Friday 13 September 2019 10:44 AM IST

ഐടി ജോലി കളഞ്ഞ് ഭാഗ്യരാജ് കൃഷിക്കാരനായി, ലക്ഷങ്ങൾ വരുമാനം നേടിയപ്പോൾ പരിഹസരിച്ചവർ കണ്ടം വഴി ഓടി! ഇതാ ഒരു ന്യൂജെൻ കർഷകൻ

Binsha Muhammed

br

‘നീയിതെന്ത് ഭാവിച്ചാടാ കൊച്ചനേ...കൊള്ളാവുന്ന ‘കംപ്യൂട്ടർ പണിയും’ കളഞ്ഞ് കൈക്കോട്ടുമായി പുരയിടത്തിലേക്കിറങ്ങാന്‍ മാത്രം മണ്ടനാണോ നീ. ആകെപ്പാടെ പത്ത് പുത്തൻ കിട്ടിയിരുന്നത് റബറിൽ നിന്നാണ്. അതും ഒരു വഴിയായി. അതിനിടയ്ക്ക് ഇങ്ങനൊരു സാഹസം വേണോ...ഇക്കാലത്ത് കൃഷിപ്പണി ചെയ്ത് ആരെങ്കിലും രക്ഷപ്പെട്ടാൽ ഇവിടെ കാക്ക മലർന്നു പറക്കും.’

പൂനെ ടിസിഎസിലെ കൊള്ളാവുന്ന പണിക്ക് പിള്ളേർ ക്യൂ നിൽക്കുന്ന കാലം. അരലക്ഷത്തിനടുത്ത് ശമ്പളം കിട്ടുന്ന ക്വാളിറ്റി ഓഫീസർ പണി വേണ്ടെന്നു വച്ച് വിത്തും കൈക്കോട്ടുമായി മുറ്റത്തേക്കിറങ്ങിയ ഭാഗ്യരാജ് ആദ്യമേ കേട്ടത് കട്ട നെഗറ്റീവ് ഡയലോഗുകൾ! ഉപദേശം പരിഹാസമായി...മുന്നറിയിപ്പ് പുച്ഛമായി എന്നിട്ടും നമ്മുടെ ന്യൂജെൻ കർഷകനുണ്ടോ പിൻമാറുന്നു? വച്ച കാൽ മുന്നോട്ടു തന്നെ. ലാപ്ടോപ്പിലും സ്മാർട്ട് ഫോണിലും തലകുനിച്ചിരിക്കുന്ന ഒരു ജനതയെ സാക്ഷിയാക്കി അയാൾ 80 സെന്റിലെ പാട്ട ഭൂമിയിൽ കൃഷിയിറക്കി. നല്ല ഒന്നാന്തരം ജൈവ കൃഷി.

ഭാഗ്യരാജിനെ ‘ഹതഭാഗ്യനെന്ന്’ വിശേഷിപ്പിച്ച ഉപദേശ കമ്മിറ്റിക്കാര്‍ കണ്ണുതള്ളുന്നതാണ് പിന്നെക്കണ്ടത്. ആന്ധ്രാക്കാരന്റെ അരിയും തമിഴന്റെ പച്ചക്കറി ലോറിയും കാത്തിരുന്ന് കഴിച്ച് ഏമ്പക്കം വിടുന്ന മലയാളിക്ക് മുന്നിലേക്ക് വിജയത്തിന്റെ നൂറു മേനിയുടെ കഥയുമായാണ് ഈ ആലപ്പുഴക്കാരൻ എത്തുന്നത്. എൺപത് സെന്റിലെ ക‍ൃഷി ഏക്കറുകളിലേക്ക് വ്യാപിച്ചപ്പോഴും കണ്ടു, ഉപദേശിച്ചവരുടെ കണ്ണുതള്ളുന്ന കാഴ്ച. അരലക്ഷം ശമ്പളം മേടിച്ചിട്ട് മനസിന് തൃപ്തി വരാത്ത ടെക്കിപ്പയ്യൻ പ്രതിമാസം ഒന്നും രണ്ടും ലക്ഷം രൂപ വരെ സമ്പാദിച്ചു തുടങ്ങിയപ്പോൾ ഉപദേശ കമ്മിറ്റിക്കാരും കുറ്റം പറച്ചിലുകാരും കണ്ടം വഴി ഓടി.

ഇതവന്റെ കഥയാണ്, കംപ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്ന് കാലം കഴിക്കാതെ മണ്ണിന്റെ മണത്തെ പ്രണയിച്ച തനി മലയാളിയുടെ കഥ. മണ്ണിൽ വിജയത്തിന്റെ കൊടിനാടിയ ഭാഗ്യരാജ് ബാലസുന്ദർ എന്ന യുവ കർഷകന്‍ അതിജീവിച്ച വെല്ലുവിളികളെക്കുറിച്ച് ‘‘വനിത ഓൺലൈൻ’ വായനക്കാരോടു പറയുന്നു.

br-4

പച്ചപിടിക്കുന്നു സ്വപ്നങ്ങൾ

കാശുള്ളവന്റെ ഇജ്ജാതി ഹോബികൾ മലയാളി ഏറെ കണ്ടിട്ടുണ്ട്. എന്റെ കഠിനാദ്ധ്വാനവും ഉറച്ച തീരുമാനങ്ങളും ആ കാറ്റഗറിയിൽ പെടുന്നതേയല്ല. എല്ലാവരും പറയുന്ന പോലെ പൂനെ ടിസിഎസിലെ ജോലിയും കളഞ്ഞ് ഒരു എംബിഎക്കാരൻ ഇറങ്ങിത്തിരിച്ചിട്ടുണ്ടെങ്കിൽ നാട്ടുകാർ അടക്കം പറയും പോലെ അത് തിന്നിട്ട് എല്ലിൽ കുത്തിയിട്ടൊന്നുമല്ല. കുറച്ചു ജീവിതങ്ങളാണ്, കുറേയേറെ പേരുടെ കണ്ണീരാണ് എന്നെ കർഷകനാക്കിയത്. അതിന്റെ ഇടയിൽ അല്‍പ സ്വല്‍പം ഹോം സിക്ക്നെസ് കൂടിയായപ്പോൾ പിന്നൊന്നും നോക്കിയില്ല, ജോലി കിട്ടി ഇരുപതാം നാൾ നാട്ടിലേക്കുള്ള വണ്ടി പിടിച്ചു. അവിടെ എന്നെയും കാത്ത് ഒരു സ്വപ്ന ഭൂമിയിരിപ്പുണ്ടായിരുന്നു. എല്ലാം നിയോഗം.– ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ആ നാളുകളെ ഭാഗ്യരാജ് കുറിച്ച് ഓർക്കുകയാണ്.

br-1

ആലപ്പുഴ ചേർത്തല പുത്തമ്പലം സ്വദേശിയാണ് ഞാൻ. കൃത്യമായി പറഞ്ഞാൽ തണ്ണീർമുക്കത്തിന് തൊട്ടടുത്ത്. ഫാക്ടറികളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും നടുക്ക് വിഷപ്പുക തിന്ന് ജീവിക്കുന്ന ഞങ്ങളുടെ നാട്ടുകാർ അനുഭവിക്കുന്ന വേദന എന്നും പത്രങ്ങൾക്ക് നാലു കോളം വാർത്തയാണ്. പ്രദേശത്ത് താമസിക്കുന്ന പത്ത് പേരിൽ ഒരാൾക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞിട്ടും കേരളം കുലുങ്ങിയില്ല. ടെക്നോളജിയും അഞ്ചക്ക ശമ്പളവും തേടിയുള്ള ഓട്ടപ്പാച്ചിലിൽ ഇതൊക്കെ മൈൻഡ് ചെയ്യാൻ‌ എവിടെ നേരം? കൃഷിയെ വിട്ട് വൻകിട വ്യവസായങ്ങളിലേക്ക് എന്ന് മലയാളി കുടിയേറിയോ അന്ന് തുടങ്ങിയതാണ് ഇക്കണ്ട ദുരനുഭവങ്ങൾ. എന്റെ നാടിനും ഒരു പക്ഷേ അതായിരിക്കും സംഭവിച്ചത്. ഒരു കോർപ്പറേറ്റ് കമ്പനിയുടെ സന്തതിയായി മാറിയാൽ എനിക്കും ഒരു പക്ഷേ ഇതൊന്നും എന്റേയും കണ്ണിൽ പെടില്ലായിരിക്കും. പക്ഷേ എന്തോ എനിക്കതിന് മനസു വന്നില്ല. ഒരേ ദിശയിൽ സഞ്ചരിക്കുന്ന നൂറു പേരേക്കാൾ എതിർദിശയിൽ സഞ്ചരിച്ച് നാടിന് നന്മയുള്ള എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. വിഷത്തിൽ മുക്കിയ പച്ചക്കറിയും കളറ് മുക്കിയ അരിയും തിന്ന് ജീവിക്കുന്ന മലയാളിയുടെ മനോഭാവം മാറ്റിയെഴുതണമെന്ന് തോന്നി. അതിന് പ്രചോദനമായത് കർഷക ശ്രീ പുരസ്കാര ജേതാവും തഴക്കം വന്ന കർഷകനുമായ സുഹൃത്ത് സുജിത്ത് ആണ്. പുള്ളിക്കാരൻ കട്ടയ്ക്ക് സപ്പോർട്ട് തന്നപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല. പൂനെയിൽ നിന്ന് ആലപ്പുഴയിലേക്ക് വണ്ടികയറി. സ്വപ്നങ്ങൾക്ക് വിത്തുപാകാനുള്ള ഓട്ടമായിരുന്നു പിന്നീട്.

br-7

വിത്തെറിഞ്ഞ്... വിളവെടുത്ത്...

നാലു കൊല്ലം മുമ്പ് 80 സെന്റ് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കി. നോട്ട് ദ് പോയിന്റ്, അടിമുടി ഓർഗാനിക്... അതായിരുന്നു മുന്നിലുള്ള ലക്ഷ്യം. അതിന് അവലംബിക്കുന്ന മാർഗങ്ങൾ ശുദ്ധവും ജൈവവുമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പയർ, പാവൽ, പടവലം, വെള്ളരി എന്നു വേണ്ട മലയാളിയുടെ തീൻമേശയിൽ എന്തൊക്കെ എത്തുമോ അതിനെയെല്ലാം വിത്തെറിഞ്ഞും നട്ടും മണ്ണിലേക്കിറക്കി. കാടും പടർപ്പും കല്ലും മുള്ളും നിറഞ്ഞ വഴിയാണ് മുന്നിലുള്ളതെന്ന് അറിയാമായിരുന്നു എന്നിട്ടും പിൻമാറിയില്ല. അന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് ഈ സംരംഭത്തിനിറങ്ങി തിരിച്ചത്. ദൈവാനുഗ്രഹമെന്ന് പറയട്ടെ, ആദ്യ മാസങ്ങളിൽ തന്നെ മുപ്പതിനായിരത്തിനും 50,000ത്തിനും ഇടയിൽ വരുമാനം കിട്ടി. മാസങ്ങൾ കഴിഞ്ഞു പോകുമ്പോൾ തന്നതിന്റെ ഇരട്ടി മണ്ണ് എനിക്ക് തരാൻ തുടങ്ങി. അമ്പതിനായിരം ഒരു ലക്ഷമായി. ഒന്ന് രണ്ടായി... സ്വപ്നങ്ങളങ്ങനെ പടർന്നു പന്തലിച്ചു. 80 സെന്റിൽ നിന്നും 12 ഏക്കറിലേക്ക് കൃഷി വ്യാപിച്ച് തുടങ്ങിവച്ച സംരംഭം പടർന്നു പന്തലിക്കുകയായി. പല ഘട്ടങ്ങളിലും കാർഷികോത്പ്പന്നങ്ങൾ നൂറു കിലോയ്ക്ക് അടുത്തു വരെ വിളവെടുത്തു. കൃഷിയുടെ അളവും ഉത്പന്നങ്ങളുടെ എണ്ണവും കൂടി. ഇക്കോ ഷോപ്പ് എന്ന ആശയം മനസിലേക്ക് വരുന്നത് അങ്ങനെയാണ്. അതോടെ വിപണനത്തിന് സ്വന്തമായൊരു കട കൂടിയായി.

br-5

വീട്ടിലെത്തിക്കും വെജ് ടു ഹോം

കാർഷിക കൂട്ടായ്മയേയും ഉപഭോക്താക്കളേയും ഒരു കുടക്കീഴിൽ കൊണ്ടു വന്നതാണ് മറ്റൊരു നാഴികക്കല്ല്. വെജ് 2 ഹോം എന്നാണ് വാട്സാപ്പ് ഗ്രൂപ്പ് പിറവിയെടുക്കുന്നത് ഇങ്ങനെയാണ്. തുടക്കത്തില്‍ വെറും 40 പേര്‍ മാത്രമേ ഈ ഗ്രൂപ്പിലുണ്ടായിരുന്നുള്ളൂ. ഇപ്പോ രണ്ടായിരത്തിലേറെ അംഗങ്ങളുണ്ട്. ആലപ്പുഴയില്‍ മാത്രമുള്ളവരാണിതില്‍. ജില്ല പൂര്‍ണമായും കവര്‍ ചെയ്യുന്നുണ്ട്. നേരിട്ട് ഓർഡറുകൾ കൂടി സ്വീകരിച്ചു തുടങ്ങിയതോടെ സംഭവം പക്കാ ഓൺലൈനായി. വെജ് 2 ഹോം ഗ്രൂപ്പിന് ഓര്‍ഡര്‍ കിട്ടിയാല്‍, ഒരു മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ആവശ്യക്കാരിലെത്തിക്കും. വീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കാറില്ല. ഉത്പന്നത്തിന്‍റെ വില മാത്രമേ കസ്റ്റമറില്‍ നിന്നു ഈടാക്കുന്നുള്ളൂ. ആലപ്പുഴയില്‍ ഒരു റൂട്ടില്‍ മാത്രം പോയാല്‍ തന്നെ ഇരുപതിനായിരം രൂപയുടെ കച്ചവടം നടക്കും. നിത്യേന വാട്സാപ്പ് ഗ്രൂപ്പിലൂടെ അമ്പതിലേറെ പേര്‍ ഓര്‍ഡര്‍ നല്‍കാറുണ്ട്. സ്ഥല ലഭ്യതയ്ക്കനുസരിച്ച് നെല്ല്, മത്സ്യം, കോഴി എന്നിവ കൂടി കൃഷി ചെയ്യാനിറങ്ങി തിരിച്ചതോടെ ഞങ്ങളുടെ ലോകവും വലുതായി. മുന്നൂറ് നാടന്‍ കോഴികളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. പച്ചക്കറിക്കൊപ്പം മുട്ട, നാടന്‍ കോഴി, കാട, താറാവ് ഇതൊക്കെയും വാട്സാപ്പ് ഗ്രൂപ്പിലുടെ ലഭ്യമാക്കി തുടങ്ങി. കാരി, റെഡ് ബെല്ലി, സിലോപ്പിയ മത്സ്യങ്ങൾ മത്സ്യം ഡ്രസ് ചെയ്താണ് ആളുകളിലേക്കെത്തിക്കുന്നതായിരുന്നു രീതി. അതു മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിൽ മറ്റു കർഷകരിൽ നിന്നും ഉത്്പ്പന്നങ്ങൾ ശേഖരിച്ച് അവർക്ക് അർഹമായലാഭ വിഹിതം അവരിലേക്ക് എത്തിക്കുന്നുമുണ്ട്. ഇന്ന് ഏകദേശം ശരാശരി ഒരു ലക്ഷത്തിലേറെ രൂപ കൃഷിയിലൂടെ ഞങ്ങൾ സ്വരുക്കൂട്ടുന്നുണ്ട്. കൃഷി ലാഭമല്ലെന്ന് പറഞ്ഞവർ ഒന്നു കൂടി ശ്രദ്ധിച്ചു കേൾക്കണം, ഒരു ലക്ഷം രൂപ ഞങ്ങളുടെ ലാഭ വിഹിതം മാത്രമാണ്.

br-8

പച്ചക്കൊടി കാട്ടി വീട്ടുകാർ

അച്ഛൻ ബാലസുന്ദർ ഒമാനിലായിരുന്നു ജോലി നോക്കിയിരുന്നത്. അമ്മ പുഷ്പ. എല്ലാ അധ്വാനത്തിനും ഉറച്ച പിന്തുണയുമായി ഭാര്യ ആതിരയുണ്ട്. കെവിഎം ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. എട്ടു കൊല്ലം കട്ടയ്ക്ക് പ്രേമിച്ച് കൈവിടാതെ കൂടെ നിന്നതു കൊണ്ടാകണം കർഷകനായൊരു ചെക്കന്‍ കെട്ടുന്നതിൽ‌ അവൾക്കും അവളുടെ വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു. ഐടിക്കാർക്ക് മാത്രമല്ല, കൃഷിക്കാർക്കും കല്യാണ മാർക്കറ്റിൽ ഡിമാന്റുണ്ടെന്ന് കാട്ടിക്കൊടുത്തു ഞാൻ കല്യാണത്തിലൂടെ. ഐറയാണ് ഞങ്ങളുടെ മകൾ. എല്ലാ സ്വപ്നങ്ങൾക്കും കുടപിടിച്ച് ജയരാജ്, ദേവരാജ് എന്നിങ്ങനെ രണ്ട് സഹോദരങ്ങളും എനിക്കുണ്ട്.  

ഓണക്കച്ചവടം പൊടി പൊടിച്ചോ എന്ന ചോദ്യത്തിന് കള്ളച്ചിരിയായിരുന്നു ഭാഗ്യരാജിന്റെ മറുപടി. നുള്ളിപ്പെറുക്കിയെടുത്താൽ എല്ലാം കൂടി ഒരു രണ്ട് ലക്ഷത്തിനടുത്ത് വരുമെന്ന് പറയുമ്പോൾ ആ മുഖത്ത് തികഞ്ഞ ചാരിതാർത്ഥ്യം. ‘ ലക്ഷങ്ങളൊക്കെ കണക്കിലല്ലേ...അതിനേക്കാൾ വലിയ ബെനഫിറ്റ് നമ്മുടെ മനസിന്റെ തൃപ്തിയല്ലേ...’–അപ്പോൾ ഐടി ജോലിക്കാരുടെ മുഖത്തു കാണുന്ന സന്തോഷത്തേക്കാൾ അധികമായിരുന്നു ഭാഗ്യരാജിന്റെ മുഖത്തുണ്ടായിരുന്നത്.

br3 ഭാഗ്യരാജിന്‍റെ വിവാഹദിവസം ഭാര്യ ആതിരയ്ക്ക് ചീരക്കെട്ട് സമ്മാനിക്കുന്നു
Tags:
  • Inspirational Story