Friday 17 July 2020 11:25 AM IST

‘മാർക്ക് എത്ര ആയാലും രണ്ടുപേർക്കും ഒരുപോലെ കിട്ടണമേ എന്നായിരുന്നു പ്രാർഥന!’; എ പ്ലസ് തിളക്കത്തിൽ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയും

Priyadharsini Priya

Senior Content Editor, Vanitha Online

bhadra-bhama115

ജനിച്ച കാലം മുതൽ ഒരുമിച്ച്, ഇപ്പോഴിതാ വിജയത്തിലും കൂട്ടുപിരിയാതെ ഭദ്രയും ഭാമയും. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വിജയം നേടിയാണ് ഈ ഇരട്ട സഹോദരികൾ വീട്ടിലും നാട്ടിലും താരമായത്. ആർപ്പൂക്കര പാറേൽ വീട്ടിൽ മനോജ് കുമാർ- സുനിത ദമ്പതികളുടെ മക്കളാണ് എം ഭദ്രയും എം ഭാമയും. കോട്ടയം മെഡിക്കൽ കോളജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികൾ. പത്തിലും ഫുൾ എ പ്ലസ് നേടിയിരുന്നു. സഹോദരൻ എം അമർനാഥ്‌ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയാണ്. സ്‌കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായ മനോജ് കുമാറിന് മക്കളുടെ നേട്ടത്തിൽ നിറഞ്ഞ അഭിമാനം. ‘വനിതാ ഓൺലൈനു’മായി സംസാരിക്കുമ്പോൾ മാതാപിതാക്കൾക്ക് പറയാനുണ്ടായിരുന്നതും നേട്ടത്തിന്റെ കഥയാണ്.

bhadra-bhama118

"ബയോ മാക്സ് ആണ് സബ്ജക്റ്റ്. 96 - 97 ശതമാനം മാർക്ക് നേടിയാണ് വിജയം. ഏഴു മാർക്കിന്റെ വ്യത്യാസമേ അവർ തമ്മിലുള്ളൂ.. മെഡിക്കൽ കോളജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു മക്കളുടെ പഠനം. ഷൈനി വിത്സൺ, പദ്മിനി തോമസ്, ഷെമീർ മോൻ, രഞ്ജിത്ത് മഹേശ്വരി തുടങ്ങി പ്രശസ്തരൊക്കെ പഠിച്ച സ്‌കൂളാണ്. മക്കളെ കൂടാതെ സ്കൂളിലെ മറ്റു രണ്ടു കുട്ടികൾക്ക് കൂടി ഫുൾ എ പ്ലസ് കിട്ടിയിട്ടുണ്ട്. സ്‌കൂളിന് ആദ്യമായിട്ടാണ് നാലു ഫുൾ എ പ്ലസ് കിട്ടുന്നത്. ഇത്തവണ 80 ശതമാനം വിജയം ഉണ്ടായിട്ടുണ്ട്. പൊതുവേ നല്ല റിസൾട്ടാണ്. ടീച്ചർമാർ വലിയ സന്തോഷത്തിലാണ്. 

bhadra-bhama113

കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ കുറച്ചു ക്ലാസ് നഷ്ടപ്പെട്ടിരുന്നു. ആ പ്രതിസന്ധികളൊക്കെ അവർ നന്നായി തരണം ചെയ്തു. കുട്ടിക്കാലം തൊട്ടേ ഭദ്രയും ഭാമയും അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു. ഇപ്പോൾ രണ്ടുപേർക്കും എൻജിനീയറിങ് ആണ് താല്പര്യം. എൻട്രൻസ് എഴുതുന്നുണ്ട്. ഭദ്രയ്ക്ക് ആർക്കിടെക്ച്ചർ ഫീൽഡാണ് താല്പര്യം. അവൾ നന്നായി വരയ്ക്കും. പെൻസിൽ ഡ്രോയിങ്, മ്യൂറൽ പെയിന്റിങ്, ഫാബ്രിക് പെയിന്റിങ് ഒക്കെ നന്നായി ചെയ്യും. ഭാമയ്ക്കാണെങ്കിൽ അഗ്രികൾച്ചറിനോടു ഇഷ്ടമുണ്ട്. വെജിറ്റബിൾ പ്രിന്റിങ് ആണ് അവളുടെ പ്രിയപ്പെട്ട മേഖല. സ്റ്റേറ്റ് തലത്തിൽ രണ്ടുപേർക്കും നിരവധി സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. 

bhadra-bhama114

സ്‌കൂളിൽ എസ്പിസി, എൻസിസി എന്നിവയിലെല്ലാം ആക്റ്റീവ് ആയിരുന്നു രണ്ടുപേരും. പാട്ടു പാടാനും പാചകം ചെയ്യാനുമൊക്കെ ഇഷ്ടമാണ്. ഒരു ക്ലാസിൽ ആയിരുന്നു ഇത്രയും കാലം പഠനം. പക്ഷേ, ഒരുമിച്ച് ഇരിക്കാറൊന്നുമില്ല. ഇനിയങ്ങോട്ട് എന്താണെന്ന് അറിയില്ല! ഇരട്ടകളാണെങ്കിലും ഇരുവരും തമ്മിൽ കുഞ്ഞുകുഞ്ഞു വഴക്കുകളൊക്കെ ഉണ്ടാകും. പക്ഷെ, വൺ ടൂ ത്രീ എന്നു പറയുമ്പോഴേക്കും ആ പിണക്കം തീരും."- മനോജ് കുമാർ പറയുന്നു. 

bhadra-bhama116

"ആകെ ടെൻഷനായിരുന്നു കുട്ടികളുടെ റിസൾട്ട് അറിയുന്നത് വരെ. ആർക്കെങ്കിലും ഒരാൾക്ക് മാർക്ക് കുറഞ്ഞുപോയിരുന്നെങ്കിൽ സങ്കടമായി പോയെന്നേ. അച്ഛനാണ് റിസൾട്ട് വിളിച്ചു പറയുന്നത്. ആദ്യത്തെ ആളുടെ പറഞ്ഞു കഴിഞ്ഞാണ് അടുത്തയാളുടെ... പിന്നെ അതുകൂടി അറിയുന്നതുവരെ ആകെ ടെൻഷനാണ്. ചങ്കിടിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടുപേർക്കും ഒരുപോലത്തെ റിസൾട്ട് ആകണേ എന്നാണ് പ്രാർത്ഥന. അവർക്ക് മാർക്ക് കൂടിയാലും കുറഞ്ഞാലുമൊന്നും കുഴപ്പമില്ല. പക്ഷെ, ശതമാനം ഒന്നായിരിക്കണം. പത്തിലും പ്ലസ് ടുവിനും ഒരുപോലെയായി. പഠിക്കുമ്പോൾ രണ്ടുപേരും ഒരുമിച്ചാണ്. പരസ്പരം ചോദിച്ചും പറഞ്ഞുമൊക്കെയാണ് പഠനം. ഒരാള് മറ്റെയാളെ വിളിക്കാതെ പഠിക്കാൻ പോയാൽ വലിയ ബഹളമാകും. 

bhadra-bhama112

വീട്ടിൽ ഇവർ തമ്മിൽ ഭയങ്കര കൂട്ടാണ്. എന്നാൽ സ്‌കൂളിൽ ചെന്നാൽ ഒരു ബന്ധവും ഇല്ല. രണ്ടുപേരും രണ്ടു ഗ്രൂപ്പാണ്. കൂട്ടുകാരും വേറെയാണ്. അവരെപ്പോഴും ചോദിക്കും, നിങ്ങൾ രണ്ടുപേരും വീട്ടിലും ഇങ്ങനെയാണോ എന്ന്. കുഞ്ഞിലേ ആളു മാറി ടീച്ചറുടെ കയ്യിൽ നിന്ന് അടി കിട്ടുമായിരുന്നു. ഗ്രൗണ്ടിൽ ഓടി വീഴുമ്പോഴും ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിനുമൊക്കെ ടീച്ചർ വടിയെടുക്കുമ്പോൾ, മിക്കപ്പോഴും കിട്ടേണ്ട ആൾക്കല്ല അടി കിട്ടുന്നത്. അങ്ങനെ ടീച്ചർമാർക്ക് കൺഫ്യൂഷനായ നിരവധി സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. നാലാം ക്ലാസ് വരെ ഇത് പതിവായിരുന്നു. വീടിന്റെ ചുറ്റുവട്ടത്തുള്ളവർക്കും ഇവരെ കണ്ടാൽ ആളു മാറി പോകാറുണ്ട്. പക്ഷെ, അവരുടെ അടുത്ത സുഹൃത്തുക്കൾക്കൊന്നും ആ പ്രശ്‌നമില്ല."- അമ്മ സുനിത പറയുന്നു.

bhama-brad4455
Tags:
  • Spotlight
  • Motivational Story