Wednesday 05 September 2018 01:44 PM IST

ഒരു നാട് മുഴുവൻ ഈ അധ്യാപകനു വേണ്ടി അണിനിരന്നതിനു പിന്നിലെ കാരണമെന്താണ്?

Nithin Joseph

Sub Editor

Bhagavan_banner
ഫോട്ടോ: ശ്യാം ബാബു

രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിലേക്കു തിരിഞ്ഞത് നിമിഷനേരം കൊണ്ടാണ്. ചെന്നൈയിൽ നിന്ന് നൂറു കിലോമീറ്റർ അകലെ ആന്ധ്ര അതിർത്തിയിലുള്ള വെളിയഗരം ഗവൺമെന്റ് സ്കൂൾ. ഇവിടെയാണ് അദ്ദേഹമുള്ളത്. അധ്യാപകൻ എന്ന വാക്കിന്റെ അർഥവും ആഴവും ശിഷ്യരിലൂടെ നമുക്കു കാണിച്ചുതന്ന ജി. ഭഗവാൻ.

കഴിഞ്ഞ ജൂൺ 20 ന് തന്റെ റിലീവിങ് ഓർഡർ കൈപ്പറ്റാനാണ് ഭഗവാൻ സ്കൂളിലെത്തിയത്. ഭഗവാനെ കാത്ത് സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ രക്ഷിതാക്കളും വാതിൽക്കൽ തന്നെ നില്‍പുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന്റെ കൈകളിൽ മുറുകെ പിടിച്ച്, കണ്ണീരോടെ അവർ ഒരേ സ്വരത്തിൽ പറഞ്ഞു. ‘ഉങ്കളെ പോക വിടമാട്ടോം, നീങ്കൾ ഇല്ലാമൽ സ്കൂളിൽ വരമാട്ടോം.’ (താങ്കളെ പോകാൻ അനുവദിക്കില്ല. താങ്കളില്ലെങ്കിൽ ഞങ്ങളാരും ഇനി സ്കൂളിൽ വരില്ല).

ഏറെ പ്രിയപ്പെട്ട അധ്യാപകൻ യാത്ര പറയുന്നത് ആ കുട്ടികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മറ്റ് അധ്യാപകർ പലവട്ടം ആവശ്യപ്പെട്ടിട്ടും ക്ലാസ്സുകളിലേക്ക് പോകാന്‍ അവർ തയാറായില്ല. നാടു മുഴുവൻ അധികൃതർക്കു മുന്നിൽ യാചിച്ചു, സ്നേഹനിധിയായ അധ്യാപകനു വേണ്ടി. സ്കൂളിന്റെ ഗേറ്റിനു മുന്നിൽ സ്നേഹം കൊണ്ടൊരു വൻമതിൽ പണിത് അവർ നിറകണ്ണുകളോടെ കാത്തിരുന്നു, ഭഗവാൻ സാർ പോകാതിരിക്കാൻ. അവരുടെ സ്നേഹത്തിനു മുന്നിൽ കൈകൂപ്പി പൊട്ടിക്കരയാനേ അദ്ദേഹത്തിന് സാധിക്കുമായിരുന്നുള്ളൂ. എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചത് ഒരൊറ്റ ചോദ്യം മാത്രം. നാട് മുഴുവൻ ഒരു അധ്യാപകനു വേണ്ടി അണിനിരന്നതിനു പിന്നിലെ കാരണമെന്താണ്? ഇത്രയധികം സ്നേഹം കൊടുക്കാൻ അവർക്ക് അയാളുമായുള്ള ബന്ധമെന്താണ്? മറുപടി അന്നാട്ടുകാർ തന്നെ പറയും.

‘‘തലേദിവസം മകൾ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. കാര്യം ചോദിച്ചപ്പോൾ ഭഗവാൻ സാർ സ്കൂളിൽനിന്ന് പോകുന്നു എന്ന് പറഞ്ഞു.’’ ഒന്‍പതാംക്ലാസ് വിദ്യാർഥിനി ഗോമതിയുെട അപ്പ ശിവ ഒാര്‍ക്കുന്നു. ‘‘സാർ ഇല്ലെങ്കിൽ ഞങ്ങൾ ഇനി പഠിക്കാൻ പോകില്ല എന്ന് അവള്‍ കരഞ്ഞു കൊണ്ടു പറയു മ്പോൾ ഞങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും? സാറിനോട് അവർക്കുള്ള സ്നേഹം ഇവിടെ എല്ലാവർക്കും അറിയാവുന്നതാണ്. ഞങ്ങളെല്ലാവരും പിറ്റേന്ന് സ്കൂളിലെത്തി.’’

അധ്യാപകർ സ്ഥലം മാറിപ്പോകുന്ന വേളയിൽ കുട്ടികൾ സങ്കടപ്പെടുന്നതും കരയുന്നതും സാധാരണമാണെങ്കിലും മക്കൾക്കൊപ്പം മാതാപിതാക്കളും സ്കൂളിനു മുന്നിൽ സമരം ചെയ്യുന്നത് കേട്ടുകേൾവി പോലുമില്ല എന്നാണ്  സ്കൂള്‍ പ്രിൻസിപ്പൽ എ. അരവിന്ദ് പറയുന്നത്. ‘‘ഓരോ കുട്ടിയുടെയും രക്ഷിതാക്കളുമായി അത്രയേറെ ആത്മബന്ധം സൂക്ഷിക്കുന്ന ആളാണ് ഭഗവാൻ.’’  സ്കൂളിന്റെ വളർച്ചയിൽ തനിക്കൊപ്പം തോളോടുതോൾ ചേർന്നു നിൽക്കുന്ന സഹപ്രവർത്തകനോടുള്ള സ്നേഹം അരവിന്ദിന്‍റെ വാക്കുകളില്‍. ‘‘പ്രോഗ്രസ് കാർഡ് കുട്ടികളുടെ കയ്യിൽ കൊടുത്തു വിടില്ല. പകരം മാതാപിതാക്കളെ നേരിട്ടു കണ്ട് അവരുടെ കൈയിൽ കൊടുക്കും. മക്കളുെട പഠനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കും. പല രക്ഷിതാക്കളും തങ്ങളുടെ മൂത്ത മകനായാണ് അദ്ദേഹത്തെ കാണുന്നത്. വീടുകളിൽ എന്ത് വിശേഷം നടന്നാലും ഭഗവാന് പ്രത്യേകം ക്ഷണമുണ്ട്."

ആർട്ടിക്കിൾ പൂർണ്ണമായും ഓഗസ്റ്റ് രണ്ടാം ലക്കം വനിതയിൽ വായിക്കാം