Wednesday 31 October 2018 05:28 PM IST

‘‘അധ്യാപകർ അധികാരികളെ പോലെയാണെന്ന മനോഭാവം മാറണം’’; ഭഗവാൻ പറയുന്നു

Nithin Joseph

Sub Editor

bhagvan

രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിലേക്കു തിരിഞ്ഞത് നിമിഷനേരം കൊണ്ടാണ്. ചെന്നൈയിൽ നിന്ന് നൂറു കിലോമീറ്റർ അകലെ ആന്ധ്ര അതിർത്തിയിലുള്ള വെളിയഗരം ഗ വൺമെന്റ് സ്കൂൾ. ഇവിടെയാണ് അദ്ദേഹമുള്ളത്. അധ്യാപകൻ എന്ന വാക്കിന്റെ അർഥവും ആഴവും ശിഷ്യരിലൂടെ നമുക്കു കാണിച്ചു തന്ന ജി. ഭഗവാൻ.

കഴിഞ്ഞ ജൂൺ 20 ന് തന്റെ റിലീവിങ് ഓർഡർ കൈപ്പറ്റാനാണ് ഭഗവാൻ സ്കൂളിലെത്തിയത്. ഭഗവാനെ കാത്ത് സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ രക്ഷിതാക്കളും വാതിൽക്കൽ തന്നെ നില്‍പുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന്റെ കൈകളിൽ മുറുകെ പിടിച്ച്, കണ്ണീരോടെ അവർ ഒരേ സ്വരത്തിൽ പറഞ്ഞു. ‘ഉങ്കളെ പോക വിടമാട്ടോം, നീങ്കൾ ഇല്ലാമൽ സ്കൂളിൽ വരമാട്ടോം.’ (താങ്കളെ പോകാൻ അനുവദിക്കില്ല. താങ്കളില്ലെങ്കിൽ ഞങ്ങളാരും ഇനി സ്കൂളിൽ വരില്ല).

ഏറെ പ്രിയപ്പെട്ട അധ്യാപകൻ യാത്ര പറയുന്നത് ആ കുട്ടികൾക്ക് താങ്ങാവു ന്നതിലും അപ്പുറമായിരുന്നു. മറ്റ് അധ്യാപകർ പലവട്ടം ആവശ്യപ്പെട്ടിട്ടും ക്ലാസ്സുക ളിലേക്ക് പോകാന്‍ അവർ തയാറായില്ല. നാടു മുഴുവൻ അധികൃതർക്കു മുന്നിൽ യാചിച്ചു, സ്നേഹനിധിയായ അധ്യാപകനു വേണ്ടി. സ്കൂളിന്റെ ഗേറ്റിനു മുന്നിൽ സ്നേഹം കൊണ്ടൊരു വൻമതിൽ പണിത് അവർ നിറകണ്ണുകളോടെ കാത്തിരുന്നു, ഭഗവാൻ സാർ പോകാതിരിക്കാൻ. അവരുടെ സ്നേഹത്തിനു മുന്നിൽ കൈകൂപ്പി പൊട്ടിക്കരയാനേ അദ്ദേഹത്തിന് സാധിക്കുമായിരുന്നുള്ളൂ.

bhagan_1 ഫോട്ടോ: ശ്യാം ബാബു

എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചത് ഒരൊറ്റ ചോദ്യം മാത്രം. നാട് മുഴുവൻ ഒരു അധ്യാപകനു വേണ്ടി അണിനിരന്ന തിനു പിന്നിലെ കാരണമെന്താണ്? ഇത്രയധികം സ്നേഹം കൊടുക്കാൻ അവർക്ക് അയാളുമായുള്ള ബന്ധമെന്താണ്? മ റുപടി അന്നാട്ടുകാർ തന്നെ പറയും.

‘‘തലേദിവസം മകൾ കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയ ത്. കാര്യം ചോദിച്ചപ്പോൾ ഭഗവാൻ സാർ സ്കൂളിൽനിന്ന് പോ കുന്നു എന്ന് പറഞ്ഞു.’’ ഒന്‍പതാംക്ലാസ് വിദ്യാർഥിനി ഗോമ തിയുെട അപ്പ ശിവ ഒാര്‍ക്കുന്നു. ‘‘സാർ ഇല്ലെങ്കിൽ ഞങ്ങൾ ഇ നി പഠിക്കാൻ പോകില്ല എന്ന് അവള്‍ കരഞ്ഞു കൊണ്ടു പറയു മ്പോൾ ഞങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും? സാറിനോട് അവർക്കുള്ള സ്നേഹം ഇവിടെ എല്ലാവർക്കും അറിയാവുന്നതാണ്. ഞങ്ങളെല്ലാവരും പിറ്റേന്ന് സ്കൂളിലെത്തി.’’

അധ്യാപകർ സ്ഥലം മാറിപ്പോകുന്ന വേളയിൽ കുട്ടികൾ സങ്കടപ്പെടുന്നതും കരയുന്നതും സാധാരണമാണെങ്കിലും മക്കൾക്കൊപ്പം മാതാപിതാക്കളും സ്കൂളിനു മുന്നിൽ സമരം ചെയ്യുന്നത് കേട്ടുകേൾവി പോലുമില്ല എന്നാണ് സ്കൂള്‍ പ്രി ൻസിപ്പൽ എ. അരവിന്ദ് പറയുന്നത്.

‘‘ഓരോ കുട്ടിയുടെയും രക്ഷിതാക്കളുമായി അത്രയേറെ ആത്മബന്ധം സൂക്ഷിക്കുന്ന ആളാണ് ഭഗവാൻ.’’ സ്കൂളിന്റെ വളർച്ചയിൽ തനിക്കൊപ്പം തോളോടുതോൾ ചേർന്നു നിൽക്കുന്ന സഹപ്രവർത്തകനോടുള്ള സ്നേഹം അരവിന്ദിന്‍റെ വാക്കുകളില്‍. ‘‘പ്രോഗ്രസ് കാർഡ് കുട്ടികളുടെ കയ്യിൽ കൊടുത്തു വിടില്ല. പകരം മാതാപിതാക്കളെ നേരിട്ടു കണ്ട് അവരുടെ കൈയിൽ കൊടുക്കും. മക്കളുെട പഠനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കും. പല രക്ഷിതാക്കളും തങ്ങളുടെ മൂത്ത മകനായാണ് അദ്ദേഹത്തെ കാണുന്നത്. വീടുകളിൽ എന്ത് വിശേഷം നടന്നാലും ഭഗവാന് പ്രത്യേകം ക്ഷണമുണ്ട്.’’

ആത്മബന്ധത്തിന്റെ കഥ

bhagan_2 ഫോട്ടോ: ശ്യാം ബാബു

2014ലാണ് ഭഗവാൻ വെളിയഗരം ഗവൺമെന്റ് ഹൈസ്കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായി എത്തുന്നത്. സമീപത്തുള്ള ഏഴു ഗ്രാമങ്ങളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന കൂലിവേലക്കാരുടെ മക്കൾ. പേരന്റ്സ് മീറ്റിങ്ങിനായി സ്കൂളിലേക്ക് വന്നാൽ ആ ദിവസത്തെ വരുമാനം നഷ്ടപ്പെട്ട് കുടുംബം പട്ടിണിയാകും. അതിനാൽ ചുറ്റുമുള്ള ഗ്രാമങ്ങളിലെ വീടുകളിൽ രാത്രി ഏഴു മുതൽ ഒൻപത് വരെയുള്ള സമയങ്ങളിൽ പ്രിൻസിപ്പലിനൊപ്പം ഭഗവാനും നേരിട്ടു പോയി രക്ഷിതാക്കളെ കാണും. അവരെ ഒരുമിച്ചു കൂട്ടി കാര്യങ്ങൾ അവതരിപ്പിക്കും.

‘‘അധ്യാപകർ അധികാരികളെ പോലെയാണെന്ന മനോ ഭാവം കുട്ടികളിൽ ഉണ്ടായിരുന്നു. ആ ചിന്ത ഇല്ലാതാകണമെങ്കിൽ നമ്മൾ അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം. അവരിലൊരാളായി കാണാനുള്ള സ്വാതന്ത്ര്യം കൊടുക്കണം.’’ സംസാരിച്ചു കൊണ്ടിരിക്കെ സ്കൂൾവരാന്തയിലൂടെ ഒരു കൊച്ചു മിടുക്കൻ പാഞ്ഞെത്തി തല കാണിച്ചു. അവന്റെ വക തെല്ലു പരിഭവത്തില്‍ ഒരു ഡയലോഗ്, ‘സാർ, ബെല്ലടിച്ചത് കേട്ടില്ലേ, എന്നിട്ടും ക്ലാസ്സിൽ വരാത്തതെന്താണ്?’ അവനെ ഒരു പുഞ്ചിരി െകാണ്ടു സമാധാനിപ്പിച്ച് ക്ലാസിലേക്കു പറഞ്ഞുവിട്ട േശഷം ഭഗവാന്‍ തുടര്‍ന്നു.

‘‘എന്റെ ഗ്രാമമായ ബൊമ്മരാജ് പേട്ടൈയിലെ സർക്കാർ സ്കൂളിലാണ് ഞാൻ പഠിച്ചത്. നാലാം ക്ലാസ്സിൽ എന്നെ പ ഠിപ്പിച്ച ഉമാപതി എന്നൊരു അധ്യാപകന്‍ ഉണ്ടായിരുന്നു. സ്കൂളിലെ ഓരോ വിദ്യാർഥിക്കും പ്രിയപ്പെട്ടയാള്‍. ഒരു പഴയ എം80 സ്കൂട്ടറിലാണ് അദ്ദേഹം വരുന്നത്. ഞങ്ങൾ രാവിലെ സ്കൂളിലെത്തിയാൽ ഗേറ്റിന്റെ മുന്നിൽ പോയി കാത്തുനിൽക്കും, സാറിന്റെ ബാഗ് ചുമക്കാൻ. അത് അംഗീകാരം പോ ലെയാണ് കണ്ടിരുന്നത്. കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങി അ വരിലൊരാളായി മാറാൻ എനിക്ക് പ്രചോദനമായത് ഉമാപതി സാറാണ്.

ഞാൻ തെറ്റു ചെയ്താൽ അത് കുട്ടികൾക്ക് ചൂണ്ടിക്കാണിക്കാം. ഒരു ദിവസം ലീവെടുത്താൽ, ബെല്ലടിച്ചിട്ടും ക്ലാസിൽ എത്താൻ വൈകിയാൽ അവർ എന്നെ ചോദ്യം ചെയ്യും. അതേ സമയം അവർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞാൻ കൂടെ നില്‍ക്കുകയും ചെയ്യും. അവരുടെ വിഷമങ്ങൾക്കും പ്രശ്നങ്ങൾക്കും ചെവി കൊടുക്കും.

ചില വീടുകളിൽ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ടായിരിക്കും കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കാത്തത്. അങ്ങനെയുള്ള കാര്യങ്ങൾ എ ന്നോടു വന്നു പറയുമ്പോള്‍ ഞാന്‍ മാതാപിതാക്കളെ നേരിട്ടു കണ്ട് കാര്യം പറയും. എനിക്ക് പരിഹരിക്കാവുന്ന വിഷയങ്ങളെല്ലാം പരിഹരിക്കാൻ ശ്രമിക്കാറുണ്ട്.’’

പരീക്ഷയെ മുൻനിർത്തി കുട്ടികളെ പഠിപ്പിക്കുന്ന രീതി ഭ ഗവാന് വശമില്ല. അധ്യാപന ശൈലിയെക്കുറിച്ച് പറയുമ്പോൾ ക്ലാസ്സിലെത്തിയതു പോലുള്ള ആവേശം. ‘കഥകളാണ് എന്റെ പ്രധാന ആയുധം. കഥ ഇഷ്ടമല്ലാത്ത കുട്ടികൾ ഇല്ലല്ലോ. ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് സൈക്കിളിനെക്കുറിച്ചുള്ള പാഠമാണ്. പാഠം തുടങ്ങുന്നതിനു മുൻപ് ചെറുപ്പത്തിൽ ഞാനും ചേച്ചിയും സൈക്കിളിൽ ചന്തയ്ക്കു പോയ കഥ ക്ലാസ്സിൽ പറഞ്ഞു. സാധനങ്ങൾ വാങ്ങി തിരിച്ചു വരുന്ന വഴിയിൽ സൈക്കിൾ മറിഞ്ഞ് ഞങ്ങൾ രണ്ടാളും താഴെ വീണു. ഈ സംഭവം പറഞ്ഞതിനു ശേഷം കുട്ടികളോട് സൈക്കിളുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കാൻ പറയും. ഈ അനുഭവങ്ങളും അതോടൊപ്പം പഠിക്കുന്ന പാഠങ്ങളും എത്ര കാലം കഴിഞ്ഞാലും അവർ മറക്കില്ല.’

വർഷങ്ങളായി സ്കൂളിൽ പൊടിപിടിച്ചിരുന്ന കംപ്യൂട്ടറും പ്രൊജക്ടറും ഉൾപ്പെടെയുള്ള സൗകര്യങ്ങളെല്ലാം ഉപയോഗിച്ചുള്ള പഠിപ്പിക്കലാണ് ഭഗവാന്റേത്. പലരും ക്ലാസ്സിന്റെ പടിക്കു പുറത്ത് വയ്ക്കുന്ന മൊബൈൽ ഫോൺ പോലും ഇദ്ദേഹത്തിന്റെ ക്ലാസ്സിലെ പ്രധാന പഠനോപകരണമാണ്.

‘‘ജീവിതത്തിൽ ഒരിക്കലും ചെറിപ്പഴമോ ചെറിമരമോ കണ്ടിട്ടില്ലാത്ത കുട്ടിക്ക് എങ്ങനെ ചെറിയെക്കുറിച്ചുള്ള കവിത മനസ്സിലാകും. അതേ സമയം ചെറിയുടെ ചിത്രമോ വിഡിയോയോ കാണിച്ചാൽ എളുപ്പത്തിൽ കാര്യം പിടികിട്ടും.’’

ദേഷ്യം ബെല്ലടിക്കും വരെ മാത്രം

bhagan_3 ഫോട്ടോ: ശ്യാം ബാബു

വിദ്യാർഥികളുമായി നല്ല സൗഹൃദം ഉണ്ടെങ്കിലും ഇടയ്ക്ക് ദേഷ്യമൊക്കെ വരാറുണ്ടെന്ന് ഭഗവാൻ. പക്ഷേ, ദേഷ്യത്തിന് ആയുസ്സ് കുറവാണ്. ‘‘ഒരു കുട്ടിയോട് ദേഷ്യപ്പെട്ടാൽ വൈകുന്നേരത്തിനു മുൻപായി അവനോടു സംസാരിച്ച് അവന്റെ സങ്കടം മാറ്റും. അവൻ ചെയ്ത നല്ല കാര്യങ്ങൾ ക്ലാസ്സിൽ പ റഞ്ഞ് അഭിനന്ദിക്കും. അപ്പോഴേക്കും പിണക്കവും മാറും.

മിക്കപ്പോഴും ഭക്ഷണം കഴിക്കുന്നതു കുട്ടികൾക്കൊപ്പം ഇരുന്നാണ്. ക്ലാസ്സിലെ കുട്ടികളെ വേർതിരിച്ച് കാണാറില്ല. മുന്‍ബെഞ്ചിലുള്ള കുട്ടിയോട് ചോദ്യം ചോദിച്ചാൽ അവൻ ഉത്തരം പറയുമായിരിക്കും. പക്ഷേ, പിന്‍ബെഞ്ചിലെ സ്ഥിതി അതായിരിക്കില്ല. അവർ ഉത്തരമറിയാതെ എഴുന്നേറ്റ് നിൽക്കുന്നത് മറ്റുള്ളവർക്ക് ചിരിക്കാനൊരു കാരണം മാത്രമാകും. പക്ഷേ, അതേ സമയം ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ എണീറ്റാൽ പോലും അഭിനന്ദിച്ചു നോക്കൂ. ഉത്തരം തെറ്റായാലും അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.’’

ഭഗവാൻ സ്കൂളിലെത്തിയിട്ട് നാലു വർഷം കഴിഞ്ഞു. പരീക്ഷാഫലങ്ങളിലും മറ്റെല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പലകുറി മായാജാലം തീർത്തിട്ടുണ്ട്, ഈ ചെറുപ്പക്കാരൻ. ആദ്യത്തെ അധ്യായനവർഷത്തിന്റെ പകുതിയിൽ ജോലിയിൽ പ്രവേശിച്ചതിനാൽ കുട്ടികളെ പഠിപ്പിക്കാൻ കിട്ടിയത് ആറു മാസം മാത്രം. ആ വർഷം പത്താം ക്ലാസ് ഇംഗ്ലിഷ് പരീക്ഷയില്‍ സ്കൂളിന്റെ വിജയശതമാനം തൊണ്ണൂറ്റിയഞ്ച്. അടുത്ത വർഷം െതാണ്ണൂറ്റിയൊന്‍പത്. പിന്നീടു കഴിഞ്ഞ രണ്ടു വർഷങ്ങളിലും സ്കൂളിലെ കുട്ടികള്‍ കൈവരിച്ചത് നൂറുമേനി വിജയം. പതിമൂന്നും പതിനാലും വയസ്സിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്ന, സാക്ഷരതയിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഒരു നാട്ടിൽ ഈ വിജയത്തിന് തിളക്കമേറെയാണ്.

അവരിലൊരാളായ്

നാട്ടുവൈദ്യനായ ഗോവിന്ദരാജിന്റെയും നെയ്ത്തുകാരിയാ യ ദൈവാനയുടെയും മകന് അധ്യാപകനാവുകയെന്നത് ചെ റുപ്പം മുതൽക്കേയുള്ള ആഗ്രഹം ആയിരുന്നില്ല. സാമ്പത്തിക മായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തെ താങ്ങിനിർത്താനൊരു ജോലി വേണമെന്നേ ചിന്തിച്ചിരുന്നുള്ളൂ. അധ്യാപനം ഭഗ വാന്റെ നിയോഗമായി മാറുകയായിരുന്നു.

‘‘ഒരിക്കൽ ക്ലാസ്സിലൊരു കുട്ടി വളരെ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടു. അവന്റെ അച്ഛൻ എല്ലാ ദിവസവും മദ്യപിച്ചിട്ട് അമ്മയുമായി വഴക്കുണ്ടാക്കുന്നു. അതുകൊണ്ട് അവന് പഠനത്തിൽ ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല. അവനിത് പറഞ്ഞു തീർന്നതും ക്ലാസ്സിൽ കുറെ കുട്ടികൾ കരയാൻ തുടങ്ങി. അവരുടെ വീട്ടിലെയും സ്ഥിതി ഇതു തന്നെയായിരുന്നു.

ഞാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. പകരം എന്റെ ചെറുപ്പകാലത്തെക്കുറിച്ച് പറഞ്ഞു. അച്ഛൻ നല്ലതുപോലെ മദ്യപിക്കുമായിരുന്നു. എന്നും വീട്ടിൽ വഴക്കും ബഹളവും. സ്വന്തമായി നല്ലൊരു വീട് പോലുമില്ല. എന്റെ ചേട്ടൻ രാജേഷ് അന്ന് പ്ലസ് വണ്ണിൽ പഠിക്കുന്നു. അച്ഛന്റെ മദ്യപാനവും വീ ട്ടിലെ ദാരിദ്ര്യവും കാരണം ചേട്ടൻ പഠനം നിർത്തി നാടുവിട്ടു പോയി. ഇപ്പോള്‍ ബെംഗളൂരുവില്‍ പ്ലംബറായി ജോലി ചെയ്യുന്നു. എന്നെ പഠിപ്പിച്ച് ഈ നിലയിൽ എത്തിച്ചത് ചേട്ടനാണ്. അനിയൻ യോഗരാജിനും എന്നെപ്പോലെ അധ്യാപകൻ ആ കണമെന്നാണ് ആഗ്രഹം. ഇത് പറഞ്ഞപ്പോൾ കുട്ടികളുടെ മുഖത്ത് സങ്കടമല്ല, ആശ്വാസമാണ് ഞാൻ കണ്ടത്. ഞാനും അവരെപ്പോലെ ഒരാളാണെന്ന് അവർക്ക് തോന്നാൻ വേറെ എന്താണ് വേണ്ടത്.’’

തനിക്കു ലഭിച്ച നിരവധി അംഗീകാരങ്ങളില്‍ ഭഗവാൻ ഹൃദയത്തോടു ചേർത്തു പിടിക്കുന്നത് കേരളത്തിൽനിന്ന് ല ഭിച്ച ആദരവും സ്നേഹവുമാണ്.

‘‘രാഷ്ട്രീയ– സാംസ്കാരിക മേഖലകളില്‍ പ്രവർത്തിക്കുന്ന ഒരുപാടു പേർ സ്നേഹം അറിയിക്കുന്നു. കമൽ ഹാസൻ, ഹൃതിക് റോഷൻ, എ.ആർ റഹ്മാൻ, അങ്ങനെ നിരവധിപ്പേർ. ഇത്രയും സ്നേഹം ഞാൻ അർഹിക്കുന്നുണ്ടോ എന്നറിയില്ല. മുന്നിലിരിക്കുന്ന ഓരോ വിദ്യാർഥിയെയും ഒരേപോലെ സ്നേഹത്തോടെ പരിഗണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അ തെന്റെ കടമയാണ്.’’