Friday 05 October 2018 11:27 AM IST

‘നിങ്ങൾക്കീ കുഞ്ഞിനെ കിട്ടില്ല’; ഡോക്ടർമാരുടെ മുൻവിധികൾക്കൊടുവിൽ അവനെത്തി, അമ്മയേയും തൊട്ടുണർത്തിക്കൊണ്ട്

Tency Jacob

Sub Editor

_REE9414b

ഉള്ളംകാലിൽ വെറുതെ വിരലോടിച്ചപ്പോൾ ഒരു ചെറുപുഞ്ചിരി അവന്റെ ചുണ്ടിലൂടെ പാറിപ്പോയി. എന്റെ ഉറക്കത്തെ തൊട്ടുണർത്തിയതാരാണ് എന്ന മട്ടിലൊരു നോട്ടം നോക്കി അവൻ സ്വപ്നങ്ങളിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. പെട്ടെന്നാണെന്ന് തോന്നുന്നു, അമ്മിഞ്ഞപ്പാലിന്റെ ഓർമ ഉണർന്നു വന്നത്. ഉടനെ കമ്പിളിപുതപ്പിൽ നിന്ന് കൈയും കാലും കുടഞ്ഞെറിഞ്ഞ് ചിണുങ്ങിക്കരയാൻ തുടങ്ങി. കരച്ചിലിന്റെ ആദ്യ താളത്തിൽ തന്നെ തൊട്ടപ്പുറത്തെ മുറിയിൽ അമ്മ മയക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് കാതുകൂർപ്പിച്ചു. തനിയെ ചലിക്കാൻ പറ്റാതെ കിടക്കുന്ന അമ്മയുടെ വാത്സല്യം നേർത്ത പിടച്ചിലുകളായി മാറി. അമ്മൂമ്മ അവനെയെടുത്ത് അരികിൽ പാലുണ്ണാൻ കിടത്തിയപ്പോഴാണ് അമ്മയുടെ ശ്വാസം മെല്ലെയായത്. പിന്നെ പതുക്കെ അവനും അമ്മയും അവരുടേതായ ലോകത്തായി...

ഇത് ബെറ്റീന, തലയ്ക്കേറ്റ ആഘാതം മൂലം അബോധാവസ്ഥയിൽ കിടക്കുമ്പോഴും തന്റെയുള്ളിലെ കുരുന്നു ജീവനെ നഷ്ടപ്പെടാൻ വിട്ടുകൊടുക്കാത്തവൾ. ഗർഭപാത്രത്തിൽ മൂന്നുമാസം മാത്രം വളർച്ചയുള്ള കുഞ്ഞിന്, അമ്മയുടെ ജീവനു വേണ്ടി നടത്തുന്ന പോരാട്ടങ്ങളെ അതിജീവിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ തീർത്തു വിശ്വസിച്ചിരുന്നു. പക്ഷേ, എല്ലാവരെയും അതിശയിപ്പിച്ച് പൂർണ ആരോഗ്യത്തോടെ തന്നെ അവൻ പിറന്നു. മാത്രമല്ല, അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയെ അവൻ ജീവിതത്തിലേക്ക് തൊട്ടുണർത്തുകയും ചെയ്തു.

പകച്ചുനിന്ന നിമിഷങ്ങൾ

ജനുവരി രണ്ടിന് വൈകുന്നേരമായിരുന്നു ബെറ്റീനക്ക് ആ അപകടം സംഭവിച്ചത്. ഹോസ്പിറ്റലിലേക്കെത്തിക്കുമ്പോൾ ശ്വാസം നിലച്ച മട്ടായിരുന്നു. ‘‘എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ആ സമയത്ത് ബെറ്റി ഗർഭിണിയാണെന്നു പോലും ഞാൻ മറന്നു പോയിരുന്നുവെന്നതാണ് സത്യം. പിന്നീടെപ്പോഴോ ആണ് ഞാനതോർത്തെടുക്കുന്നതും ഡോക്ടർമാരോട് പറയുന്നതും. ആദ്യഘട്ടങ്ങളിൽ ഒരു ദിവസം പതിനയ്യായിരം രൂപയുടെ മരുന്നൊക്കെയായിരുന്നു കൊടുത്തുകൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പലതവണ സ്കാന്‍ ചെയ്യലും എക്സ്റേ എടുക്കലും. എല്ലാം കുഞ്ഞിന്റെ വളർച്ചയ്ക്ക് അപകടകരമായവ. അതുകൊണ്ട് ആ ഗർഭം അലസി പോകുമെന്നായിരുന്നു ഡോക്ടർമാരുടെ കണക്കുകൂട്ടൽ. ഞാനും ബെറ്റിയുടെ ജീവിതം തിരിച്ചു കിട്ടാനായിരുന്നു പ്രാർഥിച്ചത്.’’ കെഎസ്ഇബിയിൽ ലൈൻമാനായി ജോലി നോക്കുകയാണ് കോട്ടയം പേരൂർ പെരുവണ്ണിക്കാലയിൽ അനൂപ് മാത്യു.

ആര്‍ത്തവമുള്ള സ്ത്രീകള്‍ പട്ടുനൂല്‍പ്പുഴുവിന്റെ അടുത്തുകൂടി പോയാല്‍? മാസമുറയിലെ ശാസ്ത്രീയതയും അശാസ്ത്രീയതയും വ്യക്തമാക്കി ഡോക്ടർ

ബെറ്റീനയുടെ ജീവനുവേണ്ടി ചികിത്സിക്കാമെന്ന് ഡോക്ടർമാർ സമ്മതിച്ചതുതന്നെ കുഞ്ഞിന്റെ ജീവൻ കാര്യമാക്കേണ്ട എന്നു ഞാൻ എഴുതി ഒപ്പു വച്ചശേഷമായിരുന്നു. അമ്മയുടെ കാര്യത്തിൽ തിരിച്ചുവരവിന് തൊണ്ണൂറ്റൊൻപതു ശതമാനം സാധ്യതയില്ല എന്നു പറഞ്ഞപ്പോൾ, കുഞ്ഞിന്റെ കാര്യത്തിൽ ആ ഒരു ശതമാനം പ്രതീക്ഷ പോലും അവർ ബാക്കിവച്ചില്ല. അതിനിടയിൽ ബെറ്റിക്ക് ന്യൂമോണിയയും ബാധിച്ചു. നില വീണ്ടും വഷളായിക്കൊണ്ടിരുന്നു.

തുടർച്ചയായി ഫിറ്റ്സ് വന്നുതുടങ്ങിയപ്പോൾ കുഞ്ഞ് ആക്ടീവായതുകൊണ്ട് ഫിറ്റ്സിനുള്ള മരുന്ന് കൊടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അബോർട്ട് ചെയ്യാതെ രക്ഷയില്ലെന്നായി. ബെറ്റീനയെ അഡ്മിറ്റു ചെയ്ത ഹോസ്പിറ്റലിൽ അതു ചെയ്യുമായിരുന്നില്ല. അങ്ങനെയാണ് മെഡിക്കൽ കോളജിലേക്ക് പോകുന്നത്. അവിടെ ചെന്നപ്പോൾ ഈ നിലയിൽ അബോർഷനു ശ്രമിക്കുന്നത് അമ്മയുടെ ആരോഗ്യത്തിന് വലിയ റിസ്കാണെന്നായി. അല്ലെങ്കിൽ ആ അപകടം ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ് എന്ന് എഴുതി കൊടുക്കണം. അതിനു വേണ്ടിയല്ലല്ലോ കുഞ്ഞിനെപ്പോലും മറന്ന് ഓടിക്കൊണ്ടിരുന്നത്. അവരും പറഞ്ഞത് ഇത് തനിയെ അലസി പോകാനാണ് കൂടുതൽ സാധ്യത എന്നായിരുന്നു. അങ്ങനെ അവിടെനിന്ന് തിരിച്ചു പോന്നു.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഗർഭപാത്രത്തിലെ ഫ്ലൂയിഡ് നഷ്ടപ്പെട്ടു. കുട്ടി ഇല്ലാതാവുകയാണെന്നായിരുന്നു ഡോക്ടറുടെ നിഗമനം. പക്ഷേ, ആ അവസ്ഥയെയും കുഞ്ഞ് അതിജീവിച്ചു. എട്ടാം മാസത്തില്‍ വീണ്ടും ഫ്ലൂയിഡ് പോയി. പക്ഷേ, കുത്തിവയ്പെടുത്തപ്പോൾ ശരിയായി. ഒരു കുഞ്ഞും നേരിടാത്ത പ്രതിസന്ധികൾ നേരിട്ട് അവൻ വന്നത് അമ്മയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനായിരുന്നു. എൽവിൻ എന്നാണവനു പേരിട്ടിരിക്കുന്നത്. ‘ജ്ഞാനിയായ സുഹൃത്ത്’ എന്നാണ് അർഥം. ഇപ്പോൾ അവനാണ് ഞങ്ങളുടെ സന്തോഷം.’’

_REE9419

’എന്റെയുള്ളിലെ സ്ത്രൈണത മാറ്റാൻ ദിവസവും കാലിൽ തിളച്ച വെളളമൊഴിച്ചു..’; ചുട്ടുപൊള്ളിക്കുന്ന കുറിപ്പ്

ഉള്ളുലഞ്ഞ്

ബെറ്റീനയ്ക്ക് അപകടമുണ്ടായ വിവരമറിഞ്ഞ് ഞങ്ങൾ ചെല്ലുമ്പോഴേക്കും വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. രണ്ടുമൂന്നു മാസത്തോളം ഐസിയുവിലായിരുന്നതുകൊണ്ട് ആശുപത്രി വരാന്തയിലായിരുന്നു അന്നെല്ലാം ജീവിതം. ദിവസത്തിൽ രണ്ടു തവണ മോളെ കാണാൻ പറ്റും. അതിനായിട്ടുള്ള കാത്തിരിപ്പുകളായിരുന്നു. സ്കാൻ ചെയ്യാനായി പുറത്തേക്കു കൊണ്ടുവരുമ്പോൾ കണ്ണിൽനിന്നെല്ലാം വെള്ളമൊഴുകുന്നുണ്ടാവും. ഞങ്ങൾ സന്തോഷിക്കും. കണ്ണു തുറന്നില്ലെങ്കിലും, അവൾക്കു ഉള്ളിൽ എല്ലാം തിരിച്ചറിയാനാവുന്നുണ്ട്. പക്ഷേ, കണ്ണിൽ മരുന്നൊഴിച്ചിട്ടെന്തോ ആയിരുന്നു ആ കണ്ണുനീരെന്നറിഞ്ഞപ്പോൾ ആകെ തകർന്നു പോയി.

രണ്ടു മക്കളാണ് ഞങ്ങൾക്ക്. ബെറ്റീന ഡിഗ്രി കഴിഞ്ഞ് ടിടി സിയും ടെറ്റും പാസായിട്ടുണ്ട്. കോട്ടയത്തെ ഒരു സ്കൂളിൽ അധ്യാപികയായിരുന്നു. അപകടമുണ്ടാകുന്ന സമയത്ത് മോൻ ജോലിയായി മുംബൈയിലാണ്. ഇതറിഞ്ഞ് വന്നതിൽപിന്നെ തിരിച്ചുപോയിട്ടില്ല. ഇപ്പോൾ നാട്ടിൽ ഒരു കടയിൽ ജോലി ക്കു പോകുന്നുണ്ട്. എനിക്ക് കൂലിപ്പണിയാണ്. മോൾ ഹോസ്പിറ്റലിലായതിൽ പിന്നെ ജോലിക്കു പോകാൻ പറ്റിയിട്ടില്ല. ഭാര്യയ്ക്ക് തനിച്ച് മകളുടെ കാര്യങ്ങൾ ചെയ്യാൻ പറ്റില്ലല്ലോ. ഏതു സമയത്തും ഒരാൾ അടുത്തു വേണം. അതുപോലെ മാസത്തിൽ പലതവണ ചെക്കപ്പിനു പോകണം.

നാൽപത്തഞ്ചു ദിവസത്തോളം കൃത്രിമ ശ്വസന ഉപകരണങ്ങളിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. തനിയെ ശ്വസിക്കാമെന്നായപ്പോൾ അതു മാറ്റി. അനൂപ് വിളിക്കുമ്പോൾ മാത്രം കണ്ണു തുറക്കും. എന്തെങ്കിലും പറഞ്ഞ് പുന്നാരിച്ചാൽ പതിയെ ഒരു ചിരി മുഖത്തു വിടരും. വീണ്ടും മയക്കത്തിലേക്ക് വഴുതി വീഴും. അബോധാവസ്ഥയിൽ തന്നെയായിരുന്നു. എവിടെയോ ഓർമയുടെ ഒരു ചെറിയ മിന്നലൊളി. അത്രയേയുണ്ടായിരുന്നുള്ളൂ. മൂന്നു മാസമായപ്പോൾ ഞങ്ങൾ വീട്ടിലേക്കു പോന്നു. ഫിസിയോ തെറപ്പിക്ക് ഒരിക്കലും മുടക്കം വരുത്തിയില്ല. വീട്ടിലെ ഒരു മുറി ആശുപത്രിയിലേതുപോലെയാക്കി മാറ്റി.

ബെറ്റീനയുടെ മൂത്ത മകന്‍ ഏബലിന് മൂന്നു വയസ്സായി. അവൻ പാട്ടു പാടുന്നതും കരയുന്നതുമൊക്കെ ഫോണിൽ റെക്കോർഡു ചെയ്ത് അനൂപ് കൊണ്ടുവരും. അത് ഞങ്ങൾ കേ ൾപ്പിച്ചു കൊടുക്കും. അപ്പോൾ ചെറുതായി ചിരിക്കും. എന്നാലും സുബോധത്തോടെ കാര്യങ്ങൾ കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്തതായി തോന്നിയിരുന്നില്ല.

_REE9425

കുഞ്ഞ് ജനിച്ചതിൽ പിന്നെയാണ് ശരിയായ മാറ്റം വന്നു തുടങ്ങിയത്. എഴുന്നേറ്റിരിക്കാൻ ശ്രമങ്ങൾ തുടങ്ങി. തല തന്നെ പൊക്കാനും കയ്യെടുത്ത് മാറ്റാനുമൊക്കെ ഇപ്പോൾ പറ്റുന്നുണ്ട്. ഞങ്ങൾ പറയുന്ന തമാശ കേട്ട് ചിരിക്കും. ചെറുതായി വർത്തമാനം പറയും. ബെറ്റീന കിടക്കുന്നതിന്റെ തൊട്ടടുത്ത മുറിയിലാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. കുഞ്ഞ് കരയുന്നതു കേട്ടാൽ ഉണർന്ന്, എത്തിവലിഞ്ഞു വാതിൽക്കലേക്കു നോക്കും. പാലു കൊടുക്കാനായി കൊണ്ടുചെന്നാൽ തനിയെ ചെരിഞ്ഞു കിടക്കും. ട്യൂബിട്ടിരിക്കുന്നതുകൊണ്ട് എഴുന്നേറ്റിരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈയടുത്ത് ഡോക്ടർ വീട്ടിൽ വന്നപ്പോൾ മോള് സാധാരണപോലെ ചുമയ്ക്കുന്നതു കണ്ട് അദ്ഭുതപ്പെട്ടു. കുഞ്ഞുണ്ടായതിൽപ്പിന്നെ ഓരോ ദിവസവും മാറ്റങ്ങളുണ്ടാകുന്നുണ്ട്. അടുത്ത തവണ ചെക്കപ്പിനു ചെല്ലുമ്പോൾ ട്യൂബ് മാറ്റുമെന്നാണ് പറയുന്നത്. എല്ലാം പഴയപോലെയാകും. അവൾ ജോലിക്കു പോവുന്നത് ഞാൻ കാണും.

‘ധൈര്യമായിരിക്കുക, ഒറ്റപ്പെടലുകൾക്ക് മുന്നിൽ കാലിടറാതെ’; ലക്ഷ്മിക്കായി ഹൃദയം തൊടുന്ന കുറിപ്പ്

ദൈവം പുഞ്ചിരിച്ച നിമിഷം

എപ്പോഴാണ് അബോർഷനാകുക എന്ന കാത്തിരിപ്പിലായിരുന്നു ഞങ്ങളെല്ലാം. ഇത്രയധികം മരുന്നുകൾ ചെല്ലുന്നതുകൊണ്ടു കുട്ടി രക്ഷപ്പെട്ടാലും വൈകല്യങ്ങളോടു കൂടിയാവാം ജനനം എന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. പിന്നീട് ജീവിതത്തിൽ ആ കുട്ടി എത്രയേറെ പരീക്ഷിക്കപ്പെടും. ഇനി ഉണ്ടായി വന്നാൽത്തന്നെ അമ്മയുടെ സംരക്ഷണം കിട്ടുകയുമില്ല. അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും ആ കുഞ്ഞ് പോയ്ക്കോട്ടെ എന്നു ചിന്തിച്ചു. ഓരോരുത്തർക്കും ഓരോ വിധിയുണ്ട് എന്ന് സമാധാനിച്ചു. പക്ഷേ, ഞങ്ങൾ തീരുമാനിച്ച വിധിയായിരുന്നില്ല ദൈവത്തിന്റെ വിധി. അതു മറ്റൊന്നായിരുന്നു.

അഞ്ചാം മാസത്തിൽ സ്കാൻ ചെയ്തു നോക്കിയപ്പോൾ കുഞ്ഞിന്റെ ഒരു കൈ കാണാനില്ല. അംഗവൈകല്യത്തോടു കൂടിത്തന്നെയാണ് ജനനം എന്നുറപ്പിച്ചു. എല്ലാവരും സങ്കടപ്പെട്ടു. മോള് മാത്രം ഒന്നുമറിയാതെ മയങ്ങിക്കിടന്നു.

വീണ്ടും ആറാം മാസത്തിൽ സ്കാൻ ചെയ്തു. അപ്പോഴാണ് അവൻ വലതു കൈ ആരെയും കാണിക്കാതെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. നല്ല ആരോഗ്യമുള്ള ആവശ്യത്തിന് വളർച്ചയുള്ള ഒരു കുട്ടി. അന്നു തുടങ്ങി ഡോക്ടർമാരുടെ പരിഗണനയിൽ അമ്മയോടൊപ്പം അവനുമുണ്ടായിരുന്നു. കുഞ്ഞിന്റെ വളർച്ചയെ ദോഷമായി ബാധിക്കുന്ന മരുന്നുകളെല്ലാം നിർത്തി വച്ചു. ഡോസ് കുറഞ്ഞ മരുന്നുകൾ കൊടുത്തു തുടങ്ങി. ട്യൂബിലൂടെയാണ് അമ്മയുടെ ഭക്ഷണമെങ്കിലും അതിലൊരു പങ്ക് അവനെ കരുതി കൂടിയായിരുന്നു. അവന്റെ അനക്കത്തിലായിരിക്കണം, അവൾ ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. ചിലപ്പോൾ കാണാം വയറിൽ മുഴച്ചു വരുന്ന അവന്റെ ചലനങ്ങൾ.

അന്ന് സാധാരണപോലെ ചെക്കപ്പിന് ചെന്നതായിരുന്നു ഞങ്ങൾ. പെട്ടെന്നാണ് ഡോക്ടർ പറഞ്ഞത്, ‘ഇനി നമുക്ക് കാത്തിരിക്കേണ്ട, വേഗം സിസ്സേറിയൻ ചെയ്യാം.’ അപ്പോഴേക്കും മുപ്പത്തിയേഴ് ആഴ്ച പൂർത്തിയായിരുന്നു. തലേമാസം വരെ കുഞ്ഞിന് തൊള്ളായിരത്തിയൻപത് ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. ഒറ്റ മാസം കൊണ്ടാണ് രണ്ടു കിലോയ്ക്കടുത്തെത്തിയത്.’’

ആദ്യം ചൊവ്വാഴ്ചയായിരുന്നു സിസേറിയൻ തീരുമാനിച്ചിരുന്നത്. അന്ന് വേറെയും പ്രസവങ്ങളുണ്ടായിരുന്നതുകൊണ്ട് ‘‘എന്തെങ്കിലും തിരക്ക് വന്ന് പൂർണ ശ്രദ്ധ കൊടുക്കാൻ പറ്റിയില്ലെങ്കിലോ’’ എന്ന ഡോക്ടറുടെ കരുതലാണ് ജൂൺ പതിനാലിലേക്കു മാറ്റിയത്. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് കുഞ്ഞ് ജനിച്ചത്. അന്ന് ആശുപത്രിയിൽ ആഘോഷമായിരുന്നു.

20170916_120435

മൂന്നു ദിവസത്തിനു ശേഷമാണ് അമ്മയും കുഞ്ഞും റൂമി ലേക്കെത്തുന്നത്.അപ്പോഴും ബെറ്റീന മയങ്ങിക്കിടക്കുകതന്നെയാണ്. അനൂപ് വിളിച്ചാൽ മാത്രം കണ്ണുതുറക്കാനൊരു ശ്രമം നടത്തും. കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ പതിയെ ഉ ണർന്നു വരുന്നതുപോലെ തോന്നി. പതുക്കെ കണ്ണു തുറന്നു. സാധാരണ പെട്ടെന്നു മയക്കത്തിലേക്ക് പോകുകയായിരുന്നു പതിവ്. പക്ഷേ, അന്ന് കണ്ണു തുറന്ന് ചുറ്റും നോക്കാൻ തുടങ്ങി. ഇരുട്ടിൽ നിന്ന് ഒരാൾ വെളിച്ചത്തിലേക്കു വരുന്നതുപോലെയായിരുന്നു അത്.

എന്റെ അനിയത്തി ആ സമയം ഹോസ്പിറ്റലിലുണ്ടായിരുന്നു. അവളാണ് കുഞ്ഞിനെ ബെറ്റീനയുടെ അരികിൽ കൊണ്ടു ചെന്നത്. ‘‘നിന്റെ കുഞ്ഞാണ് ഇതെന്ന് മനസ്സിലായാൽ നീ ഇവന് ഉമ്മ കൊടുക്കും.’’ എന്നു പറഞ്ഞ് കുഞ്ഞിനെ ബെറ്റീനയുടെ അടുത്തേക്ക് നീട്ടിപ്പിടിച്ചു. ഒരു നിമിഷം ദൈവം ആ അമ്മയെയും കുഞ്ഞിനെയും നോക്കി പുഞ്ചിരിച്ചിരിക്കണം. അദ്ഭുതം! അവൾ എത്തിവലിഞ്ഞ് കുഞ്ഞിന്റെ തലയിൽ ഉമ്മ വച്ചു. എന്റെ ദൈവമേ, ഞങ്ങളെല്ലാം കൂട്ടക്കരച്ചിലായിരുന്നു.

അമ്മ ട്യൂബൊക്കെയിട്ടു കിടക്കുന്നത് കണ്ട് പേടിച്ചാലോയെന്നു കരുതി മൂത്തമകനെ ആദ്യത്തെ മൂന്നുമാസം കാണിച്ചിരുന്നില്ല. പിന്നീടൊരു ദിവസം വീട്ടിൽ കൊണ്ടു വന്നപ്പോൾ രണ്ടും കല്‍പിച്ചു കാണിച്ചു. ഭയന്ന പോലെയൊന്നും സംഭവിച്ചില്ല. അമ്മയെ ഇനി അവൻ നോക്കിക്കൊള്ളാമെന്നാണ് പറയുന്നത്.

ഹോസ്പിറ്റലുകാര്‍ എല്ലാമെന്നെ പരിശീലിപ്പിച്ചാണ് വിട്ടത്. ഞാൻ അവൾക്ക് ഭക്ഷണം കൊടുക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം ശ്രദ്ധയോടെ നോക്കിയിരിക്കും. കുഞ്ഞുവാവയ്ക്കും പ്രിയമാണ് ചേട്ടനെ. വന്നു കഴിഞ്ഞാൽ ചേട്ടൻ പറയുന്ന വർത്തമാനങ്ങളെല്ലാം ശ്രദ്ധിച്ച് എന്റെ തോളിൽ കണ്ണുമിഴിച്ചു കിടക്കും. ജനിച്ച ഉടനെ കുട്ടിയെ നന്നായി പരിശോധിച്ചിരുന്നു. ഒരു കുഴപ്പവുമില്ല, നല്ല മിടുക്കനാണെന്ന് പറഞ്ഞു.

വിശക്കാതിരുന്നാൽ ശാന്തനാണ്. അല്ലേൽ അലറിവിളിച്ച് നാടുമുഴുവൻ അറിയിക്കും. ബെറ്റീനയ്ക്ക് പാൽ അധികമില്ലാത്തതുകാരണം ഇടയ്ക്ക് പാൽപൊടി കലക്കി കൊടുക്കും. പക്ഷേ, കുഞ്ഞ് ഞങ്ങളുടെ തട്ടിപ്പൊക്കെ മനസ്സിലാക്കും. അമ്മയുടെ പാലല്ലെന്ന് കാണുമ്പോഴേ തുപ്പാൻ തുടങ്ങും. കുഞ്ഞിനെക്കുറിച്ച് എനിക്ക് ഒരാവലാതിയുമില്ല. തീയിൽ കുരുത്തവനല്ലേ, വെയിലേറ്റു വാടില്ല...’’

‘‘സുപ്രിയയെ പല ദിവസങ്ങളിലും ഞാന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു’’; പ്രണയകാലം പറഞ്ഞ്, വൈറലായി പൃഥ്വിരാജിന്റെ വിഡിയോ

പാനം ചെയ്യാൻ മനുഷ്യരക്തം, ഉറങ്ങുന്നത് ശവപ്പെട്ടിയിൽ, ദുരാത്മാക്കളുമായി ചങ്ങാത്തം; ആൻഡ്രിയ പറയുന്നു ‘ഡ്രാക്കുളയ്ക്ക് മരണമില്ല’