സ്ഥിരതാമസമാക്കി. അതിനു തൊട്ടുമുൻപാണ് ബിസിനസ് തുടങ്ങിയത്.

ബക്കളത്ത് പാർഥ ബിൽഡേഴ്സ് എന്ന പേരിൽ പത്തു വില്ലകളും അപാർട്മെന്റ് കോംപ്ലക്സുമുള്ള പ്രോജക്ടാണ് ആദ്യം ചെയ്തത്. അന്ന് തളിപ്പറമ്പ് നഗരസഭാ പരിധിയിലായിരുന്നു ബക്കളം. 2015ൽ നഗരസഭ വിഭജനത്തിനു ശേഷം പുതുതായി നിലവിൽ വന്ന ആന്തൂർ നഗരസഭാ പ രിധിയിലായി. സിപിഎം ഭരിക്കുന്ന, ഒരു പ്രതിപക്ഷ അംഗം പോലുമില്ലാത്ത നഗരസഭയാണ് ആന്തൂർ. വില്ല പ്രോജക്ട് പൂർത്തിയായി ആറു വില്ലകൾ ഇതിനിടെ വിറ്റുപോയി. പിന്നെയാണ് പാർഥ കൺവൻഷൻ സെന്റർ എന്ന പേരിൽ ഓഡിറ്റോറിയത്തിന്റെ ജോലി ആരംഭിച്ചത്.

പ്രശ്നങ്ങളുടെ തുടക്കം

ഇതിനിടെ ചേട്ടനെ നൈജീരിയയിലെ കമ്പനി അധികൃതർ ജോലിയിൽ തിരികെ പ്രവേശിക്കാമോ എന്നു ചോദിച്ച് വിളിച്ചു. അഭ്യർഥന കണക്കിലെടുത്ത് ഞങ്ങളെ നാട്ടിൽ നിർത്തി ചേട്ടൻ പോയി. കൺവൻഷൻ സെന്ററിന്റെ നിർമാണം തുടങ്ങി ഒന്നരവർഷം പിന്നിട്ടപ്പോഴാണു പ്രശ്നങ്ങളുടെ തുടക്കം. അപ്പോഴേക്കും കോൺക്രീറ്റിങ് ജോലികൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. നിർമാണത്തിൽ ചില അപാകതകളുണ്ടെന്നു ചൂണ്ടിക്കാട്ടി പണികൾ നിർത്തിവയ്പിച്ചു.

dddsaajan

നോട്ടീസിൽ പറഞ്ഞ തിരുത്തലുകൾ വരുത്താൻ ഞങ്ങൾ തയാറായെങ്കിലും പണി തുടരാൻ അനുമതി ലഭിച്ചില്ല. അതോടെ ചേട്ടൻ നാട്ടിലെത്തി. പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജ ൻ സഖാവിനെ നേരിട്ടുകണ്ട് കാര്യങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിനെ തുടർന്ന് നടത്തിയ പുനഃപരിശോധനയിൽ, നിർമാണത്തിൽ അപാകതയില്ലെന്ന സർട്ടിഫിക്കറ്റ് ജോയിന്റ് കമ്മിഷനറിൽ നിന്ന് ലഭിച്ചു. അത് നഗരസഭാ എൻജിനീയറിങ് വിഭാഗത്തിനു സമർപ്പിച്ച ശേഷം പണി പുനരാരംഭിച്ചു. എല്ലാ ജോലികളും പൂർത്തിയാക്കി പ്രവർത്തനാനുമതിക്കായി അപേക്ഷ സമർപ്പിച്ചപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

ആരുടെ തെറ്റ് ?

2018 ഡിസംബറിലാണ് ചേട്ടൻ അവസാനം നൈജീരിയയിലേക്കു പോയത്. പോകുമ്പോൾ ജനുവരി 26ന് ഉദ്ഘാടനം നടത്താൻ വരുന്നതിനെ കുറിച്ചു വരെ പ്ലാൻ ചെയ്തിരുന്നു. ജോലികൾ നീണ്ടതോടെ വരവു നീട്ടി ഏപ്രിൽ നാലിനാണ് ചേട്ടൻ നാട്ടിലെത്തുന്നത്. ഏപ്രിൽ 12നാണ്  ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. നിയമം അനുസരിച്ച്  നിർമാണം പൂർത്തിയാക്കിയ സംരംഭത്തിന് പ്രവർത്തനാനുമതി നൽകുന്നതിന് നഗരസഭയ്ക്ക് 15 ദിവസം മതിയാകും. എന്നാൽ അനുമതി കാത്തിരുന്ന ചേട്ടനെ തേടിയെത്തിയത് ഒരുകൂട്ടം തിരുത്തലടങ്ങിയ നോട്ടിസാണ്. കൺവൻഷൻ സെന്ററിനു ചുറ്റും  മതിയായ സ്ഥലം ഒഴിച്ചിട്ടില്ല, പ്ലാനിൽ പറഞ്ഞതിനേക്കാൾ സ്ഥലത്ത് നിർമാണം നടത്തി, അനുമതി കൂടാതെ സോളർ പാനൽ സ്ഥാപിച്ചു, ആവശ്യത്തിനു ശുചിമുറികളില്ല, റാംപിനു വേണ്ടത്ര ചെരിവില്ല... അതോടെ ചേട്ടൻ ആകെ മാനസ്സിക പ്രയാസത്തിലായി.

നേരത്തേ ബുക്കിങ് സ്വീകരിച്ച മൂന്നു വിവാഹങ്ങൾ ഇതിനിടെ ഇവിടെ വച്ചു നടന്നു. ഇതിൽ രണ്ടെണ്ണത്തിന് വിവാഹസർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതി വന്നതോടെ മറ്റു ബുക്കിങ്ങുകൾ ഒഴിവാക്കി. പ്രശ്നങ്ങൾ പരിഹരിക്കാനും അതിനു വേണ്ടി നഗരസഭാ അധികൃതരെ കാണാനുമുള്ള ഓട്ടത്തിലായിരുന്നു പിന്നെ, ഓരോ ദിവസവും. പലപ്പോഴും ഓരോ കാരണം പറഞ്ഞ് നീട്ടിവയ്ക്കും. നഗരസഭയിലെ ബന്ധപ്പെട്ട ചില  ഉദ്യോഗസ്ഥരും  മോശമായി പെരുമാറി. എന്റെ അച്ഛനോടു പോലും അവർ അപമര്യാദയായി പെരുമാറിയെന്ന് ഇപ്പോഴാണ് അറിയുന്നത്. ജോലിയിലെയോ ബിസിനസിലെയോ ഒരു വിഷമങ്ങളും ചേട്ടൻ വീട്ടിൽ പറയാറില്ലായിരുന്നു.

ജീവിതം കുരുക്കിയ ചുവപ്പ്

ബിസിനസ് ആവശ്യത്തിനായി ലോണോ കടബാധ്യതയോ ഇല്ലായിരുന്നു, സ്വന്തമായുള്ള രണ്ടു എസ്‌യുവി വണ്ടികളും മുഴുവൻ തുകയും കൊടുത്ത് വാങ്ങിയതാണ്. നാട്ടിൽ പലയിടത്തും വസ്തു വാങ്ങിയിട്ടിരുന്നു. 20 വർഷം കൊണ്ട് സമ്പാദിച്ചതൊക്കെയും മുടക്കിയാണ് ബിസിനസുകൾ തുടങ്ങിയത്. അവ മുടങ്ങിയതിൽ അദ്ദേഹം നിരാശനായിരുന്നു.  

മരിക്കുന്നതിനു രണ്ടു ദിവസം മുൻപ് നഗരസഭയിലെ എ ൻജിനീയറെ കാണാൻ ചേട്ടൻ പോയിരുന്നു. അവിടെ കാബിനു പുറത്തു വച്ച് ചെയർപഴ്സനായ പി.കെ. ശ്യാമള ടീച്ചറെ കണ്ടു. ഇരുവരുടെയും കണ്ണുകൾ ഉടക്കിയെങ്കിലും  ആരും ഒന്നും മിണ്ടിയില്ല. അന്നു വൈകിട്ട് അദ്ദേഹം വിഷമിച്ചിരിക്കുന്നതു കണ്ട് ഞാൻ ആശ്വസിപ്പിച്ചു. ചേട്ടന്റെ മറുപടി ഇപ്പോഴും കാതിലുണ്ട്, ‘എന്റെ ആയുസ്സിലെ സ്വപ്നമാണത്. അതു  വെറുതെ കാടുപിടിച്ചു നശിക്കുന്നത് കാണാനാകും വിധി...’ പാർട്ടി ജില്ലാസെക്രട്ടറിയുടെ ഇടപെടലിനെ തുടർന്ന് നിർമാണം പുനരാരംഭിക്കാൻ േനരത്തേ അനുമതി നൽകേണ്ടി വന്നതിൽ ടീച്ചർക്കു നീരസമുണ്ടെന്നും അതുകൊണ്ടാണ് തന്നെ വട്ടം കറക്കുന്നതെന്നും  ചേട്ടന് അറിയാമായിരുന്നു. അതിനിടെ വീണ്ടും അന്വേഷണസംഘം പരിശോധനയ്ക്ക് എത്തിയതോടെ മനസ്സ് ആകെ തകർന്ന അവസ്ഥയിലായി.

മരണം വന്ന നേരം

ജൂൺ 18നു വൈകിട്ട് ഞങ്ങളെല്ലാം കൂടി എന്റെ വീട്ടിൽ പോയിരുന്നു. സന്തോഷത്തോടെ ഒന്നിച്ച് ഭക്ഷണമൊക്കെ കഴിച്ച ശേഷം രാത്രിയോടെയാണ് വീട്ടിലെത്തിയത്. പിറ്റേന്ന് രാവിലെ നഗരസഭയിലെ എൻജിനിയറെയും ആർക്കിടെക്ടിനെയും കാണാൻ പോകണമെന്ന് കിടക്കും മുൻപ് പറഞ്ഞിരുന്നു.

വെളുപ്പിന് നാലരയ്ക്ക് ഉണർന്നു നോക്കുമ്പോൾ അടുത്ത് ചേട്ടനില്ല. താഴെ വന്നു നോക്കി. എങ്ങും കാണുന്നില്ല. എനിക്കെന്തോ പേടിയായി, വേഗം മക്കളെ വിളിച്ചുണർത്തി. തൊട്ടടുത്ത വീട്ടിലെ പ്രദീപൻ ചേട്ടനെ വിളിച്ചു കൊണ്ടുവന്നത് മോനാണ്. അവർ നോക്കുമ്പോൾ രണ്ടാം നിലയിലെ ബാൽക്കണിയിലേക്കുള്ള വാതിൽ പുറത്തു നിന്ന് പൂട്ടിയിരിക്കുന്നു. വെളിയിൽ കൂടി ഏണി വച്ചു കയറി നോക്കുമ്പോഴാണ് ടെറസ്സിലേക്കു കയറുന്ന ഇരുമ്പ് ഗോവണിയിലെ അഴിയാക്കുരുക്കിൽ ആ ജീവിതം അവസാനിച്ചെന്നു കണ്ടത്. രാത്രിയിലെപ്പോഴോ തന്നെ മരണം സംഭവിച്ചിരുന്നു.

ജോലി ചെയ്തിരുന്ന അഗ്രി പ്രോഡക്ടസ് കമ്പനിയിൽ നിന്ന് വർഷം മൂന്നുവട്ടമൊക്കെ നാട്ടിൽ ലീവിനു വരാം. സെപ്റ്റംബറിൽ എള്ളു പൂക്കുന്ന കാലം തുടങ്ങുന്നതോടെ നൈജീരിയയിലേക്കു തിരികെ പോകാനിരുന്നതാണ്. സഹായം ചെയ്യുന്ന കാര്യത്തിൽ പാർട്ടി ഭേദമൊന്നും ചേട്ടൻ നോക്കിയിട്ടേയില്ല. ഏറ്റവുമൊടുവിൽ ചെറിയ പെരുന്നാളിന് പാവപ്പെട്ടവർക്കു ദാനം ചെയ്യാനായി 100 ചാക്ക് അരിയാണ് സ്പോൺസർ ചെയ്തത്. കഴിഞ്ഞ ദിവസം കുറച്ചകലെ നിന്ന് വളരെ പ്രായമുള്ള ഒരാൾ വന്നു. ഡയബറ്റിസ് കൂടി കണ്ണിന്റെ കാഴ്ച പോയ അദ്ദേഹം മാസങ്ങൾക്കു മുൻപ് ചേട്ടന്റെയടുത്ത് സഹായം തേടി വന്നിരുന്നു. ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞ് ഒരു കണ്ണിന് കാഴ്ച കിട്ടിയപ്പോൾ നന്ദി പറയാൻ വന്നതാണ്.

ഒരുപാട് ചെറുപ്പക്കാരെ ജോലി വീസയിൽ കൊണ്ടുപോയിട്ടുണ്ട്. ഒരു ദുഃശീലവും ഇല്ല. ആരോടും കയർത്ത് സംസാരിക്കാനും അറിയില്ല. സ്വപ്നം സഫലമാകാൻ കാത്തിരുന്നു മനസ്സു മടുത്തപ്പോഴാണ് അദ്ദേഹം അതു ചെയ്തത്. മരണശേഷം കുറെ വിവാദങ്ങളുണ്ടായി. കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും വന്നു. മക്കളു  മാത്രമാണ് ഇനി ആശ്രയം. പാർഥിവ് പ്ലസ് വണ്ണിനാണ്, അർപ്പിത ഒൻപതാം ക്ലാസിലും. ചതിയുടെ  ഈ ലോകത്ത് പിടിച്ചു നിൽക്കാനാകാതെയാണ് അച്ഛൻ പോയതെന്ന് അവർക്കറിയാം. എല്ലാവരും ആശ്വാസവാക്കുകൾ പറയുന്നുണ്ട്. പക്ഷേ, എന്റെ സങ്കടം എത്ര കരഞ്ഞാലും തീരുമോ? 

Tags:
  • Spotlight
  • Vanitha Exclusive